Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / ധനാര്‍ജ്ജനപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ധനാര്‍ജ്ജനപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

നാലുണ്ടു പുരുഷാര്‍ത്ഥങ്ങൾ-
നമ്മൾക്കാര്‍ജ്ജിച്ചിടേണ്ടതായ്;
ആ മേടതന്നടിത്തട്ടാ-
ണര്‍ത്ഥം സര്‍വപ്രയോജനം.


ആര്‍ക്കു വേണ്ടെന്നു വെച്ചീടാ-
മന്നവസ്ത്രഗ്രഹാദികൾ?
അര്‍ത്ഥം കൂടാതെ ജീവിപ്പാ-
നജൻ തീര്‍ത്തീല മത്ത്യരെ.


അര്‍ത്ഥവൃക്ഷം തഴയ്ക്കാനു- 
മര്‍ത്ഥബീജം മുളയ്ക്കണം;
ധര്‍മ്മകാമാര്‍ജ്ജനം പിന്നെ -
ദ്ധനമില്ലായ്കിലെങ്ങനെ?


വായുവിൽപ്പോയ് ലയിക്കുന്ന-
വാക്കുമര്‍ത്ഥം ഭജിക്കവേ,
വഷം നൂറു കഴിക്കേണ്ട-
മനുഷ്യന്നതു വേണ്ടയോ?


പരോക്ഷമാകും നരകം -
പ്രത്യേകം കണ്ടിടേണ്ട നാം;
പ്രത്യക്ഷമതു വായ്പീലേ-
പാരിൽദ്ദാരിദ്ര്യരൂപമായ്?


പൂ വിരിപ്പൂ ധനാഢ്യന്നു-
ഭൂമി രഥ്യയിലെങ്ങുമേ;
മുടക്കിനില്പൂ നിസ്സ്വന്നു -
മുൾനിരത്തിപ്പുരോഗതി


വനം ഗ്രസിക്കും വഹ്നിക്കു-
ബാഹ്യ പ്രാണൻ സമീരണൻ;
കൃതാന്തൻ കൈവിളക്കിന്നു;-
കൃശനോടാര്‍ക്കു സൌഹൃദം?


നിദ്ധിയൊന്നരുളുന്നുണ്ടു-
സേവിക്കുന്നോര്‍ക്കു ദുര്‍ഗ്ഗതി;
അവർക്കഖിലരും ദൃശ്യ,-
രദൃശ്യരവരാര്‍ക്കുമേ.


ആശക്കിടാങ്ങളോരോന്നാ-
യന്തമിക്കെ,യകിഞ്ചനര്‍
അവയ്ക്കണയ‌പൂ കണ്ണീരാ-
ലൌര്‍ദ്ധ്വദേഹികമാം ബലി.


“കൊടാതെ ഞാനായ്ത്തീരൊല്ലേ!-
കൊടുത്തങ്ങായ് ഭവിക്കണേ!"
ദരിദ്രൻ ധനിയോടോതും-
'ദേഹി'ക്കര്‍ത്ഥമിതാം ദൃഢം.


ഭൂതിയെന്തിന്നു മര്‍ത്ത്യന്നു?-
പുമാനായ്, ത്തല പൊക്കുവാൻ;
കണ്ടവന്റെ പടിക്കൽപ്പോയ് -
ക്കൈമലര്‍ത്താതിരിക്കുവാൻ.


കമലേ! ഭവതിക്കേവൻ-
കടാക്ഷാതിഥിയാകുവോൻ,
അശേഷജനജിഹ്വയ്ക്കു -
മവൻ സര്‍വ്വഗുണാന്വിതൻ.


ഹിരണ്യഗര്‍ഭൻ വേധസ്സു;-
ലക്ഷ്മീശൻ പുരുഷോത്തമൻ;
മേരുചാപൻ ശിവൻ; വാഴ്‌വൂ-
മൂര്‍ത്തിത്രയവുമിങ്ങനേ.


വിത്തവാനെബ്ഭജിക്കാത്ത-
വിദ്വാനവൻ ധരിത്രിയില്‍?
സര്‍വജ്ഞനേയും കാൺമൂ നാം-
ധനദോപാന്തസേവിയായ്.


കപാലി തലയിൽത്താങ്ങും-
ഗങ്‌ഗ രത്നാകരത്തിനെ
തേടിപ്പോകുന്നു; ധനിതാൻ-
ദേവതൗഘത്തിനും പ്രിയൻ.


നരന്നടിമയല്ലേതും-
നരൻ തുല്യവപുര്‍ദ്ധരൻ;
സ്വാമിയും ദാസനും മന്നിൽ -
സ്വാപതേയ പ്രകല്പിതർ.


അധര്‍മ്മമായ് ധനം നേടൊ,-
ല്ലടക്കൊല്ലതനന്തമായ്;
തത്ത്വമീരണ്ടുമോര്‍മ്മിപ്പാൻ-
ധനം നിന്ദിച്ചു സത്തുകൾ.


അഴകുണ്ടാം ശരിരത്തി-
ന്നാഹ്ല‌ാദം ഹൃത്തിനേറിടും;
അന്തസ്സു വായ്ക്കും വംശത്തി,-
ന്നര്‍ത്ഥവാനെന്തലഭ്യമായ്?


ദൈവോപഹതരാമാരും-
തേങ്ങിയേങ്ങിക്കരഞ്ഞിടും;
കണ്ണീരു തനിയേ തോരും-
കാശെണ്ണിപ്പെട്ടി പൂട്ടിയാൽ.


തനിയേ വന്നു വീഴില്ല-
ധനം നമ്മുടെ പാണിയിൽ;
വിലയായ് നല്കണം മെയ്‌തന്‍-
വേർപ്പുമുത്തുകൾമേല്ക്കുമേൽ