Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / രത്നമാല / പണക്കാരൻ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പണക്കാരൻ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I


പണക്കാരനൊരാളുണ്ടു
പട്ടണത്തിൽ പ്രമാണിയായ്;
അവന്റെ തുണ കൈവിട്ട-
ങ്ങാര്‍ക്കും മേല പൊറുക്കുവാൻ.


അറുത്തകൈക്കൊരുപ്പേകി-
യന്നോളമറിയാത്തവൻ;
ദാഹിച്ച വഴിപോക്കര്‍ക്കു
തണ്ണീർപോലും കൊടാത്തവൻ;


പാവങ്ങൾ കാശിരക്കുമ്പോൾ
പാളയിൽ കല്ലിടുന്നവൻ;
കഴുകുംമുൻപെച്ചിലായ
കയ്യിൽ വറ്റെണ്ണിനോക്കുവൻ ;


വിരിക്കയില്ല മുണ്ടെന്നു
വീരവ്രതമെടുത്തവൻ;
നശിക്കും രോമമെന്നോര്‍ത്തു
നാപിതന്മാർക്കുകന്നവൻ.


പഞ്ഞം പരന്നു; ലോകര്‍ക്കു
പാടേ പട്ടിണിയായഗതി;
മഴനീരൂഴിയിൽത്തൂകാൻ
മാനം തീരെ മറന്നുപോയ്.


അക്കാലംജലമില്ലെങ്ങു-
മലയാഴിയിലെന്നിയേ;
അതിന്മട്ടില്ലതാൻ നെല്ലു-
മാഢ്യൻതൻ വീട്ടിലെന്നിയേ.


II


കാൽക്കൽ മാതളനാരങ്ങ
കാഴ്ച വച്ചൊരു കര്‍ഷകൻ
നിരത്തിപ്പണവും മുന്നിൽ-
നിന്നിവണ്ണമുണര്‍ത്തിനാൻ.


"പ്രഭോ! തരേണമേ!
പാവത്തിന്നല്പമെങ്കിലും;
കായുന്നു നീരടുപ്പത്തു;
കഞ്ഞിക്കില്ലൊരു കറ്റരി.


അതുകേട്ടു ഞെളിഞ്ഞോതി-
യവൻ: "ഞാനെന്തു ചെയ്യണം?
എല്ലാക്കും ഭോജനം നല്കാ-
നെൻവീടക്ഷയപാത്രമോ?


പത്തായമൊഴിവായ്;-നോക്കാം;
പക്ഷേ കാണുമൊരിത്തിരി;
ഇരട്ടിവീലകിട്ടുമ്പോ-
ളില്ലെന്നോതുന്നതെങ്ങനെ?


മൂല്യമല്ലിതു ചിന്തിക്കിൽ,
മുറ്റും നിൻ കാഴ്ച വെയ്ക്കലാം;
ധാന്യമല്ലതു, മെന്നന്ന-
ദാനത്തിന്റെ രൂപഭേദമാം."


കൊച്ചിടങ്ങഴിയൊന്നങ്ങ്
കൊണ്ടുവന്നാൻ കുമാരകൻ;
പതിരും മണലും നെല്ലിൽ-
പകര്‍ന്നാൾ ഗൃഹധർമ്മിണി.


വടിച്ചളന്നു നെല്ലേകീ
വൈദഗ്ദ്ധ്യം വാച്ച വര്‍ത്തകൻ;
ഒന്നിന്നു പാതിവാങ്ങിക്കൊ-
ണ്ടൊതുങ്ങീ വന്ന കര്‍ഷകൻ.


III


തോടുരിച്ചാഢ്യനാപ്പക്വം
തൊള്ളയ്ക്കുള്ളിൽച്ചെലുത്തിനാൻ,
ഒരൊറ്റക്കുരു നല്കാതെ-
യോമനയ്ക്കും കുമാരനും,


നന്നല്ലിതേതും നിങ്ങൾക്കു;
നാളെപ്പിന്നെക്കിടപ്പിലാം;
എനിക്കോ? ഞാൻ വയസ്സായോ-
നെന്തിന്നും കാപ്പുകെട്ടിയോൻ,


കയ്പുമുണ്ടൊരുപാ, ടെന്തോ
കണ്ടാലിത്തിരി കൌതുകം!
ആത്തെണ്ടിക്കൊരു നാരങ്ങ-
യമ്മട്ടല്ലാതെ കിട്ടുമോ?"


ഊറുന്നൊരുമിനീരോടു-
മുയരും നെടുവീര്‍പ്പൊടും
അമ്മയും മകനും കേട്ടാ-
രവൻതൻ സ്വാര്‍ത്ഥജല്പനം.


IV


പുലര്‍ച്ചയ്ക്കങ്ങു പിറ്റേന്നു
പുത്തനായൊരു "തോട്ടി"യെ
അടിമാച്ചിലുമായ് നില്പ-
തവൻ കാണുന്നു വീഥിയിൽ.


വിളീച്ചവനൊടോതുന്നു
വിദ്വാൻ: "നോക്കെട മുന്നിൽ നീ
ആത്തങ്കത്തകീടിൻ മേന്മ-
യടക്കും മാതളത്തൊലി.


എന്മാതളത്തിന്‍ തൊലിയാ-
ണെന്നതോതുന്നതില്ലയോ
ഇന്നലെപ്പതിവിൻ മട്ടി-
ലിഞ്ഞാൻ ഭക്ഷിച്ചതിൻ തൊലി?


കാണില്ല മറ്റൊരേടത്തി-
ക്കാഴ്ച നീ കൌതുകപ്രദം
ഇപ്പട്ടണത്തിലാര്‍ക്കൊക്കു-
മിത്തരം ഭുക്തി ചെയ്യുവാൻ?


എല്ലാം ചെറ്റകളിദ്ദിക്കി-
ലെല്ലാം തെരുവുതെണ്ടികൾ;
പണം വേണ്ടേ പഴം വാങ്ങാൻ?
പാപ്പര്‍ക്കതു നടക്കുമോ?"


ആത്തോടെടുത്തു കൈകൊണ്ടാ-
ട്ടതിൽപ്പറ്റിയതാം ചളി
തുടച്ചപ്പുറമോതുന്നു
തോട്ടിയുത്തരമിങ്ങനെ.


“എന്തേ, കളഞ്ഞതിമ്മട്ട-
ങ്ങീ നല്ലൊരു പഴത്തൊലി?
പുളിശ്ശേരിക്കരച്ചീടാൻ
ഭൂവിലെന്തുണ്ടിതിൻപടി ?


ഏവരും തിന്നീടുന്നുണ്ടാ-
മെത്രയോ മാതളമ്പഴം;
തോടെടുത്തെറിയുന്നീല
ദൂരത്തവ,രറിഞ്ഞവർ.


തെളിഞ്ഞില്ലിതുകൊണ്ടങ്ങേ-
ദിവ്യത്വം ലവലേശവും.
എന്താകിലെന്തെനിക്കിത്തോ-
ടിന്നത്തേക്കൊരുനേട്ടമായ്.


ഗൃഹസ്ഥൻ വീണ്ടുമോതുന്നു:
"കേൾക്കുകെൻ വാക്കു സോദര!
അറിഞ്ഞോനല്ല ഞാൻ തെല്ലു-
മപ്പഴത്തൊലിതൻ ഗുണം.


അതിങ്ങിടൂ; കൊതിപ്പൂ ഞാ-
നാപ്പുളിശ്ശേരി കൂട്ടുവാൻ;
പരീക്ഷിക്കട്ടെ നിൻ വാക്കിൻ
പാരമാര്‍ത്ഥ്യവുമിക്ഷണം.''


"നല്കിടാമെന്നൊടൊത്തങ്ങു
നാലഞ്ചടി നടക്കുകിൽ."
എന്നോതി തോട്ടി; തയ്യാറാ-
യെത്തീ പുറകിൽ വിത്തവാൻ.


വലിച്ചെറിഞ്ഞാൻ ദൂരത്തു
വാളക്കുഴിയിലത്തൊലി;
എന്നീട്ടു ചൊന്നാനക്കോരൊ
"ടെന്തിന്നിത്ര പരിഭ്രമം?


താഴത്തു ചാടാമങ്ങേയ്ക്ക-
ത്തങ്കത്തകിടെടുത്തിടാം;
ഭക്ഷണത്തിന്നരിച്ചീടാം;
പതക്കം തീര്‍ത്തണിഞ്ഞിടാം."


ദുഷിച്ചും പുഞ്ചിരിക്കൊണ്ടും
തോട്ടിനിന്നാൻ; ധനാഢ്യനോ,
വൻകപ്പലാഴിയിൽത്താണ
വണിക്കിൻ നില തേടിനാൻ.


രാവല്ല വേള; പോകുന്നു
രാജമാഗ്ഗത്തിലാളുകൾ;
സാക്ഷിക്കു തോട്ടിയും നിൽപൂ;-
തൻ പോയ മുതൽ പോയതായ്.


പക്ഷേ മുൻപപ്പഴം തന്ന
പാവത്തിൻ വീട്ടിൽ നാരകം
ഒരുകാ മാത്രയ്‍ക്കായ്ക്കി-
ല്ലൊന്നു ചെന്നങ്ങു നോക്കിടാം.


കാഴ്ച വയ്പിയ്ക്കുമല്ലെങ്കിൽ
കവര്‍ന്നിട്ടുമെടുത്തിടും;
കാശിന്നധീശനാം തന്റെ
കെ തെല്ലാര്‍ക്കു തടുത്തിടാം ?


എന്നുള്ളിലോർത്തുകൊണ്ടങ്ങോ-
ട്ടെടുത്താനോട്ടമൊന്നവൻ,
സമയത്തറ്റു പറ്റീടിൽ-
ത്തല പോകുന്ന മാതിരി.


കുടിക്കില്ലൊരുവാ കാപ്പി;
കുടയില്ല. പിടിക്കുവാൻ;
ഒരുങ്ങേണ്ടൊട്ടുമബ്ഭവ്യ-
ന്നോടിടാമൊറ്റമുണ്ടുമായ്.


V


ഫലിച്ചിടട്ടെ നിന്മോഹം
പാപത്തിൻ നരരൂപമേ!
ഭദ്രമായ്പ്പാര്‍ത്തിരിക്കട്ടെ
ഭണ്ഡാരത്തിങ്കൽ നിൻ ധനം,


കാലന്റെ കിങ്കരന്മാര്‍ക്കു
കൈക്കാണം കാഴ്ചവെയ്ക്കുവാൻ;
പരലോകപ്രയാണത്തിൽ
പാഥേയദ്രവ്യമാകുവാൻ (യുഗ്മകം)


നിനക്കൊരറ തീര്‍ക്കുന്നു
നിരയത്തിങ്കലന്തകൻ,
അങ്ങെത്തിടുമ്പോൾ നിർബാധ-
മാദ്ധനം വെച്ചുപൂട്ടുവാൻ!