വിത്തമെന്തിനു മർത്ത്യന്നു-
വിദ്യ കൈവശമാകുകിൽ ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-
വേറിട്ടു കരുതേണമോ?
വിദ്യ വിട്ടു നരന്നാമോ-
വിശ്വംഭരയിൽ വാഴുവാൻ?
ആയുധം കയ്യിലേറാത്തോ-
നടരാടുന്നതെങ്ങനെ?
വിദ്യയാം പ്രാണനെവന്നു-
വേർപെട്ടു നിലകൊള്ളുമോ
സമ്പത്തും മറ്റുമവനു -
ശവം ചാര്‍ത്തിന മാലകൾ.
അജ്ഞനായ് ജീവിതം പോക്കാ-
നാര്‍ക്കു ധാർഷ്ട്യമുദിച്ചിടും;
വാലും കൊമ്പും വെടിഞ്ഞുള്ള-
മഹിഷംതന്നെയപ്പുമാൻ.
കാണേണ്ടതൊന്നും കണ്ടീടാ;-
കേൾക്കേണ്ടുന്നതു കേട്ടിടാ;
ഓതേണ്ടതോതിടാ; മേവു-
മജ്ഞനന്ധൈഡമൂകനായ്.
മേനിയെത്രതടിച്ചാലും-
വിദ്യാഹീനൻ വെറും തൃണം;
മറിച്ചതു ചടച്ചാലും-
മനീഷീയമൃതാശനൻ.
മണിയും ചരലും കല്ലു;-
മര്‍ത്ത്യർ വിജ്ഞനുമജ്ഞനും;
ഔജ്ജ്വല്യത്തിന്റെ പ്രഭാവത്താ-
ലറിവൂ വേർതിരിച്ചു നാം.
പുറങ്കണ്ണു തുറപ്പിപ്പൂ-
പുലർവേളയിലംശുമാൻ;
അകക്കണ്ണു തുറപ്പിക്കാ-
നാശാൻ ബാല്യത്തിലെത്തണം.
അന്നമേകുന്നവൻ മോദ-
മപ്പോൾ മാത്രമണച്ചിടും
ആജീവനാന്തമാനന്ദ-
മരുളും വിദ്യനല്കവോൻ
കൊണ്ടുപോകില്ല ചോരന്മാർ;-
കൊടുക്കുന്തോറുമേറിടും;
മേന്മ നൽകും മരിച്ചാലും;-
വിദ്യതന്നെ മഹാധനം.
അമ്മയ്ക്കൊപ്പം വളർത്തീടു,-
മച്ഛന്നൊപ്പം ഹിതം തരും;
വേളിക്കൊപ്പം സുഖിപ്പിക്കും;-
വിദ്യ സര്‍വ്വാത്ഥസാധകം.
തൻവീട്ടിലജ്ഞനും പൂജ്യൻ;-
തൻനാട്ടിലരചാളുവോൻ;
വിദ്യാസമ്പന്നനാരാധ്യൻ-
വിശ്വത്തിങ്കലശേഷവും.
പഠിക്കണം നാമോരോന്നു-
ബാല്യം തൊട്ടു നിരന്തരം;
പഠിത്തം മതിയാക്കീടാം-
പ്രാണൻ മേനി വിടുന്ന നാൾ.
പിശുക്കാൽ പ്പിഴുകും ലക്ഷ്മി;-
പേർത്തും ഗര്‍വാൽ സമുന്നതി;
അനഭ്യാസത്തിനാൽ വിദ്യ;-
യമര്‍ഷത്താൽ വിവേകവും.
ബാലൻതൻ വിദ്യയാലൊറ്റ-
ബ്ഭവനത്തിന്നിരുട്ടു പോം;
ബാലതൻ വിദ്യയാൽ വായ്ക്കും-
പ്രകാശം പലവീട്ടിലും.
വൈരമില്ലാകരം തോറും;-
മൌക്തികം ശുക്തിയേതിലും
ചന്ദനം കാനനം നീളെ;-
സ്സംഖ്യാവാനേതു ദിക്കിലും.
വിദ്യതന്നെ പരം നേത്രം:-
ബുദ്ധിതന്നെ പരം ധനം,
... ... ... ... ... ... ... ... ... ... -
. .. ... ... ... ... ... ... ... ... ...
വിശേഷബുദ്ധിയെന്തിനു-
വിരിഞ്ചൻ മര്‍ത്ത്യനേകിനാൻ?
വിദ്യയാൽ ജ്ഞാനമാര്‍ജ്ജിപ്പാൻ;-
ജ്ഞാനത്താൽ മുക്തിനേടുവാൻ.
അനന്തം വിദ്യയാം സിന്ധു-
വായുസ്സത്യന്തഭങ്ഗുരം;
പാരത്തിലെത്തണം താനും-
പ്രാപിപ്പാൻ പരമം പദം.
അപവര്‍ഗ്ഗദമിത്തീര്‍ത്ഥ-
മാവോളം സേവ ചെയ്തിടാം;
ഒക്കുംമട്ടിസ്സമുദ്രത്തി-
ലോടിക്കാം കപ്പലെപ്പൊഴും.