Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

"ദൈവേ പരാഗ്വദനശാലീനി ഹന്ത! ജാതേ
യാതേ ച സമ്പ്രതി ദിവം പ്രതി മിത്രരത്നേ
കസ്മൈ മനഃ! കഥയിതാസി നിജാമവസ്ഥാം
കശ്ശീതളൈശ്ശമായിതാ വചനൈസ്തവാധിം?"    ജഗന്നാഥപണ്ഡിതർ.


പണ്ഡിതസാർവഭൌമനും ഭാഷാദേവിയുടെ പ്രാണപ്രിയനുമായിരുന്ന പ്രൊഫസർ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ എം. ഏ. എം. ആർ. ഏ. എസ്‌. തിരുമനസ്സിലേ അകാലദേഹവിയോഗം കേരളത്തിനു അസഹ്യമായ ഒരു അശനിപാതം തന്നെയെന്നുള്ളതിൽ പക്ഷാന്തരമില്ല. ഏതാനും കൊല്ലങ്ങൾക്കു മുൻപു കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു കഥാവശേഷനായിത്തീർന്ന അവസരത്തിൽ കേരളീയരുടെ അപാരസങ്കടത്തിനു, പര്യാപ്തമല്ലെങ്കിലും പറയത്തക്ക നിലയിൽ ഒരു പരിഹാരമാർഗ്ഗമുണ്ടായിരുന്നു. അത് അവിടുത്ത പ്രിയഭാഗിനേയനും ശിഷ്യാഗ്രഗണ്യനുമായ കേരളപാണിനി പിൻവാഴ്ചയ്ക്കുണ്ടല്ലോ എന്നുള്ള സമാധാനം അല്ലാതെ മറ്റൊന്നുമല്ല. ആമാതിരി ഒരാശ്വാസത്തിനു് ഇനിമേൽ തരമില്ലല്ലോ. അവിടുത്തെ അഭാവത്തിൽ പണ്ട് തുടങ്ങി സർവതന്ത്രസ്വതന്ത്രരായ ഓരോ മഹാവിദ്വാന്മാർ. "മുറമുറയേ ചെങ്കോൽ ചെലുത്തിയാണ്ടു" വന്ന കേരളസാഹിത്യസാമ്രാജ്യം അരാജകമായി പരിണമിച്ചിരിക്കുന്നു എന്നു പറയുന്നതിൽ ആർക്കും പരിഭവത്തിനു അവകാശമില്ല. സൂര്യാസ്തമനം കഴിഞ്ഞാൽ ചന്ദ്രോദയമാകും; ചന്ദ്രോദയമില്ലാഞ്ഞാൽ നാട്ടുവെളിച്ചമെങ്കിലും കാണും. ഇത്ര ശുദ്ധശൂന്യമായ ഒരു ഘോരാന്ധകാരം ഇതുവരെയും കേരളസാഹിത്യമണ്ഡലത്തെ ഗ്രസിച്ചിട്ടുള്ളതായി ഓർമ്മ തോന്നുന്നില്ല. "അദ്യധാരാ നിരാധാരാ നിരാലംബാ സരസ്വതീ". എന്ന കവിവാക്യം ഇന്നത്തെ കേരളസാഹിത്യവിഷയത്തിൽ അതിശയോക്തിയല്ല.

 

"ചന്ദ്രം ഗതാ പത്മഗുണാൻ ന ഭുക്തേ
പത്മാശ്രിതാ ചാന്ദ്രമസീമഭിഖ്യാം."


എന്നു പറഞ്ഞതുപോലെ പൌരസ്ത്യവിദ്യയോ പാശ്ചാത്യവിദ്യയോ മാത്രം സ്വാധീനമായ പണ്ഡിതന്മാരോട് ഇന്നത്തെ കാലപ്പകർച്ചയ്ക്ക് ഇണങ്ങുവാൻ മടിക്കുന്ന ഭാഷാഭഗവതി ഇനി ഏതൊരു പുരുഷരത്നത്തെ തേടിപ്പിടിച്ചാണു് "ദ്വിസംശ്രയയായ പ്രീതി" യെ ലഭിക്കുവാൻ പോകുന്നതു്? അഹോ! ആത്യന്തികമായ ആശാഭംഗം! അപ്രതീക്ഷിതമായ അത്യാഹിതം!


പ്രൊഫസർ കോയിത്തമ്പുരാൻ 1038-കുംഭം 9-ാം ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ ജനിച്ചു. അവിടുത്തെ അച്ഛൻ ഓണംതുരുത്തി വാസുദേവൻനമ്പൂതിരിയും അമ്മ ഭരണിതിരുനാൾ അമ്മതമ്പുരാനും ആയിരുന്നു. ബാല്യത്തിൽ ചുനക്കര ശങ്കരവാരിയരിൽനിന്നും മറ്റും സ്വല്പം സംസ്കൃതം അഭ്യസിക്കുകയുണ്ടായെന്നു വരികിലും ആ അഭ്യസനത്തിനു പരിപൂർത്തിവന്നതു തന്റെ മാതുലനായ കേരളകാളിദാസൻ തിരുമനസ്സിലേ അതേവാസിത്വത്തിനു യോഗം ലഭിച്ചതിനു മേലാണു്. അവിടുന്നു് “ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും" മറ്റും കഷ്ടപ്പെട്ടു നാലഞ്ചു കൊല്ലം അരിപ്പാട്ടു താമസിച്ച കഥ ചരിത്രപ്രസിദ്ധമാണല്ലോ. ഈ ഏകാന്തവാസത്തിനു നിദിനഭൂതമായ നിയതിവൈപരീത്യത്തെ കേരളീയർക്കു്, ഒന്നു വിചാരിച്ചാൽ, കൃതജ്ഞതയോടുകൂടിയല്ലാതെ സ്മരിക്കുവാൻ നിവൃത്തിയില്ല. ഇങ്ങനെ ഒരു സംഭവം ഇല്ലായിരുന്നുവെങ്കിൽ സരസസാഹിതീസർവസ്വമായ മയൂരസന്ദേശത്തിന്റെ നിർമ്മിതിക്കും തീക്ഷ്ണബുദ്ധികളായ തുറവൂര്‍ നാരായണശാസ്ത്രികളുടേയും, ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെയും അദ്ധ്യാപകത്വത്തിനും അവിടുത്തേയ്ക്കു സംഗതി വന്നിരിക്കുമോ എന്നു സംശയമാണു്. തിരുമനസ്സുകൊണ്ടു് ഈ അവസരത്തിൽ തന്റെ ഭാഗിനേയനെ നൈഷധീയചരിതം, മാനവേദചമ്പു, മാലതീമാധവം, കുവലയാനന്ദം മുതലായ ഗ്രന്ഥങ്ങളും സിദ്ധാന്തകൌമുദിയും വായിപ്പിക്കുകയുണ്ടായി. ഒരിക്കൽ ഗണേശ രമായി ഒരഷ്ടകം ഉണ്ടാക്കണമെന്നു ഗുരുനാഥൻ ശിഷ്യനോടാജ്ഞാപിച്ചു. പിറ്റേദിവസം ഉച്ചതിരിഞ്ഞാണ് അഷ്ടകം എഴുതിക്കൊണ്ടു ചെല്ലേണ്ടിയിരുന്നതു്. സഹപാഠികളിൽ ഒരാൾ തന്നെക്കൊണ്ടു നിവൃ ത്തിയില്ലെന്നുപറഞ്ഞു് ഒഴിയുകയും മറ്റൊരാൾ ഊണമുറക്കവുമുപേക്ഷിച്ചു കവിതയെഴുതിത്തുടങ്ങുകയും ചെയ്തു. കൊച്ചപ്പൻ (അതാണു രാജരാജവർമ്മകോയിത്തമ്പുരാന്റെ ഓമനപ്പേർ) നിഷ്പ്രയാസമായി ഒരഷ്ടകം സമയത്തിനുണ്ടാക്കിച്ചൊല്ലുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേക്ക് അതു കണ്ടപ്പോൾ വലിയ ആശ്ചര്യം തോന്നി താനും ഒരഷ്ടകമുണ്ടാക്കി രണ്ടുംകൂടെ അവിടുത്തെ ജ്യേഷ്ഠനും സർവശാസ്ത്രവിശാരദനുമായ അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ തിരുമനസ്സിലേയ്ക്ക് അയച്ചുകൊടുത്തു. അവിടുന്നു അവ വായിച്ചുനോക്കി രണ്ടും ഒന്നുപോലെ നന്നായിരിക്കുന്നു എന്നാണു് അഭിപ്രായപ്പെട്ടതു്. നമ്മുടെ യുവകവിയുടെ യശസ്സു ക്ഷണത്തിൽ അരിപ്പാടുവിട്ടു ദൂരദേശങ്ങളെ ആക്രമിച്ചുതുടങ്ങി. അവിടുത്തെ ലഘുകൃതികൾ വായിച്ചു നോക്കിയ സർവതന്ത്രസ്വതന്ത്രനായ ഇലത്തൂർ രാമസ്വാമിശാസ്ത്രികളും മഹാമഹിമശ്രീ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടും ഭാവിയിൽ അവിടുന്നു ഒരു മഹാകവിയായിത്തീരുമെന്നു ദിവ്യചക്ഷുസ്സിന്റെ സഹായം കൂടാതെതന്നെ പരസ്യമായി പ്രസ്താവിച്ചു.


1056 ൽ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു വീണ്ടും തിരുവനന്തപുരത്തു് എഴുന്നള്ളിത്താമസമായപ്പോൾ രാജരാജവമ്മകോയിത്തമ്പുരാൻ തിരുവനന്തപുരത്തു ഗവണ്മെന്റു് ഹൈസ്കൂളിൽ ഫോർത്തു ക്ലാസ്സിൽ ചേർന്നു ഇംഗ്ലീഷു പഠിക്കുവാൻ ആരംഭിച്ചു. അപ്പോഴേയ്ക്കും സംസ്കൃതത്തിൽ അവിടുന്നു ഒരു വിശിഷ്ടകവിയായിത്തീർന്നിരുന്നു എന്നുള്ളതു ദേവീപരമായി 17-ാമത്തെ വയസ്സിൽ അവിടുന്നെഴുതീട്ടുള്ള ഏതാനും പദ്യങ്ങളിൽനിന്നു വിശദമാകുന്നതാണു്.


“സമസ്തർഷിസുരസ്തോമ-
സംസ്കൃതായാസ്തു വസ്തുനേ
മഹിഷാസുരസംഹാരി-
മഹാവീര്യായ മംഗലം.


ചണ്ഡമുണ്ഡമഹാദൈത്യ-
മുണ്ഡഖണ്ഡനചുഞ്ചുവേ
ചാമുണ്ഡാനാമധേയായ
ചിൽപിണ്ഡായാസ്തു മംഗലം


വിമതൌഘവിനാശേന
വികസന്മുഖസാരസൈഃ
വിബുധൈഃ സ്തൂയമാനായ
വിശ്വമൂലായ മംഗലം."


ഇത്യാദി പദ്യങ്ങളിൽ വിഹരിക്കുന്ന സർവതോമുഖമായ ശക്തിവൈഭവം അവിടുന്നു ബാല്യത്തിൽതന്നെ സംസ്കൃതഭാഷയിൽ ജ്ഞാനവൃദ്ധനായിത്തീർന്നിരുന്നുവെന്നു വിളിച്ചുപറയുന്നു. ഗഹനമായ ഗീർവാണസാഹിത്യവനത്തിൽ അവിടുത്തെ പ്രഥമസഞ്ചാരം ചകിതമായ ഒരു മാൻകിടാവിന്റേതല്ല ധീരഗംഭീരമായ ഒരു സിംഹക്കുട്ടിയുടേതാണെന്നു കവിതാമാർമ്മികന്മാക്കു കാണാവുന്നതാണു്. മറിച്ചുവരുവാൻ മാറ്റവുമില്ലല്ലോ.


"പാത്രവിശേഷേ ന്യസ്തം
ഗുണാന്തരം വ്രജതി ശില്പമാധാതുഃ
ജലമിവ സമുദ്രശു ...
മുക്താഫലതാം പയോദസ്യ"


എന്നല്ലേ മഹാകവിവാക്യം? ഫോർത്തു ക്ലാസ്സിൽ അവിടുന്നു പഠിക്കുമ്പോൾ കോളെജ്ജിലേയും ഹൈസ്കൂളീലേയും വിദ്യാത്ഥികൾക്കു ചേരാവുന്ന ഒരു സംസ്കൃതോപന്യാസപരീക്ഷയിൽ അവിടുന്നു ഒന്നാമനായി ജയിച്ചു സമ്മാനം വാങ്ങിച്ചതിനും ഇതുതന്നെ കാരണമായി കരുതേണ്ടതാണു്.


1081-ൽ രസതന്ത്രം ഐച്ഛികവിഷയമായി സ്വീകരിച്ചു ബി. എ. പരീക്ഷയ്ക്കു ചേരുകയും ഐച്ഛികവിഷയത്തിൽ തോറ്റുപോകയും ചെയ്തു. പരീക്ഷാഫലം അറിഞ്ഞപ്പോൾ അവിടുന്നു മനസ്സുചുട്ട് എഴുതിയ "ഭംഗവിലാപം" എത്ര ഭംഗിയുള്ള ഒരു കൃതിയെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമാണു്. അതിലേ


"വിജയോത്സവവൈജയന്തികാ-
നിഭമന്ദസ്മിതമീഷദുഛ്റിതം
അവലേപവിലേപസുന്ദരം
മുഖമീക്ഷേ സഹപാഠിനാം കഥം?


നിയതിർജയതീഹ കേവലാ
ജഗതി സ്ഥാവരജംഗമാത്മകേ;
നിജസർവപഥീനചേഷ്ടിത
പ്രതിബന്ധം ന കദാപി വേദ യാ.


സ്വയമാതപതാപശോഷിണീം
മൃദു സമ്പോഷ്യ ശിരീഷവല്ലരീം
കുസുമോദ് ഗമവാസരേ പുനഃ
കുധിയോപി ക്വ ലുനന്ത്യശങ്കിതം?


അഭവദ്വിപദേ പദേ കൃതാ
തവ സേവാപി cമാദ്യ ഭാരതി!
മണിതാവസരേഷു് മന്ത്രവാങ്
മഹിതാപി ക്വ ന ഹാസഭാജനം?"


ഇത്യാദി പദ്യങ്ങൾ ഒരിക്കൽ വായിച്ചിട്ടുള്ള സഹൃദയന്മാർക്ക് അവ ഒരിക്കലും മനസ്സിൽനിന്നു മായുന്നതല്ല. അടുത്ത കൊല്ലത്തിൽ ബി. എ. യിലും രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ എം. ഏ. യിലും കോയിത്തമ്പുരാൻ വിജയിയായി. എം. ഏ. പരീക്ഷ ജയിച്ചത് പ്രസിഡൻസിയിൽ ഒന്നാമനായാണു്. അവിടുത്തെ ഉത്തരക്കടലാസുകൾ നോക്കിയ ശേഷഗിരിശാസ്ത്രി അദ്ധേതാവ് അവയിൽ പ്രദർശിപ്പിച്ചിരുന്ന പാണ്ഡിത്യം കണ്ടു് ആശ്ചരൂപരതന്ത്രനായി തീർന്നുപോയി എന്നു കേട്ടിട്ടുണ്ട്. 1064-ൽ നമ്മുടെ കഥാനായകൻ മാവേലിക്കര കൊട്ടാരത്തിൽ സ്വാതിതിരുനാൾ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1063-ൽ സംസ്കൃതമഹാപാഠശാലയിൽ ഇൻസ്പെക്ടരായി നിയമിക്കപ്പെടുകയും 1069-ൽ ആ വിദ്യാലയത്തിലേ പ്രിൻസിപ്പാലാകുകയും ചെയ്തു. അവിടെനിന്നു 1074-ൽ രാജകീയമഹാപാഠശാലയിൽ നാട്ടുഭാഷാസൂപ്രണ്ടായും 1087-ൽ സംസ്കൃതദ്രാവിഡഭാഷകളിൽ പ്രൊഫസറായും നിയമിതനായി. ഈ ഉദ്യോഗങ്ങളിലെല്ലാം ഒന്നുപോലെ അസാമാന്യമായി ശോഭിച്ചതിനുപുറമെ ഒന്നിലധികം പ്രാവശ്യം രാജകീയ മഹാപാഠശാലയിലെ പ്രിൻസിപ്പാൽപ്പണിയും അവിടുന്നു സ്തുത്യർഹമായ രീതിയിൽ നോക്കീട്ടുണ്ടു്. പാഠ്യപുസ്തകകമ്മിറ്റി പ്രസിഡന്റ്, ലെക്ച്ചർകമ്മിറ്റിസെക്രിട്ടറി, ബോർഡ് ഓഫ് സ്റ്റഡിസ് മെംബർ. സംസ്കൃതം, മലയാളം ഈ വിഷയങ്ങളിൽ പരീക്ഷകൻ, ഈ മാതിരി പല നിലകളിലും അവിടുന്നു ഗണ്യമായ സദ്വ്യവസായം ചെയ്തിട്ടുള്ളതു വിവരിക്കുവാൻ ഈ ഉപന്യാസത്തിൽ സ്ഥലസൌകര്യം പോരാതെയിരിക്കുന്നു. അവിടുത്തെ ഗ്രന്ഥസമൂഹത്തെപ്പറ്റിയുള്ള ഒരു ചുരുങ്ങിയ വിമർശമാണ് പ്രതിപാദ്യവിഷയം.


സംസ്കൃതത്തിലും മലയാളത്തിലും പ്രൊഫസർ തമ്പുരാനെ ഒരു കവിയുടേയും ശാസ്ത്രകാരന്റെയും നിലയിൽ പരിഗണിക്കേണ്ടതുണ്ടു്. ബി. എ. ക്ലാസിൽ പഠിക്കുമ്പോൾതന്നെ സംസ്കൃതത്തിൽ അവിടുന്നു ഒരു പ്രൌഢകവിയായി കഴിഞ്ഞിരുന്നു എന്നുള്ള തിനു മുൻപുദ്ധരിച്ചു ഭംഗവിലാപപദ്യങ്ങൾ ദൃഷ്ടാന്തമാണല്ലോ. അവിടുത്തെ പ്രധാന സംസ്കൃത കാവ്യങ്ങൾ


(1) ആംഗലസാമ്രാജ്യമഹാകാവ്യം
(2) വിടവിഭാവരി
(3) ഗൈർവാണീവിജയം
(4) തുലാഭാരപ്രബന്ധം
(5) ഋഗ്വേദകാരിക
(6) ഉദ്ദാലചരിതം ഗദ്യം.


ഇവയാകുന്നു. ഇവകൂടാതെ അനേകം ഖണ്ഡകൃതികളും അവിടുന്ന് അപ്പോഴപ്പോൾ ഉണ്ടാക്കീട്ടുണ്ട്. ഇവയിൽ തുലാഭാരപ്രബന്ധവും ഋഗ്വേദകാരികയും അച്ചടിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.


ഖണ്ഡകൃതികളെപ്പറ്റി രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടെ. തന്റെ സദ്യോജാതയായ ഒരു പുത്രിയുടെ മരണത്തെ വിഷയമാക്കി പിതൃവചനമെന്നും മാതൃവചനമെന്നുമുള്ള തലക്കെട്ടിൽ അവിടുന്നെഴുതീട്ടുള്ള ഏതാനും പദ്യങ്ങൾക്കുള്ള സ്വാരസ്യം വാചാമഗോചരമാണെന്നേ പറയുവാൻ തോന്നുന്നുള്ളൂ. ഇങ്ങനേയുമുണ്ടോ ഒരു തന്മയത്വം? നോക്കുക


"സരളേ! പരിഭൂതിനിസ്സഹാ
കിമഭിക്രുദ്ധ്യസി വേധസം ശഠം
ഫണിനീവ മയൂരശാബകം
ഫണമാണിക്യഹഠാപഹാരിണം?


തവ കഷ്ടമരിഷ്ടശയ്യയാ
ദയിതേ! ധൂസരശൂന്യപൃഷ്ഠയാ
ചമരാംഗനയേവ ഖിദ്യതെ
നിയതം ചോരിതചാരുബാലയാ?


ക്വ മമാംബി കനീയസീ വദേ-
ത്യുരുവാത്സല്യമുപേത്യ പൃച്ഛതീം
തനയാമനതീതഹായന-
ദ്വിതയാം വാ! ബത! കിം വദിഷ്യസി?


അയി! ഹാ! ദുഹിതസ്ത്വരാവതാ
കത ഏവ പ്രഹിതാസി വേധസാ?
ത്രിദിവം കരജാനു ചംക്രമേ-
പ്യപടുസ്ത്വം കഥമാരുരുക്ഷസേ?


പ്രണയാത്ത ജാതകർമ്മണഃ
പുരതോ ജാതകമൂഹിതം മയാ;
വിധിനാ തു നിവാപവാരി തേ
ഗളനാളെ പയസഃ പുരോർപ്പിതം.


ഉര ഇവ ഹൃതകൌസ്തുഭം മുരാരേഃ
കര ഇവ നഷ്ടകമണ്ഡലുർവിധാതുഃ
ശിര ഇവ മുഷിതേന്ദു ചന്ദ്രമൌലേഃ
ശയനമിദം മമ ഹാ! ക്ഷണേന ജാതം.


നിയതമമൃതപിണ്ഡഖണ്ഡബുദ്ധ്യാ
മമ സുകുമാരസുമോപമം കുമാര്യാഃ
ഗുരുഗദമയദംഷ്ട്രികാഗ്രദഷ്ടം
കബളയതി സ്മ കളേബരം കൃതാന്തഃ"


മതി മതി! ഞാൻ ഇങ്ങനെ ശ്ലോകങ്ങൾ പകർത്തിത്തുടങ്ങിയാൽ പകർപ്പവകാശക്കാർ കലശലുകൂട്ടിയേക്കും. കരുണരസം ഇതിലധികം വഴിഞ്ഞൊഴുകുന്ന പദ്യങ്ങൾ കാളിദാസർ അജവിലാപസന്ദർഭത്തിൽകൂടി നിർമ്മിച്ചിട്ടുണ്ടോ എന്നു സന്ദിഗ്ദ്ധമാണ്. ഈ ഖണ്ഡകൃതി അവിടുന്നുണ്ടാക്കിയതു് ഇരുപത്താറുകൊല്ലം മുമ്പാണു്.


"ഉൽബുദ്ധകോകനദകോമളപാദയുഗ്മം
വൃത്താനുപൂർവപൃഥുലായതചാരുജംഘം
ദൂരോന്മദിഷ്ണുമധുകൈടഭദാനവേന്ദ്ര-
സൂനായമാനപരിവർത്തുളപീവരോരും;


ബ്രഹ്മാണ്ഡഗോളനിധിഭാണ്ഡനിധാനപേടി-
ലക്ഷ്മീവിധായിപരമാത്ഭുതകുക്ഷിഗർഭം
പൈതാമഹാഭിജനപങ്കജപൂർണ്ണനാഭിം
ശ്രീവത്സകൌസ്തുഭവിരാജിവിശാലവത്സം"


ഇത്യാദി ശ്രീപത്മനാഭപഞ്ചകാന്തർഗ്ഗതങ്ങളായ പദ്യങ്ങളുടെ ശയ്യാഗുണം വിസ്മയനീയംതന്നെ.


ആംഗലസാമ്രാജ്യം സർവഥാ അഭിനന്ദനീയമായ ഒരു മഹാകാവ്യമാകുന്നു. ബ്രിട്ടീഷിൻഡ്യാചരിത്രത്തിലെ ശുഷ്യാസ്ഥികളിൽനിന്നു ഈ വിധത്തിലൊരു ദിവ്യവിഗ്രഹം നിർമ്മിക്കുവാൻ ഒരു കവിചക്രവർത്തിയെക്കൊണ്ടല്ലാതെ ഒരിക്കലും സാധിക്കുന്നതല്ല.


"യത്രാഗ്നിയാനാനി സുരുംഗികാഭിർ-
വീഥിഷ്വധസ്താല്ലഘു പര്യടന്തി
ഗൃഹപ്രണാളീഗൃഹഖേലദാഖു-
വിചേഷ്ടിതാനീഹ വിഡംബയന്തി


സാംയാത്രികാസ്തേഥ മഹാസമുദ്രാൻ
ദിങ് മൂലകൂലങ്കഷവാരിമുദ്രാൻ
ഝംങ്കാരിഝഞ്ഝാനലനൃത്യരംഗാൻ
ദുർദ്ദാന്തജന്തുവ്രജദന്തുരാംഗാൻ"


ഈ രണ്ടു പദ്യങ്ങളിലെ അർത്ഥചമൽക്കാരവും ശബ്ദഭംഗിയും യഥാക്രമം പരിശോധിച്ചുനോക്കുക. കാളഗർത്തവർണ്ണന, ടിപ്പുവിന്റെ കേരളാക്രമണം മുതലായ ഭാഗങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്ന നിർവൃതി അന്യാദൃശംതന്നെ. തിരുവിതാംകൂർ മഹാരാജാവു ടിപ്പുസുൽത്താനെ തോല്പിച്ചതിനെ കവി എന്തിനോടു് ഉപമിക്കുന്നു എന്നു നോക്കുക!


"ഗുളികാവിസരഃ സ സാരശൂന്യോ-
പലമുത്‍ത്രാസയതി സ്തു ശത്രുസൈന്യം
ഗജയൂഥമിവാശ്മഖണ്ഡഷണ്ഡോ
വിപിനേ വ്യാധകുമാരഹസ്തമുക്തഃ.


അവിശൽ സ പടികുടീരമാരാ-
ദഭിമൃഷ്ടാൽ കുലശേഖരസ്യ സാലാൽ
ഹതശൃംഗ ഇവ ശ്വസൻ മഹോക്ഷോ
വ്രജവാടം കൃഷകസ്യ കാളമീനാൽ."


ഈ കാവ്യത്തിൽ 1858-ൽ വിക്ടോറിയാ ചക്രവർത്തിനി പ്രസിദ്ധപ്പെടുത്തിയ ഇൻഡ്യാസാമ്രാജ്യശാസനത്തിലേ ചില ഭാഗങ്ങളാണ് താഴെ ചേക്കുന്നതു്.


"ക്രിസ്തോർമ്മതേ ബഹുമതേ ദൃഢഭാവബന്ധാ-
പ്യന്യൽ സമാദ്രിയത ഏവ മതം മതിർന്നഃ
വാചംയമാ വയമഗർഹ്യജുഷാം പ്രജാനാ-
മാചാരപദ്ധതിഷ്ഠ കേവലവൈദികീഷു.


ഇന്ദ്യാജനഃ പുനരിദം ച വിദാംകരോതു
നോ ജാതു ജാതിമതവർഗ്ഗമുഖാനുപാധീൻ
സ്വീയപ്രജാസു ഗണയിഷ്യതി ദൃഷ്ടിരത്ര
നാനാധികാരഭരണാർഹഗവേഷിണീ നഃ"


അത്ര പ്രജാകുശലമേവ ഭവേദ് ബലം ന-
സ്തൽപ്രീതിരേവ ഖലു ഗുപ്തിരഥാസ്മദീയാ
താസാം കൃതജ്ഞമനസാമനുരാഗ ഏവ
സർവോത്തരം പ്രതിഫലം ച ഭവത്യഥോ നഃ"


ഇത്യാദി ശ്ലോകങ്ങൾ വായിക്കുമ്പോൾ ആംഗലഭാഷയിലുള്ള മൂലത്തെക്കാൾ ഈ സംസ്കൃതതർജ്ജിതയ്ക്കു മാഹാത്മ്യം കൂടുമെന്നു് എനിക്കു പലപ്പോഴും തോന്നാറുണ്ടു്.


ഇനിപ്പറവാനുള്ളതു വിടവിഭാവരിയെപ്പറ്റിയാണു്. ആംഗലസാമ്രാജ്യമാണു് അവിടുത്തെ ഉത്തമകാവ്യമെന്നു പലരും വാദിക്കുമെങ്കിലും വിടവിഭാവരീപാരമ്യം സ്ഥാപിക്കുവാൻ വലിയ പ്രയാസമുണ്ടാകുമെന്നു എനിക്കു ശങ്കയില്ല. അത്രമാത്രം ആ കൃതിക്കു ഗുണമുണ്ടെന്ന് ഏതു സഹൃദയനും വായിച്ചാൽ സമ്മതിക്കാതെ തരമില്ലതന്നെ.
‌
"അസ്തശൈലശിഖരാഗ്രമണ്ഡനം
മണ്ഡലം വഹതി ചണ്ഡരോചിഷഃ
പാശപാണിപുരഗോപുരസ്ഫുര-
ച്ഛാതകുംഭമയകംഭവിഭ്രമം.


മാനിനീഹൃദയമാനഭേദനോ
മാദൃശേഷ്വദയമാനമാനസഃ
വാതി ഗന്ധവഹ ഏഷ മന്ഥരം
ജാതിഗന്ധവഹനശ്രമാലസഃ


സാമിസംകുചിതപത്മലോചനാ
ഹീയമാനകളഹംസകസ്വനാ
ഉന്മുഖീസ്വപിതി പത്മിനീ ശനൈഃ
കാമിനീവ... ക്ലമാലസാ"


ഇത്യാദി പദ്യങ്ങൾ ഇദാനീന്തനകവികളിൽ ഒരാളുടേയാണെന്നു സാഹിത്യമർമ്മവേദികൾ പ്രഥമശ്രവണത്തിൽ സമ്മതിക്കുകയില്ല.


"സീമലംഘനവിശൃംഖലോച്ചല-
മീനലാഞ്ചനരസൌഘപുരിതാ
കിം കരിഷ്യതി ധുനീ ച കാമിനീ
സ്വപ്രിയാഭിസരണോദ്യമാദൃതേ?


അഷ്ടമൂർത്തിഹരിവിഷ്ടരശ്രവ-
സ്സ്രഷ്ടൃമുഖ്യജയദൃഷ്ടവൈഭവേ
ശംബരാരിവിശിഖേപി വന്ധ്യതാം
ശങ്കമാന ഇഹ ലജ്ജസേ ന കിം?"


ഈ പദ്യങ്ങളിലേ പൂർവാർദ്ധങ്ങളിലുള്ള പദസംഘടന പരിശോധിക്കുക. ഈ മഹാനുഭാവനെപ്പോലെ ശബ്ദാലങ്കാരപ്രണയി ലോകത്തിലുണ്ടോ ?


ഗൈർവാണീവിജയം ഒരങ്കത്തിലുള്ള ഒരു സരസരൂപകമാണു്. ഇതിന്റെ മലയാളതർജ്ജിമ പലരും വായിച്ചിരിക്കുമെങ്കിലും സ്വാദുത മുഴക്കെ അറിയണമെങ്കിൽ മൂലം വായിച്ചേ മതിയാകയുള്ളു. സംസ്കൃതം, ഇംഗ്ലീഷ് ഈ രണ്ടു ഭാഷകളുടേയും ഗുണദോഷങ്ങളെ ഈ ഗ്രന്ഥത്തിൽ ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ടു്. ഇംഗ്ലീഷ് ഭാഷയ്ക്കുള്ള ഗുണം മുഴവൻ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു ഗ്രഹിക്കാവുന്നതാണു്.


"വക്തവ്യാംശം സ്പൃശതി നിഖിലം;
പ്രസ്തുതാന്ന പ്രമാദ്യം-
ത്യുച്ചൈഃ പ്രൌഢിം പ്രഥയതി; പദാ-
ഡംബരം നാപ്‍നുതേ തു;
സ്പഷ്ടാർത്ഥത്വം ഭജതി; കുരുതേ
നൈവ കിഞ്ചിൽ പ്രപഞ്ചം;
കിഞ്ചൌദ്ധത്യം വഹതി; വിനയം
നോ പുനർന്യക്കരോതി"


ഉദ്ദാലചരിതം Othello എന്ന കഥയുടെ തർജ്ജിമയാണു്. അതും വളരെ ലളിതമായിട്ടുണ്ടു്.


അവിടുത്തേക്കു ശബ്ദസൌഷ്ഠവമോ ആശയചമൽക്കാരമോ പ്രയോഗചാതുര്യമോ ഏതാണ് അധികം സ്വാധീനമെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമാകത്തക്കവിധത്തിൽ അവയെല്ലാമൊന്നുപോലെ അവിടുത്തേ അഹമഹമികയാ ആശ്രയിച്ചുവന്നു എന്നു മേലുദ്ധരിച്ച പദ്യങ്ങളിൽനിന്നു വിശദമാകുന്നതാണു്. അവിടുത്തെ ഗ്രന്ഥങ്ങളിൽ വിശിഷ്ടവ്യാകരണപ്രയോഗങ്ങൾക്കു് ഒരു കൈയും കണക്കുമില്ല. ഇതു കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേ സംസ്കൃതകൃതികളിലും കാണാവുന്ന ഒരു വിദ്വൽകവിലക്ഷണമാണു്. ഈ പ്രയോഗങ്ങൾ മേൽപുത്തൂർ നാരായണഭട്ടതിരിയുടെ കൃതികളിൽ സ്വയമേവാഗതമായും മാനവേദചമ്പുവിൽ ബലാദാകൃഷ്യമാണമായും തോന്നും. വലിയകോയിത്തമ്പുരാന്റേയും ഏ. ആർ. തമ്പുരാന്റേയും ശൈലി ഈ വിഷയത്തിൽ ഭട്ടതിരിയുടേതു തന്നെയാണു്. ആങ്ഗലസാമ്രാജ്യത്തിൽ ചില അപൂർവപദപ്രയോഗങ്ങളുമില്ലെന്നില്ല.


ഇനി ശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റി സ്വല്പം ഉപന്യസിക്കാം. ഇവയിൽ പ്രധാന്യത്തെ അർഹിക്കുന്നതു ലഘുപാണിനീയം എന്ന വ്യാകരണവും കരണപരിഷ്ക്കരണം, പഞ്ചാംഗശുദ്ധിപദ്ധതി ഈ ഉപന്യാസങ്ങളടങ്ങിയ ഒരു ജൌതിഷഗ്രന്ഥവുമാണു്. രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സിലേക്കു വ്യാകരണത്തിലും ജ്യോതിശ്ശാസ്ത്രത്തിലും കൂലങ്കഷമായ പാണ്ഡിത്യമുണ്ടായിരുന്നു എന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ലഘുപാണിനീയം സംസ്കൃതവിദ്യാർത്ഥികൾക്കു് ഒരു വലുതായ അനുഗ്രഹമാണെന്നുള്ളതിനു സംശയമില്ല. കാശികാദിഗ്രന്ഥാനുസാരേണ സൂത്രക്രമത്തിനു് അർത്ഥം മനസ്സിലാക്കിക്കൊണ്ടുപോകുവാൻ അവരെക്കൊണ്ടു സാധിക്കുകയില്ല. "വൃദ്ധിരാദൈച്‌" "അദേങ്ഗുണഃ" "ഇകോഗുണവൃദ്ധീ" ഈ മൂന്നു സൂത്രങ്ങളും കഴിഞ്ഞാൽ പിന്നീടു വരുന്നതു “ന ധാതുലോപ ആർദ്ധധാതുകേ" "ക്ങിതി ച" "ദീധീവേവീടാം" ഈ മൂന്നു സൂത്രങ്ങളുമാണു്. ഇവയുടെ സാരം ഗ്രഹിക്കണമെങ്കിൽ വ്യാകരണത്തിൽ കുറെയൊരു പ്രവേശം മുൻകൂട്ടിത്തന്നെ ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. മൊത്തത്തിൽ നോക്കിയാൽ ശാസ്ത്രം മുഴവൻ പഠിച്ചുകഴിഞ്ഞവർക്കല്ലാതെ കാശികകൊണ്ടു പ്രയോജനമില്ലെന്നു പറയേണ്ടിയിരിക്കുന്നു. രൂപാവതാരം, സിദ്ധാന്തകൌമുദി, മുതലായ ഗ്രന്ഥങ്ങളിൽ വിദ്യാത്ഥികളുടെ സൌകര്യത്തിനുവേണ്ടി പാണിനിസൂത്രങ്ങളെ വ്യാഖ്യാതാക്കന്മാർ ബോധിച്ച രീതിയിൽ മുന്നും പിന്നുമായെടുത്തു അർത്ഥവിവരണം ചെയ്തുകൊണ്ടുപോകുന്നു. ഈ രീതിതന്നേയാണു പഠനത്തിനു പറ്റിയതു് എന്നിരുന്നാലും പല കുഴപ്പങ്ങൾ ഉണ്ടാകുന്നുണ്ടു്. ശാസ്ത്രം മുഴക്കെ പഠിച്ചുകഴിഞ്ഞാലും പിന്നെയും അതിൽ ഒരു ഉപസ്ഥിതിയില്ലാതെ കഴിഞ്ഞുകൂടുന്നതിനേ കൌമുദി മാത്രം തോന്നിച്ചവർക്കു നിവൃത്തിയുള്ളു. പാണിനി തുടർച്ചയായി എഴുതിക്കൊണ്ടു പോയിരിക്കുന്ന സൂത്രങ്ങളെ അങ്ങുമിങ്ങുമായി ഉദ്ധരിച്ചു പഠിപ്പിക്കുന്നതുകൊണ്ടു ഗുണത്തേക്കാൾ അധികം ദോഷമല്ലയോ സംഭവിക്കുന്നതു് എന്നും ചിലപ്പോൾ തോന്നാറുണ്ടു്. സംജ്ഞാപ്രകരണത്തിൽ വിവരിക്കാത്ത പല സംജ്ഞകളും സന്ധിപ്രകരണത്തിൽ പ്രതിപാദിക്കാത്ത പല സന്ധികാര്യങ്ങളും പിന്നീടുള്ള പ്രകരണങ്ങളിൽ കാണാം. "ചോഃ കുഃ" മുതലായ സൂത്രങ്ങൾ കൌമുദിയിൽ അസ്ഥാനത്തിലാണു് കിടക്കുന്നതെന്നു സമ്മതിക്കാതെ തരമില്ല. അദ്ധ്യേതാക്കളുടെ ബുദ്ധിമുട്ടു നല്ലപോലെ ധരിച്ചിരുന്ന അഭിനവപാണിനി മൂന്നാമതൊരു മാർഗ്ഗത്തെയാണു് പിൻതുടരുന്നതു്. കഴിവുള്ളിടത്തോളം പ്രകരണവിഭാഗവും വിടരുതു; സൂത്രക്രമവും വിടരുതു; ഇതാണ് അദ്ദേഹത്തിന്റെ വ്രതം. അപ്രധാനങ്ങളായ സൂത്രങ്ങളെ ചെറിയ അക്ഷരത്തിൽ ചേർക്കുകയും വിരളപ്രയോഗങ്ങളായ ചില സൂത്രങ്ങളെ മിശ്രപ്രകരണം എന്നു പുത്തനായ് ഒരു വിഭാഗമുണ്ടാക്കി അതിനിടയിൽ കൊണ്ടുചെന്നു തള്ളുകയും ഏതാനും ചില സൂത്രങ്ങൾ വിട്ടുകളയുകയും പ്രക്രിയാജടിലങ്ങളായ ഭാഗങ്ങളിൽ നാരായണഭട്ടതിരിയുടെ രീതിപിടിച്ചു പല കാരികകൾ എഴുതിച്ചേർക്കുകയും നൈരുക്തന്മാർക്കുവേണ്ട കൃത്തദ്ധിതസമാസപ്രകരണങ്ങൾ ചുരുക്കുകയും മറ്റും ചെയ്തിട്ടുള്ളതു ലഘുപാണിനീയത്തിന്റെ പ്രയോജനത്തെ വർദ്ധിപ്പിക്കുന്നു. തദ്ധിതകൃൽപ്രകരണങ്ങളിൽ പ്രത്യയങ്ങളെ ക്രോഡീകരിക്കുന്നതിനു വളരെ ശ്രദ്ധിച്ചിട്ടുണ്ടു്. കിത്വപ്രകരണം പ്രത്യേകമായി സ്വീകരിക്കാത്തതു സിദ്ധാന്തകൌമുദിക്കു് ഒരു ന്യൂനതയും ലഘുപാണിനീയത്തിനു് ഒരു ഭൂഷണവുമാണെന്നുതന്നെ ഞാൻ വിചാരിക്കുന്നു. അഭിനവപാണിനിയുടെ ഔചിത്യബോധവും സ്വാതന്ത്ര്യേച്ഛയും ആരേയും ആശ്ചര്യപരതന്ത്രന്മാരാക്കുന്നതാണു്. "അന്യാരാദിതരർത്തേ" ഇത്യാദി സൂത്രംകൊണ്ടു് ഋതെ എന്ന അവ്യയത്തിന്റെ യോഗത്തിൽ പഞ്ചമി വരുമെന്നാണു് പാണിനി വിധിക്കുന്നതു്. ഈ സൂത്രം വ്യാഖ്യാനിക്കുമ്പോൾ ബാലമനോരമാകാരൻ "ക്വ കർമ്മപ്രദ്ധ്വംസഃഫലതി പുരുഷാരാധനമൃതേ" എന്ന പാദത്തിൽ "പുരുഷാരാധനം" എന്ന പ്രയോഗം ആർഷമാണെന്നു വയ്ക്കാമെന്നും അല്ലെങ്കിൽ


"ഉഭസർവതസോഃ കാര്യാ
ധിഗുപര്യാദിഷു ത്രിഷ്ഠ
ദ്വിതീയാമ്രേഡിതാന്തേഷു
തതോന്യത്രാപി ദൃശ്യതേ"


എന്ന വാർത്തികത്തിലേ "അന്യത്രാപിദൃശ്യതേ" എന്ന വിധികൊണ്ടു സിദ്ധിച്ചതായി വിചാരിക്കാമെന്നും "ഋതേ ദ്വിതീയാച" എന്നു ചാന്ദ്രസൂത്രമുണ്ടെന്നും പറഞ്ഞു് ഒഴിയുന്നു. ഈ മഴമഴപ്പൊന്നും കോയിത്തമ്പുരാനില്ല. "അഭിതഃ പരിതഃ സമയാ നികഷാഹാ പ്രതിയോഗേപി" എന്ന വാർത്തികത്തെ ''അഭിതഃ പരിതഃ സമയാനികഷായാവദൃതേയോഗേപി" എന്നു മാറ്റിക്കൊണ്ടാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. ഇതു് ഒരു കടുംകൈയാണെന്നു തോന്നുന്ന പണ്ഡിതന്മാരുമുണ്ടാകാം. അവർ അദ്ദേഹത്തിന്റെ സ്വതന്ത്രബുദ്ധിയുടെ ഗതി അറിയുന്നില്ലെന്നേ സമാധാനപ്പെടേണ്ടതുള്ളു. പണ്ടത്തെ വാമനനു വാർത്തികങ്ങൾ മാറ്റാമെങ്കിൽ ഇന്നത്തെ പ്രാംശുവിനു് എന്തുകൊണ്ടു പാടില്ല എന്നായിരിക്കും അവിടുത്തേ ചോദ്യം. ആകപ്പാടെ വ്യുൽപത്തി ഉറയ്ക്കുന്നതിനു കുട്ടിത്തരത്തിൽ ഇത്രയും നല്ല ഒരു വ്യാകരണഗ്രന്ഥം സംസ്കൃതത്തിൽ ഇല്ലെന്നു പറഞ്ഞാൽ അതുകൊണ്ടു ലഘുപാണീനീയത്തിന്റെ ഗുണപൌഷ്ഫല്യം വ്യക്തമായി എന്നാണു് ഞാൻ ഊഹിക്കുന്നതു്. ഈ ഗ്രന്ഥത്തിന്റെ ദ്വിതിയഭാഗത്തിൽ എഴുതിച്ചേർത്തിട്ടുള്ള തന്ത്രപ്രതിഷ്ഠയും ഭാഷാചരിത്രവും പാണിനീയപാരംഗതന്മാർപോലും മനസ്സിരുത്തിപ്പഠിക്കേണ്ടതാകുന്നു.


മലയാളഭാഷയ്ക്ക് അവിടന്നു ചെയ്തിട്ടുള്ള സഹായങ്ങളെപ്പറ്റി എന്തെല്ലാമാണു പറയേണ്ടതെന്നും എത്ര പറഞ്ഞാലാണു് മതിയാകുന്നതെന്നും രൂപമില്ല. അതിൽ അവിടുത്തെ പദ്യകൃതികളായ മേഘസന്ദേശം, കുമാരസംഭവം, മലയാളശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, സ്വപ്നവാസവദത്തം ഇവയെല്ലാം തർജ്ജിമകളാണു്. പ്രസാദമാല മാത്രമേ സ്വതന്ത്രകൃതിയായുള്ളു. മൂലാർത്ഥത്തിനു് ഏറ്റക്കുറച്ചിൽ വരുത്താതെ തർജ്ജിമചെയ്യുന്ന വിഷയത്തിൽ ഇത്രമാത്രം നിഷ്കർഷവച്ചിട്ടുള്ള കവികൾ വേറെയില്ല. ഇതിനു് ഒരു ഉദാഹരണം കാണിക്കാം.


"സംസക്താനിവ പാതുമൌപനിഷദ
വ്യാഹാരമധ്വീരസാ-
നുന്മാർഷ്‌ടും വ്രജസുന്ദരീകുചതടീ-
പാടിരരേൡനിവ
ഉന്മീലന്മുരളീനിനാദബഹളാ-
മോദോപസീദൽഗവി-
ജിഹ്വാലീഢമളികവല്ലവശിശോഃ
പാദാംബുജം പാതു വഃ"


എന്ന ജാനകീപരിണയത്തിലെ നാന്ദീശ്ലോകം മന്നാടിയാർ എങ്ങനെ തർജ്ജിമ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുക.


"ഒന്നായ്പ്പറ്റിയ വേദവാങ്മധു കുടി-
പ്പാനോ വ്രജസ്ത്രീകുച-
ക്കുന്നീന്നൊട്ടിയ ചന്ദനപ്പൊടി തുട-
പ്പാനോ രസാലെന്നപോൽ
മന്ദം പൊങ്ങി ലയം കലർന്ന മുരളീ-
നാദം മുദാ കേട്ടു പൈ
വന്നിട്ടങ്ങനെ നക്കുമക്കപടഗോ-
പാലന്റെ കാൽ പാതു വഃ"


എന്നാണു് ഭാഷാന്തരം. മൂലശ്ലോകത്തിലെ ശിശുവും അംബുജവും മറഞ്ഞപ്പോൾ തർജ്ജിമയ്ക്കു ജീവനില്ലാതെയായെന്നു മാത്രമല്ല അർത്ഥയോജന അസാദ്ധ്യമായും തീർന്നു. വ്രജസ്ത്രീകുചക്കുന്നിനും കപടഗോപാലന്റെ കാലിനും തമ്മിലുള്ള സംബന്ധം ഏതുമാതിരിയാണു്? മാധ്വിയും രേണുവും പാദാംബുജത്തിൽ ചേരുന്നതല്ലേ ഭംഗി? ഇതൊന്നും നിഷ്കർഷിച്ചു നോക്കീട്ടല്ല ഈ ശ്ലോകം മന്നാടിയാർ തർജ്ജിമ ചെയ്തിട്ടുള്ളത്. കോയിത്തമ്പുരാൻ തിരുമനസ്സിലെ തർജ്ജിമകളെ ഈ മാതിരിയിലുള്ള വൈകല്യങ്ങൾ സ്പർശിക്കുന്നതേയില്ല. അവിടുന്നു മൂലത്തിന്റെ അർത്ഥം മുഴക്കെ മനസ്സിലാക്കി പല പാഠഭേദങ്ങളും പരിശോധിച്ചു് ഉത്തമപാഠം സ്വീകരിച്ചു് അബദ്ധം വല്ലതുമുണ്ടെങ്കിൽ തിരുത്തി പിന്നീടാണ് സാധാരണമായി തർജ്ജിമയ്ക്ക് ആരംഭിച്ചു വന്നതെന്നുള്ളതു് അസ്മാദൃശന്മാർക്കു നല്ലപോലെ അനുഭവമുള്ളതാണു്. ഇതിലേക്കാണ് തർജ്ജിമയ്ക്കുപയോഗിക്കുന്ന സമയത്തിൽ ഏറിയകൂറും അവിടുന്നു വ്യയം ചെയ്തുവന്നതു്. അല്ലാതെ കേവലം ഗദ്യപദ്യങ്ങൾ ഭാഷയാക്കുന്നതിലേക്കല്ല. തർജ്ജിമക്കുള്ള ഗുണവും ഉത്തരോത്തരം ഉൽക്കർഷത്തെത്തന്നെ പ്രാപിച്ചുവന്നു.


"വേടപ്പേടമൃഗാക്ഷിമാർകളികളും
കണ്ടൊന്നിരുന്നിട്ടുടൻ
ശേഷിക്കും മഴപെയ്തുതീർത്തു തരസാ
ദൂരം കടന്നീടവേ
വെണ്ണീറിൻകുറി വൻകരീന്ദ്രമുതുകിൽ
ത്തൂക്കെപ്പരക്കുംവിധം
കാണാം കല്ലുകഴന്ന വിന്ധ്യകഴലിൽ
കേഴും നദീ നർമ്മദാ" (മേഘസന്ദേശം)


എന്ന പദ്യം എഴുതിയ കവിതന്നേയാണോ


"സരസോജ്വലരാഗമോമലാളിൻ-
ചരണാഗ്രത്തിൽ വരച്ച രേഖ നോക്കൂ!
ഹരവീക്ഷണമേറ്റു നീറിനിൽക്കും
സ്മരവൃക്ഷത്തിൽ മുളച്ച നാമ്പുപോലെ"  മാളവികാഗ്നിമിത്രം.


"സരസപല്ലവകോമളമായ നിൻ-
ചരണതാരിനു ചഞ്ചലലോചനേ!
പരുപരുത്ത മരത്തിലണയ്ക്കയാൽ
പറക ചെറ്റൊരു വേദന പറ്റിയോ?"  മാളവികാഗ്നിമിത്രം.


"സംസത്തിൽ സ്വാവമാനോദ്യതനൃപഭടരോ-
ടാത്തരോഷൻ, സ്വവീര്യം
ശംസിക്കും സാധുപൌരപ്പരിഷയിലലിവാർ-
ന്നുന്മിഷന്മന്ദഹാസൻ,
അംസത്തിൽ ചന്ദ്രലേഖാവിമലകുവലയാ-
പീഡദന്തങ്ങളേന്തി-
കംസധ്വംസത്തിനോങ്ങും മുരരിപു ഭഗവാൻ
നിങ്ങളെക്കാത്തുകൊൾക"   ചാരുദത്തൻ.


ഇത്യാദി പദ്യങ്ങൾ രചിച്ചതെന്നു് ഏതു സഹൃദയനും ചോദിക്കത്തക്ക നിലയിൽ ഈ മൂന്നു പദ്യങ്ങളും അത്രമാത്രം നന്നായിട്ടുണ്ടു്. ഒടുവിലുദ്ധരിച്ച പദ്യം എഴുതിത്തീർന്ന സന്ദർഭത്തിൽ ഒരിക്കൽ ഞങ്ങൾ തമ്മിൽ കാണുന്നതിനു ഇടയാകയും അന്നു അവിടുന്ന് അതു എന്നെ വായിച്ചു കേൾപ്പിച്ചു് "ഇതു ഞാൻ പരമേശ്വരയ്യർക്കു വേണ്ടിയാണു് ഉണ്ടാക്കിയതു്" എന്നു പറയുകയും ചെയ്തു. ഇതു പ്രാസവാദത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. എനിക്കു് അതിലൊട്ടും സങ്കടമില്ലെന്നും അങ്ങനെ കുറേക്കൂടി പദ്യങ്ങൾ എനിക്കുവേണ്ടി അവിടുന്നു ഉണ്ടാക്കുമാറാകണമേ എന്നാണു് എന്റെ പ്രാർത്ഥ‌ന എന്നും ഞാൻ മറു പടി പറഞ്ഞു. പ്രസാദമാലയിലേ,


"ഇരുളാം ലോകത്തിൽ കുഴയും ലോകരെ-
ക്കരജാലം നീട്ടിക്കരകേറ്റി
വിതതവിശ്വത്തിൻ വിവിധവൈചിത്ര്യം
പുതുതാക്കിക്കാട്ടി പ്രിയമേകാൻ
കുതുകക്കാതലാം കതിർകോലും കാല-
മെതിരേ കാണിക്കും രവിയെ"


ഇത്യാദി ഭാഗങ്ങൾക്കുള്ള വിശ്വാതിശായിയായ രചനാസൌകുമാര്യം ഭാഷാഭിമാനികളെ എന്നെന്നേയ്ക്കും അപഹൃതചിത്തവൃത്തികളാക്കുവാൻ മതിയാകുന്നതാണു്. യഥാർത്ഥത്തിൽ മണിപ്രവാളകവിതയെ കാലോചിതമായ പരിഷ്കാരത്തിനനുസരിച്ചു മലയാളകവിതയാക്കി മാറ്റുന്ന വിഷയത്തിൽ മനഃപൂർവമായി ഉദ്യമിച്ചിട്ടുള്ള മഹാകവികളുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനത്തിനു അവിടുന്നും അവകാശിയാണു്.


ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം ഇവയെല്ലാം ഓരോ ആവശ്യത്തെ പുരസ്തരിച്ചു എഴുതീട്ടുള്ളവയും ഭാഷയ്ക്ക് അത്യന്തോപയുക്തങ്ങളുമായ ഗ്രന്ഥങ്ങളാകുന്നു. ഭാഷാഭൂഷണം അലങ്കാരശാസ്ത്രത്തിന്റെ ഏതാനും പ്രകരണങ്ങളെ മാത്രമേ സ്പർശിക്കുന്നുള്ളൂ. വിദ്യാർത്ഥികളുടെ ആവശ്യത്തിനുവേണ്ടി എഴുതിട്ടുള്ള ഒരു ഗ്രന്ഥത്തിൽ ഇതിലധികമായി വിഷയവിസ്താരത്തിനു സൌകര്യവുമില്ല. രസഗംഗാധരത്തിന്റെ രീതിയിലല്ലെങ്കിലും, സാഹിത്യദർപ്പണത്തിന്റെ രീതിയിൽ സമഗ്രമായ ഒരു അലങ്കാരഗ്രന്ഥം ഭാഷയ്ക്ക് ഇനിയും ഉണ്ടാകേണ്ട നിലയിൽ ഇരിക്കുന്നതേയുള്ളു. സാഹിത്യസാഹ്യത്തിൽ വർണ്ണനം എന്ന ഘട്ടത്തിൽ അവിടുന്നു ചെയ്തിട്ടുള്ള ഭാരവിമാഘശ്രീഹർഷാദിമഹാകവി പ്രസ്ഥാനചർച്ച വാസ്തവത്തിൽ അയുക്തമെന്നു പറവാൻ പാടില്ലെങ്കിലും അതു ആ ഗ്രന്ഥം ആർക്കുവേണ്ടി നിർമ്മിക്കപ്പെട്ടുവോ അവരുടെ ഇടയിൽ ഉദ്ദിഷ്ടമായ ഫലത്തിനു മാത്രമേ കാരണമായിത്തീർന്നിട്ടുള്ളുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്കൃതത്തിൽ അവിടുത്തെ സ്വതന്ത്രകൃതികൾ വായിച്ചുഗ്രഹിക്കുവാനുള്ള വൈദുഷ്യം അവർക്കില്ല; സാഹിത്യസാഹ്യത്തിലേ ഖണ്ഡനങ്ങളെല്ലാം അവർക്കു മുഖസ്ഥവുമാണു്.


"ചന്ദ്രകാന്തരമണീയവിഗ്രഹൈ-
സ്സാന്ദ്രമേഷ ചിതകുട്ടിമോ ജനൈഃ
രക്ഷിവർഗ്ഗധുതചന്ദ്രഹാസരുൿ
സേവിതഃ സൃതജലോർമ്മിരാബഭൌ.


കരം ച ജഗ്രാഹ സമർപ്യമാണം
കുരംഗനേത്രാ നൃപതേഃ കുമാരി;
അപോഹ്യ ബാധാ നിഖിലാഃ പ്രയത്നാ-
ദപോഷയച്ച പ്രചുരാഃ പ്രജാഃ സ്വാഃ"


ഇത്യാദി പദ്യങ്ങൾ നിർമ്മിച്ച നമ്മുടെ ഈ മഹാകവിയുടെ നfലയെപ്പറ്റി തെറ്റായ ധാരണ സാഹിത്യസാഹ്യം വായിക്കുന്ന അപരിപക്വബുദ്ധികൾക്ക് ഉണ്ടാകാവുന്നതാണു്. ഗൈർവാണീവിജയത്തിൽ മൊത്തത്തിൽ ഗൈർവാണി ഹൌണിയെപ്പറ്റി ബ്രഹ്മാവിനോടു-


"കഥയതി മദമൂഢാ ശ്ലേഷമൂലാന്മമാല-
ങ്കൃതിവിവിധവിശേഷാനാരകൂടോപക്‌ഌപ്താൻ
അനിശമതിശയോക്തിം ദേവ! മേ കണ്ഠസൂത്രം
പരിഹസതി ഹതാശാഃ കാചമാലേതി ചോർച്ചൈഃ"


എന്ന് അറിയിച്ച ആവലാതി സാഹിത്യസാഹ്യം പഠിക്കുന്ന ചിരേപ്പറ്റിയും അറിയിക്കേണ്ടതായി വന്നുപോകുന്നുണ്ടു്. ഇതൊക്കെയായാലും ഈ പുസ്തകം ഭാഷാഗദ്യനിർമ്മിതിക്ക് ഏറ്റവും പ്രയോജകീഭവിക്കുന്ന ഒരു ഉത്തമ കൃതിയാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. നാഗരാക്ഷരത്തിലുള്ള വ്യാകരണഗ്രന്ഥങ്ങൾ വായിക്കുവാൻ നിവൃത്തിയില്ലാത്തവർക്കു മണിദിപികയും ഉപകാരപ്രദമാണ്.


അവസാനമായി പറയേണ്ടതു കേരളപാണിനീയത്തെപ്പറ്റിയാണു്. ഈ വ്യാകരണഗ്രന്ഥത്തിന്റെ ഒന്നാമത്തെ പതിപ്പ് 1071-ലും പരിഷ്ക്കരിച്ച രണ്ടാമത്തെ പതിപ്പ് 1092-ലുമാണു് അച്ചടിപ്പിച്ചതു്. ആഗമിക പ്രസ്ഥാനത്തിൽ എഴുതീട്ടുള്ള ഈ വ്യാകരണമാണു് അവിടുത്ത സർവപ്രധാനമായ കൃതി; കേരളഭാഷയ്ക്ക് ഇതിനേക്കാൾ വിലയേറിയ ഒരു ഭൂഷണം ഇന്നേവരെ ലഭിച്ചിട്ടില്ല. വിസ്‌തൃതമായ ഈ ഗ്രന്ഥത്തിന്റെ പീഠിക വായിച്ചാൽ അവിടുത്തേക്കു ശബ്ദശാസ്ത്രത്തിലുള്ള അന്യാദൃശമായ അവഗാഹം ആർക്കും അനായാസേന ബോധപ്പെടുന്നതാണു്.


രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സിലെ ഭാഷാഗദ്യത്തിനുള്ള ഒരു വൃത്തിയും വെടിപ്പും ഒഴുക്കും ഓജസ്സും അതു വായിച്ചുതന്നെ അറിയേണ്ടതാണ്. ഫലിതസമ്മിശ്രമായ അവിടുത്തെ സംഭാഷണവും ശ്രോതാക്കളെ ആകർഷിക്കത്തക്കതായിരുന്നു. അവിടുന്നും ഞാനും ഒരിക്കൽ സർവകലാശാലയിൽ ഒരേ വിഷയത്തിൽ പരീക്ഷകന്മാരായിരുന്നു. അന്നു മദിരാശിയിൽ അവിടുന്നു താമസിച്ച സ്ഥലത്തു് ഞാനൊരു റിൿഷാവണ്ടിയിലാണു് ചെന്നിറങ്ങിയതു്. എന്നെക്കണ്ടപ്പോൾ അവിടുന്നു് "പരമേശ്വരയ്യർ ഈ വണ്ടിയിൽ കയറിയതു നന്നായില്ല; ഒരു കാളവണ്ടിയിലാണു് കയറേണ്ടിയിരുന്നത്; ഈ വണ്ടി എനിക്കുള്ളതാണു്." എന്നുപറഞ്ഞു. എനിക്കു സംഗതി ഒന്നും മനസ്സിലായില്ല. " പരമേശ്വരൻ വൃഷഭവാഹനനല്ലേ? എന്താ മിഴിക്കുന്നതു്?" എന്നു ചോദിച്ചപ്പോഴാണു് കാര്യം ഗ്രഹിച്ചതു്. "ശരിതന്നെ. രാജരാജൻ തന്നെ നരവാഹനൻ" എന്നു ഞാനും പറഞ്ഞു. അവിടുത്തെ കണ്ഠകൌപീനാദിപദങ്ങൾ സർവവിദിതങ്ങളാണല്ലോ. മറ്റൊരിക്കൽ അവിടുന്നു "കൊലയ്ക്കുമേൽ കൊലയുണ്ടോ?" എന്നു ചോദിച്ചുകൊണ്ടു് അതിനെ സമർത്ഥിക്കുന്നതിനായി “ന സമ്പ്രസാരണ സമ്പ്രസാരണം" എന്നു പറഞ്ഞതു ഞാനിപ്പോഴും ഓർക്കുന്നുണ്ടു്.


കോയിത്തമ്പുരാൻ തിരുമനസ്സിലേയ്ക്കു സ്വതന്ത്രമായി ഒരു ഭാഷാനാടകമെഴുതണമെന്നും ഒരു ഇംഗ്ലീഷ് നിഘണ്ടു മലയാളത്തിൽ തർജ്ജിമ ചെയ്യണമെന്നും മോഹമുണ്ടായിരുന്നു. നിഘണ്ടുതർജ്ജിമയ്ക്ക് ഒരു കമ്മറ്റിയെ ഏർപ്പെടുത്തുകയുണ്ടായെങ്കിലും അതു സംബന്ധിച്ചുള്ള പണി മുഴവൻ അവിടുന്നുതന്നെയാണു് നിർവഹിച്ചുവന്നതു്. ഓക്സ്‌ഫോർഡ് ഇംഗ്ലീഷു നിഘണ്ടുവിൽ ആദ്യത്തെ കുറെഭാഗം തർജ്ജിമചെയ്തു കഴിഞ്ഞിട്ടുമുണ്ടു്. ഇതു മുഴപ്പിക്കുന്നതു ആരോ എന്നോ?


കാന്താരതാരകം മുതലായ ഭാഷാവ്യാഖ്യാനങ്ങളേയും മറ്റും പറ്റി സ്ഥലദൌർല്ലഭ്യത്താൽ ഒന്നും പ്രസ്താവിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.


ആകെക്കൂടി നോക്കിയാൽ ഇത്രമാത്രം കുശാഗ്രബുദ്ധിയായും സൂക്ഷ്മദൃക്കായും ഉചിതജ്ഞനായും പ്രതിഭാശാലിയായും വ്യവസായശീലനായും ഉള്ള ഒരു മഹാപണ്ഡിതൻ കേരളത്തിൽ സമീപകാലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. ഇത്രമാത്രം കേരളഭാഷയുടെ സുസ്ഥിതിക്കും അഭിവൃദ്ധിക്കും ഉപയുക്തങ്ങളായ ശാസ്ത്രഗ്രന്ഥങ്ങൾ നിർമ്മിച്ച മഹാനുഭാവന്മാർ വേറെയില്ല എന്നു മുക്തകണ്ഠമായിപ്പറയാം. ഇങ്ങനെയുള്ള ഒരു അമാനുഷന്റെ വിയോഗം കൈരളി എങ്ങനെ സഹിക്കും? ഇതുപോലെ ഒരു പണ്ഡിതചൂഡാമണി ഇനി കേരളത്തെ ഏതു കാലത്തു് അലങ്കരിക്കും? ആലോചിച്ചുനോക്കുന്തോറും നിരാശയ്ക്കല്ലാതെ വഴിയില്ല. അരോഗദൃഢഗാത്രനായിരുന്ന ആ മഹാപുരുഷൻ ഇത്ര പെട്ടെന്നു് പ്രപഞ്ചയവനികയ്ക്കുള്ളിൽ മറയുമെന്നു് ആർക്കു് ശങ്കിക്കുവാൻ ന്യായമുണ്ടായിരുന്നു? അഥവാ അവിടുത്തെ വാക്കിൽ,


"ഗണയതി ഗണകസ്സുദീർഘമായുർ-
ഗ്ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ;
ഹരതി വിധിർമ്മിഷിതാമഥോഭയേഷാം"


എന്ന പദ്യത്തിലെ തത്വം തന്നെയാണു് നമുക്ക് ഈ വിപത്തിൽ ശരണീകരണീയമായിട്ടുള്ളതു്. അവിടുന്നു ബാല്യം തുടങ്ങി മരണപര്യന്തം ആരെ അനന്യചിന്തനായി ആരാധിച്ചുവന്നുവോ; തന്നാൽ "ചിരചോരിതചാരുദക്ഷിണസ്തനകുംഭ" എന്നു അവിടുന്നു വർണ്ണിച്ചിട്ടുള്ള സരസ്വതീരൂപിണിയായ ആ പരാശക്തിതന്നെ അവിടുത്തെ ആത്മാവിനു നിത്യശാന്തിയെ വിതരണം ചെയ്യുമാറാകട്ടെ.


1093 കർക്കടകം