ഭവനപ്പേരുകൊണ്ടു 'ഒടു'വെങ്കിലും പ്രഭാവപ്പേരുകൊണ്ടു് "ഒന്നാമൻ" എന്നു തന്റെ സമകാലികന്മാരായ സകലസഹൃദയന്മാരെക്കൊണ്ടും തലകുലുക്കി സമ്മതിപ്പിച്ചിരുന്ന ഒരു അനുഗൃഹീതനായ കവിയായിരുന്നു എന്റെ പ്രാണസുഹൃത്തായ ശ്രീമാൻ ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ. ഇരുപതു കൊല്ലത്തിൽ അധികം കാലം ഞങ്ങൾ തമ്മിൽ സഹോദരനിർവിശേഷമായ സൌഹാർദ്ദത്തിൽ വത്തിച്ചുവന്നിരുന്നതിനാൽ എനിക്ക് അദ്ദേഹത്തിന്റെ കവികര്‍മ്മകൌശലത്തേയും, ഗദ്യരചനാപാടവത്തേയും, സഹൃദയധര്‍മ്മമര്‍മ്മജ്ഞതയേയും, ഫലിതപ്രയോഗനൈപുണ്യത്തേയും പറ്റി ധാരാളം അറിവാൻ ഇടവന്നിട്ടുണ്ടു്. സംസ്കൃതഭാഷയിൽ അത്യഗാധമായ അവഗാഹം ഭാഷാകവികൾക്കു ശാപസമ്മിശ്രമല്ലാത്ത ഒരനുഗ്രഹമാണോ എന്നു സംശയം തോന്നത്തക്ക നിലയിൽ പ്രതിഭയുടെ പരിപൂര്‍ണ്ണമായ പ്രകാശത്താൽ ലക്ഷ്യശുദ്ധി ലഭിച്ചു്, ഒരു ആജാനപണ്ഡിതനായി പ്രശോഭിച്ച ഈ കവിപുംഗവൻ ആധുനിക സാഹിത്യനഭോമണ്ഡലത്തിലെ അതിജാജ്വല്യമാനമായ ഒരു തേജഃപുഞ്ജമായിരുന്നു. 'ദ്രഷ്ടവ്യൻ' എന്ന പദം പ്രയോഗിക്കുവാൻ താൻ അധികാരിയല്ലെന്നും, 'കാണവ്യൻ' എന്നു പറയുവാൻ മാത്രമേ താൻ സമ്പാദിച്ച സംസ്കൃതവ്യുല്പത്തി തന്നെ അനുവദിക്കുന്നുള്ളൂ എന്നും തനിക്കു സ്വതസ്സിദ്ധമായ ഫലിതശൈലിയിൽ കുഞ്ഞുകൃഷ്ണമേനോൻ ഒരു വിദ്വൽസദസ്സിൽ ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി. അതിൽ അദ്ദേഹത്തിനുള്ളതായി സംഭാവനം ചെയ്ത അജ്ഞത അയഥാര്‍ത്ഥമാണെന്ന് അസ്മാദൃശന്മാര്‍ക്ക് അറിയാം. എന്നാല്‍ ഭാഷാകവിതയ്ക്ക് അവശ്യമായി വേണ്ട സംസ്കൃതജ്ഞാനം എന്റെ സ്നേഹിതനുണ്ടായിരുന്നു ; എന്നാൽ ആ ഭാഷയിൽ വലിയ ഗ്രന്ഥ പരിചയമോ ശാസ്ത്രപാണ്ഡിത്യമോ അദ്ദേഹം സമ്പാദിച്ചിരുന്നില്ല.
"ന ജായതേ ലക്ഷണമന്തരേണ;
തദേകതാനാ തു വിനാശമേതി;
കൃപാണധാരാവ്രതൽ കവീനാം
സുദുഷ്കരാ കാപി കവിത്വരീതിഃ"
എന്നു ഭാവുകന്മാർ പണ്ടുപണ്ടേ സമ്മതിച്ചിട്ടുണ്ടു്. എന്നാൽ പറയത്തക്ക ലക്ഷണജ്ഞാനം കൂടാതെയുള്ള കാവ്യോല്പത്തി- വിഭാവനാലങ്കാരത്തിനു് ഉദാഹരണമായി പോലും സാമാന്യംലോകം കരുതിയേക്കാവുന്ന ആ അപൂർവസംഭവം- ആരെത്തന്നെ ആശ്ചര്യപരവശന്മാരാക്കുന്നതല്ല! അഥവാ സരസ്വതീദേവിയുടെ പരിപൂര്‍ണ്ണാനുഗ്രഹം സിദ്ധിച്ച പുണ്യശ്ലോകന്മാക്കുര്‍ണ്ടോ ശാസ്ത്രസാമഗ്രിയുടെ ആവശ്യകത? ആകാശഗാമികളായ അവരുടെ സിദ്ധിവൈഭവം അന്യാദൃശ്യമാകുന്നു; അവര്‍ക്കു സാധാരണ മനുഷ്യരുടെ ശകടാദ്യുപകരണങ്ങൾ ഭാരമായിത്തന്നെ തീരാവുന്നതാണു്. അത്തരത്തിലുള്ള ഒരു മഹാപുരുഷനായിരുന്നു കുഞ്ഞുകൃഷ്ണമേനോൻ. അന്തഃകരണത്തിന്റെ നിർവൃതിയാകുന്നു കവിതയുടെ പരമപ്രയോജനമെങ്കിൽ അതു് ഒടുവിനെപ്പോലെ നൽകുവാൻ കഴിഞ്ഞിട്ടുള്ള ഭാഷാകവികൾ അധികം പേരില്ല. കറകളഞ്ഞതും കരടറ്റതുമായ ഭാഷയിൽ തന്മയത്വത്തോടുകൂടി പറയാനുള്ളതു ഭംഗിയായി വളച്ചുകെട്ടൊന്നും കൂടാതെ പറയുക എന്ന ആ അതിദുഷ്കരമായ കര്‍മ്മം അദ്ദേഹത്തേപ്പോലെ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ എന്നു സംശയമാണു്. ഫലിതം കൊണ്ടു് കടുകുവറുക്കുന്ന വിദ്യ ഒന്നു അദ്ദേഹം വേറെയും അഭ്യസിച്ചിരുന്നു. ഈ കാരണങ്ങളാൽ ഒടുവിന്റെ കവിതയ്ക്കു വിജ്ഞന്മാരെയും അജ്ഞന്മാരെയും ഒന്നുപോലെ പ്രസാദിപ്പിക്കുന്നതിനു ശക്തിയുണ്ടായിരുന്നു. കുഞ്ഞിക്കുട്ടൻതമ്പുരാൻ കുഞ്ചൻനമ്പിയാരായി വേഷംമാറിയാലത്തെ നിലയെന്തെന്നു് അദ്ദേഹം നമ്മെ പലപ്പോഴും അനുഭവപ്പെടുത്തിയിരുന്നു. ഭാഷാസാഹിത്യത്തിന്റെ ദുരദൃഷ്ടത്താൽ പ്രാപ്തകാലത്തായിരുന്നില്ല നിര്യാണം; ജീവിച്ചിരുന്ന കാലത്തുതന്നെയും ഉദ്യോഗപാരതന്ത്ര്യം നിമിത്തം വേണ്ടപോലെ ലഭിച്ചിരുന്നില്ല വിശ്രമാവസരം; അല്ലെങ്കിൽ എന്റെ സ്നേഹിതനു തന്റെ നൈസഗ്ഗികമായ ആത്മവീര്യം മുഴുവൻ ആവിഷ്ക്കരിക്കുന്നതിനും, ഭാഷാസാമ്രാജ്യത്തിൽ അനന്യസുലഭമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നതിനും ഇടവരുമായിരുന്നു. എന്തുചെയ്യാം! ഇന്നു അദ്ദേഹത്തിന്റെ കൃതികൾ നിരൂപണം ചെയ്യുന്നവർ,
"അനൂരുരിവ ഘർമ്മാംശോ-
രർദ്ധേന്ദുരിവ ധൂർജ്ജടേഃ"
എന്ന നിലയിലാണ് അവയെ പര്യവേക്ഷണം ചെയ്യേണ്ടതെന്നുള്ള വസ്തുത വിസ്മരിക്കുവാൻ പാടുള്ളതല്ല.
ഒടുവിനെ ആദ്യമായി എനിക്കു കണ്ടു പരിചയം 1896-ജനുവരി മാസത്തിൽ അദ്ദേഹം തിരുവനന്തപുരത്തെ ആങ്‌ഗലമഹാപാഠശാലയിൽ ബി. ഏ യ്ക്കു വായിക്കുവാൻ വന്ന അവസരത്തിലായിരുന്നു. അന്നു ഞാൻ ആ കോളെജ്ജിൽ സീനിയർ ബി. ഏ. യ്ക്കു പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ
“എട്ടാണ്ടായൊരു മോരുമെന്റെ ശിവനേ!
ചുണ്ണാമ്പുചോറും പുഴു-
ക്കൂട്ടം തത്തിടുമുപ്പിലിട്ടതുമഹോ!
കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയിൽ മോരൊഴിച്ചു വഷളാ-
ക്കിത്തീര്‍ത്തകൂട്ടാനുമീ-
മട്ടിൽ ഭക്ഷണമുണ്ടു ഛർദ്ദിവരുമാ-
റെണ്ണാകുളം ഹോട്ടലിൽ"
ഇത്യാദി പദ്യങ്ങൾ മനോരമവഴിയായും
"മഞ്ഞപ്പോടു കറുപ്പു ചോപ്പിഹ വെളു-
പ്പെന്നുള്ള വര്‍ണ്ണങ്ങളാൽ
മഞ്ജുത്വം കലരുന്നൊരീയുപവനം
സൂക്ഷിച്ചു കണ്ടീടുകിൽ
മഞ്ഞോടംബുദഹേമകുങ്കുമമിതെ-
ല്ലാം ചേർന്നു മിന്നുന്നതായ്
നെഞ്ഞിൽ ഭ്രാന്തിവരാതെയുള്ള രസിക-
ന്മാരില്ല പാരുള്ളതിൽ."
ഇത്യാദി പദ്യങ്ങൾ ഭാഷാപോഷിണിവഴിയായും എന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചിരുന്നു. തമ്മിൽ കണ്ട ദിവസംമുതല്ക്കുതന്നെ സരസ്വതീദാസന്മാരായ ഞങ്ങൾ രണ്ടുപേരും പരസ്പരം സൌഹാർദ്ദഭാജനങ്ങളായിത്തീർന്നുവെന്നു പറയേണ്ടതില്ലല്ലോ. വിശ്രമം കിട്ടുമ്പോൾ വിനോദപദ്യങ്ങളെഴുതുക, മലയാളി മുതലായ പത്രങ്ങളിൽ സാഹിത്യസമരങ്ങൾ നടത്തുക, മുതലായി യുവജനസാധാരണങ്ങളായുള്ള ചാപല്യങ്ങളെല്ലാം ആ പ്രായത്തിൽ ഞങ്ങളേയും പിടികൂടുകയുണ്ടായി. ആയിടയ്ക്ക് ഒടുവെഴുതിയ "പങ്കപഞ്ചകം" എന്ന ലഘുകൃതിയിലെ ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നതിൽനിന്നു് അന്നുതന്നെ അദ്ദേഹത്തിന്റെ പദ്യനിര്‍മ്മാണചാതുരി എത്ര അത്യുച്ചമായ ഒരു സ്ഥാനത്തിൽ എത്തിയിരുന്നുവെന്നു വായനക്കാര്‍ക്കു കാണാവുന്നതാണു്.
"തങ്കക്കണ്ണാടിനോക്കിത്തലമുടിയെ വകു-
ത്തിട്ടു കൈയാലൊതുക്കി-
ത്തിങ്കൾക്കീറൊത്ത നെറ്റിത്തടമതിലഴകിൽ
ക്കുങ്കുമപ്പൊട്ടു കുത്തി
കൊങ്കക്കണ്ണൊന്നിളക്കി ജ്ഝടിതി തലകുലു-
ക്കുമ്പൊൾ മാര്‍ഗ്ഗത്തിൽനിന്നോ-
രെങ്കൽ കണ്ണിട്ടടി ച്ചോരടി ബഹുകഠിനം!
പങ്കി! പങ്കേരുഹാക്ഷി!"
ശ്രീമാൻ മൂലൂർ എസ്സ്. പത്മനാഭപ്പണിക്കരുടെ കവിരാമായണത്തിൽ ആ കവി ചിലര്‍ക്കു കൊടുത്ത സ്ഥാനങ്ങൾ സമുചിതങ്ങളായില്ലെന്നുള്ള കാരണത്താൽ ഒടുവു് അക്കാലത്തു നടത്തിയ വാഗ്വാദം വയസ്വികളായ സഹൃദയന്മാർ ഇന്നും മറന്നിരിക്കുവാനിടയില്ല. കുമാരമംഗലസ്സു നീലകണ്ഠൻനമ്പൂതിരിപ്പാട്ടിലേയ്ക്കു കവിതയില്ലാതിരുന്നതിനാൽ അദ്ദേഹത്തെ ആ ഗ്രന്ഥത്തിൽ സ്മരിച്ചതു ശരിയായില്ലെന്നും, അദ്ദേഹത്തിന്റെ ധനാഢ്യതയാണു് പണിക്കരെ ആ വിഷയത്തിൽ പ്രേരിപ്പിച്ചതെങ്കിൽ ആ സ്ഥാനം "പാറായിത്തരകന്നു ചേര്‍ക്കിലിതിലും നന്നാകുമെന്നെൻമതം." എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള ഒടുവിന്റെ സമരാഹ്വാനവും, അതിനു പണിക്കരുടെ ശൌര്യപ്രകാശകമായുള്ള ഉത്തരവും മറ്റും എന്തു നേരമ്പോക്കായിരുന്നു! ആ വാദത്തിൽ 'ലക്ഷ്മണൻ' എന്ന വ്യാജനാമത്തിൽ ഞാനും ഒരു ചില്ലറപ്പങ്കുചേരുകയും എന്നെ ഒടുവെന്നു സംശയിച്ചു. പണിക്കർ
"... ... ... ... ... ... ... ... കവി ലക്ഷ്മണൻ താൻ
സത്യം സുധാസദൃശഗീരുകളാൽ ഭവാനൊ-
ടൊത്തീടുവാൻ വളരെയർഹതയാര്‍ന്നു കണ്ടേൻ."
എന്നു മലയാളിയിൽ എഴുതിയതും എനിയ്ക്ക് ഈ അവസരത്തിൽ ഓര്‍മ്മ വരുന്നു. അനന്തരകാലങ്ങളിലും ഇതുപോലെ പല വാദങ്ങളിൽ ഒടുവ് ഏർപ്പെടുകയുണ്ടായിട്ടുണ്ടു്. അദ്ദേഹം "രാമരാജൻ" എന്നൊരു മലയാളപത്രം ബി. ഏ. യ്ക്കു വായിക്കുന്ന കാലത്തു തിരുവനന്തപുരത്തുവച്ചു നടത്തിക്കൊണ്ടിരുന്നു. അതിലെ കവിതാപങ്കുിയിൽ "മാര്‍ഗ്ഗദര്‍ശിപ്രിയൻ" എന്ന പേരിൽ
"തള്ളുതൻകഥ! മൽപ്രിയന്റെ മൊഴികേൾ-
ക്കൂ, സങ്കടക്കൂട്ടിൽനി-
ന്നുള്ളൂരുംപടി പദ്യപങ്ക്തിയെഴുതി-
തീർക്കൂ മുറയ്ക്കിന്നിയും."
എന്നു് ഒരു യുവകവിയെ ഹാസ്യരസത്തിൽ ഉപദേശിച്ചതു് അദ്ദേഹത്തിനു പദ്യങ്ങൾ ഞാനെഴുതിക്കൊടുത്തിരുന്നുവെന്നുള്ള തെറ്റിദ്ധാരണയാലാണു്. പിന്നീടാണ് തന്റെ അനുമാനം അബദ്ധമെന്നും, ആ കവിയ്ക്കു കവിതയുണ്ടെന്നും ഒടുവിനു ബോദ്ധ്യമായതു്. മനോരമയിൽ പരേതനായ ശ്രീമാൻ ഏവൂർ എൻ. വേലുപ്പിള്ള വേദാന്തവിഷയകമായി ഏതാനും ശ്ലോകങ്ങൾ പ്രസിദ്ധപ്പെടുത്തുകയും അതിനെ ഏതോ ഒരു കള്ളപ്പേരിൽ ഒടുവു ഖണ്ഡിക്കുവാൻ ശ്രമിക്കുകയും,
"അഹങ്കാരം കൈക്കൊ ... ... ... ... ... ... ... ... ... ... ട-
ന്വഹംകാരംകാരം മരുവുമവനെ നാസ്തികനഹോ!"
എന്ന് ഏവൂർ അതിനു മറുപടി പറഞ്ഞപ്പോൾ
"കാരംകാരമതെന്നു നൂറുരുവൊരേ-
പദത്തിൽ വച്ചീടിലും
... ... ... ... ... ... ... ... ..."
ഇത്യാദി ശ്ലോകങ്ങൾ എഴുതി ഒടുവു് അദ്ദേഹത്തെ കളിയാക്കുകയും ചെയ്തതു പലര്‍ക്കും ഓര്‍മ്മയുണ്ടായിരിക്കും. കവനകൗമുദിയിൽ സ്ത്രീഗര്‍ഹണം എന്ന വിഷയം സംബന്ധിച്ച് ഒടുവും ഞാനുമായി വ്യാജവേഷത്തിൽ വാക്കലഹമുണ്ടായിട്ടുണ്ടു്. ഇതിൽനിന്നെല്ലാം ഒടുവു് ഒരു കുസൃതിക്കാരനാണെന്നു പ്രഥമദൃഷ്ടിയിൽ തോന്നിയേക്കാമെങ്കിലും വാസ്തവത്തിൽ ഇത്ര ഹൃദയശുദ്ധിയുള്ളവരെ അപൂർവമായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ എന്നു ധൈര്യപൂർവം പറയാം. ഉറങ്ങിക്കിടക്കുന്ന കവിതാപങ്‍ക്തികൾക്ക് ഒരുണർച്ച നൽകുന്നതിനുവേണ്ടിമാത്രമാണു് പലപ്പോഴും അദ്ദേഹം ഈവക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതു്. താക്കറെ എന്നു പ്രസിദ്ധനായ ആങ്ഗല സാഹിത്യകാരന്റെ ഗുണങ്ങളിൽ പലതും ഒടുവിനെ ആശ്ലേഷിച്ചിരുന്നു.
കുറേക്കാലം കഴിഞ്ഞ് എന്റെ പ്രാണസ്നേഹിതൻ പന്തളത്തു കേരളവര്‍മ്മതമ്പുരാൻ കവനകൗമുദി ഒരു വൃത്താന്തപത്രരൂപത്തിൽ ആരംഭിക്കുകയും, അതിൽ ഒടുവു് ഒരു പ്രധാനലേഖകനായിത്തീരുകയും ചെയ്തു. അവർ തമ്മിലുള്ള സ്നേഹം ഒന്നിനൊന്നു ഗാഢതയെ പ്രാപിച്ച് ഒടുവിന്റെ കനിഷ്ഠസഹോദരി ശ്രീമതി അമ്മുക്കുട്ടിഅമ്മയെ തമ്പുരാൻ വിവാഹം ചെയ്ത വിവരം ഭാഷാഭിമാനികളിൽ പലര്‍ക്കും അറിവുള്ളതാണല്ലോ. ആയിടയ്ക്കു ഞാൻ മാവേലിക്കര തഹശീൽമജിസ്ത്രേട്ടായിരുന്നു. 1084-ലെ തൃശ്ശൂർപൂരത്തിനു ഭാരതവിലാസസഭയുടെ അദ്ധ്യക്ഷനായി ഞാനും എന്നോടുകൂടി തമ്പുരാനും പോകുകയും, അവിടെവച്ചു ഒടുവിനെ അനേകകൊല്ലങ്ങൾക്കിപ്പുറം ഞാൻ വീണ്ടും കാണുകയും ചെയ്തു. അന്നത്തെ ഒടുവു പണ്ടത്തെ ഒടുവു്- ഫലിതമൂര്‍ത്തിയായ ആ ഒടുവുതന്നെയായിരുന്നു. കുണ്ടൂർ, ഒടുവു്, തമ്പുരാൻ, ഞാൻ ഈ ഞങ്ങൾ നാലുപേരുമായി ഒരു ചായക്കടയിൽ ചായകുടിക്കാൻ കേറിയതും, കുണ്ടൂരിന്റെ കൈയിൽനിന്നു ചായപ്പാത്രം തട്ടിപ്പറിച്ചുകൊണ്ടു് ഒടുവും "ചായാമപഹരതി കവിഃ എന്നല്ലേ നിങ്ങളൊക്കെ പറയുന്നതു്? ഞാൻ കവിയാകണമെങ്കിൽ ചായ അപഹരിക്കാതെ നിവൃത്തിയില്ല; അതാണു് ഇങ്ങനെ ചെയ്തതു്." എന്നുപറഞ്ഞതും ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്. അവിടെവച്ചു നടന്ന കവിതാവേഗപരീക്ഷയിൽ ഒടുവിനും പ്രശസ്തമായ വിജയം സിദ്ധിക്കയുണ്ടായി. 'ശ്രീമതി' എന്ന ഖണ്ഡകാവ്യം ആ സന്ദർഭത്തിലാണു് ഞങ്ങൾ രചിച്ചതു്. കുറേക്കൊല്ലം കൂടി കഴിഞ്ഞു തമ്പുരാൻ തിരുവനന്തപുരത്തു മലയാളപണ്ഡിതരായി വന്നതിന്റെശേഷം ശ്രീവരാഹത്ത് ഒരു വാര്‍ഷികയോഗത്തിൽ അദ്ധ്യക്ഷനായി ഒടുവു വന്നുചേരുകയും, അക്കാലത്തു് 'ആഞ്ജനേയവിജയം' ഞങ്ങൾ പലരും കൂടി രചിക്കുകയും ചെയ്തു. പിന്നീടു ഞങ്ങൾക്കു തമ്മിൽ കാണുവാൻ യോഗമുണ്ടായില്ല. എന്റെ അകൈതവസുഹൃത്തിന്റെ അ കാലനിര്യാണം തമ്പുരാന്റെ മുഖത്തുനിന്നു കേൾക്കുന്നതിനുള്ള ദൌർഭാഗ്യംമാത്രമാണു് എനിക്കു് അവശേഷിച്ചിരുന്നതു്!
ഒടുവിന്റെ കവിതാഗുണങ്ങൾ പരിപൂര്‍ണ്ണമായി പ്രകാശിക്കുന്ന കൃതികൾ പലതുമുണ്ടെങ്കിലും ഈ പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചണ്ഡാലിമോക്ഷത്തെത്തന്നെ അവയ്ക്ക് മഹിതാദര്‍ശമായി സ്വീകരിക്കാവുന്നതാണു്. അദ്ദേഹത്തിന്റെ തൂലിക വരച്ച ആ ചണ്ഡാലിയുടെ ചിത്രം ഏതു സഹൃദയന്റെ ഹൃദയഭിത്തിയിൽ നിന്നാണ് മായുക?
"കറുകറനെയിരുന്നിരുട്ടുഭൂതം
പെറുമൊരു നൂതനമായ പൈതൽപോലെ
തുറുകവിൾ, പതിമൂക്കു, നല്ലവൈക്കോൽ-
ത്തുറുവയ,റിത്തരമാണു വേഷഘോഷം.
ഇരുമിഴികളുമില്ല; മെയ്യിലെല്ലാ-
മൊരു വിരലിൻഘനമുണ്ടു കുഷ്ഠബീജം;
പെരുമുറകരയും കിടാവജസ്രം
പുരുദുരിതപ്പുളിനീർപൊതിഞ്ഞപോലെ"
ഇങ്ങനെയൊരു ബീഭത്സചിത്രം മറ്റാര്‍ക്കെങ്കിലും നിര്‍മ്മിക്കുവാൻ കഴിയുമോ എന്നു സംശയമാണു്. പൂർവ്വജന്മത്തിൽ തേവിടിശ്ശിയായിരുന്ന അവസ്ഥയേയും ഇഹജന്മത്തിൽ അന്ധയും കുഷ്ഠരോഗിണിയും പറച്ചിയുമായിരിക്കുന്ന സ്ഥിതിയേയും ഭാവനാകുശലനായ മഹാകവി എത്ര ഭംഗിയിൽ താരതമ്യപ്പെടുത്തുന്നുവെന്നു പരിശോധിക്കുക.
"കഴുകി മിനുസമാക്കി മുൻപു പച്ച-
പ്പുഴ പനിനീരൊടണിഞ്ഞ കൊങ്കയുഗ്മം
കഴുകിനവസരം വാരായ്കമൂലം
പുഴപനിനീരിടചേര്‍ന്നു തത്തിടുന്നു.
ഹിതമെഴുമൊളിപൂരുഷൻ വരുമ്പോൾ
കതകിനുവച്ചൊരു സാക്ഷയാശു നീക്കാൻ
ഉതകിന വിരലൊക്കെയറ്റൂ ചോര-
പ്പത ചലമൊത്തൊഴുകുന്നമട്ടിലായി!"
ഇങ്ങനെതുടങ്ങിയുള്ള ആ രോമഹര്‍ഷദമായ ചിത്രണത്തിന്റ ആസ്വാദ്യത അനുഭവിച്ചുതന്നെ അറിയണം. പരസ്പര വിരുദ്ധങ്ങളായ ശൃംഗാരബീഭത്സരസഹയങ്ങളെ ഇടവുംവലവുമായി കെട്ടി കാവ്യരഥം ഓടിക്കുക എന്ന അത്ഭുതകര്‍മ്മം ഇത്ര ഹൃദയാകര്‍ഷകമായ വിധത്തിൽ ആരും തന്നെ അനുഷ്ഠിച്ചു വിജയംനേടിയതായി ഓർമ്മവരുന്നില്ല.
ഒടുവിന്റെ ഫലിതപ്രയോഗങ്ങൾ അഥവാ "പൊടിക്കൈകൾ" എല്ലാ കേരളീയര്‍ക്കും വിസ്മയാവഹമായിട്ടുള്ളവയാണു്.
"അന്തജ്ജനം പലരെയും തകരാറിലാക്കി-
യെന്തക്രമം? തലതെറിച്ചതു ധമ്മവൃക്ഷം"
"മല്ലീശരന്റെ വികടപ്പണിയാരറിഞ്ഞു?"
"പിണ്ണാക്കുമാടനു പിണഞ്ഞ പിണച്ചിൽ നോക്കൂ"
"മുതലാവില്ലവനിങ്ങടുത്തുവന്നാൽ"
"പ്രണയക്കരുവായ കാന്തയാളിൽ
പണയം വച്ച മനസ്സൊടാമനുഷ്യൻ.''
ഈ മാതിരിയുള്ള ഫലിതപ്രയോഗങ്ങൾ വെണ്മണി, ശീവൊള്ളി ഇവരുടെ കാലത്തിനിപ്പുറം ഒടുവിന്റെ കൃതികളിലേ നാം ധാരളമായി കണ്ടിട്ടുള്ളു. ഇന്നു ആ സ്ഥാനത്തു "മന്മാത്രശേഷം കുലം" എന്ന നിലയിൽ നില്ക്കുന്നതു് നടുവം മഹാനാണു്. ഈ വിഷയത്തെപ്പറ്റി എന്റെ സ്നേഹിതൻ കോയിപ്പള്ളി പരമേശ്വരക്കുറുപ്പ് ഒരു ദീർഘമായ ഉപന്യാസം ഈയിടയ്ക്കു പ്രസിദ്ധപ്പെടുത്തീട്ടുള്ളതിനാൽ അതിലേക്കു വായനക്കാരുടെ ശ്രദ്ധയെ ആകഷിക്കുക മാത്രമേ ചെയ്യേണ്ടതായുള്ളൂ.
അതാതു പാത്രങ്ങൾക്കു് അനുരൂപമായ വിധത്തിൽ സംഭാഷണം ചെയ്യിക്കുന്നതിനു് ഒടുവിനുള്ള സാമര്‍ത്ഥ്യം അന്യാദൃശമാണു്.
"പെരുവഴിനടുവേ നടന്നു പോകും
പെരുമ പെടുന്നവരേ! കുറച്ചു നില്പിൻ;
ഒരു ചെവിയിവൾ തന്റെയല്ലൽകേൾപ്പാ-
നരുളുവിനൊന്നു പറഞ്ഞുതീർത്തിടട്ടേ.
പറയനുടെ പഴങ്കിടാവു ഞാനെൻ-
പിറവിയിലേ മിഴി രണ്ടുമില്ലയല്ലോ;
കറപെറുമുടൽ കണ്ടു തന്തയെന്തോ
പറവതു? കൂറു വെടിഞ്ഞു വിട്ടെറിഞ്ഞു"
മുതലായ ഭാഗങ്ങൾ നോക്കുക, പറച്ചിയുടെ വാക്കാകയാൽ പച്ചമലയാളം 'സ്വയമേവാഗത'യാണു്. സന്ദർഭോചിതങ്ങളായ നവനവോല്ലേഖങ്ങളും കവിക്കു സ്വാധീനമാണു്.
"ചരണങ്ങൾ കുറച്ചുരച്ചു, മന്തഃ-
കരണം തേന്മൊഴിയിൽ പ്രതിഷ്ഠചെയ്തും,
ചിരമങ്ങനെ വാണിതുള്ളിലേതോ
സരസോല്ലേഖമെഴും കവിക്കു തുല്യം.”
എന്ന പദ്യം ഒറവങ്കരരാജാവിന്റെ
"മർത്യാകാരേണ ഗോപീവസനനിരക-
വന്നോരു ദൈത്യാരിയെ"
എന്ന പദ്യം പോലെ, മറ്റൊന്നുംതന്നെ തൽകര്‍ത്താവു നിര്‍മ്മിച്ചില്ലെങ്കിലും, അദ്ദേഹത്തിനു മഹാകവിപദത്തെ പ്രദാനം ചെയ്യുവാൻ പര്യാപ്തമാണു്.
"ചെറുനരനതിബുദ്ധിയെന്നു ഭാവി-
ചറുവഷളാം ക്രിയചെയ്തതോര്‍ക്കമൂലം
ചെറുതൊരു പരിഹാസഭാവമുണ്ടാ-
നറുനളിനോപമകോമളാനനത്തിൽ."
"ഒരിക്കൽക്കിടക്കും തെരിക്കെന്നെഴുന്നേ-
റ്റിരിക്കും കുറെസ്സഞ്ചരിക്കും തിരക്കും
മരിക്കാൻ കിടക്കുന്നൊരുത്തൻ നടത്തും
സ്ഥിരക്കേടവൻ കാട്ടിയൊപ്പിച്ചു സർവം"
ഇത്യാദി പദ്യങ്ങളിൽ കാണുന്ന മനോധർമ്മവും പ്രത്യേകം പ്രശംസനീയമാണു്.
പച്ചമലയാളകവിതയ്ക്കു കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമേനിയേയും, ശ്രീമാൻ കുണ്ടൂരിനേയും കഴിച്ചാൽ ഒടുവിനെപ്പോലെ വിദഗ്ദ്ധനായ ഒരു ഭാഷാകവി ഇതുവരെ ഉണ്ടായിട്ടില്ലെന്നുവേണം പറവാൻ. അദ്ദേഹത്തിന്റെ 'മദിരാശി കടൽക്കര'യോടു കിടപിടിക്കുന്ന വര്‍ണ്ണനാത്മകമായ ഒരു പച്ചമലയാള ഖണ്ഡകാവ്യം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഈ പുസ്തകത്തിൽ കാണുന്ന 'നല്ലഭാഷ' നാല്പതിൽപ്പരം ശ്ലോകങ്ങളോളം ഒടുവെഴുതിയതായി എനിക്ക് ഓർമ്മയുണ്ടു്. കുറേയധികം പച്ചയായിപ്പോകയാൽ വേണ്ടെന്നു ഞാൻ ഗുണദോഷിക്കുകനിമിത്തം മുഴുപ്പിക്കാത്തതാണു്. ഈ ഖണ്ഡകാവ്യത്തിന്റെ ഒരു കൈയെഴുത്തുപ്രതി എന്റെ കൈവശമുണ്ടായിരുന്നു. "നുള്ളിക്കളഞ്ഞിതു മിടുക്കനൊരുമ്മയാലേ" മുതലായി ഒടുവിന്റെ വിജാതീയരീതിയിലുള്ള പല ഫലിതപ്രയോഗങ്ങളും അതിലുണ്ടു്. ഇപ്പോൾ അച്ചടിച്ചിരിക്കുന്ന ഭാഗത്തിൽതന്നെ എന്തെല്ലാം രസികത്തങ്ങളുണ്ടെന്നു കാണുക!
"മിന്നൽ കൊക്കുന്ന പൂമെയ്പൊലിമയുമകതാ-
രിട്ടലയ്ക്കും ... ക്കു-
ന്നന്നപ്പോക്കും മഴക്കാറെതിർതലമുടിയും
മുല്ലമൊട്ടൊത്ത പല്ലും
കന്നൽക്കണ്ണും കടുംചോപ്പുടയ ചൊടികളും
കാണുകിൽ കൊച്ചുതെക്കൻ -
തെന്നൽത്തേരിൽകരേറുന്നവനുടെ തറവാ-
ട്ടമ്മയോയെന്നു തോന്നും."
ഇത്യാദി പദ്യങ്ങൾ നിര്‍മ്മിക്കുവാൻ ഒരാൾ എത്രവലിയ ഭാഷാപദവൈശ്രവണനായിരിക്കണം!
ഒടുവിന്റെ നിസര്‍ഗ്ഗസുന്ദരമായ ഗദ്യരീതിയെപ്പറ്റി അപ്രകൃതമാകയാൽ ഇവിടെ വിവരിക്കുന്നില്ല. ചെറുകഥകൾ എഴുതുവാൻ ഇതുപോലെ വാസനയുള്ളവർ ആരെങ്കിലും ഇന്നുണ്ടോ എന്നു സംശയമാണു്. രാഷ്ട്രീയവിഷയങ്ങളേപ്പറ്റി ഫലിതസമ്മിശ്രമായ ലേഖനപരമ്പരയെഴുതുവാൻ ഒടുവിനുള്ള പാടവവും അസാധാരണമായിരുന്നു. മനോരമയിൽ "കോരപ്പപ്രഭു" എന്ന പേരിൽ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളുടെ സ്വാരസ്യം ഭാഷാഭിമാനികൾ മറന്നിരിക്കയില്ല. വേങ്ങയിൽ കുഞ്ഞുരാമൻനായനാർ, ഇരുവനാട്ടു നാരായണൻനമ്പിയാർ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഈ അംഗങ്ങളാൽ അലംകൃതമായിരുന്ന ആ സാഹിത്യത്തറവാട് ഇപ്പോൾ അന്യം നിന്നതുപോലെ തോന്നിപ്പോകുന്നു.
ഏതുവിധത്തിൽ നോക്കിയാലും ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ വാഗ്ദേവതയുടെ ഒരു വരിഷ്ഠവത്സലസന്താനമായിരുന്നു എന്നുള്ളതിനു സംശയമില്ല. ഇത്രവളരെ ഭിന്നഭിന്നങ്ങളായ സാഹിതീസരണികളിൽ സ്വൈരസഞ്ചാരം ചെയ്തു വിജയലക്ഷ്മിയാൽ സ്വയംവൃതരായ കേരളീയകവികൾ അധികംപേരില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ മഹാത്മാവു ഭാഷാഭിമാനികളായ സകല കേരളീയരുടേയും നിഷ്കൈതവമായ നിത്യാരാധനത്തെ അർഹിക്കുന്നു. ആ ആരാധനത്തിനു് അദ്ദേഹത്തിന്റെ കവിതകളുടെ പ്രസാധനംമൂലം സൌകര്യം നല്കുന്ന ഭാഷാപോഷകമൂർദ്ധന്യൻ ശ്രീമാൻ പി. വി. കൃഷ്ണവാരിയരുടെ ഏതാദൃശമായ സദ്വ്യവസായം ശ്ലാഘസീമയെ സര്‍വ്വഥാ അതിവർത്തിക്കുകതന്നെ ചെയ്യുന്നു. പരോപകാരപ്രവണനായ എന്റെ പ്രിയസുഹൃത്തിനെ ഈശ്വരൻ മേല്ക്കുമേൽ സഹായിക്കട്ടേ.
(ഒടുവിന്റെ കൃതികൾ രണ്ടാംഭാഗം-അവതാരിക)