ചില സ്മരണകൾ
ഞാൻ അവിടുത്തെപ്പറ്റി കുട്ടിക്കാലത്തിൽതന്നെ കേട്ടിരുന്നു. കേൾക്കാതിരിക്കുവാൻ നിവൃത്തിയില്ലാത്ത മാതിരിയിലായിരുന്നു എന്റെ പരിതഃസ്ഥിതി. എന്റെ ഗുരുനാഥനും അവിടുന്നും തമ്മിൽ അത്രമാത്രം വേഴ്ചയിലാണു് കഴിഞ്ഞുവന്നതു്.
"ലക്ഷ്മീപുരത്തു രവിവർമ്മനൃപൻ കവീന്ദ്ര-
ലക്ഷ്മീപുരത്തു വിലസുന്ന മണിപ്രദീപം."
എന്ന് അവിടുന്നും
"ശിതമതികൾ ശിരസ്സിൽ ചൂടിടും കോടിലിംഗ-
ക്ഷിതിപരിവൃഢനാകും കുഞ്ഞുകുട്ടാവനീന്ദ്രൻ."
എന്നു ഗുരുനാഥനും പരസ്പരം പ്രശംസിച്ചിട്ടുള്ള ആ രണ്ടു മഹാകവികളും ദേഹംകൊണ്ടുമാത്രമേ രണ്ടുപേരായിരുന്നുള്ളൂ. രണ്ടുപേര്‍ക്കും തമ്മിലുള്ള കത്തിടപാടു മിക്കവാറും ശ്ലോകത്തിലായിരുന്നു. ശ്ലോകങ്ങൾ ചിലപ്പോൾ സംസ്കൃതത്തിലും ചിലപ്പോൾ ഭാഷയിലുമായിരിക്കും. അന്നു ഞാൻ നൈഷധമാണ് കാര്യ്യമായി വായിച്ചുവന്നതു്. നന്നെ കുട്ടി- പത്തോ പന്ത്രണ്ടോ വയസ്സുവരും- ആയിരുന്നുവെങ്കിലും അന്നും കവിതാഭ്രമം ഒരുമാതിരിയൊക്കെ ഉണ്ടായിരുന്നതിനാൽ ആ എഴുത്തുകൾ ഗുരുനാഥൻ എന്നെയും കാണിച്ചുവന്നു. അങ്ങനെയാണു് നമ്മുടെ കേരളവ്യാസനുമായി എനിക്കുള്ള ആദ്യത്തെ പരിചയം.
അവിടുത്തെ പുസ്തകങ്ങളിൽ ആദ്യമായി അച്ചടിപ്പിച്ചതു ദക്ഷയാഗശതകമെന്നാണു തോന്നുന്നതു്. ഏതായാലും അതാണു് ഞാൻ ഒന്നാമതായി വായിച്ച അവിടുത്തെ ഗ്രന്ഥമെന്നുള്ളതിനു സംശയമില്ല. ലക്ഷണാസംഗം എനിക്ക് അഞ്ചാംഫോറത്തിൽ പാഠപുസ്തകമായിരുന്നു. ആ നാടകം അഭിനയിക്കുന്നതിനുവേണ്ടിയും കൂടി അക്കാലത്തു ഞാനും മറ്റു സ്കൂൾകുട്ടികളും പ്രത്യേകം പഠിക്കുകയുണ്ടായി. അപ്പോഴേയ്ക്ക് മനോരമ, സുജനാനന്ദിനി മുതലായ പത്രങ്ങളിൽ അവിടുത്തേ ഭാഷാശ്ലോകങ്ങൾ നിയമേന കണ്ടുതുടങ്ങി. അവ കിട്ടുന്നിടത്തോളം മുഖസ്ഥമാക്കിവയ്ക്കുന്നതിനായിരുന്നു അന്നത്തെ ഉത്സാഹം. മുഖസ്ഥമാക്കുന്നതിനെന്താണു് പ്രയാസം? ഒരിക്കൽ ചൊല്ലുകയോ കേൾക്കുകയോ ചെയ്താൽ ഉടൻ മനസ്സിൽ പതിയും. അത്രയധികമായിരുന്നു അവയുടെ ശയ്യാഗുണം. കവിഭാരതം, ഗംഗാവതരണം, സ്യമന്തകം, ചന്ദ്രിക, മാനവിക്രമവിജയം, തുപ്പൽ കോളാമ്പി, നല്ലഭാഷ, പാലുള്ളിചരിതം, വിക്രമോർവശീയം, ആശ്ചര്യചൂഡാമണി മുതലായി പിന്നീട് അവിടുന്നു പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങൾ ഓരോന്നും അതാതുകാലത്തു വായിച്ചുനോക്കുന്നതിനുണ്ടായിരുന്ന താല്പര്യം എത്രമാത്രമെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമാണു്. "പടിഞ്ഞാറേടത്തു കുഞ്ഞൻ തമ്പാൻ" എന്ന പേരിൽ അവിടുന്നു ആയിടയ്ക്കു പല പത്രങ്ങളിലും ഗദ്യമായും പദ്യമായും പല പൊടിക്കൈകൾ പ്രയോഗിക്കാറുണ്ടായിരുന്നു, അവ വായിക്കുവാനുള്ള രസം പുസ്തകങ്ങൾ വായിക്കുന്നതിനുള്ളതിലും തുലോം അധികമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. സന്ദേശതർജിമകൾ, മഹാഭാരതതർജിമ, കാദംബരീകഥാസാരം, കേരളം മുതലായ ഗ്രന്ഥങ്ങൾ അനന്തരകാലത്തിലുള്ളവയാണു്.
അവിടുന്നു രസികരഞ്ജിനീപത്രാധിപരായതിനു മേലാണ് ഞങ്ങൾ തമ്മിൽ ധാരാളമായി കത്തിടപാടിനു സംഗതി വന്നതു്. ഉപന്യാസത്തിനാവശ്യപ്പെട്ടുകൊണ്ടുള്ള അവിടുത്തെ പദ്യലേഖനം കിട്ടിയാൽ സാമാന്യം പോലെയുള്ളവരാരും അമാന്തിക്കുകയില്ല. അഥവാ അമാന്തിച്ചാൽ അസ്സൽ ശകാരത്തോടുകൂടി അധികം താമസിക്കാതെ വീണ്ടും ഒരു പദ്യലേഖനം രാമബാണംപോലെ വരും. പിന്നെ നിവൃത്തിയുണ്ടോ ? ആമാതിരി ലേഖനം കിട്ടണമെന്നുവച്ചു തന്നെ ഞാൻ മനഃപൂര്‍വ്വമായി ചിലപ്പോൾ അമാന്തിക്കാറുണ്ടായിരുന്നു. അത്രയ്ക്കുണ്ടതിന്റെ രസം, ആ മാതിരി അവസരങ്ങളിൽ ആ വാഗമൃതത്തിനുണ്ടായിരുന്ന സ്വാദുത അനുഭവിച്ചവര്‍ക്കേ അറിഞ്ഞുകൂടൂ.
അവിടുത്തെ ഞാൻ ആദ്യമായിക്കണ്ടതു് 1086-ൽ ഭാരതവിലാസസഭാദ്ധ്യക്ഷനായി തൃശ്ശൂര്‍ക്കു പോയപ്പോളായിരുന്നു. അന്നു അപ്പൻതമ്പുരാൻ തിരുമനസ്സിലേ കൊട്ടാരത്തിലായിരുന്നു നമ്മുടെ പന്തളത്തു പത്രാധിപരവിടുത്തേയും എന്റേയും താമസം. അവിടെ ഒതുങ്ങിയ പ്രകൃതി, ഉദാസീനമായ മുഖഭാവം ഇവയോടുകൂടി കറുത്തു സാമാന്യം തടിച്ചു മദ്ധ്യവയസ്തനായ ഒരു നമ്പൂരി നില്ക്കുന്നുണ്ടായിരുന്നു. നമ്പൂരിയോ? അതുതന്നെയാണു് സാക്ഷാൽ കുഞ്ഞിക്കുട്ടൻതമ്പുരാനെന്നു അവിടുത്തേ
ഛായ മനസ്സിൽ ദൃഢമായി പതിഞ്ഞുകിടന്നിരുന്ന എനിക്കു മനസ്സിലാക്കുവാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല. പക്ഷേ ഛായ കണ്ടിട്ടില്ലാത്തവർ ചുറ്റിപ്പോകുകയേ ഉള്ളു. വേഷത്തിനും വ്യക്തിക്കും തമ്മിലുള്ള അന്തരം അത്ര മഹത്തായിരുന്നു. അവിടുത്തേനേര്‍ക്കു് എനിക്കു അതിനുമുമ്പുണ്ടായിരുന്ന സ്നേഹബഹുമാനങ്ങൾ സംഭാഷണത്തിൽ ദ്വിഗുണീഭവിച്ചു. അതിൽ പിന്നീടു് അവിടുത്തേ ഞാൻ ഒരിക്കൽകൂടി കണ്ടു. അതു വൈക്കത്തെ ഭാഷാപോഷിണീസഭയ്ക്കു ഞാൻ പോയിരുന്നപ്പോളായിരുന്നു. അന്നു് അവിടുന്നും ഞാനും എന്റെ വന്ദ്യപുരസ്കര്‍ത്താവായ മഹാമഹിമശ്രീ കേരളവര്‍മ്മവലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ അതിഥികളായാണു താമസിച്ചതു്. ഈ രണ്ടവസരങ്ങളിലും ഞങ്ങൾ മിക്കവാറും സമയം ഒന്നിച്ചുതന്നെയാണു് കഴിച്ചുകൂട്ടിയതു്. ഒടുവിൽ അവിടുത്തേ മരണവൃത്താന്തമറിഞ്ഞതും കേരളകാളിദാസൻ തിരുമേനിയുടെ മുഖത്തുനിന്നുതന്നെയായിരുന്നു. ഭാഷാകവിതയുടെ കഥ കഴിഞ്ഞു എന്നാണ് അന്നു കല്പിച്ചരുളിച്ചെയ്തതു്. തിരുമേനിക്കു് അവിടുത്തേക്കുറിച്ചുള്ള വാത്സല്യം അനിർവചനീയമായിരുന്നു.
ഈ അടുത്തകാലത്തു കേരളഭൂമി അനേകം വശ്യവാക്കുകളായ സാഹിത്യവീരന്മാരെ പ്രസവിച്ചു ചരിതാര്‍ത്ഥയായിട്ടുണ്ടു്. അവരിൽ എല്ലാംകൊണ്ടും പ്രാമാണ്യത്തെ അർഹിക്കുന്നതു കേരളകാളിദാസനും കേരളവ്യാസനുമാണെന്നുള്ളതിനു സംശയമില്ല. നിസര്‍ഗ്ഗജമായ പ്രതിഭാവിലാസവും നിരന്തരമായ പരിശ്രമവും രണ്ടുപേര്‍ക്കും ഒന്നുപോലെ ഉണ്ടായിരുന്നു. എന്നാൽ അവകൊണ്ടു മാത്രമല്ല അവര്‍ക്കു ഈ ഉന്നതസ്ഥാനം സിദ്ധിച്ചതു്. അവക്കുര്‍ള്ള മനോനൈര്‍മ്മല്യവും സമഭാവനയും കൂടി ഈ സ്ഥാനലബ്ധിക്ക് അവരെ സഹായിച്ചതായി ഗണിക്കുന്നതിൽ അസാംഗത്യമില്ല.
കേരളവ്യാസനെക്കൊണ്ടു് ഭാഷാകവിതയ്ക്ക് ഉണ്ടായിട്ടുള്ള അഭിവൃദ്ധി ചില്ലറയൊന്നുമല്ല. അവിടുത്തെ പിതാവായ വെൺമണിഅച്ഛൻനമ്പൂരിപ്പാടു കണ്ടുപിടിച്ച വഴി അവിടുന്നു വെട്ടിത്തെളിച്ചു ഘണ്ടാപഥമാക്കി എന്നുതന്നെ പറയാം. മഹൻനമ്പൂരിപ്പാട്ടിലേ കവിതയ്ക്കു പല ഗുണവുമുണ്ടെങ്കിലും അദ്ദേഹത്തെ മാത്രമാണു് നവീനപ്രസ്ഥാനം ആശ്രയിച്ചതു് എന്നു വരികിൽ അതിനൊരിക്കലും ഇന്നത്തെ നില കിട്ടുന്നതല്ലായിരുന്നു. മണിപ്രവാളകവിതയെക്കാൾ ഭാഷാകവിതയാണു് നല്ലതെന്നും സംസ്കൃതപ്രത്യയങ്ങളുടെ സഹായംകൂടാതെ നിര്‍മ്മിക്കുന്ന ഭാഷാകൃതികളിലും വേണ്ട രസങ്ങളെല്ലാം സ്ഫുരിപ്പിക്കാൻ കഴിയുമെന്നും ആദ്യമായി കേരളീയരെ ബോദ്ധ്യപ്പെടുത്തിയതു കുഞ്ഞിക്കുട്ടന്‍തമ്പുരാനും രവിവര്‍മ്മകോയിത്തമ്പുരാനുമായിരുന്നു. പച്ചമലയാളമായാലും രസസ്ഫൂര്‍ത്തിക്കു ഭംഗം വരുന്നതല്ലെന്നു അവിടുന്നു "നല്ല ഭാഷ" യിൽ തെളിയിച്ചു. ആ മാര്‍ഗ്ഗത്തെയാണ് കുണ്ടൂർ നാരായണമേനോനും മറ്റും അനുസരിച്ചതു്. മൂന്നുകൊല്ലംകൊണ്ടു മഹാഭാരണം തര്‍ജ്ജിമ ചെയ്യുവാൻ അവിടുത്തേയ്ക്കു മാത്രമേ സാധിക്കുകയുള്ളു എന്നുള്ളതിനു സംശയമില്ല. പഴയ ഭാഷാപദങ്ങളിൽ ജനങ്ങൾക്കുണ്ടായിരുന്ന വൈരസ്യത്തെ ദൂരീകരിച്ചതു് അവിടുന്നാണു്. ഐതിഹ്യത്തിൽ പലര്‍ക്കും അഭിരുചി ജനിക്കുന്നതിനു് അവിടുന്നുതന്നെയാണു് കാരണം. സഹസ്രമുഖമായി പ്രവഹിച്ച അവിടുത്തെ സരസ്വതി കേരളസാഹിത്യഭൂമി മുഴുവൻ പരിശുദ്ധവും ഫലവത്തുമാക്കിത്തീർത്തിട്ടുണ്ടെന്നു പറയുന്നതിൽ എന്താക്ഷേപമാണുള്ളതു് ?
നിമിഷകവിതയിൽ അവിടുത്തേയ്ക്കുള്ള വാസന സുപ്രസിദ്ധമാണല്ലോ. ദക്ഷയാഗശതകം വായിച്ചാൽ അതു് ഒരു ദ്രുതകവനമാണെന്നു ആരും ശങ്കിക്കുകയില്ല. നാലോ അഞ്ചോ മണിക്കൂറുകൊണ്ടു് ഒരു വിശിഷ്ടനാടകം എങ്ങനെയാണു് എഴുതിത്തീര്‍ക്കുന്നതു്? സാമാന്യന്മാര്‍ക്ക് അതു പകർത്തി എഴുതുവാൻതന്നെ അതിലധികം സമയം വേണം.
"അതുതന്നെയുമല്ല കുട്ടിയേട്ട-
ക്ഷിതിപാലോത്തമദിവ്യകല്പവൃക്ഷം
ഇതിനിന്നൊരു നാഥനായതോര്‍ത്താ-
ലതിഭാഗ്യക്കടലിന്റെ കോളിളക്കം;"
ഇത്യാദി പദ്യങ്ങൾ ഒരാലോചനയും കൂടാതെ എവിടെനിന്നോ കാണാതെപഠിച്ചു ചൊല്ലുന്ന മാതിരിയിൽ തട്ടിവീക്കുന്ന ഒരു മഹാകവിയുടെ സരസ്വതീപ്രസാദം അദൃഷ്ടപൂർവമാണെന്നു സമ്മതിക്കാതെ നിവൃത്തിയുണ്ടോ ?
മഹാഭാഗവതം അഞ്ചുസ്കന്ധത്തോളം തര്‍ജ്ജിമചെയ്തുവച്ചിട്ടുണ്ടെന്നു അവിടുന്നൊരിക്കൽ എന്നോടു പറഞ്ഞു. അത്രത്തോളമെങ്കിലും വേഗത്തിൽ അച്ചടിപ്പിക്കേണ്ടതാണ്. "കേരളം' എന്ന പേരിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പദ്യപുസ്തകം അവിടുത്തെ തൂലികയിൽനിന്നു പുറപ്പെടുവാനിരുന്ന ഒരു മഹാഗ്രന്ഥത്തിന്റെ ഉപോദ്ഘാതം മാത്രമേ ആകുന്നുള്ളു. പല ഐതിഹ്യങ്ങളുടെയും നിക്ഷേപപാത്രമായിരുന്ന അവിടുന്നു കുറേക്കാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ ആ ഗ്രന്ഥം നമുക്കു സമഗ്രമായിത്തന്നെ ലഭിക്കുമായിരുന്നു. പതിനെട്ടു പുരാണവും തര്‍ജ്ജിമ ചെയ്യണമെന്ന് അവിടുത്തേയ്ക്കു മോഹമുണ്ടായിരുന്നതു സാധിച്ചില്ല. തമിഴിലെ പല ഉത്തമകാവ്യങ്ങളും മലയാളത്തിൽ തര്‍ജ്ജിമ ചെയ്തുകാൺമാൻ അവിടുത്തേയ്ക്ക് ഔത്സുക്യമുണ്ടായിരുന്നു. ഒരു പ്രാചീനചേരരാജാവായ ചെംകുട്ടുവന്റെ കനിഷ്ഠസഹോദരനായ ഇളംങ്കോഅടികളുടെ കൃതിയായ ചിലപ്പതികാരത്തിന്റെ സാരമെങ്കിലും മലയാളത്തിൽ ഒരു കാവ്യമായി സംക്രമിപ്പിക്കണമെന്നു മരിക്കുന്നതിനു കുറേ ദിവസം മുമ്പു് അവിടുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നു.
സ്വതന്ത്രകവിതയിൽ എന്നപോലെ തര്‍ജ്ജിമയിലും അവിടുത്തയ്ക്കുള്ള പാടവം അദ്വിതീയമായിരുന്നു. ശുകസന്ദേശത്തിലെ പ്രസിദ്ധമായ
"തൽസേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ-
സ്താമ്യന്മദ്ധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തർജിതാംഭോദകേശ്യ -
സ്തത്രസ്ഥാസ്സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ"
എന്ന ശ്ലോകം
"കാന്തന്മാരൊത്തു കാൽത്താർ, കടി, കടുകളവിൽ
ക്ലാന്തമദ്ധ്യം, കനത്തിൽ
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകുകലര്‍-
ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കൾ പ്രഭാസ്യം, കളിയുടയ കയൽ-
ക്കണ്ണു, കാർകൂന്തലേവം
കാന്ത്യാ കല്യാണിമാർ കൈവിശറിയൊടവിടെ-
ദ്ദേവസേവയ്ക്കു കൂടും"
എന്നു തര്‍ജ്ജിമ ചെയ്യുവാൻ ഒരു മഹാകവിക്കല്ലാതെ സാധിക്കുന്നതല്ല. ആശ്ചര്യചൂടാമണിയിലേയും മറ്റും ചില ശ്ലോകങ്ങളും അവിടുത്ത വശ്യവചസ്ത്വത്തിനു പ്രത്യക്ഷലക്ഷ്യമാണു്.
അവിടുത്തെ പദ്യങ്ങൾ എല്ലാം ഹൃദയംഗമങ്ങളാണെങ്കിലും "തഥാപി ഭാവസ്തരുണേന്ദുശേഖരേ" എന്നു ഭര്‍ത്തൃഹരി പറഞ്ഞതുപോലെ അവിടുത്തെ ലേഖനങ്ങളുടെ കാര്യത്തിൽ എനിക്കും മറ്റു പലർക്കും അസാധാരണമായ ബഹുമാനം തോന്നീട്ടുണ്ടു്. ശ്ലോകത്തിൽ ഇത്ര ഭംഗിയായി
എഴുത്തുകൾ എഴുതാവുന്നവർ കേരളത്തിൽ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുവാനും പ്രയാസമാണെന്നു തോന്നിപ്പോകുന്നു; മുഴുവൻ അമൃതമയംതന്നെ. അവിടുത്തെ ശ്ലോകക്കത്തുകൾ കിട്ടുന്നിടത്തോളം ഒന്നിച്ചുചേര്‍ത്തടിക്കുവാൻ ഉത്സാഹിയും സഹൃദയനുമായ കവനകൗമുദീമാനേജർ പി. വി. കൃഷ്ണവാരിയർ ശ്രമിക്കുന്നുണ്ടെന്നു എനിക്കറിയാം. ആ ശ്രമം അചിരേണ ഫലവത്തായാൽ അതു കേരളീയര്‍ക്ക് അപൂർവമായ ഒരനുഗ്രഹമായിരിക്കും.
അവിടുത്തെ ഗദ്യം സരസവും ഉജ്ജ്വലവുമായിരുന്നു. പുരാണപുരുഷന്മാരുടെ ചരിത്രമെല്ലാം ഭാഷാഗദ്യരൂപേണ വെളിക്കു വരുത്തണമെന്നു അവിടുത്തേയ്ക്കു മോഹമുണ്ടായിരുന്നു. ആ മോഹവും അവിടുന്നു സ്വല്പകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ഫലിക്കുമായിരുന്നു. കേരളത്തിന്റെ പ്രാചീനചരിത്രത്തെ പുരസ്കരിച്ച് അവിടുന്നു പല ഉപന്യാസപരമ്പരകളും എഴുതി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
അവിടുത്തെ മനോഗുണമാണു് ബുദ്ധിശക്തിയിലധികം എന്നെ വിസ്മയിപ്പിച്ചിരുന്നതു്. അതിനു രണ്ടു ഉദാഹരണം മാത്രം എടുത്തു കാണിക്കാം. അവിടുന്നു ഒരിക്കൽ വൈക്കത്തുവച്ചു എന്നെ "കേരള" ത്തിന്റെ കൈയെഴുത്തുപകർപ്പിൽ ചില ഭാഗങ്ങൾ വായിച്ചു കേൾപ്പിക്കുകയായിരുന്നു. ഒരു ശ്ലോകം എനിക്കു നല്ലപോലെ രസിച്ചില്ല. അതു കേട്ടപ്പോൾ "ഈ ശ്ലോകം അത്ര ഭംഗിയായോ എന്നു സംശയിക്കുന്നു" എന്നു ഞാൻ പറഞ്ഞു. "പരമേശ്വരയ്യര്‍ക്കു ഈ ഒരു ശ്ലോകത്തെപ്പറ്റി മാത്രമല്ലേ ഇതുവരെ സംശയം വന്നിട്ടുള്ളു; എനിക്കു് എല്ലാ ശ്ലോകങ്ങളെപ്പറ്റിയും മുമ്പേതന്നെ നല്ല നിശ്ചയം വന്നിട്ടുള്ളതാണു -ഒന്നെങ്കിലും ഭംഗിയായിട്ടില്ലെന്നു്-" എന്നായിരുന്നു അവിടുത്തെ മറുപടി. ഞാൻ അവിടുത്തെ മുഖത്തു സൂക്ഷിച്ചുനോക്കി; ഒരു ഭാവഭേദവുമവിടേയില്ല; വ്യാജമല്ല അവിടുന്നു പറഞ്ഞതു്: ഉള്ളിലുള്ള വിചാരം അതേനിലയിൽ തന്നെയാണു് പുറത്തുവന്നതെന്നു് എനിക്കു മനസ്സിലായി. "അവിടുന്നു തന്നെയാണു മഹാൻ"എന്ന് എന്നെ അറിയാതെ ഞാൻ ഉടൻ പറഞ്ഞു പോയി. ഇതല്ലെങ്കിൽ മറ്റെന്താണു് മഹാന്മാരുടെ ലക്ഷണം? അവിടുത്തേയ്ക്കും കഷ്ടപ്പെട്ട് എട്ടോപത്തോ ശ്ലോകമുണ്ടാക്കി മഹാകവിസിംഹാസനത്തെ സ്വയമേവ ആരോഹണം ചെയ്തതായി നടിച്ചു ഞെളിയുന്ന കൃശബുദ്ധികൾക്കും തമ്മിലുള്ള അന്തരം ആലോചിക്കും തോറും അധികമധികമായി നമുക്കു കാണാവുന്നതാണു്. അഥവാ
"സ്വര്‍ഗ്ഗാനര്‍ഗ്ഗളനിര്‍ഗ്ഗളൽസുരസരിൽ-
പാഥഃപ്രപാതപ്രഥാ-
പ്രത്യാഖ്യാനപടിയസാപി വചസാ
ജിഹ്രേതി ജിഹ്വേഹ നഃ;
ഏകദ്വ്യക്ഷരകഷ്ടപിഷ്ടരചനാ-
ദുർവാരഗർവഗ്രഹാഃ
കന്ഥാമാത്രകുവിന്ദകാഃ കവയിതും
സജ്ജന്തി ലജ്ജാമുചഃ"
എന്നാണല്ലോ അഭിയുക്തവചനം.
മറ്റൊരിക്കൽ അവിടുന്നു കവിഭാരതത്തിൽ തനിക്കു നൽകീട്ടുള്ള "കൃതവര്‍മ്മാവെന്നൊരായാദവസ്ഥാനം" ഒട്ടും മതിയായിട്ടുള്ളതല്ലെന്നും അവിടുത്തേയ്ക്കു ഭീമസേനന്റേയും വലിയകോയിത്തമ്പുരാൻതിരുമനസ്സിലേക്കു ഭീഷ്മരുടേയും സ്ഥാനത്തിനാണു് യോഗ്യതയെന്നും ഞാൻ പറഞ്ഞു. "നിങ്ങൾ കുട്ടികൾ എങ്ങനെ വേണമെങ്കിൽ പറഞ്ഞുകൊള്ളുവിൻ: ഞാൻ കൃതവമ്മാവിന്റെ സ്ഥാനംതന്നെ സ്വീകരിച്ചതു യൌവനത്തിലുള്ള അവിവേകംകൊണ്ടാണു്" എന്നു പറഞ്ഞു. കേരളകാളിദാസനെ കഴിച്ചാൽ ഇത്ര മനോനൈര്‍മ്മല്യമുള്ള ഒരു പരഗുണകാംക്ഷിയെ ഞാൻ കണ്ടിട്ടില്ലെന്നു തീർത്തു പറയുവാൻ ധൈര്യം തോന്നുന്നുണ്ട്.
ഏതെല്ലാം വിധത്തിൽ നോക്കിയാലും കേരളവ്യാസൻ അമാനുഷനായ ഒരു മഹാനുഭാവൻതന്നെയായിരുന്നു. അവിടുത്തെ സ്മാരകമായി പുറപ്പെടുന്ന മാസികയ്ക്ക് എന്തു മംഗലത്തെയാണു് ഞാൻ വിശേഷിച്ചു പ്രാര്‍ത്ഥിക്കുവാനുള്ളതു് ?
"ഇത്തമ്പുരാനിൽ പുരുഷക്കു വേണ്ടും
ഗുണങ്ങൾ മുറ്റും വിധി ചേർത്തിണക്കി;
എന്നിട്ടുമയ്യോ! പുരുഷർദ്ധമായു-
ള്ളായുസ്സിലർദ്ധാംശവുമേകിയില്ല"
എന്നാണു് കവികൾ അവിടുത്തെ നിര്യാണകാലത്തിൽ വിലപിച്ചതു്. ആ ദോഷം കൂടാതെ അവിടുത്തെ പേരിൽ പുറപ്പെടുന്ന മാസിക നിലനില്ക്കണമെന്നു മാത്രമേ നമുക്കു് ആഗ്രഹമുള്ളൂ. മറ്റു ഗുണങ്ങൾ ഉണ്ടാകേണ്ടതിനു പ്രത്യേക പ്രാര്‍ത്ഥനയുടെ ആവശ്യം കാണുന്നില്ല.
മറ്റൊരു പ്രാര്‍ത്ഥനയുമില്ലെന്നില്ല. ഇനി ഇപ്പോൾ "കവി" എന്നു രണ്ടക്ഷരങ്ങളും പൂര്‍ണ്ണമായി ചേർത്തു സംഘടിപ്പിക്കുവാനുള്ള യോഗ്യത ഒരു പുണ്യപുരുഷനിൽ മാത്രമേ കാണുന്നുള്ളു. അതു കേരളവ്യാസന്റെ ജ്യേഷ്ഠസഹോദരനായ
"സർവജ്ഞമൌലിയിൽ
കൊച്ചുണ്ണിരാജാവുപോലെ വിളങ്ങുന്ന
കൊച്ചുണ്ണിരാജാവു കോടിലിംഗേശ്വരൻ"
ആണെന്നു ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. അവിടുത്തേക്കും കേരളവ്യാസമാസികയ്ക്കും ദീര്‍ഘായുസ്സുണ്ടാകുമാറു ശ്രീകുരുംബേശ്വരി അനുഗ്രഹിക്കട്ടെ.