കായത്തിൻ ഭൂഷണം വസ്ത്രം;-
കയത്തിൻ ഭൂഷണം ജലം;
വാനത്തിൻ ഭൂഷണം സൂര്യൻ;-
മനസ്സിൻ ഭൂഷണം ഗുണം.
ഗുണമില്ലാത്ത നടനും-
മണമില്ലാത്ത പുഷ്പവും
തിരക്കുകൂട്ടി നില്ക്കുന്നൂ-
തൃണത്തിൻ കിട നേടുവാൻ.
ദേഹമാമിഗ്ഗൃഹത്തിങ്കൽ -
ചേതസ്സാം സ്വസമ്പുടം
ഗുണരത്നങ്ങൾ സൂക്ഷിപ്പാൻ-
കൂറാര്‍ന്നേകി നമുക്കജൻ
നരൻതൻ സാഹചര്യത്താൽ -
നാനാപക്ഷിമൃഗാദികൾ
ജീവിപ്പീല ഗുണം നേടി?-
ജ്ജന്മനാ ഗുണി താനവൻ.
ഗുണത്തയേവൻ ഹൃത്തിങ്കല്‍-
ക്കുടിവെയ്ക്കാതിരിക്കുമോ,
അവന്നനര്‍ത്ഥബീജങ്ങ-
ളായുർവിത്തബലാദികൾ.
ഗുണത്തിനത്രേ മാഹാത്മ്യം -
കുലത്തിന്നല്ല കേവലം;
പൂവിൻചിലപ്പോൾ കാണ്മീലേ-
പുഴു പോലും ജനിപ്പതായ്?
ഗുണത്തിനത്രേ സൌന്ദര്യം,
കോലത്തിന്നല്ല, നിശ്ചയം;
മെയ്മെഴുപ്പുള്ള പാമ്പിന്റെ -
വേഴ്ചയ്ക്കേ വൻ കൊതിച്ചിടാ?
സൽ ഗുണത്തിന്നുതാൻ മെച്ച,-
സ്ഥാനത്തിന്നല്ല തെല്ലുതേ;
കമ്പത്തിന്മേലിരുന്നാലും-
കാകൻ ഗരുഡനാകമോ?
നേടണം നാം ഗുണംതന്നെ -
നിഷ്‌ഫലം ഗളഗര്‍ജ്ജനം;
കണ്ഠഘണ്ട കൊതിച്ചാരു-
കറവപ്പശു വാങ്ങിടും?
സൽഗുണത്തിൻ മുഖംവെച്ചു-
സഞ്ചരിക്കുന്ന ദുര്‍ഗുണം
ആച്ചര്യകൊണ്ടതിൻ മേന്മ-
യറിയിക്കുന്നതത്ഭുതം
ആത്മാവിൻമുന്നിൽ നാണംകൊ-
കൊണ്ടധോവദനനാകുവോൻ
വാനംമുട്ടെ ഞെളിഞ്ഞാലും-
വാമനൻ; മശകം; കൃമി.
ശ്രദ്ധയെപ്പിൻതുടർന്നീടും -
വിദ്യ; ദാനത്തിനെപ്പുകൾ;
സമുദ്യമത്തെസ്സമ്പത്തു;-
സൽഗുണത്തെ പ്രമോദവും.
തന്നെബ്ഭരിക്കുവാൻ വേണ്ട-
ശക്തിയില്ലാതിരിപ്പവൻ
വാച്യനും ശോച്യനും തന്നെ-
വിസുധാനാഥനാകിലും.
പഞ്ചേന്ദ്രിയങ്ങൾ നമ്മൾക്കു-
പരിചാരകരാകവേ
അവയ്ക്കു ദാസ്യം നാം ചെയ്താൽ -
ഹാസ്യമെന്തതിനപ്പുറം?
കാമം സാധുവിനര്‍ത്ഥത്തിൻ-
കൈങ്കര്യത്തിൽക്കഴിഞ്ഞിടും;
കാൽക്കീഴമര്‍ത്തിടും ധര്‍മ്മം-
കാമാര്‍ത്ഥങ്ങളെ നിത്യവും.
വിത്തമെങ്ങോ കിടക്കട്ടെ;-
വൃത്തത്തെക്കാത്തുകൊള്ളണം;
വിത്തം പോയാൽ വരും വീണ്ടും;
വൃത്തം പോയതു പോയതാം.
മേധ വേണം പഠിച്ചീടാൻ: -
മെയ്ക്കരുത്തടരാടുവാൻ;
അര്‍ത്ഥം ഭോഗം ഭുജിച്ചീടാൻ:-
ആര്‍ക്കും ഗുണികളായിടാം.
ഗുണമാകുന്ന പോർച്ചട്ട-
ഗുണിതൻ മേനി കാത്തിടും;
പാവങ്ങൾക്കഭയം നല്‌കും;
പാഴര്‍ക്കാടൽ വളര്‍ത്തിടും.
ചെവിക്കു ചെവിയായ് ലോകം-
ശ്രവിക്കും ഗുണിതൻ ഗുണം
കാറ്റിൻ വഴിക്കു പാഞ്ഞീടും-
കൈതപ്പൂ മണമെങ്ങുമേ.
മറ്റുള്ള നേട്ടം യാതൊന്നു -
മരിച്ചാൽക്കൂടൊന്നിടാ;
വാരുററ സൽഗുണം മാത്രം-
വാസനാരൂപമായ് വരും.