Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / ദാനപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ദാനപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അര്‍ത്ഥവാൻ തന്റയര്‍ത്ഥത്തി-
ലല്പാംശത്തിന്നു താൻപതി;
ചെമ്മേ കാക്കുന്നു നിസ്സ്വര്‍ക്കായ് -
ശേഷം, ന്യാസം കണക്കവന്‍


നല്ല കാലത്തിലര്‍ത്ഥം നാം-
നല്കിയാൽ നഷ്ടമെന്തതിൽ?
ദുഷ്ക്കാലമാകിലോ പിന്നെ-
ച്ചോദിക്കേ,ണ്ടതു നല്കുവാൻ.


താൻ പണിപ്പെട്ടു നേടീട്ടും-
തനിക്കനനുഭോഗ്യമായ്,
അന്യര്‍ക്കുമുതകാതുള്ളോ-
രര്‍ത്ഥം കൊണ്ടാര്‍ക്കു താൻ ഫലം?


നിധി കാക്കുന്ന ഭൂതങ്ങൾ,-
ഖജനാവിന്റെ ഗാട്ടുകാർ,
കേദാരചഞ്ചാരൂപങ്ങൾ,-
കൃപണന്മാർ നരാധമർ.


ഉടഞ്ഞുപോകും മറ്റുള്ളൊ-
രുണ്ടികക്കടയൊക്കെയും;
നീണാൾ വഹിക്കും നിക്ഷേപം-
നിസ്സ്വന്റെ കരസമ്പുടം.


വേർപട്ടുതന്നെ പോകേണം-
വിത്തമെപ്പൊഴുതെങ്കിലും;
നഷ്ടമെന്നതു നാം പിന്നെ-
നന്മട്ടിൽച്ചെലവാക്കിയാൽ?


പാത്രത്തെ നോക്കിത്താൻ വേണം-
പ്രതിപാദിക്കുവാൻ ധനം;
അരോഗന്നല്ല നലേ്കണ്ട-
താതുരന്നുള്ളൊരൗഷധം.


ക്ഷുത്തു മുന്നോട്ടു പായിപ്പൂ-
ലജ്ജ പിന്നോട്ടു, മങ്ങനെ
നടുക്കങ്ങിങ്ങുഴന്നയ്യോ!-
നരകിക്കുന്നു ദുര്‍ഗ്ഗതൻ.


'ദേഹി'യെന്നോതിടുന്നോന്റെ-
ദൈന്യദുഃഖം ധരിക്കുകിൽ
ഹൃത്തുള്ളോർ-വിത്തമോ സാരം?-
ഏകം പ്രാണങ്ങൾ കൂടിയും


“ദേഹി'യാം വാക്കൊടൊന്നിച്ചു.
ദീനന്നുയിർവെളിക്കുപോം
കര്‍ണ്ണം വഴി തിരിച്ചെത്തും-
കാശിന്റെയൊലി കേൾക്കുകില്‍


സ്വയമുത്തമനേകുന്നു;-
ചോദിച്ചേകുന്നു മധ്യമൻ;
ചോദിച്ചീടിലുമേകാത്തോൻ-
ക്ഷുദ്രൻ മനുജഗർദ്ദഭം.


നമസ്കാരം! നിനക്കെന്റെ-
നാവേ! കാലകരത്തിൽ നീ
നരകോൽഘാടനത്തിന്നു-
നാസ്തികുഞ്ചിക നല്കൊലാ.


താൻ, തൻകുടുംബം, ബന്ധുക്കൾ,-
സഖാക്ക,ളനുയായികള്‍
ഇവര്‍ക്കുപോയ് ബാക്കിവിത്ത-
മിരപ്പോര്‍ക്കെന്തു നല്കിയാൽ?


ഉച്ചപ്പട്ടിണി വായ്പോനൊ-
രുരുളച്ചോറു നൽകുവാൻ
മേരുവാകണമോ മര്‍ത്ത്യൻ?-
വിത്തം പോലെ വിസർജ്ജനം.


ധീരന്നു വശമാം ലക്ഷ്മി;-
ശൂരന്നു വശമാം ജയം;
ജ്ഞാനിക്കു വശമാം മോക്ഷം;-
ത്യാഗിക്കു വശമാം പുകൾ.


കോഴിക്കും മല്ലുതട്ടീടാം;-
കുരുവിക്കും പഠിച്ചിടാം;
അന്യന്നു ധനമാരേകു -
മവൻ ശൂര,നവൻ ബുധൻ.


തരക്കേടുകളെന്തെല്ലാം-
ദാതാവിൽക്കുടികൊൾകിലും
ദാനാംബുവിൻ പ്രവാഹത്തിൽ-
ത്തനിയേ മാഞ്ഞുപോയിടും


ദാതാവിൻ മുന്നിൽ വീഴുന്ന-
ദരിദ്രന്റെ മുദശ്രുവാൽ
കുളിര്‍ക്കുന്നു തപിക്കുന്ന-
കുംഭിനിക്കു ഹൃദന്തരം.


സര്‍വസ്വവും സന്ത്യജിച്ചു-
ചാകും ലുബ്ധൻ ബഹുപ്രദൻ;
വാനിലും ചെ,ന്നതോടൊത്തു-
വാഴും ത്യാഗി മിതംപചൻ.


പ്രഥ ദാനത്തിനാൽ നേടീ-
പയും കല്ലും മരങ്ങളും;
ദാതാവിനത്രേ മാന്യത്വം;-
ദാനം ചെയ്യുക! ചെയ്യുക!!