I
അവനുമൊരു കാവ്യകൃത്തെത്രയോ കാലമാ-
യവളുടെ കടാക്ഷത്തിനാശിച്ചിരിപ്പവൻ;
അതനുതരവാസനാവൈഭവം വാച്ചാലു-
മധനനൊരു പിൻതുണയ്ക്കാരുമില്ലാത്തവൻ;
അബലസമുദായാംഗമാകയാലെന്നാളു-
മപകരുണമന്യരാലാക്ഷിപ്തനാകുവോൻ;
പ്രഹതപഥസഞ്ചാരശീലനല്ലായ്കയാ-
ലഹിതരെയുമൊട്ടേറെയാർജ്ജിച്ചുവെച്ചവൻ.
II
വെളിയിലൊരു വെണ്മാടമുണ്ടതാ! കാണുന്നു
നളിനമിഴിതൻ ഗൃഹം, നാനാതുണോജ്ജ്വലം.
അവിടെയണവാനവൻ മുന്താട്ടു കാൽവെയ്കി-
ലവനുടെ ഗളത്തിലുണ്ടർദ്ധചന്ദ്രാഗമം.
പലരുമവിടെച്ചെന്നു പറ്റുന്നു നിത്യവും
പലവഴിയിലന്നിലയ്ക്കര്‍ഹരല്ലാത്തവർ.
അവരെയരികത്തണച്ചാദരിച്ചീടുവാൻ
കുവലയദലാക്ഷിക്കു കൂസലില്ലേതുമേ.
തനിവൊടവളെക്കണ്ടു ദൂരത്തു നിന്നവൻ
പ്രണയമധുശീകരം പ്രാര്‍ത്ഥിക്കുമക്ഷിയാൽ;
അവളവനെ നോക്കാതെ പോയിടും ഹന്ത! തൽ-
കവനകല ദൂതികാകർമ്മാനഭിജ്ഞയോ ?
III
ഒരുതവണ തോന്നിയപ്പാവത്തി"നൊന്നുകിൽ-
ക്കുരുടിയിവളല്ലെങ്കിലുന്മത്ത നിർണ്ണയം.
വകതിരിവു തെല്ലുമില്ലാത്തൊരിപ്പെണ്ണിന്റെ
മുഖകമലമോര്‍ത്തതും മോഹിച്ചതും മതി”
ഉടനവനതിന്നുമേലോര്‍ത്തുപോയ് പിന്നെയും;
"കുടിലഘനകുന്തളേ! കോപിച്ചിടായ്ക നീ.
ഭവതിയുടെയോമനക്കൺമുനക്കോണിലാ-
ണിവനുടെ ചിരസ്ഥായിയായിടും ജീവിതം.
ഭവതിയുടെ പുഞ്ചിരിപ്പൂനിലാവിങ്കലാ-
ണിവനുടെയവിച്ഛിന്നമായിടും യൌവനം.
കനിവതിനു കാലമായല്ലയോ? ദേവി! നീ
കനലെരിയുമെൻമനം കാണുന്നതില്ലയോ?"
IV
സരസമൊരുനാളവൻതന്മുന്നിലെത്തിനാ-
ളരുവയർകുലത്തിന്നലങ്കാരമാമവൾ.
സ്വപനമിയലുന്നൊരസ്സൂരി കേൾക്കുംമാറു-
കൃപയൊടു കിനാവിലിഗ്ഗീരുരച്ചീടിനാൾ:
"അയി! സുഭഗ! പേർത്തുമങ്ങാശ്വസിച്ചാലുമെൻ
ദയിതനവിടുന്നെ തീച്ചയായ്ച്ചൊല്‍വു ഞാൻ.
അഭിമതനസന്ദേഹമങ്ങെനിക്കെന്നാലു-
മഭിസരണയോഗ്യമാം വേള കാക്കുന്നു ഞാൻ.
അരികിലണയുമ്പൊഴേക്കജ്ഞരാം ലോകര്‍ക്കു
പരിചിലിവൾ തോന്നിടും പ്രണാധിനാഥയായ്.
ക്ഷണമവരെ വിട്ടു ഞാൻ നീങ്ങിടും ദൂരെ,യ-
ത്തൃണസമരിലെൻ മനം തൃപ്തികൈക്കൊള്ളുമോ?
മമ ഹൃദയവല്ലഭന്മാരാം മഹാത്മാക്ക-
ളമരുമൊരു ദേശവും കാലവും ദുർല്ലഭം.
അവരിലൊരുവൻ ഭവാനെങ്കിലും തൽകാല-
മവധിചെറുത്തര്‍ത്ഥിപ്പനങ്കപാളിക്കു ഞാൻ.
ഇരവു വരണം; കലാനായകൻ തൻകരം
ധരയെയണിയിക്കണം ധൌതപട്ടാംബരം;
അനവരതമെന്നെയിട്ടീമട്ടലട്ടുന്ന
ജനവിതതി ദീഘമാം നിദ്ര കൈക്കൊള്ളണം.
ദശവദരിക്കൂട്ടർ ചൂഴുന്ന സീത ഞാ-
നശരണയൊരല്പം സ്വതന്ത്രയായ്‌ത്തീരണം.
അതുപൊഴുതിലങ്ങേസ്സമീപത്തു ഞാനെത്തു-
മതനുശരപീഡകൊണ്ടാകുലീഭൂതയായ്.
V
"തടിനിയുടെ വക്കത്തു കണ്ടുവോ നമ്മൾക്കു
തടവണുവുമില്ലാതെ സങ്കേതമന്ദിരം-
സവിധഭുവി ജാതരാം സര്‍വര്‍ക്കുമന്തത്തി-
ലവിരതശമം നല്കുമാരാമതല്ലജം-
കുഴിയുടെ നിരപ്പേതു കുന്നിന്നുമേകുന്ന
നിയതിയുടെ കന്ദുകക്രീഡാതൃണാങ്ഗണം-
അരികളെയിണങ്ങുചേർത്തമ്മയാം ഭൂദേവി
പരിചിനൊടുറക്കുന്ന ഭവ്യശയ്യാഗൃഹം-
ഖലരുടെ ഹൃദന്തവും കാണിനേരത്തേക്കു
മലരഹിതമാക്കും മഹര്‍ഷിവര്യാശ്രമം-
പിതൃവനം:- അതേ; ഭവാൻ പേടിപ്പതെന്തിന്നു?
മധുരിമയതിന്നുമേൽ മറ്റെങ്ങു മന്നിതിൽ?
VI
"പ്രിയതമ! ഭവാൻ കലാപ്രേമിയായ് ലോകേശ-
ദയിതയുടെ ചേവടിത്താർകൂപ്പി നിത്യവും
ഒരുപൊഴുതുമെന്നെയോർത്തുൾകണ്ഠതേടാതെ-
യരിമയിൽ വസിക്കേണമാജീവനാവധി.
അതിനുപരി ഞാൻ കുറിച്ചുള്ളൊരസ്സങ്കേത-
സദനഭുവി സംവേശം സൗഖ്യമാര്‍ന്നീടണം.
നിയതമൊരു നൂറ്റാണ്ടു നീങ്ങവേ വന്നങ്ങു
ജയമുരളിയൂതി ഞാൻ ജാഗരം നല്കിടും.
അവിടെയൊരഭൌമമാം ഹീരസൌധം ചമ-
ച്ചവിതഥരസം നാം രമിച്ചീടുമപ്പുറം,
അതിനുടെയഭിഖ്യയാലാകല്പകാലമി-
ക്ഷിതിയൊരു മനോഹരക്ഷീരാബ്ധിയായിടും.
വരുമവിടെയങ്ങയെക്കുമ്പിടാനിന്നുള്ളൊ-
രരികളുടെ മക്കളും മക്കൾ തന്മക്കളും.
തവ തനുവിലിക്കൂട്ടർ വീഴ്ത്തുന്ന പൂഴികൊ-
ണ്ടവരുടെ നിലത്തെഴുത്തന്നു സാധിക്കണം
പരിചിനൊടു ഭാവിയിന്നങ്ങയിൽ ത്തങ്ങുന്ന
കരിമഷിയെയെന്നു നൽക്കസ്തൂരിയാക്കിടും.
ഒരു ശതകം - എന്തതിന്നോര്‍ത്താൽപ്പരീമാണം?
ഒരു കണമതോടുമിക്കാലസ്രവന്തിയിൽ!
കരടപികഭേദമെന്തെന്നു കാണിക്കുമ-
സ്സുംഭിസമയത്തിന്റെ സുപ്രഭാതംഗമം.
അവശത മനസ്സിൽ വേണ്ടങ്ങേയ്ക്കൊരല്പവും
കവനശരദംബരത്തിങ്കലെത്തിങ്കളേ."
VII
കവീ മിഴി തുറക്കവേ കണ്മറഞ്ഞാൽ ഹന്ത!
സവിധഭുവിനിന്നൊരസ്സര്‍വ്വാംഗസുന്ദരി.
എവിടെയവളെന്നവൻ തേടീല, തദ്വാക്യ-
മവിരളമകക്കാമ്പിനാനന്ദമേകവേ.
അനഘനവനപ്പുറം തൽകലാകാന്ത താൻ
പ്രണയിനി-യധീശിത്രി-യാചാര്യ - ദൈവതം
അവളെയനുരഞ്ജനം ചെയ്യവേ തൂകിനാ-
നവമതിയണപ്പോരിലല്പഹാസാങ്കുരം,
കൊടിയ ചുടലക്കളം കോൾമയിർക്കൊള്ളിക്കു-
മുടലുടയൊരമ്മഹാനുദ്ധൂതസാധ്വസൻ.