I
ശിഷ്യനോടോതീടിന-
നാചാര്യൻ: "ധരിച്ചല്ലോ
വത്സ! നീ രഹസ്യമാം
വിഷ്ണുഭക്തിതൻ സാരം.
പോയിടാം നിനക്കിനി-
ദ്ധന്യനായ് സ്വഗേഹത്തിൽ
സ്വീയമാം ധർമ്മം ചരി-
ച്ചന്തത്തിൽ നേടാം മോക്ഷം,
ഓര്‍ക്കുവാനൊന്നുണ്ടു നീ-
യുത്തമന്മാര്‍ക്കല്ലാതെ
കേൾക്കുവാൻ പാടുള്ളത-
ല്ലിത്തത്വം മഹാഗോപ്യം.
അപകൃഷ്ടന്മാർക്കാര്‍ക്കു-
മതിനാലൊരിക്കലു-
മുപദേശിക്കൊല്ലിതെൻ
ബാല! നീയോർമ്മിക്കാതെ"
II
ഉത്തമൻ-അപകൃഷ്ടൻ-
ആ രണ്ടു ശബ്ദങ്ങളു-
മര്‍ത്ഥത്തിൽ ഭിന്നങ്ങളെ-
ന്നച്ഛാത്രൻ ധരിച്ചീല
മന്നിതിൽ ജനിച്ചോരു
മര്‍ത്ത്യരേവരും തുല്യ-
രൊന്നുകിലുൽകൃഷ്ടന്മാ-
രല്ലെങ്കിൽ നികൃഷ്ടന്മാർ
തെല്ലവൻ പകച്ചുനി-
ന്നോതിനാൻ "ഭവാനിപ്പോൾ-
ച്ചൊല്ലുമുക്തിയിൽത്തല്ലു
സന്ദേഹമുണ്ടെൻ ഗുരോ!
പക്ഷേ ഞാനിക്കാര്യത്തി-
ലാഗസ്വിയായിപ്പോയാൽ-
ശിക്ഷണം സമസ്തര്‍ക്കും
ചെയ്യുവാനുദ്യോഗിച്ചാൽ-
എന്തെനിക്കതിൻ ഫലം?"
ഗര്‍ജ്ജിച്ചാനധ്യാപകൻ:
"ഹന്ത! നീ വീഴും ചെന്നു
നാരകച്ചെന്തീക്കുള്ളിൽ"
"അവര്‍ക്കോ? സ്വാമിൻ! ഭവ-
ദൃഷ്ടിയിലുപകൃഷ്ടര്‍-
ക്കവശര്‍,ക്കസഹായര്‍,-
ക്കതുമൊന്നരുളണേ!''
"അവര്‍ക്കോ?- ഗുരു തെല്ലൊ-
ന്നാലോചിച്ചുരചെയ്തു:
“ഭവിക്കാതിരിക്കില്ല
നന്മയെന്നാണെൻ മതം.
പരമുൽഗതിതന്നെ
ഫലമാപ്പതിതന്മാ,ര്‍-
ക്കൊരുവൻ വിതയ്ക്കുന്ന-
തപരൻ കൊയ്യില്ലല്ലോ."
III
"ശരി" യെന്നോതിശ്ശിഷ്യ-
നാചാര്യൻ കാൺകെത്തന്നെ
നിരത്തിലിറങ്ങിനി-
നിമ്മട്ടിലുൽഘോഷിച്ചു.
"വരുവിൻ പതിതരേ!
വരുവിൻ സമീപം; ഞാൻ
ഹരിഭക്തിതൻ തത്വ-
മുപദേശിപ്പൻ; കേൾപ്പിൻ."
ഹാ! പരം നിഷ്കൃഷ്ടമാം
മട്ടിലിത്തത്വം വിജ്ഞ-
നാബാലമാചണ്ഡാല-
മാരെയും ഗ്രഹിപ്പിച്ചു.
ആകാശം മറഞ്ഞിടി-
ഞ്ഞൂഴിയിൽ പതിച്ചീല;
സാഗരം ഹിമാദ്രിതൻ
മൌലിയിൽക്കരേറീല;
കണ്ഠനായ്ജ്ജഗൽപ്രാണൻ
വിണ്ണിൽപ്പുക്കൊളിച്ചീല ;
ദണ്ഡുമായ് തുള്ളിച്ചാടി-
യന്തകൻ പാഞ്ഞെത്തീല.
കീഴിലെക്കണക്കു താ-
നപ്പൊഴും ക്ഷിതി,യൊരു
പാഴനാചാരപ്പൊള്ള-
നീർപ്പോളമാത്രം പൊട്ടി.
IV
എത്തിനാനുപാധ്യായൻ
ശിഷ്യൻ തന്നുപാന്തത്തിൽ
മിഥ്യയോ തൻ വാക്കെന്നു
ശങ്കിച്ചും വിഷാദിച്ചും.
ഓതിനാൻ ഛാത്രൻ "ഗുരോ!
സത്യമാം ഭവത്സൂക്തി-
ക്കേതുമേ വികല്പമി-
ല്ലെന്നു ഞാൻ കാട്ടിക്കൊള്ളാം,
ദേഹത്തിന്നന്തംവരും
നേരത്തോളവും സര്‍വ-
ലോകര്‍ക്കുമിത്തത്വത്തിൻ
സന്തതോപദേശത്താൽ,
പിന്നീടെൻ പ്രാപ്യസ്ഥാന-
മേതെന്നു കണ്ടാരുണ്ടോ?
മന്നിലങ്ങോതും വാക്കു
വിശ്വസിച്ചിടാമാര്‍ക്കും,
മണ്ണായ് ഞാൻ കിടന്നിടാ-
മെന്നുമീവാപിക്കുള്ളി-
ലെന്നിൽ നിന്നൊന്നോ രണ്ടോ
താമരപ്പൂവുണ്ടാകിൽ.''
* * * * *
ആദ്ധീരനാരെന്നോ? ഞാൻ
ചൊല്ലുവൻ; കേൾപ്പിൻ; വിശി-
ഷ്ടാദ്വൈതോപദേഷ്ടാവാ-
മാചാര്യൻ രാമാനുജൻ