Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ഭാഷാസാഹിത്യവും കേരളീയ വനിതകളും ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭാഷാസാഹിത്യവും കേരളീയ വനിതകളും

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

"മല്ലാരിപ്രിയയായഭാമ സമരം
ചെയ്തീലയോ? തേർതെളി-
ച്ചില്ലേ പണ്ടു സുഭദ്ര ? പാരിതു ഭരി-
ക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികൾക്കു പാടവമിവ-
യ്ക്കെല്ലാം ഭവിച്ചീടുകിൽ
ചൊല്ലേറും കവിതയ്ക്കു മാത്രമിവരാ-
ളല്ലെന്നു വന്നീടുമോ?"


ഒരിക്കലും വരികയില്ല എന്നുതന്നെയാണു് എന്റെ വിശ്വാസം. ഗ്രന്ഥനിര്‍മ്മാണം പുരുഷന്റെ പ്രത്യേകസ്വത്താണെന്നു ലോകത്തിലെ സാഹിത്യചരിത്രം ഗ്രഹിച്ചിട്ടുള്ളവർ ആരും വാദിക്കുമെന്നു തോന്നുന്നില്ല. മാഡം ഡെസ്റ്റീൽ, മിസ്സസ് ബ്രൌണ്ടിങ്ങ്, ജോജ്ജ് എലിയട്ട്, മിസ്സ് എമ്മാ ബ്രാഡൺ, മേരികൊറിലി തുടങ്ങിയ പാശ്ചാത്യ വിദുഷികളുടെ സൂക്തികൾ ഏതു സഹൃദയനേയാണു് ആനന്ദഭരിതനാക്കിത്തീർക്കാത്തതു്? 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന ധര്‍മ്മശാസ്ത്ര വചനത്തിനു അധര്‍മ്മദ്യോതകമായ വ്യാഖ്യാനം ഉണ്ടാക്കി പുരുഷന്നു മാത്രമേ വിദ്യാഭ്യാസത്തിന്നർഹതയുള്ളു എന്നും സ്ത്രീകളിൽ ഹൃദ്യകലകൾ സ്വൈരിണികൾക്കു മാത്രമേ വിധിച്ചിട്ടുള്ളു എന്നുമുള്ള അന്ധവിശ്വാസം ജനസമുദായത്തിനിടയിൽ അങ്കുരിപ്പിച്ച പൂർവാചാര്യന്മാർ പോലും ഭാരതവര്‍ഷത്തിൽനിന്നും സ്ത്രീകൾക്കു് ഈ വിഷയത്തിലുള്ള അശിക്ഷിത പടുത്വത്തെ നിശ്ശേഷം മാര്‍ജ്ജനം ചെയ്യുവാൻ ശക്തന്മാരായിട്ടില്ലെന്നുള്ളതു ചാരിതാർത്ഥ്യജനകമാണ്. ഗാര്‍ഗ്ഗിയുടേയും മൈത്രേയിയുടേയും കാലം പൊയ്പോയി. മദ്ധ്യകാലങ്ങളിൽ വൈദേശികഭരണത്തിന്റെ വ്യഥ പൂര്‍ണ്ണമായനുഭവിച്ച ഹിന്തുക്കളുടെ ഇടയിൽ 'മീരാബായി' മുതലായ ചില വിദുഷികൾ വര്‍ഷാകാലഗഗനത്തിലേ നക്ഷത്രങ്ങളെപ്പോലെ അവിടവിടെമാത്രം കാണപ്പെട്ടു. ആംഗലഭാഷാജ്ഞാനം ശീഘ്രസമ്പാദ്യമായിത്തീര്‍ന്നിട്ടുള്ള ആധുനികകാലത്താണ് നമ്മുടെ സ്ത്രീകൾ വിദേശീയ സ്ത്രീകളെ അപേക്ഷിച്ചു വിഭിന്നസൃഷ്ടികളല്ലെന്നും അവര്‍ക്കും സൌകര്യം മാത്രമുള്ള പക്ഷം സാഹിത്യപരിശീലനം സാദ്ധ്യമാണെന്നുമുള്ള ബോധം ജനങ്ങൾക്കു ദൃഢീഭവിച്ചതു്. ഈ ശരദൃതുവിൽ താരാപഥം സവിശേഷം ദർശനീയമായിരിക്കുന്നില്ലയോ? മൃണാളിനീ രാജ്ഞി, ഹേമലതാദേവി, സരളാദേവി ഗോശാല, കമലാസത്യനാഥൻ, ആച്ചമാംബ, തരുലതാദത്ത, പണ്ഡിതരമാബായി, കര്‍ണ്ണീലിയ സൊറാബ്‌ജി, സരോജിനീനായിഡു എന്നീ സ്ത്രീരത്നങ്ങളാൽ ബംഗാളി, ഗുജ റാത്തി മുതലായ ഏതദ്ദേശീയഭാഷകളിലും സർവോൽകൃഷ്ടമായ ആംഗലഭാഷയിലും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ എത്ര മനോഹരങ്ങളായിരിക്കുന്നു! സരോജിനിയുടെ 'ഗോൾഡൻ ത്രെഷോൾഡ്' എന്ന ഇംഗ്ലീഷുപദ്യഗ്രന്ഥം തലകുലുക്കിക്കൊണ്ടു കൊണ്ടാടാത്ത കവിതാരസികൻ ലോകത്തിലുണ്ടോ? സരസ്വതീഭഗവതിയുടെ സജാതീയകളായ സ്ത്രീകൾ കവിതയ്ക്കുമാത്രമാളല്ല എന്നു് ഇനി ഏവൻ ജല്പിക്കും? ആ നിലയൊക്കെ വിട്ടു് ഇന്ത്യയിലും കവയിത്രികളും വിദുഷികളും ധാരാളം ഉണ്ടാകേണ്ട അവസരം ഏറ്റവും സന്നിഹിതമായിരിക്കുന്നു എന്ന് ആര്‍ക്കും സധൈര്യം ഉൽഘോഷിക്കാവുന്ന ഒരു കാലമല്ലേ നാം ഇപ്പോൾ കാണുന്നതു് ? ഇംഗ്ലീഷുവിദ്യാഭ്യാസം സർവോല്ക്കര്‍ഷേണ വര്‍ത്തിക്കട്ടെ; തന്നിമിത്തം സ്ത്രീക്കും പുരുഷനും തമ്മിൽ ഇപ്പോൾ കാണപ്പെടുന്ന അവസ്ഥാന്തരം കാലക്രമേണ നശിച്ച് സ്ത്രീകൾ ഏതദ്ദേശീയസാഹിത്യവനത്തിനു് ഉത്തരോത്തരം ഹേതുഭൂതകളാകട്ടെ.


കേരളത്തിൽ, ഇന്ത്യയിലുള്ള അന്യരാജ്യങ്ങളെ അപേക്ഷിച്ചു സ്ത്രീ വിദ്യാഭ്യാസം ജനസമുദായത്താൽ ആദൃതമായിരുന്നു എന്നുള്ളതു അനുക്തസിദ്ധമാണല്ലോ. തമിഴിൽ 'ഔവയാർ' എന്ന ഒരു വിദുഷിയുടെ നാമധേയം മാത്രമേ നാം സാഹിത്യചരിത്രത്തിൽ പ്രാധാന്യേന കാണുന്നുള്ളു. ആ സ്ത്രീരത്നംതന്നെ വാസ്തവത്തിൽ ജീവിച്ചിരുന്നുവോ എന്നുള്ള വാദം ഇനിയും അവസാനിച്ചിട്ടില്ല. 'ആത്തിചൂടി' 'കൊന്റൈവെന്തൻ' മുതലായ ഗ്രന്ഥങ്ങൾ ആ കവയിത്രിയുടെ കൃതികളല്ലെന്നും സരസ്വതീദേവിയെപ്പറ്റിയുള്ള ആദരത്തെ ജനങ്ങൾ ഔവയുടെ ചരിത്രത്ത അര്‍ത്ഥവാദരൂപമായി നിര്‍മ്മിച്ചു പ്രദര്‍ശിപ്പിക്കയാണു ചെയ്തതെന്നും ഇന്നും ചില ദ്രാവിഡ പണ്ഡിതന്മാർ സയുക്തികമായി വാദിക്കുന്നുണ്ടു്.


എന്നാൽ മലയാളത്തിന്റെ അവസ്ഥ അങ്ങനെയല്ല. നമ്മുടെ സാഹിത്യചരിത്രത്തിൽ പ്രാചീനകാലം മുതല്ക്കുതന്നെ അനേകം വിദുഷികളെ നാം കാണുന്നുണ്ട്. 'യുധിഷ്ഠിരവിജയ'കര്‍ത്താവായ വാസുഭട്ടതിരിയോടുകൂടി പഴത്തൊലി തിന്ന വാരസ്യാരുടെ കഥ ഭാഷാചരിത്രകര്‍ത്താവു നമ്മെ ഗ്രഹിപ്പിച്ചിട്ടുണ്ടല്ലോ. ആ സ്ത്രീ ഏതെങ്കിലും കൃതികൾ രചിച്ചിരുന്നുവെങ്കിൽ അവ ഇപ്പോൾ നഷ്ടപ്രായങ്ങളായിരിക്കുന്നു എന്നു തീർത്തു പറയാവുന്നതാണു്.


'നാഴികമണിയാറായീ
നാരീണാം ഭൂഷണൌഘമണിയാറായീ.'


എന്നു തുടങ്ങിയുള്ള യമകശ്ലോകം വാരസ്യാരുടെ കൃതിയാണെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരവർകൾ പ്രസ്താവിച്ചിട്ടുള്ള തു ശരിയല്ലെന്നും അതു പ്രസിദ്ധനായ കിളിമാനൂർ 'ഗജേന്ദ്രൻ' വിദ്വാൻ കോയിത്തമ്പുരാൻ ഇരുപത്തിരണ്ടാമാണ്ടു മഹാരാജാവു തിരുമനസ്സിലേ ആജ്ഞാനുസാരം നിര്‍മ്മിച്ചതാണെന്നും കഴിഞ്ഞുപോയ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് എന്നോടു് ഒരിക്കൽ പ്രസംഗവശാൽ പറയുകയുണ്ടായിട്ടുണ്ട്. ആ ശ്ലോകം ആരുടെ കൃതിയായാലും പെരുമാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്ന വാസുഭട്ടതിരിയുടെ സമകാലീനയായ ഒരു സ്ത്രീ നിര്‍മ്മിച്ചതല്ലെന്നു നാഴികമണി ആ കാലത്തു ഇല്ലായിരുന്നുവെന്നുള്ളതിൽനിന്നുതന്നെ സൂക്ഷ്മമായി ധരിക്കാവുന്നതാണു്. ഇതുപോലെതന്നെ കണ്ണശ്ശപ്പണിക്കരുടെയും തുഞ്ചത്തെഴുത്തച്ഛന്റെയും പുത്രികൾ വിദുഷികളായിരുന്നുവെന്നു നാം കേട്ടിട്ടുള്ളതല്ലാതെ അവർ ഏതെങ്കിലും ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചിട്ടുണ്ടോ എന്നു ഇപ്പോൾ കണ്ടുപിടി ക്കുവാൻ നിവൃത്തി കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ മനോരമത്തമ്പുരാട്ടിയുടെ കാലം വരെ മലയാളത്തിൽ കവയിത്രികൾ ഉണ്ടായിട്ടുണ്ടോ എന്നുള്ളതു സന്ദിഗ്ദ്ധമാണു്.


പണ്ഡിതോത്തമയും, കാവ്യരസികകളിൽ അഗ്രഗണ്യയും, ആരൂർ അടിതിരിപ്പാടു മുതലായാമഹാകവികൾക്കു ഗുരുസ്ഥാനം വഹിച്ച മഹാഭാഗയും ആയ ആ സ്ത്രീരത്നത്തിന്റെ നാമധേയം ഇന്നും രോമാഞ്ചത്തോടു കൂടാതെ എങ്ങനെയാണു സ്മരിക്കുന്നത് ? തമസ്സംവൃതമായ ഒരു രാജ്യത്തിൽ വിദ്യുച്ഛക്തിയാൽ ജ്വലിക്കുന്ന ദീപത്തിനൊപ്പം ശൈലാബ്ധീശ്വരകുലത്തെ അലങ്കരിച്ച ആ രാജ്ഞിയുടെ ചരിത്രം ഒരാഖ്യായിക പോലെ രസകപ്രദമാകുന്നു. തനിക്കനുരൂപനല്ലാത്ത ഒരു ഭർത്താവോടുകൂടി ആ വിദുഷി വസിക്കുവാനിടവന്നതും അതു സംബന്ധിച്ചു കവികളുമായുണ്ടായ വാഗ്വാദത്തിൽ തമ്പുരാട്ടി 'യോഷാദോഷം മൃഷാ യഃ കഥയതി വിദുഷേ ഹന്ത! തസ്മൈ നമോസ്തു" എന്നവസാനിക്കുന്ന അതിവിശിഷ്ടമായ പദ്യവും മറ്റും നിര്‍മ്മിച്ചതും ഇന്നും സാഹിത്യരസികന്മാർ എത്ര മനമഴിഞ്ഞാണു് വര്‍ണ്ണിക്കുന്നതു് ? ആ തിരുമനസ്സിലേ സംസ്കൃത പദ്യങ്ങൾ കിട്ടുന്നിടത്തോളം ഒന്നിച്ചുചേര്‍ത്തച്ചടിപ്പിക്കുവാൻ സ്വദേശാഭിമാനികളായ 'കേരളഗ്രന്ഥമാലാ' പ്രവത്തകന്മാർ യത്നിക്കുമെന്നു വിശ്വസിച്ചുകൊള്ളുന്നു.


അക്കാലത്തും അതിനുമുമ്പും ചന്ദ്രോത്സവകാരന്റെ 'മേദിനീവെണ്ണിലാവി'നെപ്പോലെ 'ശാകുന്തളം തദനു മാളവികാഗ്നിമിത്രം' ഇത്യാദി സംസ്കൃതകൃതികളേയും 'വൈകിനകൂറു്" ഭാവമധുരങ്ങളായ മണിപ്രവാള കാവ്യങ്ങളേയും വായിക്കുന്നവരും 'മന്ദാരകുന്ദമകരന്ദാദി' പരുഷേതരങ്ങളായ പദങ്ങൾ മാത്രം "ചെവിയിൽ പോരുന്നുന്നവരായും" അനേകം സാഹിത്യരസികകളും കവയിത്രികളും ജീവിച്ചിരുന്നിരിക്കണം. എന്നാൽ അവരുടെ കൃതികൾ ഒക്കെയും ഇപ്പോൾ നശിച്ചുപോയിരിക്കുന്നു.


'മകയിരം തിരുനാൾ തമ്പുരാട്ടി' 'ഉമാദേവിത്തമ്പുരാട്ടി' മുതലായി ചില രാജ്ഞിമാർ ചില ഓട്ടൻതുള്ളൽ പാട്ടുകൾ രചിച്ചിട്ടുണ്ടു്. അവയിൽ ചിലതൊക്കെയും അച്ചടിച്ചിട്ടുമുണ്ടു്. നമ്പിയാരുടേയും വിദ്വാൻ കോയിത്തമ്പുരാന്റെയും തുള്ളൽക്കഥകളോടു തുല്യങ്ങളല്ലെന്നു വിചാരിച്ച് അവയ്ക്കു രസികത്വമില്ലെന്നു പറയുന്നത് അസംബന്ധമായിരിക്കും. വേണ്ട ദിക്കിൽ ശബ്ദാഡംബരവും സാമാന്യം പോലെ അര്‍ത്ഥഭംഗിയും കൂലങ്കഷമായ ഭക്തിരസപ്രവാഹവും അവയിലുണ്ടെന്നു് ഏതു കാവ്യപരിശോധകനും സമ്മതിക്കുന്നതാണു്.


ഇദാനീന്തനകാലത്തിലേ പ്രധാനപദ്യകർത്രികൾ നാടുനീങ്ങിയ റാണി ലക്ഷ്മീഭായി ആറ്റിങ്ങൽ മൂത്തതമ്പുരാൻ തിരുമനസ്സുകൊണ്ടു്, കുട്ടിക്കുഞ്ഞുതങ്കച്ചി, കൊച്ചി വലിയ ഇക്കുവമ്മ തമ്പുരാൻ തിരുമനസ്സുകൊണ്ടു്, ശ്രീമതി തോട്ടയ്ക്കാട്ട് ഇക്കാവമ്മ, കടത്തനാട്ടു ലക്ഷ്മീറാണി, പരുവക്കാട്ട് അമ്മുഅമ്മ, കരുവേലി ഗൌരിക്കുട്ടിഅമ്മ ഇവരാകുന്നു.


സകലസൽഗുണസമ്പന്നയും 'ശ്രീവഞ്ചിക്ഷാവലരിപുകുലത്തിന്നൊരുത്തംസമുത്തു'മായിരുന്ന റാണി ലക്ഷ്മീഭായി സി. ഐ. തിരുമനസ്സിലേ കവിതാവാസന അസാധാരണമായിരുന്നു. അവിടുന്നു വളരെ ഒറ്റശ്ലോകങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും ഉണ്ടാക്കിട്ടുണ്ടു്. അവയിൽ നളചരിതം തിരുവാതിരപ്പാട്ടു മാത്രമേ അച്ചടിച്ചിട്ടുള്ളു. തിരുവിതാംകൂറിൽ സ്ത്രീവിദ്യാഭ്യാസാഭിവൃദ്ധിക്കായി അവിടുന്നു പല വിധത്തിലും യത്നിച്ചിട്ടുണ്ടു്.


കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ജീവചരിത്രം വിശദമായി കഴിഞ്ഞ ഒരു ലക്കം 'ലക്ഷ്മീഭായി''യിൽ കൊട്ടാരത്തിൽ ശംകുണ്ണി അവർകൾ പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം പൂര്‍ണ്ണായുസ്സിൽ ഈയിടയ്ക്കു ചരമഗതിയെ പ്രാപിച്ച ആ സാദ്ധ്വിയുടെ കവിതാവാസന ലോകപ്രസിദ്ധമാകയാൽ അതിനെപ്പറ്റി ഇവിടെ വിസ്തരിക്കണമെന്നു വിചാരിക്കുന്നില്ല. തങ്കച്ചി മിത്രസഹമോക്ഷം മുതലായി ചില ആട്ടക്കഥകളും തിരുവനന്തപുരം സ്ഥലപുരാണം മുതലായി ചില കിളിപ്പാട്ടുകളും കിരാതം കുറത്തിപ്പാട്ടും അജ്ഞാതവാസം ഭാഷാനാടകവും മറ്റനേകം ഒറ്റശ്ലോകങ്ങളും പാട്ടുകളും ഉണ്ടാക്കീട്ടുണ്ടു്. കവികുല സാർവഭൌമനായ ഇരയിമ്മൻതമ്പിയുടെ പുത്രിയിൽ കവിതാവാസന ഇത്ര നിർഗ്ഗളമായി പരിലസിച്ചത് ആശ്ചര്യമാണോ? അജ്ഞാതവാസവും കിരാതവും ശാശ്വതങ്ങളായ ഗ്രന്ഥങ്ങളെന്നാണു് എന്റെ വിശ്വാസം. തങ്കച്ചിയുടെ കവിതയ്ക്ക് എന്തെങ്കിലും ഒരു ദോഷം പറവാനുണ്ടെങ്കിൽ അതു് എഴുത്തച്ഛൻ, നമ്പിയാർ മുതലായി അപൂർവം ചിലരെ ഒഴിച്ചു മറ്റുള്ള പൂർവികകവികളെ ഒക്കെയും ഒന്നുപോലെ ബാധിക്കുന്ന, മണിപ്രവാളത്തിന്റെ ശുദ്ധിഹീനതയാണു്. എന്നാൽ ആ ദോഷം എല്ലാദിക്കിലും കാണുന്നില്ലെന്നുള്ളതു പ്രത്യേകിച്ചു പറയേണ്ടിയിരിക്കുന്നു. അതാതു സ്തോഭങ്ങളേയും രസങ്ങളേയും വര്‍ണ്ണിക്കുവാൻ തങ്കച്ചിക്കുള്ള സാമർത്ഥ്യം ഒന്നു വേറെതന്നെയാണു്.


"നാടും പാടേ വെടിഞ്ഞിട്ടടവിക-
ളിൽ നടന്നെങ്ങുമേ കാന്തരോടും
കൂടും താപങ്ങളോടും പരമെഴുമവമാ-
നങ്ങളെല്ലാം സഹിച്ചും
വീടും വിട്ടന്യഗേഹേ വിടുപണികളെടു-
ക്കെന്നതും വന്നു; കഷ്ട-
പ്പാടിന്നാരോടു ചൊൽ ശിവശിവശിവനേ!
ശങ്കരാ! കിം കരോമി ?


എന്നുള്ള പാഞ്ചാലിയുടെ പ്രലാപവും,


ഉള്ളിൽ കാമാര്‍ത്തനായ്പ്പണ്ടഹിമകിരണനും
സൂതനെപ്പുല്കിയില്ലേ?
ചൊല്ലീടന്നെന്തു മാനക്ഷയമതിലുളവാ-
യമ്മഹാനംബുജാക്ഷി?


എന്നുംമറ്റുമുള്ള കീചകന്റെ നിര്‍മ്മര്യാദങ്ങളായ ചോദ്യങ്ങളും എത്ര ഹൃദയംഗമമായിട്ടുണ്ടെന്നുള്ളത് 'അജ്ഞാതവാസം' മനസ്സിരുത്തി വായിച്ചി ട്ടുള്ളവര്‍ക്കേ അറിഞ്ഞുകൂടൂ.


'കിരാതം' കുറത്തിപ്പാട്ടിനു തിരുവിതാംകൂറിലുള്ള പ്രചാരം വാചാമഗോചരമാകുന്നു. കുറത്തിപ്പാട്ടുകളിൽ പ്രഥമസ്ഥാനത്തെ, നാടകങ്ങളിൽ ശാകുന്തളം പോലെ, ഇതു നിർവാദമായ് അർഹിക്കുന്നുണ്ട്. കുറത്തിക്കളിക്കാർ ഇതല്ലാതെ അരങ്ങത്തു മുഖ്യമായി മറ്റൊന്നും ചൊല്ലിക്കേൾക്കാറുമില്ല. 'മന്നവനാം പാണ്ഡുവിന്റെ സുന്ദരകുമാരൻ' എന്നും മറ്റുമുള്ള അതിലേ ലളിതമധുരങ്ങളായ ശീലുകൾ സഹൃദയന്മാരുടെ ഹൃദയത്തെ ഹഠാദാകർഷിക്കുന്നു.


തങ്കച്ചിക്കു കവിതാവാസനപോലെതന്നെ ഫലിതവും സ്വതസ്സിദ്ധമായിരുന്നുവെന്നുള്ളതു് എല്ലാവരും ധരിച്ചിട്ടുണ്ടോ എന്നറിവില്ല. ഒരിക്കൽ തങ്കച്ചി ഒരു "പാന''യുണ്ടാക്കി വിദ്വൽക്കുലാലങ്കാരമായ നാടുനീങ്ങിയ വിശാഖം തിരുനാൾ തിരുമനസ്സിലേ തൃപ്പാദങ്ങളിൽ അടിയറവയ്ക്കുകയും അവിടുന്നു മന്ദസ്മിതത്തോടുകൂടി 'എന്താണിത്' എന്നു കല്പിച്ചു ചോദിച്ചതിനു മറുപടിയായി 'അടിയങ്ങൾക്ക് ഏതെടുത്തു കൈകാര്യം ചെയ്യാമോ അതു്' എന്ന് ലേശവും കൂസൽകൂടാതെ അറിയിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ടു്. സംഭാഷണവിഷയത്തിൽ തങ്കച്ചി ചെയ്തിട്ടുള്ള ഇത്തരം അത്ഭുതകർമ്മങ്ങൾ ഒന്നിച്ചുചേർത്തു് ഒരു പുസ്തകമായി എഴുതുന്നതിനും ആ സ്ത്രീരത്നത്തിന്റെ വകയായി ഇനിയും പ്രസിദ്ധീകൃതങ്ങളാകാതെ കിടക്കുന്ന കവിതകളെ അച്ചടിപ്പിക്കുന്നതിനും തങ്കച്ചിയുടെ പുത്രനും ഭാഷാഭിമാനിയുമായ ശ്രീമാൻ ചിത്രമെഴുത്തു പത്മനാഭൻതമ്പി ശ്രമിക്കേണ്ടതാണ്.


സുഭദ്ര എന്നു തിരുനാമമുള്ള വലിയ ഇക്കുഅമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടു പാവനമായ കൊച്ചി രാജകുടുംബത്തിനു ഭൂഷണവും, വിദ്വാനും സർവകലാശാലയിൽ മലയാള പരീക്ഷകനുമായ കേരളവമ്മ ബി. ഏ. തിരുമനസ്സിലേ മാതാവുമാകുന്നു. അവിടുത്തെ വകയായ " രാമായണം യുദ്ധകാണ്ഡം പാന" മാണിക്കത്തു ശങ്കരമേനോൻ ബി. ഏ. അവർകൾ ഈയിടെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ മുഖവുരയിൽ 'സൌഭദ്രസ്തവം' മുതലായ അനേകം സസ്കൃതകാവ്യങ്ങളും മണിപ്രവാളത്തിൽ (1) പൂണ്ണത്രയീശനെക്കൊണ്ടു പാന; (2) അഷ്ടമിരോഹിണീമാഹാത്മ്യം കിളിപ്പാട്ടു്; (3) കംസവധം ശീതങ്കൻതുള്ളൽ; (4) അമൃതഹരണം പറയൻ തുള്ളൽ; (5) ഭിക്ഷുഗീത ശീതങ്കൻതുള്ളൽ; (8) പൂതനാമോക്ഷം പതിനെട്ടുവൃത്തം; (7) തൃണാവത്തവധം പന്ത്രണ്ടുവൃത്തം; (8) ധർമ്മനിർണ്ണയപാന; എന്നീ പ്രബന്ധങ്ങളും ഈ വിദുഷിയുടെ കൃതികളായുണ്ടെന്നു പ്രസാധകൻ പ്രസ്താവിക്കുന്നു. രാജ്ഞിയുടെ


"നാരായണ ത്വദവതാരകഥാവിരാജൽ-
സ്തോത്രസ്വരൂപസുതമാപ്തവതീ പുരാദ്യ
രാമാഭിഷേകവരഭൂഷണശോഭമാന-
പാനാഭിധാനതനയശ്ച തവ പ്രസാദാൽ"


എന്നുള്ള സമർപ്പണപദ്യത്തിൽനിന്ന് അവിടുത്തെ കവിതാവാസന അനുമേയമാകയാൽ വിസ്തരഭയംകൊണ്ടു പാനയിൽനിന്നു് ഈ ഘട്ടത്തിൽ ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.


തോട്ടയ്ക്കാട്ടു ഇക്കാവമ്മ, ഈയിടെ പ്രസിദ്ധീകരിച്ച 'ആര്യാശതക' മുൾപ്പെടെ അനേകം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും അവയിൽ പ്രാധാന്യത്തെ അർഹിക്കുന്നതു 'സുഭദ്രാർജ്ജുനം' 'നളചരിതം' എന്നീ ഭാഷാ നാടകങ്ങളാണെന്നു തോന്നുന്നു. സുഭദ്രാർജ്ജുനത്തെ സവ്വകലാശാലക്കാർ ഒന്നിലധികം പ്രാവശ്യം പാഠപുസ്തകമായി തിരഞ്ഞെടുക്കുകയും, അനവധി നാടകസംഘക്കാർ അഭിനയത്തിനായി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതിൽനിന്നുതന്നെ അതിന്റെ വൈശിഷ്ട്യം അനുമേയമാകുന്നു. സുഭദ്രാർജ്ജുനത്തിലേ കഥാബന്ധം രമണീയമായിരിക്കുന്നു. അതു കേവലം കുറെ സംഭാഷണവും അതിനിടയിൽ ചില ശ്ലോകങ്ങളും തിലതണ്ഡുലന്യായേന കൂട്ടിക്കലർത്തി സഹൃദയന്മാർക്കു വൈരസ്യത്തെ ജനിപ്പിക്കുന്ന ഒരു രൂപകാഭാസമാണെന്നു് ആരും വിവദിക്കുമെന്നു തോന്നുന്നില്ല.


"നല്ലാമോദമിയന്നു മാധവസഖൻ
മന്ദാനിലൻ ഗൂഢമായ്
ചെല്ലുന്നൂ യതിപോലെ മാധവിയെയൊ-
ന്നാലിംഗനം ചെയ്യുവാൻ"


എന്നുംമറ്റുമുള്ള പദ്യങ്ങളിൽ പ്രയോഗിച്ചിരിക്കുന്ന അലങ്കാരങ്ങൾ ഇക്കാവമ്മയ്ക്കു കവിയശസ്സ് അലഭ്യമായ ഒരു ഫലമല്ലെന്നു നമ്മെ അനായാസേന ബോധപ്പെടുത്തുന്നു.


ഇക്കാവമ്മയുടെ കവിതയിലേ ഗുണവും ദോഷവും ഞാൻ വിദ്യാർത്ഥിനികളുടെ ഉത്തരക്കടലാസുകളിൽ സാധാരണമായി കാണാറുള്ളവ തന്നേയാണു്. സ്ത്രീകൾക്കു പുരുഷന്മാരെപ്പോലെതന്നെ ചമൽക്കാരപൂർണ്ണമായും സർവതോമുഖമായും ഒരു ചോദ്യത്തിനുത്തരമെഴുതാൻ സാധിക്കുന്നില്ലെന്നിരിക്കട്ടെ; എങ്കിലും അവർ സംഗതിവിടാതെയും കവിതകൂടാതേയും തങ്ങൾക്കറിയാവുന്നതു സംക്ഷിപ്തമായെഴുതുന്നതാണ് പതിവു്. സുഭദ്രാർജ്ജുനത്തിലെ ശ്ലോകങ്ങൾക്കു് 'ഉമാവിവാഹ'ത്തിലെ 'വാമാങ്കത്തിങ്കൽ വാർപൂങ്കുഴൽ' ഇത്യാദിയായുള്ള പദ്യങ്ങളെ ജയിക്കുവാൻ ശക്തിയില്ല; എന്നാൽ അവ മറ്റുചില പുരുഷഗർദ്ദഭങ്ങളുടെ പദ്യങ്ങളെപ്പോലെ ഹേയങ്ങളായി തോന്നുന്നതുമില്ല. ഇക്കാവമ്മയുടെ ശ്ലോകങ്ങൾക്കു പ്രധാനമായി ഞാൻ കാണുന്ന ഒരു ദോഷം അവയുടെ രചനയിലുള്ള ഉപരിപ്ലവത്വമാണു്.


"കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെ-
കണ്ടുകിട്ടാഞ്ഞു കൂട്ടം-
കൂടിക്കൊണ്ടങ്ങു ഗോപീജനമഥ പുളിനേ
വാണുടൻ കേണിടുമ്പോൾ"


എന്നു കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും


"കാലാരാതി കനിഞ്ഞിടുന്നതുവരെ-
ക്കാളും തപം ചെയ്തു തൽ-
ക്കോലം പാതി പകുത്തെടുത്തൊരു കുളുർ-
ക്കുന്നിന്റെ കുഞ്ഞാമനേ"


എന്നു ശീവൊള്ളി നാരായണൻനമ്പൂരി അവർകളും എഴുതുമ്പോൾ നമുക്കു ആ സുകവികളുടെ ശബ്ദാർത്ഥങ്ങളിൽ ഉള്ള നിഷ്കർഷം ക്ഷണേന അനുഭവവേദ്യമാകുന്നു. മേല്പറഞ്ഞ കവികൾ തങ്ങളുടെ പദ്യത്തെ കഴിവുള്ളിടത്തോളം രാകിത്തേച്ചു മിനുസപ്പെടുത്തിയല്ലാതെ വെളിക്കിറക്കുകയില്ല. അതുകൊണ്ടാണു് അവരുടെ കവിത സഹൃദയന്മാർ ഏതു വർത്തമാനപ്പത്രത്തിന്റെ കോണിൽകണ്ടാലും തൽക്ഷണം വായിച്ചു അവയിലെ രസം ആസ്വദിക്കുവാൻ താല്പര്യപ്പെടുന്നതു്. ഇക്കാവമ്മയുടെ കവിത വായിക്കുമ്പോൾ മനസ്സിരുത്തിയാൽ ഈ ഗ്രന്ഥകർത്രിക്കു ഇതിലും ഭംഗിയായി പദ്യം രചിക്കാവുന്നതാണെന്നു മിക്ക ശ്ലോകങ്ങളും വിളിച്ചുപറയുന്നതുപോലെ തോന്നും. ഈ ഒരു ദോഷമേ ഞാൻ 'സുഭദ്രാർജ്ജുന'ത്തിൽ കാണുന്നുള്ളു. കഴിയുന്നതും മനസ്സിരുത്തി ഒരു പദ്യകൃതി വാസനാബലവും പാണ്ഡിത്യവുമുള്ള ഈ കവയിത്രി നിർമ്മിച്ചുകാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.


കടത്തനാട്ടു ലക്ഷ്മീറാണി തിരുമനസ്സുകൊണ്ടു സന്താനഗോപാലം സംസ്കൃതകാവ്യവും ചില ഭാഷാപദ്യങ്ങളും ഉണ്ടാക്കീട്ടുണ്ടു്.


ശ്രീമതി കരുവേലി ഗൌരിക്കുട്ടിയമ്മയുടെ 'സന്താനഗോപാലം' ഭാഷാചമ്പുവും ശ്രീമതി പരുവക്കാട്ട് അമ്മുഅമ്മയുടെ 'ഗോഗ്രഹണ' മണിപ്രവാളവും ദോഷരഹിതമായ കൃതികളാണു്. എന്നാൽ ഈ സ്ത്രീരത്നങ്ങൾ അതിൽ പിന്നീട് യാതൊരു ഗ്രന്ഥവും നിർമ്മിക്കാത്തതു് എന്തുകൊണ്ടാണെന്നറിയുന്നില്ല. 'ഒരു പുസ്തകം മാത്രമെഴുതുന്നവർ ഒരു പുസ്തകവുമെഴുതാത്തവരാണെ'ന്നു ഒരു ആംഗലകവിതാപരിശോധകൻ പ്രസ്താവിച്ചിട്ടുള്ളതു കേവലം അയഥാർത്ഥമല്ല. അതുകൊണ്ടു് ഈ വിദുഷികൾ ഇനിയും ഗ്രന്ഥനിർമ്മിതിക്കായി ഉദ്യമിക്കുമെന്നു കരുതുന്നു. ഇതു പോലെതന്നെയാണ് പ്രബോധചന്ദ്രോദയം പരിഭാഷാകർത്രികയുടെ കാര്യവും.


കാലക്രമേണ നല്ല കവയിത്രികളായിത്തീരത്തക്ക ലക്ഷണങ്ങളോടു കൂടിയ യുവതികൾ വർത്തമാനപ്പത്രങ്ങളിൽ പദ്യം പ്രസിദ്ധീകരിക്കുന്നതു് അഭിലഷണീയമാണു്. 'മനോരമ'യ്ക്കു പദ്യങ്ങൾ അയച്ചുകൊണ്ടിരുന്ന ശ്രീമതി എസ്സ്. എൽ. ഗൌരിക്കുട്ടി അമ്മ, അനേകപത്രങ്ങളിൽ പല ശ്ലോകങ്ങളും എഴുതീട്ടുള്ള ശ്രീമതി ചുനങ്ങാട്ടു കല്യാണിക്കുട്ടിയമ്മ, ഇപ്പോൾ 'കവനകൗമുദി'യിൽ ചില നല്ല പദ്യങ്ങളെഴുതുന്ന ശ്രീമതി ഒ. അമ്മുക്കുട്ടിയമ്മ എന്നീ വിദുഷികളുടെ നാമധേയങ്ങൾ ഇവിടെ വിശേഷിച്ചു സ്മരണീയമാണു്. ഇവർ തങ്ങൾ ആരംഭിച്ചിട്ടുള്ള സാഹിത്യവ്യവസായത്തെ വിടാതെ പിന്തുടർന്നു അനശ്വരമായ യശസ്സിനു ഭാജനങ്ങളായി ഭവിക്കട്ടെ. അനന്തപുരത്തു കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള അനേകം പദ്യങ്ങൾ വർത്തമാനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ മഹിളാമണികളുടെ വകയായി ചില ഭാഷാകൃതികൾ ഉള്ളതും അവയിൽ ഒന്നു കേരളവർമ്മവലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു പരിശോധിച്ചു അച്ചടിപ്പിക്കുവാൻ തയ്യാറാക്കിവച്ചിട്ടുള്ളതും ആകുന്നു. ഇതുപോലെതന്നെ ഇനിയും,


"നോക്കെത്താത്തവിധം കഠോരതരമാ-
മാഴത്തിലങ്ങാഴിയിൽ
ചൊല്ലൊള്ളുന്നൊരു രത്നജാലമുളവാ-
കുന്നുണ്ടു വേണ്ടോളവും;
വായ്ക്കും കാന്തിയൊടും വനത്തിൽവിരിയും
പുഷ്പങ്ങളപ്പാടു നി-
ന്നാർക്കും തെല്ലുപകാരമെന്നിയെ വൃഥാ
പോകുന്നു തൽഗന്ധവും"


എന്നു പറഞ്ഞതുപോലെ തിരശ്ശീലനീക്കി അരങ്ങത്തു കയറുവാൻ "മന്ദാക്ഷം പിന്നിൽനിന്നിട്ടിടയിടയിൽ വലിക്കുന്ന" കാവ്യകർത്രികൾ അനേകമുണ്ടായിരിക്കണം. അവരോടു എനിക്ക് ഒന്നേ പറവാനുള്ളു. അതു മറ്റൊന്നുമല്ലതാനും.


"ഇക്കാലത്തൊരു പെണ്ണു തെറ്റുകളക-
ന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയങ്ങെഴുതിയാ-
ലൊട്ടല്ലതാശ്ചര്യമാം"


എന്നുള്ള കാരണത്താൽ മാത്രം സ്ത്രീകളുടെ കവിതയെ പുരുഷന്മാർ ശ്ലാഘിക്കയില്ല. വാസനാബലവും താമ്രവർണ്ണിയിലെ പ്രവാഹവുമൊപ്പമാണു്. അവയ്ക്കു 'വഴിയിൽ തങ്ങു'വാൻ മാഗ്ഗമില്ല. കവിയശസ്സോടും സമുദ്രത്തോടും ചേരുവാൻ ദൈവത്താൽ സങ്കല്പിക്കപ്പെട്ടവയെ തടുത്തുനിറുത്തുവാൻ ആർക്കുകഴിയും? നിങ്ങൾക്കു വാസനയുണ്ടെന്നു തോന്നുന്നപക്ഷം ലജ്ജയും ഭയവും ആവശ്യമില്ല.


"വാർത്താ ച കൌതുകവതീ വിമലാ ച വിദ്യാ
ലോകോത്തരഃ പരിമളശ്ച കുരംഗനാഭേഃ
തൈലസ്യ ബിന്ദുരിവ വാരിണി ദുർന്നിവാര-
മേതത്ത്രയം പ്രസരതി സ്വയമേവ ഭൂമൌ"


എന്നല്ലേ ആപ്തവാക്യം. മുറയ്ക്കു കവിതയെഴുതിക്കൊള്ളുവിൻ. വായിച്ചു ആനന്ദിക്കുവാൻ ജനങ്ങൾ അസംഖ്യമുണ്ടാവും. ബലാദാകർഷണവും പരാശ്രയവും കവിതാവിഷയത്തിൽ പാടുള്ളതല്ല.


"പരാശ്രയം" എന്നു പറഞ്ഞ ഈ അവസരത്തിൽ ഒരു കാര്യം കൂടി ഞാൻ കവികളെ അറിയിച്ചുകൊള്ളുന്നു. അനേകം പുരുഷന്മാർ സ്ത്രീകളുടെ പേർവച്ചു പത്രങ്ങളിൽ എഴുതുകയും പുസ്തകങ്ങൾകൂടി നിർ


മ്മിക്കയും ചെയ്തിട്ടുള്ളതായി അറിവുണ്ടു്. ഈ ഭ്രൂകുംസത്വത്തിന്റെ ഉദ്ദേശ്യം എന്താണെന്നു് എനിക്കു് ഇന്നുവരെയും മനസ്സിലായിട്ടില്ല. ഈ കൂട്ടത്തിൽ ചില വൻകവികളും അപരാധികളാണെന്നു കാണുന്നതു പരിതാപജനകമാണു്. ഈ ദുഷ്ടന്മാർ സാഹിത്യചരിത്രകാരന്മാരെ വഞ്ചിക്കുന്നു. കവികൾ വടക്കാഞ്ചേരി നാരായണവാദ്ധ്യാരെന്നോ പടിഞ്ഞാറേടത്തു കുഞ്ഞൻതമ്പാനെന്നോ ഇല്ലാപ്പേർവച്ചു പദ്യങ്ങളെഴുതുന്നതു കൊണ്ടു് ആർക്കും യാതൊരു നഷ്ടവുമില്ല. എന്നാൽ വാസ്തവത്തിൽ ജീവിച്ചിരിക്കുന്ന സ്ത്രീകൾ ഉണ്ടാക്കിയതാണെന്നുള്ള അബദ്ധവിശ്വാസം ജനമദ്ധ്യത്തിൽ അംകുരിപ്പിച്ചു സ്വകപോല കല്പിതങ്ങളായ പദങ്ങളെ നിർല്ലജ്ജം പ്രചരിപ്പിക്കുന്ന പുരുഷകീടങ്ങളെ സ്ത്രീകൾ വൽഗൽകുചമായും സഹസ്തതാളമായും അപഹസിക്കേണ്ടതാണ്. ഇംഗ്ലണ്ടിലെ കവയിത്രികൾക്കു പുരുഷന്മാരാകുവാനാണു് മോഹം. ജോർജു എലിയട്ട്. ജോൺ ഒളിവർഹോബ്സ്, ല്യൂക്കാസ്‌മാലറ്റ് മുതലായ ആഖ്യായികാകർത്രികളുടെ അവസ്ഥ പ്രസിദ്ധമാണല്ലൊ. പുളിച്ചിക്കോത്ത് അമ്മുണ്ണിഅമ്മയെന്നു വടക്കൻ 'ചക്കീചങ്കര'ത്തിന്റെ ഗ്രന്ഥകാരൻ തന്നെ നാമകരണം ചെയ്തുകൊള്ളുന്നതിലും എനിക്കു വിരോധമില്ല. സാക്ഷാൽ കുട്ടിക്കുഞ്ഞുതങ്കച്ചിയെ ഒരിക്കൽ ഒരു കവി കാണുവാൻ പോയിരുന്നു. സംഭാഷണമദ്ധ്യത്തിൽ ആ ആധുനികസരസ്വതി ഞങ്ങളുടെ കാലം ഒന്നുവേറെ; ഇപ്പോഴത്തേതു് ഒന്നുവേറെ; ഇപ്പോൾ പെണ്ണുങ്ങൾക്കു കവിതാനിർമ്മാണത്തിന് എത്ര മഹത്തായ സൌകര്യം സിദ്ധിച്ചിരിക്കുന്നു?" എന്നു പറഞ്ഞപ്പോൾ ശ്രോതാവു് 'അതേ, അതേ. നോക്കുന്ന ദിക്കിലെല്ലാം ബാലികാപാഠശാലകളുണ്ടല്ലോ. എഴുത്തറിയാൻ വയ്യാത്ത സ്ത്രീകൾ ഇക്കാലത്തു ചുരുങ്ങും' എന്നു മറുപടിപറഞ്ഞു. തങ്കച്ചിയുടെ പരിഹാസസൂചകമായ മന്ദസ്മിതത്തിന്റെ താല്പര്യം ആ വിദ്വാനു മനസ്സിലായില്ല. 'അതല്ല ഞാൻ പറഞ്ഞതു്' എന്നു മധുരമായിത്തുടങ്ങി 'ഞാൻ കാവ്യനാടകങ്ങൾ പരിശീലിച്ചതിനുമേലാണു് പദ്യനിർമ്മാണത്തിനാരംഭിച്ചതു്. ആദ്യം എഴുതിയ ചില ശ്ലോകങ്ങൾ കാണിക്കുവാൻ എനിക്കു എന്റെ സ്നേഹഭാജനമായ അച്ഛൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ കൈയിൽ അവ കൊടുത്തപ്പോൾ 'വരട്ടേ കവിതയ്ക്കിനിയും കാലമായില്ല; അലങ്കാരവും വ്യാകരണവുംകൂടി കഴിഞ്ഞു ബുദ്ധിക്കു പരിപക്വതയും അസാമാന്യമായ ലോകപരിചയവും വന്നതിനുമേലല്ലാതെ പദ്യനിർമ്മാണം പാടില്ല.' എന്നാണു് അദ്ദേഹം ശാസിച്ചതു്. ഇപ്പോൾ അതൊക്കെപ്പോയില്ലേ? നിങ്ങളെപ്പോലെയുള്ളവർ ഏതു പെണ്ണിന്റെ പേരും വച്ചു എന്തുവേണമെങ്കിലും പ്രസിദ്ധപ്പെടുത്തുവാൻ തയ്യാറുള്ളപ്പോൾ സ്ത്രീകൾക്കു ഗ്രന്ഥനിർമ്മാണത്തിനു എന്താണ് വൈഷമ്യം? പക്ഷേ അവർ നിങ്ങളുടെ ഈ സഹായം ആവശ്യമില്ലെന്നു നിങ്ങൾക്കു രജിസ്റ്റർചെയ്ത് എഴുതി അയയ്ക്കാത്തത് അവർക്കു എഴുതുവാനും വായിക്കുവാനും അറിവില്ലാത്തതുകൊണ്ടു മാത്രമാണു്.' എന്നു അവസാനിപ്പിച്ച ഉത്തരം ശ്രോതാവിന്റെ ഹൃദയമർമ്മങ്ങളെ ഭേദിച്ചിരിക്കണമെന്നു ഞാൻ വിശേഷിച്ചു പറയേണ്ടതില്ലല്ലോ.


"യഥാ സ്ത്രീണാം തഥാ വാചാം
സാധുത ദൃജ്ജനോ ജനഃ"


എന്നുള്ള ഉത്തരരാമചരിതത്തിലേ പ്രസിദ്ധമായ ശ്ലോകാർദ്ധത്തിൽ മേൽപറഞ്ഞ ദുഷ്കവികളുടെ ശല്യം നിമിത്തം 'സ്ത്രീണാം' എന്ന പദത്ത 'സാധുത്വെ' എന്നതിനു പകരം 'വാചാം' എന്നതിനോട്ട് അന്വയിക്കുവാൻ സഹൃദയന്മാർ പ്രേരിതരായിപ്പോകന്നു. ശ്രീമതി ഇക്കാവമ്മതന്നെ കവയിത്രീപദത്തെ പ്രാപിക്കുവാൻ കാംക്ഷിക്കുന്ന ആധുനിക വിദുഷികളുടെ ഒരു സംക്ഷിപ്ത ചരിത്രമെഴുതി പ്രസിദ്ധപ്പെടുത്തുന്നതു ഭാവിയിൽ ഏറ്റവും ഉപയുക്തമായിരിക്കും.


ഇനി ഗദ്യകർത്ത്രികളെപ്പറ്റിയാണല്ലോ രണ്ടുവാക്കു പറയേണ്ടതു്. അവരിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു 'നമ്മുടെ അമ്മറാണി' 'ഈസ്സോപ്പിന്റെ സാരോപദേശകഥകൾ' മുതലായ ഗ്രന്ഥങ്ങളുടെ നിർമ്മാത്രിയും 'ശാരദ' എന്ന പത്രഗ്രന്ഥത്തിന്റെ പ്രസാധികയും ആയ ശ്രീമതി ടി. സി. കല്യാണിയമ്മയാണു്. ഈ വിദുഷിയുടെ വാചകങ്ങൾക്കുള്ള മസൃണതയും ലാളിത്യവും സ്വതസ്സിദ്ധമാണു്. മേലും ഇവയെക്കാൾ വലിയഗ്രന്ഥങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തുവാൻ ഇവർക്കു സംഗതിവരട്ടെ. മിസിസ്സ് സക്കേറിയ മുതലായി ഗദ്യഗ്രഥനത്തിൽ വാസനയുള്ളവരായ സ്ത്രീകൾ അലസകളായിരിക്കാതെ ഭാഷാപോഷണത്തിനു തങ്ങളാൽ കഴിയുന്നിടത്തോളം ശ്രമിക്കേണ്ടതാണു്.


കോഴിക്കോട്ടേയും പാലക്കാട്ടേയും സ്ത്രീസമാജങ്ങൾ സ്ത്രീകളെ ഭാഷാപോഷണവിഷയത്തിൽ തൽപരകളാക്കിത്തീർക്കുന്നുണ്ടെന്നുള്ളതിനു തർക്കമില്ല. അതുപോലെതന്നെ സ്ത്രീകളുടെ പ്രത്യേകോപയോഗത്തിലേക്കായി പ്രസിദ്ധീകരിക്കപ്പെടുന്ന 'ലക്ഷ്മീഭായി'യും 'ശാരദ'യും സ്ത്രീകളെ സാഹിത്യരസികകളാക്കുന്നുണ്ടു്. ആകപ്പാടെ നോക്കുന്നതായാൽ സ്ത്രീകൾ ചെയ്യേണ്ട സാഹിത്യപോഷണം ഇനിയും കർത്തവ്യപരിധിക്കുള്ളിൽ നില്ക്കുന്നതേയുള്ളൂ. ഇതുവരെ അവരെക്കൊണ്ടുണ്ടായിട്ടുള്ള സഹായം സ്മരണീയമാണെങ്കിലും സാരമെന്നു പറവാനില്ല. പാർസിസ്ത്രീകളേയും ബങ്കാളിസ്ത്രീകളേയും കേരളസ്ത്രീകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ നമ്മുടെ കവയിത്രികൾക്കും ഗദ്യകർത്രികൾക്കും അശേഷം അഹമ്മതിക്കു അവകാശമില്ല. ഇംഗ്ലീഷു, സംസ്കൃതം, എന്നീ ഭാഷകളിൽ സ്ത്രീകൾക്കു പൂർവാധികമായ ജ്ഞാനം ഉണ്ടാകുന്നതോടുകൂടി മലയാളവും, ഗുജറാത്തിയേയും ബംഗാളിയേയും പോലെ സവിശേഷം സ്ത്രീപോഷിതമായിത്തീരുമെന്നു നമുക്കു ന്യായമായി ആശംസിക്കാം.


(1082-ധനു)