Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / ഉദ്യമപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഉദ്യമപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ആശിച്ചാൽപ്പോര യാതൊന്നു, -
മാര്‍ജ്ജിപ്പാനുദ്യമിക്കണം;
കൂര്‍ക്കം വലിച്ചിടും സിംഹം-
കൊമ്പനെത്തിന്മതെങ്ങനേ?


ഉറുമ്പും മെല്ലവേ പോയാ-
ലൊട്ടേറെ വഴി പോയിടും;
അനങ്ങിടാഞ്ഞാൽത്താർക്ഷ്യന്നു-
മക്കിടപ്പിൽക്കിടക്കണം.


ഉദ്യമിപ്പവനെത്താങ്ങു-
മോടിവന്നലർമങ്കയാൾ;
ചെറ്റനങ്ങാതിരിപ്പോനെ-
ച്ചെറ്റയിൽച്ചേട്ട ചേർത്തിടും.


ഊണിന്നു രുചിയുണ്ടാവി,-
ല്ലുറക്കം ദൂരെ വിട്ടുപോം;
അകാലമൃത്യു വശനാ-
മലസന്‍ഹ തജീവിതൻ.


വിധിക്കു നരനോടില്ല-
വീര്യം കാട്ടീടുവാൻ തരം,
സത്വം ഹരിപ്പാൻ മുൻകൂട്ട-
ത്തിന്ദ്രിയെത്താതിരിക്കുകിൽ.


ദാരിദ്രമാം പിശാചിന്റെ-
സദനദ്വാരമേവനും
തന്ദ്രിതൻകൈയിലുള്ളോരു-
താക്കോൽ കൊണ്ടേ തുറന്നിടൂ.


ബലമറ്റ ശരീരത്തെ-
പേര്‍ത്തും രോഗം ഗ്രസിച്ചിടും;
ആലസ്യത്തിലമിഴ്ന്നോനെ-
യാപത്തടിമയാക്കിടും.


പ്രതിഭയ്ക്കും ഭയം തീർന്നു-
പാദം മുന്നോട്ടു വെയ്ക്കുവാൻ
അഭ്യാസത്തിന്റെ സാഹായ്യ-
മവശ്യം വേണമന്വഹം.


വേലയ്ക്കായ് വിധി നല്കുന്നൂ-
വെളിച്ചമിയലും പകൽ,
ഇടയ്ക്കു വിശ്രമിച്ചീടാ-
നിരുട്ടുള്ളൊരു രാത്രിയും.


അശുഭാഗമനത്രസ്തു-
ന്നഹസ്സെന്നും തമിസ്രയാം;
ശുഭാപ്തി കാത്തിരിപ്പോനോ -
സൂര്യനുണ്ടതുരാവിലും.


മുറയ്ക്കു ലാക്കിൽ പാഞ്ഞെത്താം-
മുന്നോട്ടേക്കു കുതിക്കുകിൽ;
കൈകെട്ടിനിന്നാൽ നടന്നീടാം;-
കാലം വന്നവഴിക്കുപോം


ആരു കണ്ടൂ? ജയം നമ്മൾ-
ക്കടുത്തനിമിഷം വരാം;
അല്ലെങ്കിലായുരന്തത്തി-
ലാകട്ടേ; ഹാനിയെന്തതിൽ?


തന്നെത്താനുദ്ധരിക്കേണം;-
തന്നെത്താഴ്ത്തരുതാരുമേ;
താൻ തന്നെയാര്‍ക്കും തൻബന്ധു;-
താൻതന്നെ പരിപന്ഥിയും.


ഉത്സാഹം രിപുവാം മിത്ര-
മാലസ്യം മിത്രമാം രിപു;
വിദ്യ നഞ്ഞാകുമമൃതം, -
തൃഷ്ണ, പീയൂഷമാം വിഷം.


ഉണർന്നെഴുന്നേറ്റോജസ്സോ-
ടുദ്യമിക്കുന്നവൻ പുമാൻ;
ശ്വസിക്കുന്ന ശവം മാത്രം-
സ്വപ്നം കണ്ടു കിടപ്പവൻ.


സ്രഷ്ടാവുചെയ്തു തൻ കൃത്യം-
ദേഹം നമ്മൾക്കു നകവേ;
ഉരുളയുരുളയ്ക്കുകൂട്ടാ-
നുഴറുന്നീല തൽകരം.


പൌരുഷം സേചനം ചെയ്തേ-
ഫലിക്കൂ ദൈവമാം ദ്രുമം;
ഒറ്റച്ചക്രക്കറക്കത്തി-
ലോടുന്നീലൊരുവണ്ടിയും.


ദൈവത്തെക്കാത്തിരിക്കാതെ-
തേടണം നാം സമുദ്യമം;
വേലചെയ്യാം നമു,ക്കീശൻ-
വേണമെങ്കിൽ ഫലംതരും.


ഏതുഭാരം വഹിപ്പാൻ നാം-
യത്നിക്കുന്നു യഥാര്‍ത്ഥമായ്,
അബ്ഭാരത്തോടു താങ്ങീടു-
മായിരം ദേവർ നമ്മളെ


ഊതിപ്പറത്താം വിഘ്നങ്ങ,-
ളുൾക്കരുത്തോടുയർന്നിടാം;
ഉത്സാഹിയൊരുനാൾ സ്വാമി-
യൂഴിക്കും ത്രിദിവത്തിനും.