I
അടിമവ്യാപാരം നിറുത്തൽ ചെയ്തതായ്
നടിച്ചു പാശ്ചാത്യർ മദിച്ചിരിക്കുന്നു.
എവിടെയാണതെന്നെനിക്കു സംശയ-
മവനിയിങ്കലോ കുജഗ്രഹത്തിലോ?
ഒരേകശാസിതാവവര്‍ക്കിടയിൽത്തൻ
ചെറുവിരൽത്തുമ്പൊന്നിളക്കിയാൽപ്പോരും;
ഭടരുടൻ പടയ്ക്കണിനിരക്കയായ്
കടൽ, കര, വിയത്തിവയിൽ മൂന്നിലും.
കുതിച്ചലച്ചുവാച്ചിരച്ചുപൊങ്ങുമാ-
പ്രതിഭയബലപ്രളയസാഗരം
കബളനം ചെയ്‍വാനൊരുങ്ങിനില്ക്കയാ-
യബലഭൂതലകശലമൊക്കയും.
നരകനാഥനാം പിതൃപതിയുടെ
പരിജനങ്ങൾതൻ പരിചിലക്കൂട്ടർ
അസുപിപാസപൂണ്ടലറിയാര്‍ത്തണ-
ഞ്ഞസഹ്യമാക്കുന്നു മനുഷ്യജീവിതം.
സ്ഥവിര,രാതുരർ, ശിശുക്കൾ, നാരിമാ-
രെവരുമാകട്ടെ ഹിതരല്ലാത്തവർ;
അരമവരെക്കൊന്നൊടുക്കുമദുഷ്ടർ
ഗരമരുത്താലും ജ്വലനാസ്ത്രത്താലും.
II
ജനനത്താലവർ പിശാചുകളല്ല;
ജനനിമാർപെറ്റ നരർ നമുക്കൊപ്പം
അവരെയിങ്ങനെ വളര്‍ത്തിവാഴ്കയാ-
ണവരമൃത്തികാബുഭുക്ഷയാൽ ച്ചിലർ.
സപദി തദ്ദേശഭവാർ മുഴുവനി-
ത്ത്രിപുരർ തന്നാജ്ഞയ്ക്കുടിവണങ്ങണം;
ഒരക്ഷരം മറുത്തൊരുവനോതിയാൽ
മരണമക്ഷണമവൻ വരിക്കണം.
കൊലയവര്‍ക്കൊരു കലയായ്ത്തീര്‍ന്നുപോ-
യുലകിൽ ധർമ്മത്തിൻ മുരടുണങ്ങിപ്പോയ്;
എവിടെയും കാണ്മതവശമർദ്ദന-
മെവിടെയും കേൾപ്പതനാഥരോദനം.
കരത്തിൽ തൽപക്ഷ്യർ വഹിപ്പതില്ലാമം;
കഴലിലായസനിഗഡവും;- പക്ഷേ
ഉടലവര്‍ക്കൊട്ടൊന്നനക്കുവാൻ ചര-
ടുടമയാര്‍ന്നവൻ വലിക്കിലേ പറ്റൂ.
ഒരേ മതം തങ്ങൾക്കഖിലര്‍ക്കുമെന്നു
പരർ നിനയ്ക്കുമാറവർ പുലരുന്നു,
ഒരു തൃണം പോലും മുളപ്പിച്ചീടാത്ത
മരുപ്പറമ്പിലേ മണൽത്തരികളായ്
അറുത്തറുത്തന്തഃകരണം വിറ്റന്ന-
ന്നരിപ്പടിവാങ്ങിക്കഴിയുവോരവർ
പരം സ്വതന്ത്രരെന്നിരിക്കിൽ മറ്റെന്തു-
ണ്ടിരവുതാൻ പകൽ; വിഷംതാൻ പീയൂഷം
അഹഹ ! നിങ്ങൾക്കു മുഖത്തു കണ്ണില്ലേ
സഹജരേ ? നോക്കിപ്പറവിനാമെങ്കിൽ:-
ഹൃദയത്തെദ്ദൈവമുടലിൽ സ്ഥാപിച്ച-
തുദരഭാണ്ഡത്തിന്നടിയിലോ മേലോ?
അധർമ്മമാചരിച്ചസംഖ്യസാദര-
വധംചെയ്തെന്തിനീ വയർ പുലർത്തണം?
കണപത്തത്തിന്നും കുറുനരികൾതൻ
ജനിയുമെത്രമേലിതിൽനിന്നുൽകൃഷ്ടം?
III
ഇതെവരയ്ക്കfള ഭജിച്ചുപോന്നതാം
സ്വതന്ത്രതാഭിധേ! ശുഭപ്രദേ! ദേവി!
പരമനാഥയായ് ഭവതിയിന്നെങ്ങും
മരണഭീതിപൂണ്ടുഴലുമാറായി.
വനേചരർ പലരൊരേമുഹൂർത്തത്തിൽ
കണകളെയ്തിടും ഹരിണിപോലവേ
അവനിയിലെങ്ങുമഭയസ്ഥാനമി-
ല്ലവിടേയ്ക്കെന്നുള്ളാരവസ്ഥവന്നല്ലോ.
ഒരു കൈത്തണ്ടുണ്ടോ ഭവതിക്കായ് നീങ്ങാ-
നൊരൊറ്റനാവുണ്ടോ ഭവതിക്കായ്പ്പൊങ്ങാൻ?
ഒരു കണ്ണീരുണ്ടോ ഭവതിക്കായ് വീഴാ-
നൊരൊറ്റ വീർപ്പുണ്ടോ ഭവതിക്കായ് നീളാൻ?
അശാന്തർ മൂന്നുനാലരക്കരൂഴിയെ-
ശ്മശാനമാക്കു വോർ നൃവേഷധാരികൾ;
ഇതരരൊക്കയുമവർതൻ പേർകേട്ടാൽ-
പ്പതറിമെയ് വിറച്ചരണ്ടൊതുങ്ങുവോർ:-
ഇരുവകക്കാരായപ്പിരിഞ്ഞുപോയല്ലോ
ഭരണധൂർവഹരശേഷമിമ്മട്ടിൽ.
ഭഗവതി! ഗതി ഭവതിക്കെന്തിനി-
ജ്ജഗതിയിങ്കലെന്നറിയുന്നീല ഞാൻ.
അഹോ! ഭവതിതന്നസന്നിധാനത്തിൽ
മഹിയിലെന്തുള്ളൂ മനുഷ്യകാമ്യമായ്?
കരയുക! ദേവി! കരയുക! പാരിൽ-
പരിതപ്തര്‍ക്കതേ പരമൊരാശ്വാസം,
IV
ഭവതിതൻ ചുടുമിഴിനീർത്തുള്ളിയൊ-
ന്നവനിയിൽ വീഴാനനുവദിക്കുമോ,
കനിവുറവയാം കടമിഴിയെഴും
തനിമറപ്പൊരുൾ സകലലോകേശൻ?
പൊറുക്കുമോ ഹാ ! തന്നിരോധമാന്തര -
പുരുഷരൂപനാമവിടുന്നേറെനാൾ?
എവങ്കൽ നിന്നുണ്ടായനന്യതന്ത്രനാം
ഭുവനത്തിൻ പ്രാണൻ വിഭു സദാഗതി;
എവന്റെ സങ്കല്പശിഖരിയിൽനിന്നി-
ബ്ഭവനദി നിത്യം പ്രവഹിച്ചിടുന്നു;
അവനധീശിത്രി! ഭവതിക്കേകിടും
സുവർണവിഷ്ടരസുഖാസിക വീണ്ടും.