പണ്ടുള്ള പണ്ഡിതശ്രേഷ്ഠർ-
പരലോകം ഗമിക്കിലും
പുസ്തകാകൃതി പൂണ്ടിന്നും-
ഭൂഷിപ്പിക്കുന്നു ഭൂതലം.
കാലം കബളമാക്കീട്ടും-
കനിഞ്ഞു രഘുവീരനെ
വാല്മീകിയിന്നും വാഴിപ്പൂ-
മഹാരാജാധിരാജനായ്.
ഒരൊറ്റയുപകര്‍ത്താവാ-
രൂഴിക്കെന്നുരചെയ്യുവാൻ
ലേശവും സംശയം വേണ്ട;-
ലിപികണ്ടുപിടിച്ചവൻ.
വെളുത്ത കടലാസോടു-
കറുത്ത മഷി ചേരവേ
പാരിടത്തിന്നു വന്നല്ലോ-
ഭാഗധേയം സമസ്തവും.
മരങ്ങളഞ്ചു താൻ നില്പൂ -
വാനിൽക്കാമിതമേകുവാൻ;
സംഖ്യയഴിമേൽക്കാണ്മൂ -
സൽഗ്രന്ഥാമരശാഖികൾ.
മറയ്പീല പയോദങ്ങൾ;-
വായ്ക്കൊൾവീല വിധുന്തുദൻ;
ഇജ്യോതിസ്സുകളാകല്പം-
വിദ്യോതിക്കുന്നു രാപ്പകൽ.
പേർത്തും ശൃങ്ഗാരചാരുത്വം-
ബീഭത്സത്തിന്നുമേകുവാൻ
കല്യരീ രസസിദ്ധന്മാർ,-
കൈപ്പും മധുരമാക്കുവാൻ.
ഗ്രന്ഥശാലയ്ക്കകത്തൊന്നു-
കേറിയാൽ വാഴ്കയായി നാം,
ആനന്ത്യത്തിൻ മടിത്തട്ടി-
ലാനന്ദത്തിൻ തലോടലിൽ.
നമ്മൾതൻ ഹൃദയം വിട്ടു-
നാമങ്ങുത്തുകിലോടിടും
ഷഡ്വസുതരോടൊത്തു-
തന്ദ്രീജാഡ്യ വധൂധവർ.
ബലനജ്ഞൻ തുടങ്ങീട്ടു-
കാണ്മൂ, ലോകത്തിലൊട്ടുപേർ;
വരിഷ്ഠഗുണർമാത്രം താൻ-
വായ്പൂ പുസ്തകശാലയിൽ.
കാലത്തിൻ കൈമുറം പാറ്റി-
ക്കളഞ്ഞു പതിരൊക്കയും
തന്നിരിക്കുന്നു നമ്മൾക്കി-
ധാന്യം സര്‍വാങ്ഗപാഷകം.
ഓടിച്ചുമാത്രം വായിച്ചാ-
ലുള്ളിൽത്തങ്ങില്ലൊരെണ്ണവും,
എന്നും പിഴുതുനട്ടീടി-
ലേതു വള്ളി തഴച്ചിടും?
ഗ്രന്ഥതല്ലജമോരോന്നും-
ക്ലേശിച്ചു വശമാക്കണം;
കണ്ടീല കടലിൻ താഴ്ച-
ഹനുമാൻ; കണ്ടു മന്ദരം.
പൂഴിയിൽച്ചിതറും കാശാൽ-
പുസ്തകം വാങ്ങിനോക്കിയാൽ
കലാശാല നമുക്കൊന്നു-
കൈക്കലാമവിളംബിതം.
ഒരൊറ്റപ്പുസ്തകം കൈയി-
ലോമനിപ്പതിനുള്ളവൻ
ഏതു സമ്രാട്ടിനെക്കാളു-
മെന്നാളും ഭാഗ്യമാര്‍ന്നവൻ.
വിജ്ഞരാവാനുപാദ്ധ്യായർ,-
വിനോദിപ്പാൻ സുഹൃത്തുകള്‍
അന്തഃകരണബന്ധുക്ക-
ളാത്മാര്‍ത്ഥാവേദനപ്രിയർ;
വിളിച്ചാൽപ്പാട്ടിൽ വന്നീടും;-
വേണ്ടെന്നാൽ ദൂരെനിന്നിടും;
ചോദ്യത്തിനുത്തരം മാത്രം-
ചൊല്ലും സുനൃതരീതിയിൽ. (യുഗ്മകം)
വിശങ്കുമിവർ നല്‌കുന്ന-
വിമാനങ്ങളിലേറിയാൽ
പായാം യഥേച്ഛം നമ്മൾക്കു-
പതിന്നാലുലകത്തിലും.
തെല്ലൊന്നു വേഴ്ചയായാലി-
ദ്ദിവ്യമങ്ഗളവിഗ്രഹർ
സ്മൃതിസത്മത്തിൽ വാഴുന്നൂ-
സിദ്ധി രാപ്പകലേകുവാൻ.
ഇവരെസേവ ചെയ്യാം നാ-
മിവർതൻ വാക്കു കേട്ടിടാം;
ഇവർ കാട്ടും വഴിക്കൊത്താ-
മീശസന്നിധിയിൽ ക്രമാൽ.