പൂര്‍ണ്ണകാരുണ്യനാമീശൻ-
പുരുഷാർത്ഥങ്ങൾ നേടുവാൻ
നമുക്കീ വിഗ്രഹം നൽകീ-
നാനാവയവശോഭനം.
പ്രപഞ്ചശില്പകാരൻ തൻ-
പ്രകൃഷ്ടകരകൗശലം
പ്രത്യങ്‌ഗം പ്രകടിപ്പിപ്പാൻ-
പ്രഭാവം പൂണ്ടതിത്തനു.
ആത്മാവാം സാര്‍വ്വഭൌമൻതൻ-
ഹര്‍മ്മ്യം മാനവമാനസം;
ഇന്ദ്രിയങ്ങൾ പടുത്വത്തോ-
ടിസ്സൗധം കാത്തിടും ഭടർ.
ഏകബന്ധു നമുക്കെന്നു-
മി'ദ്ദേഹം'ലോകയാത്രയിൽ;
ഇതിൻ സുസ്ഥിതിയൊന്നിൽത്താ-
നിരിപ്പൂ സര്‍വസിദ്ധിയും.
എത്രയ്ക്കെത്രയ്ക്കു സൂക്ഷിക്കു-
മിതു നാം നിധിപോലവേ,
അത്രയ്ക്കത്രയ്ക്കു വർദ്ധിക്കു-
മായുമാരോഗ്യവൈഭവം.
മര്‍ത്ത്യര്‍ക്കിക്കായമാവോളം-
വ്യായാമത്താൽ പുലർത്തിടാം;
തുരുപ്പിടിച്ച യന്ത്രം താൻ-
ദുര്‍മ്മേദസ്സുള്ള വിഗ്രഹം.
ആക്രമിപ്പതിനാഞ്ഞെത്തു-
മാമയാണുക്കളാകവേ
മരിച്ചുപോകും വീഴുമ്പോൾ-
വ്യായാമസ്വേദവാരിയിൽ.
തന്റെ സര്‍വസ്വവും നൽകം-
സമ്രാട്ടാരോഗ്യമാര്‍ന്നിടാൻ;
തന്നാരോഗ്യം കൊടുക്കില്ല-
സമ്രാട്ടാവാൻ ദരിദ്രനും.
ശരീരസുഖമുള്ളോനു-
സന്തോഷം സർവദുഃഖവും;
ദീനപ്പായിൽ കിടപ്പോനു -
തിക്തകം ജീവനാഥയും.
മിതഭോഗത്തിൽ നിഷ്കര്‍ഷ, -
മൃദുവാകും മനഃസ്ഥിതി;
സൽകർമ്മരതിയിമ്മൂന്നും-
സര്‍വര്‍ക്കും സെഖ്യദായകം.
'തനിക്കു മാത്രമായല്ലി-
ദ്ധാത്രി നിമ്മിച്ചതീശ്വരൻ';
എന്ന തത്ത്വം ഗ്രഹിച്ചീടി-
ലേവനും മിതഭോഗിയാം.
പണ്ടേ ചപലമാം ചിത്തം-
പാനത്താൽ ഭ്രാന്തമാക്കൊലാ;
ഏറും കുരങ്ങിന്നേവൻ താ-
നേണിവെച്ചു കൊടുത്തിടും ?
മദ്യത്താൽ മത്തനാം മര്‍ത്ത്യൻ-
മത്തിനാൽ പ്പാപിയായിടും;
പാപത്താൽ നരകം പൂകം;-
പാനം സര്‍വവിപൽപ്രദം.
ഉഷസ്സിൽക്കോഴി പൊന്തിക്കു-
മോമൽശംഖൊലി കേൾക്കിലേ
പുണ്യം പ്രതിദിനം നേടൂ-
പുമാൻ തൻ ശ്രവണേന്ദ്രിയം.
കാലത്തുര്‍ണന്നു സൂയ്യന്റെ-
കതിർപ്പൊന്നലയാഴിയിൽ
മുങ്ങിക്കളിച്ചിടുന്നീലേ-
മുറയ്ക്കെന്നെന്നുമിക്ഷിതി?
ഉത്ഥാനം ചെയ്യണം നാമു-
മുഷ്ണരശ്മിയൊടൊപ്പമായ്;
പാലിച്ചുകൊൾകയും വേണം
പങ്കം പറ്റാതെ നമ്മളേ.
കേരളാംബ വിശുദ്ധിക്കു-
കേളികേട്ട നിതംബിനി;
അദ്ദേവിതന്നപത്യങ്ങൾ-
ക്കശുചിത്വം നിരക്കുമോ?
വര്‍ഷത്തിൽ വിധി രണ്ടൂഴം-
വര്‍ഷാകാലത്തെ നല്കവേ
എങ്ങില്ല തെളിനീർ നമ്മൾ-
ക്കെന്നും നിര്‍മ്മലമാകുവാൻ?
അശുചിത്വം പെടാത്തോർ താ-
നരോഗദൃഢവിഗ്രഹർ,
സൽസങ്ഗമത്തിനർഹന്മാർ -
സര്‍വക്കും പ്രിയദർശനർ.
ദേഹം, വസന, മാഹാരം, -
ഗേഹം തൊട്ടുള്ളതൊക്കെയും
മാലിന്യമറ്റിരിപ്പോര്‍ക്കേ-
മനസ്സും ശുദ്ധി വന്നിടൂ.