Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / രത്നമാല / തമ്മിലടി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

തമ്മിലടി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

വന്മരച്ചോലയല്‍ത്തുകി
വരിനെല്ലൊരു മൂലയിൽ
വസിക്കുന്നു തരംപാര്‍ത്തു
വലവച്ചു വനചരൻ,


പാടിയാടിത്തളര്‍ന്നങ്ങു
ഭക്ഷ്യം തേടി നടക്കവെ
പതിച്ചിടുന്നു പോയ് നാലു 
പാവപ്പെട്ട പതത്രികൾ.


പറ്റിച്ചു വേടനെന്നോര്‍ത്ത്-
പതംഗങ്ങളതിദ്രുതം
വാനിലേക്കുൽ പതിക്കുന്നു
വലയുംകൊണ്ടു തൽക്ഷണം.


വളരെബ്ഭദ്രമായ്ത്താങ്ങി
വലതൻ നാലുമൂലയും,
വീണ്ടും പായുന്നു മുന്നോട്ടാ
വിഹായസവിഹാരികൾ.


വാനത്തവ പറക്കുന്ന
വഴിനോക്കിക്കിരാതനും
തറയിൽക്കൂടിയോടുന്നു
തനിക്കാംമട്ടില്‍ വേഗമായ്


മദ്ധ്യേമാര്‍ഗ്ഗം തപംചെയ്യും
മഹര്‍ഷിയതുകാണവേ
വേടനോടേവമോതുന്നു
വിസ്മയാവിഷ്ടചിത്തനായ്.


"ഭ്രാതാവേ! ചെയ്‍വതെന്തിന്നു
ഭവാനീയതിസാഹസം?
പറക്കുന്ന പതംഗത്തെ-
പ്പാദചാരി പിടിക്കുമോ?"


ഓതുന്നു പകരം വ്യാധൻ;
"ഒന്നങ്ങേയ്ക്കോർമ്മവിട്ടുപോയ്
അനൈകമത്യമെന്നൊന്നു -
ഹോ! പക്ഷികുലത്തിലും.


നഭസ്സിലിവ യോജിച്ചു
നാലുമൊപ്പം പറക്കുകിൽ
സമ്മതിച്ചേ, നെനിക്കില്ല
സൌകര്യം വാഞ്ഛ നേടുവാൻ.


പക്ഷേ തെല്ലിട ചെല്ലുമ്പോൾ
പാലിക്കില്ലിവ സൌഹൃദം;
മത്സരിക്കുമതാണല്ലോ
മാദൃശര്‍ക്കൊരനുഗ്രഹം.


മറക്കും നില വേഗത്തിൽ
മല്ലുതട്ടും പരസ്പരം;
മറിഞ്ഞടിച്ചുടൻ വീഴും
മന്നിലീ മന്ദബുദ്ധികൾ.


എത്ര ഞാൻ കണ്ടിരിക്കുന്നു-
ണ്ടിമ്മട്ടുള്ള ഖഗങ്ങളെ-
തമ്മിൽത്തല്ലിക്കലാശത്തിൽ-
ത്താഴെ വീഴുന്ന കൂട്ടരെ I


കാണാമതിപ്പോളെ"ന്നോതി-
കാട്ടാളൻ കണ്ണുയര്‍ത്തവേ
കയര്‍ത്തോരോ വഴക്കിട്ടു
കലഹിക്കുന്നു പക്ഷികൾ,


പുരോഗങ്ങളോടോതുന്നു
പുറകേ പോം പതത്രികൾ:
"നിങ്ങൾക്കു മാത്രമോ ചൊൽവിൻ
നേതൃത്വം സര്‍വകാലവും?


എന്തുണ്ടു ഭേദമീനമ്മ-
ളെല്ലാം പക്ഷികളല്ലയോ?
ആണെങ്കിൽപ്പിന്നെയെന്തിന്നീ-
യസമത്വം പുലർത്തണം ?


നീളേയ്ക്കു നിലനില്ക്കുന്ന
നീതിയല്ലിതു കൂട്ടരേ!
പോരുവിൻ പുറകോ,ട്ടൊന്നു
പോകട്ടേ മുന്നിൽ ഞങ്ങളും."


മുറ്റുമുത്തരമോതുന്നു
മുന്നിൽപ്പോകുന്ന പക്ഷികൾ:
"തുലഞ്ഞുപോമീ വാഗ്‍വാദം
തുടര്‍ന്നാൽ നമ്മൾ നാല് വരും.


കരാളമയ്യോ! കണ്ഠത്തിൽ-
കാലപാശം പതിച്ചവർ
കാട്ടാളന്നിരയാമല്ലോ
കര്‍ത്തവ്യമറിയായ്കിൽ നാം.


വല്ലടത്തും പറന്നെത്തി
വലകണ്ടിച്ചെറിഞ്ഞു നാം
വിവാദക്രീഡ ചെയ്തീടാം
വീണ്ടും സ്വാസ്ഥ്യം ലഭിക്കുകിൽ.


കോപിച്ചപരരോതുന്നു:
“കൊള്ളാമിപ്പിട്ടു കൂട്ടരേ!
ഇല്ലായ്കയില്ലിവക്ര്‍കും കെ-
ല്പീവിമാനം നയിക്കുവാൻ.


പരര്‍ക്കുമുണ്ടു ഗേഹത്തിൽ
ഭാര്യാപുത്രാദിബാന്ധവർ,
വിജയത്തിങ്കൽ മോദിപ്പാൻ -
വിമാനനയിൽ മാഴ്കുവാൻ.


കാലന്റെ വായിലോ ചെന്നു
കാട്ടാളന്റെ കരത്തിലോ
പതിച്ചാലെന്തു ഞങ്ങൾക്കീ-
പശ്ചാൽസ്ഥാനം നശിക്കണം.


പിടിയായ്, വലിയായ്, തമ്മിൽ;
പിറ്റേക്ഷണമസംശയം
വേടന്നൊരു പൊതിച്ചോറു
വിണ്ണിൽനിന്നു ലഭിക്കയായ്.


വലയായ്, പക്ഷികളുമായ്,
വാരിയെല്ലാമെടുത്തുടൻ
പോകുന്നു മുനിയെപ്പാര്‍ത്തു
പുഞ്ചിരിക്കൊണ്ടുലുബ്ധകൻ.


അക്കാഴ്ചകണ്ടു ലോകത്തി-
ന്നപാരാന്ധ്യത്തെയോര്‍ക്കവേ
നെടുവീര്‍പ്പിട്ടു നില്ക്കുന്നു
നിരാനന്ദൻ തപോധനൻ,
*          *          *          *          *
വാനിൽച്ചരിക്കുവാൻ ദൈവം
വരം നല്കിയ വത്സരേ!
സ്വാതന്ത്ര്യാമൃതലാഭത്തിൽ
സുഖിക്കേണ്ടും ഷഗങ്ങളേ!


വീതപുണ്യർ വിമാനസ്ഥർ
വിണ്ണവര്‍ക്കെന്ന രീതിയിൽ
കഴിഞ്ഞുവല്ലോ നിങ്ങൾക്കും
കാലം കല്യാണദായകം! (യുഗ്മകം)


കൊന്നുതിന്നാലുമായ് വേടൻ;
കൊണ്ടുകൊണ്ടാലുമായ് ധനം;
എന്താകിലെന്തു ? ഹാ നിങ്ങൾ-
ക്കെന്നിനി സ്വൈരജീവിതം?