ധനിക്കു മാത്രമായൂഴി-
ചമയ്ക്കാൻ വിധിയോര്‍ക്കുകിൽ
വളരെദ്ദുര്‍ഗ്ഗതര്‍ക്കെന്തേ-
വായും വായും വയറുമേകുവാൻ ?
ധൂർത്തടിച്ചു തുലയ്ക്കൊല്ലേ-
ദുർല്ലഭം വിത്തസഞ്ചയം;
കറവപ്പശുവിന്നേവൻ-
കഴുത്തിൽക്കത്തിവെച്ചിടും?
ഋണവാനാവതിൽബ്ഭേദ-
മിരക്കാൻ പാള കുത്തിടാം;
അവന്നന്താനില്ലേ ര-
ണ്ടാമം വെയ്ക്കാത്ത പാണികൾ
ചൊട്ടച്ചാൺ നീണ്ട വയറിൽ-
ച്ചോറെത്ര ചെലുത്തിടാം?
ആറടിപ്പൊക്കമാം മെയ്യി-
ലാടയെത്രയ്ക്കും ചുറ്റിടാം ?
കിഴ്പോട്ടേക്കു പതിക്കാതെ-
ഗേഹമെത്രയ്ക്കുയര്‍ത്തിടാം?
ഭാര്യതൻ മേലലങ്കാര-
ഭാരമെത്രയ്ക്കു കേറ്റിടാം?
ആത്മഭോഗത്തിനാഢ്യര്‍ക്കു -
മപാകമധികം ധനം;
അഗ്നിക്കേകുന്നു നിർവാണ-
മാവശ്യാതീതമിന്ധനം.
പിശുക്കു നല്ലതല്ലാര്‍ക്കും,-
പേര്‍ത്തും ദീപാളിവെയ്ക്കലും;
രണ്ടറ്റത്തും സുഖം പോരാ ;-
രഥ്യതൻ മധ്യമേ ശുഭം.
മൃത്യു ചാടി ഗ്രസിപ്പീല-
മിതാഹാരന്റെ വിഗ്രഹം;
വെടിയുന്നീല താര്‍മങ്ക -
മിതവ്യയനികേതനം.
മിതഭോഗത്തിനായ് വേണ്ടും-
വിത്തം' മാത്രം സുധോപമം;
അപ്പുറം വ്യര്‍ത്ഥമായ്ത്തങ്ങു-
മര്‍ത്ഥം കാകോളസന്നിഭം.
നിതാന്തം മോഹവും ഭീയും-
നിദ്രാനാശവുമാർത്തിയും
ഏകുമര്‍ത്ഥമനര്‍ത്ഥം താൻ-
ഹൃദയത്തിന്‍ മഹാമയം.
ഇന്ദ്രിയങ്ങൾ മുകൾക്കൊള്ളു,-
മിഷ്ടർ മാറ്റലരായിടും;
ചോരൻ തുരങ്കം വെച്ചീടും;-
സുതനും പിതൃഘാതിയാം.
ചാടിപ്പറന്നു പാഞ്ഞീടും-
താരാർമാതെന്ന തത്തയെ
ഗുണബന്ധത്തിനാൽ വേണം-
കൂട്ടിലാക്കിയിണക്കുവാൻ.
മലക്കറി, ഖലപ്രീതി, -
വാനിലെക്കൊണ്ടലിൻ നിഴൽ
യൌവനം ധനമീയഞ്ചു-
മെത്രകാലം ഭുജിച്ചിടാം?
ശൗര്യമത്തന്നു കൈ കാണാം ;-
രൂപമത്തന്നു ദര്‍പ്പണം;
വിദ്യാമത്തന്നു ജിഹ്വാഗ്രം;-
ജാത്യന്ധൻ വിത്തഗര്‍വ്വിതൻ.
ആക്കടുത്ത ഗദം നീങ്ങി-
യവന്നക്ഷി തെളിഞ്ഞിടാൻ
ദൈവം കനിഞ്ഞു ചെയ്യേണം-
ദാരിദ്യാഞ്ജനലേപനം.
കാരുണ്യബാഷ്പം വീഴ്ത്തില്ല-
കദര്യനൊരു നേരവും;
അതിന്റെ കണമോരോന്നു-
മവന്നുൽകൃഷ്ടമൌക്തികം.
പിശുക്കൻ രാവിലെണ്ണുന്നു-
പെട്ടിയിൽപ്പെട്ട ചില്ലികൾ;
നക്ഷത്രാഖ്യങ്ങളാം തങ്ക-
നാണയങ്ങൾ ദരിദ്രനും.
പെട്ടിയിൽപ്പെട്ടിടും കാശാൽ -
പ്പിശുക്കൻ ധനിയാകുകിൽ
മേൽവാലതിലും ധന്യൻ-
മേദിനീവാസി ദുര്‍ഗ്ഗതൻ.
കാലധര്‍മ്മത്തിൽ മര്‍ത്ത്യന്നു-
കാശൊന്നും കൂടെ വന്നിടാ;
വെറുംകൈയോടവൻ ചെന്നു-
വീണിടേണം ചിതാഗ്നിയിൽ.
താൻ വിട്ടുപോയ സമ്പത്തു-
സന്താനങ്ങൾ തുലയ്ക്കവേ
പരലോകത്തിൽ നിന്നശ്രു-
പാഴിൽ വീഴ്ത്തും മിതംപചൻ