Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / ഈശ്വരപ്രാര്‍ത്ഥന ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഈശ്വരപ്രാര്‍ത്ഥന

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഗോപികാഗീതരീതി


കരുണ വേണമേ-കൃഷ്ണ, കൃഷ്ണ!
കഞ്ജലോചന!


കഴൽ തൊഴാം തൊഴാം-കൃഷ്ണ, കൃഷ്ണ!
കംസനാശന!


പതിതപാവന!-കൃഷ്ണ, കൃഷ്ണ!
പാപമോചന!


കൃതസുരാവന!-കൃഷ്ണ, കൃഷ്ണ!
കീർത്തിഭാജന!


മദനമോഹന!-കൃഷ്ണ, കൃഷ്ണ!
മഞ്ജുഭാഷണ!


പതഗവാഹന!-കൃഷ്ണ, കൃഷ്ണ!
പങ്കജാനന!


ജിതപിതാമഹ!-കൃഷ്ണ, കൃഷ്ണ!
ജിഷ്ണുബാന്ധവ!


ശ്രിതശുഭാവഹ!-കൃഷ്ണ, കൃഷ്ണ!
സിന്ധു ജാധവ!


സകലനായക!-കൃഷ്ണ, കൃഷ്ണ!
ശര്‍മ്മദായക!


ശമവിധായക!-കൃഷ്ണ, കൃഷ്ണ!
സത്യഗായക!


നിഗമസംസ്തുത!-കൃഷ്ണ, കൃഷ്ണ!
നിര്‍ജ്ജരപ്രിയ!


സിഖിലസമ്മത!-കൃഷ്ണ, കൃഷ്ണ!
നിസ്തുഷക്രിയ!


മുദിരവിഗ്രഹ!-കൃഷ്ണ, കൃഷ്ണ!
മുഗ്ധദുർഗ്രഹ!


മുനിമനഃസ്ഥിത!-കൃഷ്ണ, കൃഷ്ണ!
മുക്തിസൌഖ്യദ!


വ്രജവിഹാരിണേ-തുഭ്യം നമോ-
വൃഷ്ണിമോദിനേ!


വൃജിനവൈരിണേ-തുഭ്യം നമോ-
വേണുവാദിനേ!


ഭുജഗശായിനേ-തുഭ്യം നമോ-
ഭൂതിദായിനേ!


ദഹനപായിനേ-തുഭ്യം നമോ-
ദേവ! മായിനേ!


ഭവനമാകണേ! മച്ചിത്തമാം
ബംഭരത്തിനും


ഭവഭയാപഹം- ഭാവൽകമാം
പാദപങ്കജം!


കരുണവേണമേ- കൃഷ്ണ, കൃഷ്ണ!
കഞ്ജലോചന!


കഴൽ തൊഴാം തൊഴാം-കൃഷ്ണ, കൃഷ്ണ!
കംസനാശന!