Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / സന്തുഷ്ടിപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സന്തുഷ്ടിപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

തനിക്കുള്ളതുകൊണ്ടുള്ളിൽ-
സന്തോഷമിയലുന്നവൻ
സുരര്‍ക്കും ലഭ്യമല്ലാത്ത-
സുധ നിത്യമശിക്കുവോൻ.


വരാൻ വിളിച്ചിട്ടല്ലല്ലോ-
വരുന്നതഴൽ ; ആ വിധം
വരും വരുമ്പോൾ സുഖവും;-
മധ്യത്തിൽ ദൈന്യമെന്തിനോ?


സാധിക്കുന്നതു സാധിക്കും-
സമ്യക്കാമുദ്യമത്തിനാൽ;
പ്രാണൻ കളവതെന്തിന്നായ്-
പ്രാപ്യമല്ലാത്തതിന്നു നാം?


സന്തുഷ്ടഹൃദയന്മാർക്കു-
സമ്പത്തുണ്ടവിടത്തിലും;
ചെരിപ്പിട്ടു നടപ്പോര്‍ക്കു -
ദിക്കെല്ലാം തോൽ വിരിച്ചതാം.


ദുഃഖമാര്‍ക്കും കൊടാതേയും -
ദുഷ്ടനെക്കുമ്പിടാതെയും,
സന്മാഗ്ഗം വെടിയാതേയും, -
സാധിക്കും തരിയും ഗിരി.


കാറ്റിനാൽപ്പാമ്പു ജീവിപ്പൂ;-
കാട്ടാന ചെറുപുല്ലിനാൽ;
തപോധനൻ കിഴങ്ങാലും,-
സന്തുഷ്ടിക്കാര്‍ക്കുതാൻ പണി?


ആറുലോകങ്ങൾ മീതേയു-
മാറിനോടൊന്നു താഴെയും
ചമച്ചു ഭൂമിയോടോതീ-
സന്തോഷിച്ചിടുവാൻ വിധി.


അല്പായുസ്സിൽ മരിക്കുന്നോ,-
രങ്ഗഹീനത വായ്ക്കുവോർ;
പണിതൻ വായിൽ വീഴുന്നോർ;-
പിച്ചച്ചട്ടിയെടുക്കുവോർ;


സാധുക്കളെത്രയില്ലേവം -
സാമാന്യര്‍ക്കും ദയാർഹമായ്?
അവരെക്കാൺകിലും നമ്മ-
ഉശ്വസിക്കാത്തതത്ഭുതം. (യുഗ്മകം)


കടുക്ക ദൈവം നൽകട്ടേ;-
കല്ക്കണ്ടെന്നു നിനച്ചു നാം
കടിച്ചിറക്കിയാൽ ത്തീര്‍ന്നു-
കാരം; തോറ്റോടി തന്നവൻ.


ആശ്ചര്യമാം വിലങ്ങൊന്നു-
ണ്ടാശയാം പേരിലൂഴിയിൽ;
തൽബദ്ധൻ ധാവനം ചെയ്‍വൂ;-
തന്മുക്തൻ നില്പു നിശ്ചലം.


ചുളുക്കു വീണൂ വക്ത്രത്തിൽ,-
ത്തുവെള്ളിവടിവായ് മുടി;
എല്ലെടുത്തു വപുസ്സിശ-
യ്ക്കെന്നിട്ടും നവയൌവനം


പാശം യമൻ ഗളത്തിങ്കൽ,-
പ്പതിപ്പിക്കും ക്ഷണത്തിലും
പാരെല്ലാം സ്വന്തമാക്കിടാൻ-
പരക്കംപാഞ്ഞിടുന്നു നാം.


എങ്ങും, വിഭവമാമാജ്യ-
മെത്രയെത്രയ്ക്കു വീണിടും,
ആശയാമഗ്നിതൻ ജ്വാല-
യത്രയെത്രയ്ക്കുയര്‍ന്നിടും.


കുഴിച്ചുമൂടും നാണത്തെ,-
രക്കുങ്ങാടിച്ചു നിര്‍ത്തിടും;
കാനൽ വെള്ളം കുടിപ്പിക്കും;-
കടുപ്പം തൃഷ്ണതൻ ചതി.


ശൂന്യമാം മനമെന്നുള്ള-
ചുടലക്കാട്ടിലെന്നിയേ
തൃഷ്ണാപിശാചിക്കാടീടാൻ-
തീർത്തിട്ടില്ല കളം വിധി.


സന്തുഷ്ടിയെന്ന്യേ മറ്റില്ല-
ശാശ്വതം ധനസഞ്ചയം;
ദുരയല്ലാതെ ലോകത്തിൽ-
സ്ഥലമാമൃണഭാരവും.


ലഭിക്കുവോളമായാസം,-
ലഭിച്ചാലപ്പുറം മദം,
ദുഃഖം പൊയ്പോകിൽ; മറ്റെന്തും ;-
സുഖം സന്തോഷമൊന്നുതാൻ


സ്വർഗ്ഗം മന്നോടടുപ്പിക്കും-
ദൂരദര്‍ശിനിപോലവേ;
സ്വല്പത്തെ വലുതായ്ക്കാട്ടും-
സൂക്ഷ്മദര്‍ശിനിപോലെയും. (യുഗ്‌മകം)


ആരോഗ്യമേകുമാഹാര-
മാധിതീര്‍ക്കുന്ന ഭേഷജം,
അന്തസ്സന്തോഷ,മതുവി-
ട്ടാശയെന്തർഹമൂഴിയിൽ?