Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / മാനവിക്രമവിജയം
Author: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

മാനവിക്രമവിജയം

ഒന്നാമങ്കം (01-05)

 

ഒന്നാമങ്കം (06-10)

 

-06-


സാമൂരിപ്പാടു്:-കൊടുങ്ങല്ലൂർക്കോവിലിന്റെ മറുപടി-

മങ്ങാടൻ:-ഇന്നു കിട്ടിയിരിക്കുന്നു.

സാമൂരിപ്പാട്:-കേൾക്കട്ടേ.

മങ്ങാടൻ:-(വായിക്കുന്നു ) "നമ്മുടെ മങ്ങാടനെന്നാൽ, സാമൂരി സമ്മാനമായിത്തന്നിട്ടുള്ള മുചുകുന്ദംക്ഷേത്രവും മുക്കാതം ഭൂമിയും സ്ത്രീധനമെന്നനിലയിൽ സന്തോഷത്തോടെ നാം സ്വീകരിച്ചു. ഇവിടെ മുന്നാംകൂറായ രവിവർമ്മനെന്ന ഉണ്ണിയെ തൽക്കാലം അങ്ങോട്ടയയ്ക്കയും ചെയ്തിട്ടുണ്ടു്. ആയതുകൂടാതെ ഒരു യുദ്ധത്തിൽ മടങ്ങി എന്നുവെച്ചു, സ്വന്തം നാട്ടുകാരേയും ഉപേക്ഷിച്ച്, സ്വദേശം വിടുന്നതിന്നോ കുടുംബത്തേ അങ്ങോട്ടു മാറ്റിത്താമസിപ്പിക്കുന്നതിനോ നമുക്കു മനസ്സുവരുന്നില്ല. എന്നാൽ, കൊല്ലം 922 കന്നി ഞായറിൽ 17-ാം൲- നാരായണരാമവർമ്മൻ”. (ഒപ്പ്)

സാമൂരിപ്പാട്:-ശരി, കാര്യം ഞാൻ ആലോപിച്ചതു പോലെ തന്നെ. എന്നാൽ,

സഞ്ജാതസൌഹൃദമുടൻ കടൽമാർഗ്ഗമായി
ക്കുഞ്ഞായനാകിയ കുരുക്കളുമൊത്തുതന്നെ
നെഞ്ഞൂക്കുകൂടിയവർനല്ലചെറുപ്പമായു
ള്ളഞ്ഞൂറുമാപ്പളകളിന്നവിടേക്കു പോട്ടേ.


എന്താ അങ്ങിനെതന്നെയല്ലേ?

മങ്ങാടൻ:-എറാൻ. അടിയൻ ആ കുരുക്കൾക്കു കുറിയയച്ചിട്ടുണ്ടു്.

സാമൂരിപ്പാട്:-ഇനി നമുക്കു മുറയ്ക്കും യത്നം

-07-


ദേശം, കാലം, ബലം, നൽഗുണമഗുണ
മുപായക്രമം, തൽ പ്രയോഗാ-
ദേശങ്കൊണ്ടിട്ടുകിട്ടുംഫലനില, യതിലേ
ക്കുള്ള ദൈവാനുകൂല്യം,
ലേശംതെറ്റാതിതെല്ലാമൊരുനരപതിയും
മന്ത്രിയുംകണ്ടുകാര്യാ
വേശന്തേടുന്നതായാൽ, വരുവതറിയുവാൻ
ദിവ്യചക്ഷുസ്സു വേണ്ടാ.


എന്നല്ലേ നീതിശാസ്ത്രം?

മങ്ങാടൻ:-എറാൻ. എന്നാൽ,

മുന്നയമെഴുമെതിർപദിതി-
ജോന്നതതനുചീന്തുമുഗ്രനരസിംഹം
തന്നുടെവാഴ്ചകഴിച്ചി
ട്ടെന്നുകുരിക്കാട്ടിൽവെച്ചു തീപ്പെട്ടൂ


അന്നുമുതൽ അടിയൻ ഇതിനേപ്പറ്റി ചിലതൊക്കെ ആലോചിച്ചു തുടങ്ങീട്ടുണ്ടു്.

സാമൂരിപ്പാടു്:-കൊള്ളാം. തനിക്കെന്റെ ഹൃദയമറിയാം.

-08-


മങ്ങാടൻ:-അതിന്റെ ശേഷമാണു ഏറാൾപ്പാട് തമ്പുരാൻ ആ അട്ടപ്പാടി മലയുടെ കാര്യത്തിൽ ചില സ്വാതന്ത്ര്യങ്ങൾ കാണിച്ചതും, ഇവിടുന്നും അതിനു തടുത്തു് തിരുവെഴുത്തയച്ചതും, അവിടുന്നെതൃത്തതും, കുറച്ചു ചില കയ്യേററങ്ങളുണ്ടായതും, ഇവിടെ ജയിച്ചതും. ,

സാമൂരിപ്പാട്:-ആഃ ഏതെങ്കിലും,

അന്തച്ഛിദ്രമതത്രേ
സന്തതമഹി ഭയമതോ നരേന്ദ്രന്മാർ
മന്ത്രങ്കൊണ്ടേറ്റും മറു-
മന്ത്രം തിരിയാത്തവര്‍ക്കു വൈഷമ്യം.


ആട്ടെ. അതിൽ എളംകൂറിനു വെള്ളൂക്കനാരി സഹായിക്കുമോ? എന്തുതോന്നുന്നു ?

മങ്ങാടൻ:-സംശയമുണ്ടോ? ഏറാൾപ്പാടിലെ അപേക്ഷ കൂടാതെതന്നെ അവിടുന്നു സഹായിക്കാമെന്നായിട്ടിങ്ങോട്ടാളെ അയച്ചുകഴിഞ്ഞിരിക്കുന്നു.

സാമൂരിപ്പാടു്:-ആട്ടെ, അതങ്ങിനെയിരിക്കട്ടെ. പിന്നെ,-

(അണിയറയിൽ)

-09-


ഫേ! ശുപ്പായി! സാമൂരിയെവിടെ- ഇനിക്കൊരു സങ്കടം പറയാനുണ്ടായിരുന്നല്ലൊ.

മങ്ങാടൻ:-(കേട്ടുനോക്കീട്ട്) ആഃ നമ്മുടെ കുന്നത്തുനമ്പൂരിയാണിതു്. (ചിരിച്ചുകൊണ്ട്) നല്ല വരവു്!

കട്ടിക്കഷണ്ടികഴുനെറ്റി കനത്തമൂക്കു
വഡ്ഡിക്കുമേൽവളുസമിട്ടു വളച്ചവസ്ത്രം
കെട്ടിപ്പൊതിഞ്ഞ പൊതികയ്യിലൊരെണ്ണമെന്നീ
മട്ടിൽപ്പതുക്കനെയിതാ വിരുതൻ വരുന്നു.


(എണീക്കുന്നു.)

കുന്നത്തുനമ്പൂരി:-(പ്രവേശിച്ചിട്ട്) ഇതാ സാമൂരി. അടുത്തു ചെല്ലുക തന്നെ. (ചുറ്റിനടക്കുന്നു.)

സാമൂരിപ്പാടു്:-(എണീറ്റുങ്കൊണ്ട്) ആ, കുന്നം ഇവിടെ ഇരിക്കു.

കുന്നത്തുനമ്പൂരി:-ഇവിടുന്നിരിക്കുകതന്നെ. ഞാനിതാ ഇരുന്നു. (ഇരുന്നു ദീർഘശ്വാസമിട്ട്) വാക്കലഹം വളരെ ചീത്തതന്നെ. അതല്ലേ എനിക്കു ദുർഘടമൊക്കെപ്പറ്റിയതു്.

സാമൂരിപ്പാടു്:-മങ്ങാടനുമിരിക്കാം.

മങ്ങാടൻ:-(ഇരുന്നു ചിരിച്ചുകൊണ്ടു്) ഇവിടെന്തായെന്താ സങ്കടം?

-10-


കുന്നത്തുനമ്പൂരി -

കൂറിനാലിഹഗുണാഗുണങ്ങളെ-
ക്കൂറിടാതെനിലവിട്ടുവാക്കിനൽ
ആരണഞ്ഞിടിലുമേറെറതൃത്തിടു-
ന്നാരണര്‍ക്കുപിണയുന്നുസങ്കടം.


സാമൂരിപ്പാടു്:-ആട്ടെ പറയൂ. എന്താണെന്നു കേള്‍ക്കട്ടെ.

കുന്നത്തുനമ്പൂരി:-അതോ, പായാം. ഞാൻ ഈയ്യിടെ തൃശ്ശിവപേരൂര്‍ക്കു് പോയിരുന്നു.

സാമൂരിപ്പാടു്:-(വിചാരം) എന്താണാവോ ജാതിയാൻ കൊണ്ടുവരുന്നത്: (സ്പഷ്ടം) ആഹാ!

കുന്നത്തുനമ്പൂരി:-അവിടെ ബ്രഹ്മസ്വം മഠത്തിൽ ഒരു വാരത്തിനു ആ യോഗ്യരെന്നെ ക്ഷണിച്ചു. വാരം പിഴയാതെ കഴിഞ്ഞു. സദ്യ വളരെ നന്നായി. പാൽപ്രഥമൻ -

മങ്ങാടൻ:-അതു വിസ്തരിക്കണ്ട. കാര്യം പറയൂ.

കുന്നത്തുനമ്പൂരി:-അഷ്ടികഴിഞ്ഞു ഞങ്ങളെല്ലാവരും മുറുക്കിക്കൊണ്ടിരിക്കുമ്പോൾ കൊച്ചിരാജാവോ സാമൂരിയോ അധികം യോഗ്യൻ എന്നൊരു ചോദ്യം ഒരു വിദ്വാൻ എടുത്തിട്ടു. ഓരോരുത്തർ അവരവരുടെ അഭിപ്രായം പറഞ്ഞുതുടങ്ങി. ഞാൻ ഒന്നും മിണ്ടാതിരുന്നതേയുള്ളു. അപ്പോൾ ഒരു വിദ്വാൻ 'കുന്നത്തിന്റെ പക്ഷമെന്താ' എന്നായി. ഞാൻ -

രണ്ടുപേരുമൊരുപോലെ യോഗ്യരാ-
ണുണ്ടു പേരിനു പുകള്‍ച്ചയും സമം
കണ്ടു ചെയ്യുമൊരു നീതികൗശലം
കൊണ്ടു ചെറ്റുരസുമെന്നു മന്മതം.


എന്നു തഞ്ചത്തിൽ പറഞ്ഞു നിന്നു. അപ്പോൾ നെടുമ്പുരയ്ക്കൽ കരിപ്പാല മഹൻ മുസ്സ്,

 

ഒന്നാമങ്കം (11-15)

 

-11-


ധര്‍മ്മംപ്രജാരഞ്ജന നീതിശാസ്ത്ര-
കര്‍മ്മപ്രയോഗം പ്രഭുശക്തിബുദ്ധി
തമ്മിൽതിരക്കേണ്ടിവകൊണ്ടുകീഴാ
ണിമ്മിക്കു സാമൂതിരി ജാതികൊണ്ടും.


എന്നു കടന്നു തര്‍ക്കിച്ചു.

മങ്ങാടൻ:-അപ്പോൾ ഇവിടുന്നെന്തു പറഞ്ഞു?

കുന്നത്തുനമ്പൂരി:-എനിക്കെന്നു മാത്രമല്ല, ആ യോഗത്തിനടച്ചു ഇതൊരു കുത്താണെന്നു തോന്നി.

മങ്ങാടൻ:-ഇവിടുന്നു തിരുന്നാവായ യോഗമല്ലല്ലോ; തൃശ്ശിവപേരൂരു യോഗമല്ലേ?

സാമൂരിപ്പാടു്:-(ചിരിച്ചുംകൊണ്ട്) അങ്ങിനെവെക്കണ്ട. തൃശ്ശിവപേരൂരു യോഗത്തിൽ കണ്ണന്നൂർക്കാരും തിരുന്നാവായ യോഗത്തിൽ മൂര്‍ക്കാട്ടുകാരും ചേര്‍ന്നു നില്ക്കുന്നതു് ഏറാടു പെരുമ്പടപ്പു രാജാക്കന്മാരുടെ ചാരപുരുഷന്മാരായിട്ടാണെന്നു പ്രസിദ്ധമല്ലേ? ആട്ടെ, എന്നിട്ടോ?

കുന്നത്തുനമ്പൂരി:-എന്നിട്ട് ജാതിയെപ്പറ്റിപ്പറഞ്ഞതു പിടിച്ച് ഞാൻ,

ജാതിയെന്തിനിവിടെപ്പറഞ്ഞതി-
ജ്ജാതിവാദവിധിപന്തിയല്ലെടോ;
ഏതിനും ഗിരിപയോധിപാലനിൽ
പ്പാതിമാടനൃപനില്ലപാടവം.


എന്നെതിർത്തു പറഞ്ഞു. എന്തിനധികം വിസ്തരിക്കുന്നു? വളരെനേരം വാദം നടന്നു. അധികമാളുകൾ ആയാളുടെ ഭാഗം ചാഞ്ഞുനിന്നു. എനിക്കു വാശികൂടി. ഒടുക്കം ഞാൻ പൂണൂലുപിടിച്ചൊരു സത്യംകൊടുത്തു.

സാമൂരിപ്പാട്:-(ചിരിച്ചുംകൊണ്ട്) എന്താണതു്. കേൾക്കട്ടേ.

-12-


കുന്നത്തുനമ്പൂരി:-അതും പറയാം.

കൂടക്കൂടെയുറക്കെയൊച്ചയിടുമാ-
റെന്തിന്നുതര്‍ക്കിപ്പതീ
മാടക്ഷോണിപനിന്നിരുന്നുപുലരും
വെണ്മാടമീക്കാണ്മതിൽ
കേടൊക്കാതൊരുമണ്ഡലത്തിനകമേ
ശൈലാബ്ധിനാഥന്റെകാല്‍-
പ്പാടേല്ക്കാതെയിരിക്കിലന്നുമുതലീ-
പ്പൂണൂലിടുന്നില്ല ഞാൻ.


എന്നാണ് സത്യം. മഹാസാഹസമായിപ്പോയി. പിന്നെ ഞാനാലോചിച്ചുനോക്കിയതിൽ ഈ കാര്യ അസാധ്യംതന്നെ എന്നു തോന്നി. എന്തുചെയ്യാം? സത്യം ചെയ്തുപോയില്ലേ? അന്നത്തെ രാത്രി ഒട്ടും ഉറക്കം വന്നില്ല. ഒടുക്കം ഒരു നല്ല ഉപായം കിട്ടി. ബഹു എളുപ്പം.

സാമൂരിപ്പാടു്:-എന്താണ് ആ ഉപായം?

മങ്ങാടൻ:-എന്താ നമ്പൂരി പൊതിയഴിക്കുന്നതു്?

കുന്നത്തുനമ്പൂരി:-(പൊതിയഴിച്ചിട്ട്) ഇതാ നോക്കു, രണ്ടു മാറോട്ട്. ഇവിടുന്നിതിന്മേലൊന്നു ചവിട്ടിത്തന്നാൽ സന്തോഷം.

സാമൂരിപ്പാട്:-(ചിരിച്ചുംകൊണ്ട്) എന്തിനാണതു്?

-13-


കുന്നത്തുനമ്പൂരി:-ഇതു തൃശ്ശിവപേരൂരുള്ളതാണു്. കൊച്ചിരാജാവിന്റെ ആ വെണ്മാടത്തിന്മേലെ ഓടാണു്. ഇതിന്മേൽ ഇവിടത്തെ കാലേറ്റാൽ എന്റെ സത്യം ഒരു വിധം പിഴയ്ക്കാതെ കഴിഞ്ഞു.

മങ്ങാടൻ:-(വിചാരം) ഇതു രണ്ടാമതൊരുദ്ദീപനം.

കുന്നത്തുനമ്പൂരി:-ഒരു ചവിട്ട്. ഇവിടെക്കെന്താ നഷ്ടം?

സാമൂരിപ്പാട്:-(ആലോചിച്ചിട്ട്) വരട്ടെ, പരിഭ്രമിക്കാതിരിക്കു. ഒരു മണ്ഡലം അവധിയുണ്ടല്ലോ, ഇല്ലേ?

കുന്നത്തുനമ്പൂരി:-പരിഭ്രമമൊന്നുമില്ല. എന്റെ സത്യം പിഴയ്ക്കരുതെന്നു മാത്രമേയുള്ളു.

മങ്ങാടൻ:-എന്നാൽ, ഒരു മാസത്തേക്കു തിരുമനസ്സിലേക്കെങ്ങോട്ടെങ്കിലുമെഴുന്നെള്ളാം. (സ്വകാര്യയിട്ട്) ഒരിക്കൽക്കൂടി അടിയനെ കണ്ടിട്ടല്ലേ എഴുന്നള്ളുകയുള്ളൂ.

കുന്നത്തുനമ്പൂരി:-അത്രേയുള്ളൂ. (സ്പഷ്ടം) കളിച്ചു വല്ലതും ഭക്ഷണം കഴിച്ചിട്ടിന്നുതന്നെ പോയെങ്കിലോ എന്നു ഞാൻ വിചാരിക്കുന്നു.

സാമൂരിപ്പാടു്:-ഇഷ്ടംപോലെയാവാം. എന്നാലങ്ങിനെയാട്ടെ.

കുന്നത്തുനമ്പൂരി:-എന്നാൽ പിന്നെ കാണാം. (പോയി)

സാമൂരിപ്പാട്:-(ആലോചിച്ചിട്ടു്) കൊച്ചിയിൽ വലിയരാജാവു കൊച്ചിയിലും, ഇളയരാജാവു തൃശ്ശിവ പേരൂരും. അങ്ങിനെയല്ലേ?

മങ്ങാടൻ:-എറാൻ. ഇപ്പോളങ്ങിനെയാണു്.

-14-


സാമൂരിപ്പാടു്:-

പ്രായേണരാജപരിവാരജനങ്ങൾമുഢ-
രായേവരുള്ളുബഹുഡാംഭികരായിരിക്കും
ഈയുറ്റസേവകർപറഞ്ഞവഴിക്കുഭൂപർ
ചായുന്നതിന്നുമിടയാമിടയാനെളുപ്പം.


മങ്ങാടൻ:-എറാൻ. അത്രതന്നെ പോരാ.

ചെറുതായിടുമപ്രിയത്തെയുള്ളിൽ
കരുതാതൊന്നു പിഴച്ചു ചെയ്തുപോയാൽ
പെരുതാക്കിയിവറ്റയേറ്റമോതാ-
നരുതാത്ത സ്ഥിതിയാക്കുമൂഴിപങ്കൽ.


ഇതു രാജപരിജനത്തിന്റെ ഒരു ദോഷമാണങ്കിലും, ഇക്കാലത്തു സ്വഭാവമെന്നല്ല, പ്രഭാവംതന്നെയായിത്തീർന്നിരിക്കുന്നു. അതുകൊണ്ടു്, ഇഷ്ടമ്പോലെ ദൂരെ പിരിഞ്ഞെഴുന്നള്ളിത്താമസിക്കുന്ന വലിയതമ്പുരാനും ഇളയതമ്പുരാനും ഈ വഴിക്കു തമ്മിൽ തെറ്റുന്നതിന്നെളുപ്പമുണ്ടെന്നായിരിക്കാം ഇവിടത്തെ തിരുമനസ്സിൽ വിചാരം. പക്ഷേ,

-15-


പാലിയത്തുവലിയച്ചനെന്നൊരാ-
വേലിയുൾവഴി നിരന്നുനില്ക്കവേ
നാലിടത്തുമടവാണൊരാൾക്കതിൽ
കാലിടാൻ പഴുതുകിട്ടിടാദൃഢം.


സാമൂരിപ്പാടു്:-ശരി. എന്നാൽ ആ മഹാൻ, മനസ്സിന്റെ അസ്വാസ്ഥ്യം നിമിത്തം രാമേശ്വരത്തേക്കു പോയിരിക്കുന്നു എന്നും, ആയിടയ്ക്കാണു ചെറുപ്പങ്കൊണ്ടു് തള്ളലുള്ള ചെറിയച്ചന്റെ ആലോചനയിൽ ചേര്‍ന്നു കൊച്ചിരാജാവു കൊടുങ്ങല്ലൂർ പിടിച്ചതെന്നും അല്ലേ കേട്ടതു്? അതുകൊണ്ടു് ഒരു സമയം ഇതും ഫലിച്ചു എന്നു വരാം. പിന്നെ ഇടയ്ക്കായാൾ വന്നാലും പിടി കിട്ടാതെയാവും. എന്താ അങ്ങിനെയല്ലെ?

മങ്ങാടൻ:-(ചിരിച്ചുങ്കൊണ്ടു്) എറാൻ.

(അണിയറയിൽ പെരുമ്പറ)

മങ്ങാടൻ:-ഓ, നേരം-

പ്രതാപംകൂടീടുംരവിവിരവിൽനട്ടുച്ചയിലിതാ
നിതാന്തംമിന്നുന്നൂ കുളുർമതിയെയോര്‍ക്കാത്തനിലയിൽ
ഇതാകാലംനോക്കിക്കമലരസവും നേടിവഴിയോര്‍-
പ്പതാണിപ്പോൾക്കൂമ്പും കുമുദപുടഭേദത്തിൽമധുപൻ.


സാമൂരിപ്പാടു്:-ശകുനം നന്നായി. നേരം മദ്ധ്യാഹ്നമായതറിഞ്ഞില്ല. ആട്ടെ, ഇനിപ്പിന്നെയാകട്ടെ.

(എല്ലാവരും പോയി.)

ഒന്നാമങ്കം കഴിഞ്ഞു

 

രണ്ടാമങ്കം (16-20)

 

-16-


രണ്ടാമങ്കം


(അനന്തരം കാത്തുനില്ക്കുന്ന ശിപായി പ്രവേശിക്കുന്നു.)

ശിപായി:-ആരാണീച്ചുമടുംകൊണ്ടു കോവിലകത്തിനകത്തു വന്നു കേറുന്നതു്? നിക്കൂ അവിടെ (ചുറ്റി നടന്നു നോക്കീട്ട്) അല്ലാ തിരുമനസ്സുകൊണ്ടോ! അടിയനറിഞ്ഞില്ലേ!

കുന്നം:-(ചുമടുമായി പ്രവേശിച്ചിട്ടു്) ആട്ടേ, അതുകൊണ്ടൊന്നുമില്ല. ഇതു ഞാനിവിടെയൊന്നിറക്കിവെക്കട്ടേ. നാളെ വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളാം.

ശിപായി:-ഓഹോ, ആരും തൊടില്ല. (പോയി)

കുന്നത്തുനമ്പൂരി:-നേരം സന്ധ്യയായി. ഇതാ ഇപ്പോൾ-

ക്ഷിപ്രം മേഘംചുമപ്പിച്ചൊരു കിരണഗണം
താനശേഷം ചുരുക്കീ-
ട്ടിപ്രത്യഗ്രാരുണാംഗൻ കടലിലിനനണ-
ഞ്ഞന്തി മുങ്ങുമ്പൊഴേക്കും
വിപ്രന്മാരും കുളിച്ചൂപ്പതിനിഹ ചിറവ-
ക്കത്തു കൂടുന്നുവെന്ന-
ല്ലപ്രത്യക്ഷങ്ങൾ താരാളികളവിടവിടെ
പ്രൌഢി കാട്ടാറുമായീ.


അത്രതന്നെയല്ലാ,

-17-


സ്വൈരം മുങ്ങിക്കുളിച്ചങ്ങിനെ തലമുടി ചി-
ക്കീട്ടു തുമ്പത്തുകെട്ടീ-
ട്ടീറൻവേഷത്തോടുംചേര്‍ന്നബലകളലര-
മ്പന്നു ജീവൻകൊടുപ്പാൻ,
നേരം വൈകാതെ സാക്ഷാൽ മദനമഥനനേ-
തൃപ്പൊകക്കങ്ങുകൂപ്പാ-
നാരംഭിച്ചാദരത്തോടിവിടെ മതിലക-
ത്തേക്കു പോയിത്തുടങ്ങീ.


ഞാനും കുളിച്ചത്തു വടക്കുന്നാഥന്റെ തൃപ്പൊക സേവിച്ചിട്ടേ എളയരാജാവിനെക്കാണുന്നുള്ളു. സാപ്പാടിനൊപ്പമെത്തിയാലായി. അത്രതന്നെ. (കിഴക്കോട്ടു നോക്കീട്ട്) ഇനി ഇരുട്ടിനേയും ഭയപ്പെടാനില്ല. ഇതാ ഇതാ,

ദ്വിജാധിരാജൻ ബത പൂർവ്വദിക്കിൽ
പ്രജാപതിച്ചൊല്പടി വന്നുചേർന്നൂ
പ്രജാഗരംചെയ്തുമമാന്തമെന്യേ
നിജാധികാരത്തെ നടത്തുമിപ്പോൾ.


(പോയി.)

വിഷ്കംഭം കഴിഞ്ഞു

-18-


അനന്തരം നിലാമിറ്റത്തിരുന്നുകൊണ്ട് എളയതമ്പുരാനും കല്ലൂരു നമ്പൂരിപ്പാടും പ്രവേശിക്കുന്നു.]

കല്ലൂരുനമ്പൂരി:-അങ്ങിനെയാണെങ്കിൽ ഇവിടുന്നെന്തേ ഒന്നും മിണ്ടാതിരുന്നതു്?

എളയതമ്പുരാൻ:-ഞാൻ മിണ്ടാതിരുന്നില്ല. ചെയ്യേണ്ടതു ചെയ്തു.

"ശൌര്യങ്കൊണ്ടുരണംജയിച്ചിഹ
കൊടുങ്ങല്ലൂരടക്കീടിലും
കാര്യം ദുർഘടമാണു പിന്നെയവിടെ-
സ്സാമൂരി പിന്താങ്ങുമേ
ആര്യൻ നമ്മുടെ പാലിയത്തു വലിയ-
ച്ചൻ ദൂരെയാണിപ്പൊഴീ
സ്ഥൈര്യം സാഹസമാണുതാൻ വിവരമാ-
യമ്മാമനോടോതണം."


എന്നു ഞാൻ ചെറിയ മേനോനു ശരിയായെഴുതിയിരുന്നു.

കല്ലൂരുനമ്പൂരി:-എന്നാൽപ്പിന്നെയെന്താണവിടെയങ്ങിനെ ചെയ്തതു്?

എളയതമ്പുരാൻ:-ആവോ? ഞാൻ പറഞ്ഞതുകൊണ്ടു അവിടയ്ക്കത്ര പിടിച്ചില്ലായിരിക്കാം.

കല്ലൂരുനമ്പൂരി:-എന്താ 'ഞാൻ പറഞ്ഞതുകൊണ്ടു' എന്നു പറഞ്ഞതു്?

എളയതമ്പുരാൻ:-അതോ, അവിടുന്നെന്നേ അത്ര വക വെച്ചിട്ടില്ല. ഞാൻ ചാഴൂർ കോവിലകത്തെയല്ലേ? അവിടുത്തെ വടക്കേക്കോവിലകത്തുന്നല്ലേ ദത്തെടുത്തിട്ടുള്ളതു്?

-19-


കല്ലൂരുനമ്പൂരി:-ഛെ! ഇവിടുന്നെന്താണീച്ചാപല്യം പറയുന്നതു്?

എളയതമ്പുരാൻ:- ചാപല്യമല്ല, വാസ്തവമാണു്. അവിടയ്ക്കും രാജ്യാവകാശന്തന്നെ ദത്താണെങ്കിലും ഇപ്പൊ തെക്കേക്കോവിലകത്തേക്കുമാത്രമാക്കെണമെന്നും, ചാഴൂർ കോവിലകത്തുകാരും ശേഷമുള്ള വടക്കേക്കോവിലകത്തുകാരും കേവലം സ്വത്തിന്നവകാശമില്ലാത്ത പുലക്കാർ മാത്രമെന്നാക്കിവെക്കേണമെന്നുമാണാഗ്രഹം. ഇതു നമ്പൂരി ധരിച്ചിട്ടില്ലെന്നുണ്ടോ?

കല്ലൂരു നമ്പൂരി:- ഞാൻ ധരിച്ചിട്ടുമില്ല. അവിടയ്ക്കങ്ങിനെ വിചാരവുമില്ല.

എളയതമ്പുരാൻ:-അതു നമ്പൂരിയുടെ ശുദ്ധതകൊണ്ടു തോന്നുന്നതാണു്. അവിടുന്നാളാരാണെന്നോ?

കല്ലൂരു നമ്പൂരി:-എനിക്കിവിടുത്തെ ഈ ദുശ്ശങ്കയൊന്നും ബോധിക്കുന്നില്ലേ?

എളയതമ്പുരാൻ:-ഹും ദുശ്ശങ്ക! ഒരു കാര്യമുണ്ടായതു പറയാം. ഞാൻ തിരുനെല്ലിയിൽ പിണ്ഡംവെപ്പാൻ പോകേണ്ടതിലേക്കു കുറച്ചു ദ്രവ്യമാവശ്യപ്പെട്ടു. അതിന്നു്-

മാലോകര്‍ക്കൊരു കാവലെന്നനിലയാ-
ണീയുള്ളവര്‍ക്കുള്ളതെ
ന്നാലോ, നാട്ടിലെ നന്മതിന്മകളിൽവെ-
ച്ചാറാലൊരംശംഫലം
ആലോചിക്കിലതാവകയ്ക്കു ചിലവാ-
ണല്ലാതെമാറിദ്ധരി
ച്ചാലോ, തെക്കുവടക്കു യാത്രയിൽ മുടി-
പ്പാനെങ്ങു പിന്നെദ്ധനം.


എന്നായിരുന്നു മറുപടി.

-20-


കല്ലരുനമ്പൂരി:-അതവിടുന്നു പറഞ്ഞതു ന്യായമല്ലേ?

മറ്റുള്ളവര്‍ക്കുശരിതോന്നിയ തീര്‍ത്ഥയാത്ര
പറ്റുന്നതോ നൃപതികൾക്കവർ നാട്ടുകാരെ
ചുറ്റുംവരുന്നപകടങ്ങളിൽ നിന്നുകാത്തു
മുറ്റുംഭരിക്കണമതിൽപരതന്ത്രരല്ലോ.


എളയ തമ്പുരാൻ:-ബുദ്ധിമാന്മാര്‍ക്കു വല്ല യുക്തികൊണ്ടും മറ്റുള്ളവരെ മടക്കാൻ കഴിയുമല്ലോ. പക്ഷെ വാസ്തവം വിചാരിക്കുന്നതായാൽ-

സമസ്തവും മൂത്ത നൃപൻ മുറയ്ക്കു
സര്‍ത്ഥമ‌ഭാവത്തൊടു കാത്തിടുമ്പോൾ
അമുഖ്യമട്ടെന്നുമമര്‍ന്നിടുന്ന
നമുക്കുവേറിട്ടൊരു ഭാരമുണ്ടോ?


എന്നുതന്നെയല്ല,

ആറാലൊരംശമവനീശനുരാജഭോഗം
ധാരാളമായി വരവുള്ളതൊളിച്ചുനിര്‍ത്തി
പോരാ മുക്കുചിലവിന്നിവയെന്നുചൊന്നാൽ
നേരായിവന്നിടുവതോ, പരബോദ്ധ്യമാമോ?


ഇനി വേറിട്ടൊന്നു പറയാം. കൊച്ചിയിൽ, കോവിലകംവക നാരകത്തോട്ടത്തിൽ വളരെ നാരങ്ങയുണ്ട്.

കല്ലൂരു നമ്പൂരി:-അതു ഞാനൊരിക്കൽ കണ്ടിട്ടുണ്ട്.

എളയ തമ്പുരാൻ:-അതിൽനിന്നു പത്തുനൂറു നാരങ്ങയ്ക്കാവശ്യപ്പെട്ടിട്ടു ഞാനൊരാളെ അയച്ചിരുന്നു.

കല്ലൂരു നമ്പൂരി:-എന്നിട്ടോ?

 

രണ്ടാമങ്കം (21-25)

 

-21-


എളയ തമ്പുരാൻ:-"ഇതു വലിയതമ്പുരാൻ കോവിലകം വകയാണു്. ഇവിടെത്തന്നെ ഉപയോഗിക്കുന്നതല്ലാതെ മറ്റാര്‍ക്കും കൈമാറ്റം ചെയ്യുന്ന പതിവില്ല' എന്നാണത്രേ മറുപടി.

കല്ലൂരുനമ്പൂരി:-ഇതു വലിയ രാജാവറിഞ്ഞിട്ടുള്ളതാ വില്ല.

എളയ തമ്പുരാൻ:-ഓഹോ. അവിടുന്നറിയാതെ അവിടെ ഒരു കൊതുപോലും പറക്കുന്നതല്ല. ഈ തുച്ഛമായ നാരങ്ങയുടെ കാര്യത്തിലും എന്നേ വിഡ്ഢിയാക്കിത്തീർത്തു.

(അണിയറയിൽ)

ഉവ്വ് ഉവ്വ്, എന്റെ ഊണു കഴിഞ്ഞു.

കല്ലൂരു നമ്പൂരി:-ആരാണത്? (നോക്കീട്ടു") കുന്നം എളയതല്ലേ?

കുന്നത്തുനമ്പൂരി:-(പ്രവേശിച്ചിട്ട്) അതേ, ഞാൻ തന്നെ.

എളയ തമ്പുരാൻ:-(എണീക്കാൻ ഭാവിച്ചുകൊണ്ട്) ആഃ കുന്നം ഇരിക്കു ഇരിക്കു.

കുന്നത്തു നമ്പൂരി:-ഇവിടുന്നെണീക്കണ്ട. (ഇരിക്കുന്നു.) ഞാനിരുന്നു.

എളയ തമ്പുരാൻ:-കൊച്ചിയി ൽ നിന്നു വരുന്നവഴി, അല്ലേ?

കുന്നത്തു നമ്പൂരി:-അതേ.

കല്ലൂരു നമ്പൂരി:-(ചിരിച്ചു കൊണ്ട്) താൻ നല്ല മന്നനാണെടോ.

-22-


പേറമ്പെരുഞ്ചുമടുമായിവടക്കുവന്നു
കേറുമ്പൊളിങ്ങൊരുശിപായിതടഞ്ഞതില്ലേ
ചേരും സ്വജാതിനിലവിട്ടു കിഴിഞ്ഞു നിന്നാ
ലാരും തടുക്കുമൊരുയോഗ്യത നോക്കുകില്ല.


കുന്നത്തു നമ്പൂരി:-അതുകൊണ്ടെനിക്കൊരു സങ്കടവുമില്ല. ആളേ അറിയാഞ്ഞിട്ടല്ലേ? കടവിൽ വന്നടുത്തപ്പോൾ, ചുമടെടുപ്പാനാരുമുണ്ടായിരുന്നില്ല. നേരവും വൈകി. ഞാൻ തന്നെ ഭേസി. അത്രതന്നേ.

എളയ തമ്പുരാൻ:-എങ്കിലും ശിപായി ആളെ നോക്കാതെ തടഞ്ഞതു തെറ്റുതന്നെ. അതിനെനിക്കു മാപ്പു തരണം.

കുന്നത്തു നമ്പൂരി:-മാപ്പോ ശിവ ശിവ!

കല്ലൂരു നമ്പൂരി:-ആട്ടേ എന്താണാ ചുമടു്?

കുന്നത്തു നമ്പൂരി:-കുറച്ചു നാരങ്ങയാണു്. വെറുതേ കിട്ടിയതു കളയണ്ടാ എന്നുവെച്ചു കൊണ്ടുപോന്നൂ എന്നേ ഉള്ളു.

എളയ തമ്പുരാൻ:-എവിടെനിന്നാണൊരു ഭാരം വെറുതേ സമ്പാദിച്ചതു്?

കുന്നത്തു നമ്പൂരി:-അതോ! കൊച്ചിയിൽ വലിയ രാജാവിന്റെ വക ഒരു നാരകത്തോട്ടമുണ്ടല്ലൊ.

എളയ തമ്പുരാൻ:-(ആലോചനയോടുകൂടി) ആ, അതുവ്വ്.

കുന്നത്തു നമ്പൂരി:-ഞാനതു കാണാനായി പോയിരുന്നു. അപ്പോൾ,

-23-


ഏറ്റം ചോരത്തിളപ്പേന്തിനയുവതിജന-
പ്പോർമുലപ്പന്തിനൊക്കും
കൂറ്റൻ നാരങ്ങപത്രാവലിയുടെയിടയിൽ -
പ്പൊൻകുടമ്പോലസംഖ്യം
ചുറ്റും കാറ്റേറ്റുലഞ്ഞും ചിലതു നിലവെടി-
ഞ്ഞിട്ടു താഴേ കൊഴിഞ്ഞും
മുറ്റും കാണായിതുള്ളിൽക്കുതുകമൊടിവനും,
കാമമന്നൊന്നു തോന്നീ.


കല്ലൂരു നമ്പൂരി:-എന്നിട്ടെന്തു ചെയ്തു?

കന്നത്തു നമ്പൂരി:-എന്നിട്ട്, ഈ നാരങ്ങ കുറച്ചെനിയ്ക്കും വേണ്ടിയിരുന്നു. അതിനെന്താണുപായം എന്നു ഞാനാക്കാവല്ക്കാരനോടു ചോദിച്ചു. അപ്പോൾ "ഇതാര്‍ക്കെങ്കിലും ഇഷ്ടമ്പോലെ കൊണ്ടുപോവാം. നാട്ടുകാര്‍ക്കുള്ളതല്ലാതെ തമ്പുരാൻ തിരുമനസ്സിലേക്കു സ്വകായമാര്യിട്ടൊരു വസ്തുപോലുമില്ലെന്നാണവിടുത്തെ നിശ്ചയം' എന്നവൻ പറഞ്ഞു.

എളയ തമ്പുരാൻ:-(കല്ലൂരു നമ്പൂരിപ്പാട്ടിലെ മുഖത്തുനോക്കി സ്വകാര്യമായിട്ടു്) ഇപ്പൊളോ?

കല്ലൂരു നമ്പൂരി:-ഇപ്പോൾ എന്റെ അഭിപ്രായം തെളിഞ്ഞു. അവിടുന്നറിഞ്ഞിട്ടുണ്ടാവില്ലെന്നല്ലേ ഞാൻ പറഞ്ഞതു്?

എളയ തമ്പുരാൻ:-(സ്പഷ്ടം) എന്നിട്ടോ?

-24-


കുന്നത്തു നമ്പൂരി:-എന്നിട്ട്, 'എന്നാൽനിന്നെ എന്തിനാണിവിടെ കാവലാക്കിയിരിക്കുന്നതു്?' എന്നു ഞാൻ ചോദിച്ചു: 'കണ്ട ജന്തുക്കൾ വെറുതേ നശിപ്പിച്ചുകളയാതിരിപ്പാൻ മാത്രമാണു്' എന്നവനും പറഞ്ഞു. പിന്നെ ഞാൻ എനിക്കെടുക്കാവുന്നേടത്തോളം പറിച്ചെടുത്തുംകൊണ്ടിങ്ങോട്ടു പോന്നു.

കല്ലൂരു നമ്പൂരി:-ഇതു വലിയ രാജാവറിഞ്ഞുവോ?

കുന്നത്തു നമ്പൂരി:-പിന്നെയോ?- അവിടുന്നു, ഞാൻ യാത്ര പറഞ്ഞുപോരുമ്പോൾ ഇതിനേപ്പറ്റി കുറഞ്ഞാന്നു സംസാരിക്കയും ചെയ്തു.

എളയ തമ്പുരാൻ:-എന്താണതു്?

കുന്നത്തു നമ്പൂരി:-സ്വകായമാണതു്; എങ്കിലും പറയാം.

“ഇത്തോട്ടമ്മാത്രമല്ലെൻ മുതൽ മുഴുവനുമേ
നാട്ടുകാര്‍ക്കുള്ളതല്ലോ
സത്തോതാം രൂഢമാണെങ്കിലുമിളമിലെയാൾ
വന്നു നാരങ്ങവാങ്ങാൻ
ഇത്തോതേര്‍പ്പെട്ടുപോയാൽ പ്രജകളിലുപകാ
രപ്പെടാതായിടാമെ
ന്നോര്‍ത്തോര്‍ത്താവശ്യമുണ്ടിങ്ങിതു പരനുകൊടു
ക്കുന്നതല്ലെന്നു ചൊല്ലീ"


എന്നാണവിടുന്നു പറഞ്ഞതു്. ഇതു നേരാണോ?

എളയ തമ്പുരാൻ:-(ലജ്ജയോടുകൂടി) അതേ. എന്നാൽ എന്നെ എളയരാജാവാണെങ്കിലും കേവലം നാട്ടുകാരന്റെ നെലയിലും കൂടി അവിടുന്നു വിചാരിക്കുന്നില്ലെന്നാണിപ്പോൾ വന്നതു്. (ദീര്‍ഘശ്വാസമിട്ടിട്ടു) അനന്തരവന്മാരുടെ നില ബഹു കഷ്ടന്തന്നേ.

-25-


കുഡുംബത്തിന്നെല്ലാമുടമയുടയോൻ കാരണവനി-
ങ്ങടങ്ങിപ്പാര്‍ത്തീടുന്നിവരെ വകവെക്കില്ലചെറുതും
ഇടഞ്ഞറ്റേന്നാലോ വികൃതിയിവനെന്നായ്‍ലഹളയാം
കുടുക്കിൽപ്പെട്ടീടും ശുനകനുടെപാടാണിഹഫലം.


കുന്നത്തു നമ്പൂരി:-ഛെഃ ഇവിടുന്നെന്താണീ നിസ്സാരകാര്യത്തിൽവെച്ചിത്ര പരിതപിക്കുന്നതു്? തുച്ഛം! തുച്ഛം! മറന്നുകളയൂ.

എളയതമ്പുരാൻ:-ഇതുകൊണ്ടു മാത്രമല്ല, പലതുകൊണ്ടുമാണ് ഞാൻ പരിതപിക്കുന്നതു്. എന്താ നമ്പൂതിരി ഒന്നും മിണ്ടാത്തതു്?

കല്ലൂരു നമ്പൂരി:-ഞാനൊന്നും മിണ്ടാൻ കണ്ടില്ല.

മതിമാനവിടുന്നുരച്ചുകാണു-
ന്നതിലെല്ലാം ശരിയെന്നുതോന്നുമാദ്യം;
അതിനൊന്നിവിടുന്നെതിർത്തു ചൊല്ലു-
ന്നതിനെക്കേൾക്കുകിലിങ്ങുചായുമീ ഞാൻ.


ഇങ്ങിനെയൊരു മട്ടായിത്തീർന്നിരിക്കുന്നു.

കുന്നത്തു നമ്പൂരി:-അഥവാ, പരിതപിക്കാൻ പലതുമുണ്ടെങ്കിൽത്തന്നെ സഹിക്കുകയല്ലേ തരമുള്ളു. അവിടുന്നു വലിയ രാജാവായിപ്പോയില്ലേ?

എളയ തമ്പുരാൻ:-സഹിക്കാവുന്നേടത്തോളം സഹിക്കാം. സഹിപ്പാൻ വയ്യാതായാലോ?

കല്ലൂരുനമ്പൂരി:-അതപ്പോൾ വിചാരിച്ചാൽപ്പോരേ?

 

രണ്ടാമങ്കം (26-30)

 

-26-


എളയ തമ്പുരാൻ:-എപ്പോൾ? എന്താണെനിക്കിതിലധികമൊന്നു വരാനുള്ളതു്?

എളയനൃപതിയെന്നുംചൊല്ലിമേലയ്ക്കുമേലായ്
ഞെളിയെയമരുവാനും ദുര്‍ഘടമ്പോലെയായീ
തെളിയവെയിതുമോതാ മഷ്ടിയും കഷ്ടിയായു-
ള്ളെളിയ നിലയിലല്ലോ കഷ്ടമെൻ വട്ടമിപ്പോൾ.


എന്താണിതിനൊരു നിര്‍വ്വാഹം? സ്വാതന്ത്ര്യത്തോടുകൂടി അമ്മാമനോടൊന്നെതൃത്താലോ?

കല്ലൂരു നമ്പൂരി:-ശിവശിവ! കഷ്ടം കഷ്ടം!

എളയ തമ്പുരാൻ:-അങ്ങിനെ വിചാരിപ്പാനില്ല നമ്പൂരി. കേവലം ഒരു കുഡുംബക്രമം മാത്രമല്ല രാജാക്കന്മാര്‍ക്കു നോക്കേണ്ടതു്.

നാടെല്ലാം യുവരാജനാണുഭരണം
ചെയ്യേണ്ടതെന്നാലതിൽ
പാടെല്ലാമറിവുള്ള മൂത്തനൃപനോ
മേൽനോട്ടമാംചട്ടമാം
പാടുള്ളെന്നധികാരമിങ്ങൊരണുവും
നൽകാതിരുന്നീടുകിൽ
ക്കൂടില്ലെന്നൊരു രാജധര്‍മ്മമുറയിൽ
ത്തര്‍ക്കിക്കുവാനില്ലയോ?


കുന്നത്തു നമ്പൂരി:-ഛെ, ഛെ! അതു മിണ്ടിക്കൂടാ. മഹാരാജാവിനു മനസ്സുണ്ടെങ്കിൽ, അല്ലെങ്കിലവിടേക്കു വയ്യെങ്കിൽ, യുവരാജാവിനെ അധികാരപ്പെടുത്താമെന്നല്ലാതെ അധികാരപ്പെടുത്തിക്കൊള്ളേണമെന്നൊരു രാജധര്‍മ്മമുണ്ടോ?

-27-


കല്ലൂരു നമ്പൂരി:-ശരിശരി. കുന്നം നല്ല ധര്‍മ്മമാണു പറയുന്നതു്.

എളയ തമ്പുരാൻ:-അതു വാസ്തവംതന്നേ. എങ്കിലും നാട്ടുനടപ്പങ്ങിനെയാണെന്നു പറയരുതേ?

കല്ലൂരു നമ്പൂരി:-വയ്യ- ഏതു നാട്ടിലാണ് നടപ്പുള്ളതു്? മലയാളത്തിലെങ്ങും ഇങ്ങിനെ യാതൊരു നടപ്പും കാണുന്നില്ല.

കുന്നത്തു നമ്പൂരി:-ശരിയാണതു.

എളയ തമ്പുരാൻ:-പുരാണങ്ങളിലുള്ള മുറയല്ലേ?

കുന്നത്തു നമ്പൂരി:-ആവോ? അതെയായിരിക്കാം. പക്ഷേ-

കാലദേശനിലകൊണ്ടതൊന്നുമി-
ക്കാലമിങ്ങമുറയായ്‍വരാദൃഢം;
പാലനംവലിയവര്‍ക്കുമാടഭൂ-
പാല! നമ്മുടയ നാട്ടിലൊക്കെയും.


എളയ തമ്പുരാൻ:-എന്നാലെനിക്കിനി എന്താണു ഗതി? (ആലോചിച്ചിട്ടു്)

ഒന്നായ്ക്കേരളനാട്ടിലേസ്ഥിതിധരിക്കാഞ്ഞല്ല
സംബന്ധമൊ-
ന്നൊന്നായിജ്ജനമീവിധം ചപലമട്ടായിട്ടു
ചൊല്ലുന്നതും
എന്നാലോഗതികെട്ടഞാനുടനിനി-
സ്സാമുരിയേസ്സംശ്രയി-
ച്ചെന്നാലോ സുജനപ്രിയൻ ദയയൊടാ-
വീരൻ തുണച്ചീടുമോ?


കുന്നത്തു നമ്പൂരി:-(വിചാരം) ആ: അവിടെ വന്നൂ.

-28-


കല്ലൂരു നമ്പൂരി:-(സംഭ്രമത്തോടുകൂടി) ഛെ ഛെ! എന്തൊരു കഥയാണിതു?

അരുതരുതതുമാത്രം ഹന്ത! സമൂരിയോടാ-
യൊരുതരമൊടുകൊച്ചിക്കീശനര്‍ത്ഥിക്കയെന്നോ?
കരുതണമിവിടുന്നീ രാജ്യമെല്ലാംവിഴുങ്ങാൻ
വിരുതരിയൊരു ഭൂതത്തിന്റെ വായില്‍പ്പെടൊല്ലേ.


കുന്നത്തു നമ്പൂരി:-വളരെ കാര്യമാണു നമ്പൂരി പറയുന്നതു്. ഇവിടുത്തെ ഈ വിചാരം ഒട്ടും നന്നല്ല. ആലോചിച്ചുനോക്കൂ.

സ്വന്തം മഹീപാലകുഡുംബമായ-
ത്യന്തം മുഷിഞ്ഞിട്ടതിനേക്കെടുത്താൻ
ഹന്ത! സ്വവംശത്തിനു വൈരിയോടായ്
ചന്തത്തിലൊക്കുന്നതു യുക്തമാമൊ?


എളയ തമ്പുരാൻ:-എനിക്കും എന്റെ താവഴിക്കാര്‍ക്കും രാജ്യാവകാശംതന്നെ ഇല്ലാതാക്കുവാൻ നോക്കുന്ന ദായാദികൾ എന്റെ സ്വന്തം കുഡുംബമെന്നും, എനിക്കു വല്ല ഗുണവും ഉല്ക്കര്‍ഷേച്ഛകൊണ്ടുതന്നെയാവട്ടേ- ഉണ്ടാക്കിത്തരുവാൻ തക്കവർ എന്റ വൈരികളെന്നും തോന്നത്തക്കവണ്ണം ഞാനത്ര ശാന്തശീലനല്ല. എന്തുചെയ്യാം? ഏതെങ്കിലും, സാമൂരിയെ ആശ്രയിച്ചുനോക്കുവാൻതന്നെയാണെന്റെ മനസ്സു പറയുന്നതു്.

കുന്നത്തു നമ്പൂരി:-(വിചാരം) ഒന്നുംകൂടി ഉറപ്പിക്കട്ടേ. (സ്പഷ്ടം) അഥവാ, ഇവിടുന്നാശ്രയിച്ചാൽത്തന്നെ സാമൂരി സഹായിക്കുമോ? സംശയമാണ്. വിചാരിച്ചുനോക്കു.

-29-


ഇപ്പോൾത്തന്നെപെരുത്തുരാജ്യവുമതി-
ന്നൊക്കുംമഹാഭാരവും
കെല്പോടേറ്റുനടത്തുവാൻ പണിപരം
മങ്ങാടനുണ്ടാകയാൽ
ഉൾപ്പോരോടൊരുമാതിരിക്കുകഴിയു-
ന്നെന്നാണു സാമൂതിരി-
യ്ക്കപ്പോൾ നിങ്ങളിലുള്ളിടച്ചിലിടയിൽ
കൈവെക്കുവാൻ നോക്കുമോ?


എളയ തമ്പുരാൻ:-(വിചാരിച്ചുങ്കൊണ്ടു) എന്താ കുന്നം പറയുന്നതു്?

അത്യുത്സാഹികളായ ഭൂമിപതികൾക്കുണ്ടോ
കുറഞ്ഞൊന്നെഴും
പൃത്ഥ്വിക്കുള്ള ഭരം, നിനച്ചു മതിവന്നീടുന്നു
രാജ്യങ്ങളിൽ
സത്യംകേവലമാശ്രയിച്ചവർകളേത്തീരെ
ത്യജിക്കെന്നതോ
നിത്യംധാര്‍മ്മികരായവര്‍ക്കുമരണ-
ത്തേക്കാൾ മഹാസങ്കടം,


കല്ലൂരു നമ്പൂരി:-അവിടുന്നു പറയുന്നതു ശരിയാണു. പക്ഷേ, ഏതായാലും ഇവിടുന്നു ഇങ്ങിനെ പുറപ്പെടുന്നതിനൊട്ടും ബോധിക്കുന്നില്ല നിശ്ചയം.

-30-


എളയ തമ്പുരാൻ:-നമ്പൂരി അങ്ങിനെ പറയരുത്. എല്ലാവർക്കും അവരവരുടെ സൗഖ്യത്തിനല്ലെ ആഗ്രഹം? ഞാൻ ഇവിടെ ഇങ്ങിനെ പുഷ്കരനെപ്പോലെ പാര്‍ക്കുന്നതായാൽ എന്തൊരു സുഖമാണെനിയ്ക്കുള്ളതു? എന്നുതന്നെയല്ല, എന്റെ കുഡുംബത്തിലേയ്ക്കും രാജ്യം കിട്ടേണമെങ്കിൽ ഏതെങ്കിലും ഞാനൊന്നിളകിപ്പുറപ്പെടണ്ടേ?

കുന്നത്തു നമ്പൂരി:-ആട്ടേ. ഇവിടേക്കുവേണ്ടി വളരെ ദ്രവ്യനാശവും സൈന്യനാശവും സാമൂരി ചെയ്യുമോ?

എളയ തമ്പുരാൻ:-(ആലോചിച്ചിട്ടും) അതങ്ങിനെ വേണ്ടാ. ഏതായാലും കൊടുങ്ങല്ലൂർനാടു വിട്ടുകൊടുപ്പിപ്പാൻ ഒരു യുദ്ധം വേണ്ടിവരില്ലേ? അതൊന്നു വലുതാക്കിയാൽ മതി. സാമൂരി സമ്മതിക്കുമെങ്കിൽ ഞാൻ ആ യുദ്ധത്തിൽ ആ ഭാഗത്തു ചേരും. കുന്നം പോയി സാമൂരിയുടെ അഭിപ്രായമൊന്നറിഞ്ഞു വരാമോ?

കുന്നത്തു നമ്പൂരി:-അതൊക്കെ ആവാം. പക്ഷേ, ആലോചിച്ചിട്ടു മതി.

എളയ തമ്പുരാൻ:-എനിക്കിനി ആലോചിക്കാനൊന്നുമില്ല.

കല്ലൂരു നമ്പൂരി:-ഇവിടുന്നിങ്ങിനെ തീർച്ചപ്പെടുത്തി, അല്ലേ? കഷ്ടം! (കണ്ണീരോടുകൂടി) കുരീക്കാട്ടുവെച്ചു മരിച്ച വലിയരാജാവുണ്ടായിരുന്നെങ്കിൽ ഇങ്ങിനെയെങ്ങും വരില്ലായിരുന്നു. ദൈവമേ!

ക്ഷിതികാക്കുമാമഹാൻ പോ-
യതിലീക്കൊച്ചിക്ഷമേശവംശമിതാ
അതിയായുലഞ്ഞുതക്കൊരു
ധൃതിയില്ലാഞ്ഞങ്ങുമിങ്ങുമലയുന്നൂ.


എളയ തമ്പുരാൻ:-അങ്ങിനെതന്നെയാണു്. എന്തുചെയ്യാം? എന്നാൽ നമ്പൂരി ഈ ആലോചനയൊന്നും പുറത്താക്കാതിരുന്നാൽ നന്നു്.

 

രണ്ടാമങ്കം (31-32)

 

-31-


കല്ലൂരു നമ്പൂരി:-അങ്ങിനെതന്നേ. വലിയ രാജാവും എളയ രാജാവും തമ്മിലിടയുന്നകാലം! എന്തു നിവൃത്തി! ഒരു സമാധാനം വരുന്നതുവരേ ഞാനിരുഭാഗത്തുമില്ല. അങ്ങുമിങ്ങുമൊന്നും പറയില്ല.

എളയ രമ്പുരാൻ:-എന്നാൽ മതി. കുന്നം എനിക്കുവേണ്ടി എന്നേസ്സാമൂരി സ്വീകരിക്കുന്നതുവരെ ബുദ്ധിമുട്ടണം.

കുന്നത്തുനമ്പൂരി:-അതു ഞാനേറ്റു. എന്നാൽ ഇവിടുന്നു രണ്ടക്ഷരം കുറിച്ചുതന്നാലധികം നന്നായിരിക്കും.

എളയ തമ്പുരാൻ:-അതിനെന്താ വിരോധം ? എന്നാൽ, കൊച്ചിരാജാവു സാമൂരിക്കെഴുതുന്ന സമ്പ്രദായമില്ല. എനിക്കതൊന്നും നോക്കുവാനില്ലതാനും.

കുന്നത്തു നമ്പൂരി:-കാര്യം മാത്രം, അത്രമതി- സമ്പ്രദായമൊന്നും നോക്കുകയേ വേണ്ട.

എളയ തമ്പുരാൻ:-(വിചാരം)

ഒരാൾക്കുതൻകാര്യമതാത്മബുദ്ധി-
പരാക്രമങ്കൊണ്ടു നടന്നിടായ്കിൽ
ഒരാളു പിന്താങ്ങണമായതിന്നും
പരാശ്രയം തക്കൊരു തന്ത്രമല്ലോ.


(സ്പഷ്ടം) എന്നാൽ എഴുത്തു നാളെ. ഇന്നു നേരം വൈകി.

കല്ലൂരു നമ്പൂരി:-ഏകദേശം അദ്ധരാത്രിക്കടുത്തിരിക്കുന്നു.

കുന്നത്തു നമ്പൂരി:-(വിചാരം) കാര്യമൊക്കെ നേരെയായി. (സ്പഷ്ടം) ഇനിക്കുറച്ചുറങ്ങാൻ നോക്കുകയല്ലേ?

-32-


എളയ തമ്പുരാൻ:-എന്നാലങ്ങിനെയാവട്ടെ. (വിചാരം)

ഉറയ്ക്കുമത്യാശയിലുള്ളുപെട്ടോഅഭിപ്രായമൊന്നറിഞ്ഞു-
ക്കുറക്കമോ, കേവലമൂര്‍ദ്ധമല്ലോ
മുറയ്ക്കുമെത്തപ്പുറമേറിമോഹം
മറക്കുമാറങ്ങു കിടക്കതന്നേ.


കുന്നത്തു നമ്പൂരി:-(വിചാരം)

നന്നായുറങ്ങിയിനിനാളെയെഴുത്തുവാങ്ങി-
യൊന്നായ്നടന്നു ഗിരിവാരിധിനാഥപാര്‍ശ്വേ
ചെന്നാശുഞാൻ വിജയചിഹ്നമിതങ്ങുനൽകു
മെന്നാലെനിക്കു കൃതകൃത്യതവന്നുവല്ലോ.


(എന്നു എല്ലാവരും പോയി.)

രണ്ടാമങ്കം കഴിഞ്ഞു

 

മൂന്നാമങ്കം (33-36)

 

-33-


മൂന്നാമങ്കം


(അനന്തരം സാമൂരിപ്പാടും കുന്നത്തുനമ്പൂരിയും മങ്ങാട്ടച്ചനും പ്രവേശിക്കുന്നു.)

മങ്ങാടൻ:-നമ്പൂരി നല്ല മിടുക്കനാണു്. തിരുവെഴുത്തു കൂടി വാങ്ങിക്കൊണ്ടു വന്നുവല്ലോ.

കുന്നത്തു നമ്പൂരി:-ഇതിലെന്താണു എന്റെ മിടുക്കു? സാമൂരിരാജാവിന്റെ മാഹാത്മ്യത്തിന്റെ വശീകരണശക്തിയും മങ്ങാട്ടച്ചന്റെ മന്ത്രവിദ്യയുടെ ആകര്‍ഷണയുക്തിയും കൂടിച്ചേര്‍ന്നപ്പോൾ ആ എളയ രാജാവിന്റെ മനസ്സിങ്ങോട്ടു തിരിഞ്ഞുപോന്നു എന്നേ ഉള്ളു.

സാമൂരിപ്പാട്:-അതൊക്കെപ്പോട്ടേ. എന്താണാ'ത്തിരു'വെഴുത്തു്?

കുന്നത്തു നമ്പൂരി:-(മടിയിൽ നിന്നെടുത്തു മങ്ങാട്ടച്ചന്റെ കയ്യിൽ കൊടുക്കുന്നു.)

മങ്ങാടൻ:-(മുദ്രപൊട്ടിച്ചു വായിക്കുന്നു) "തെഞ്ചേരികണ്ടുകാര്യമെന്നാൽ ഇവിടെനിന്നു സാമൂരിക്കെഴുതുന്ന സമ്പ്രദായമേ മുമ്പു നടപ്പില്ല. എങ്കിലും ഇപ്പോൾ അങ്ങിനെ വേണ്ടിവന്നിരിക്കുന്നു. ഈയ്യിടയിൽ കൊടുങ്ങല്ലൂർനാടു കൊച്ചിയിൽ വലിയതമ്പുരാൻ പിടിച്ചടക്കിയതു തിരികെ വിട്ടുകൊടുപ്പിപ്പാൻ അവിടുത്തെ ഉദ്യമമുണ്ടാവുമല്ലോ. എന്നാൽ, ആ സമയം എന്നേയും അവിടുന്നു സ്വീകരിക്കുമെങ്കിൽ ഞാൻ ആ ഭാഗത്തു ചേരുവാൻ സന്നദ്ധനായിരിക്കുന്നു. ഈ വിചാരം സാമൂരിയേസ്സമയമ്പോലെ അറിയിച്ചുകൊൾകയും വേണം.

എന്നു കൊല്ലം 922 തുലാമാസം 10-ാംര്‍ കൊച്ചിയിൽ എളയതമ്പുരാൻ എന്നു പറയുന്ന ചാഴൂർ കോവിലകത്തു ഗോദവർമ്മ തിരുമുല്പാടു” (ഒപ്പ്.)

സാമൂരിപ്പാടു്:-ഇതിത്രത്തോളമായി?

കുന്നത്തു നമ്പൂരി:-ഈ എഴുത്തു തന്നയയ്ക്കുമ്പോൾ അവിടുന്നു കുറച്ചു ചിലതു പറഞ്ഞയിച്ചിട്ടുകൂടിയുണ്ടു്.

സാമൂരി:-എന്താണതു്?

മങ്ങാടൻ:-(വിചാരം) സഹായിക്കുന്നതിന്റെ പ്രതിഫലത്തേപ്പറ്റി വല്ലതുമായിരിക്കാം.

കുന്നത്തു നമ്പൂരി:-"വിശേഷിച്ചു അവിടന്നിവിടയ്ക്കു സഹായം ചെയ്യുന്നതായാൽ-

"അതിലിവനൊരുഭാഗം കൊച്ചിരാജ്യം ലഭിയ്ക്കു
ന്നതിനുവിധിബലത്താൽ യോഗമുണ്ടായിതെങ്കിൽ
ക്ഷിതിരമണ! ഫലാംശം നൊമ്മൾ പങ്കിട്ടെടുത്താൽ
മതിയതിനുമെനിയ്ക്കിങ്ങൊട്ടുമേ നഷ്ടമില്ല.


എന്നാണു പറഞ്ഞയച്ചിട്ടുള്ളതു്.

-34-


സാമൂരിപ്പാട്:-എന്താ മങ്ങാടാ! ഇതിനൊരു മറുപടി കൊടുക്കണ്ടേ?

മങ്ങാടൻ:-ഏറാൻ, അടിയനൊന്നെഴുതിയുണ്ടാക്കാം.

(പോയി)

സാമൂരിപ്പാടു്:-ഈ എളയരാജാവു ബുദ്ധിമാനാണു. എന്നാൽ,

ചാഴ്ചക്കോവിലകത്തുകാര്‍ക്കുവഴിയേ
കൊച്ചിക്ഷമാമണ്ഡലം
വാഴും വാഴ്ചയമാന്തമാക്കുമടവു-
ള്ളമ്മാമനെന്നിങ്ങിനേ
കേഴുംവണ്ണമൊരൂഹമൊത്തുകരുതി-
ച്ചെയ്യുന്നതോ നമ്മൊടീ-
ത്താഴും മാതിരിചേര്‍ന്നുനേടിടുമിടം
പങ്കിട്ടിടാൻ സമ്മതം.


കുന്നത്തു നമ്പൂരി:-അതേ, അതങ്ങിനെതന്നെയാണ്.

മങ്ങാടൻ:-(രണ്ടാമതും പ്രവേശിച്ചിട്ട്) ഇതാ മറുപടി.

സാമൂരിപ്പാടു്:-വായിക്കൂ.

-35-


മങ്ങാടൻ:-(വായിക്കുന്നു.) "ചേറ്റക്കുളത്തു ഭട്ടതിരി വായിച്ചു, ചാഴൂർക്കോവിലകത്തു ഗോദവർമ്മതിരുമുല്പാടു എന്ന കൊച്ചിയിൽ എളയ രാജാവിങ്കൽ ധരിപ്പിക്കേണ്ടും അവസ്ഥയെന്നാൽ-"

കുന്നത്തു നമ്പൂരി:-ഇത്ര വലുതാക്കണോ?

സാമൂരിപ്പാടു്:-സംശയമുണ്ടോ?

മങ്ങാടൻ:-"അവിടുത്തെ ആദരവോടുകൂടിയ ഐകമത്ത്യത്തെ നന്ദിയോടേ ഇവിടെ സ്വീകരിച്ചു. പത്തുനാൾക്കകം വേണ്ടതുപോലെ അവിടെ വന്നു കണ്ടുകൊള്ളാം. (അതുവരേയും ഈ നില ഗൂഢമായിരിക്കുമല്ലോ.) എന്നു കൊല്ലം 922 തുലാഞായറ്റിൽ 14-ാംര്‍ സ്വന്തം സാമൂതിരി മാനവിക്രമൻ.” ഇത്രപോരേ?

സാമൂരിപ്പാടു്:-മതി. എന്നാൽ –

മങ്ങാടൻ:-എറാൻ. ഇനി തൃക്കൈവിളയാടാം.

സാമൂരിപ്പാടു്:-(ഒപ്പിട്ടിട്ട്) ഇതു കുന്നന്തന്നെ കൊണ്ടു പോയിക്കൊടുത്തേ മതിയാവൂ.

കുന്നത്തു നമ്പൂരി:-അതു പറയാനുണ്ടോ?

മങ്ങാടൻ:-കുറഞ്ഞൊന്നു കല്പിച്ചു പറഞ്ഞയക്കയും-

സാമൂരിപ്പാടു്:-അതും വേണമല്ലോ. ഇതാണാസ്സന്ദേശം:-

'സൌജന്ന്യങ്കൊണ്ടരിയൊരുഭവാനിങ്ങുയോജിച്ചിതല്ലോ
രാജൻ! യത്നിച്ചിടുമവിടെനന്മക്കുനാമത്രതന്നേ
ഹേജന്ന്യത്തിന്നിടവരികിലും നഷ്ടമെന്തുള്ളുപക്ഷേ,
സൌജന്ന്യത്തിൽ ചിലവെഴുതിടാം തമ്മിലൊത്തത്ര പോരേ?'


മങ്ങാടൻ:-(ചിരിച്ചും കൊണ്ട്) നമ്പൂരിധരിച്ചില്ലേ?

-36-


കുന്നത്തു നമ്പൂരി:-നല്ലവണ്ണം. എന്നാൽ ഞാൻ പോയി വരട്ടെ.

സാമൂരിപ്പാടു്:-(എണീറ്റിട്ട് എഴുത്തുകൊടുത്തു ഇരിക്കുന്നു.)

കുന്നത്തു നമ്പൂരി:-(വാങ്ങീട്ട്) ഇനി അവിടെക്കാണാം.

(പോയി.)

മങ്ങാടൻ:-(വിചാരം) ഇതിങ്ങിനെയായി. ഇനി മറ്റൊന്നു.

സാമൂരിപ്പാടു്:-എന്താ മങ്ങാടാ! പുലിവാലുപിടിച്ചു അല്ലേ?

മങ്ങാടൻ:-എറാൻ. അങ്ങിനെയല്ല. അമൃതമഥനത്തിന്നു വാസുകിയുടെ വാലുപിടിച്ചു എന്നാണു പറയേണ്ടതു്.

സാമൂരിപ്പാട്:-(ആലോചനയോടുകൂടി)എന്നാലോ മങ്ങാടാ!

മങ്ങാടൻ:-വെങ്ങനാട്ടു നമ്പിടിയും മലയരും.

സാമൂരിപ്പാട്:-അതുകൊണ്ടെന്താവുന്നു? ആയാളുടെ കമ്മാളപ്പടയും കൌണ്ടന്മാരും മറ്റും കുറച്ചല്ലല്ലോ. നോക്കൂ.

കടലൊടുകിടനില്ക്കുംനല്ല കമ്മാളവീര
പ്പടയുമിടയിലൊക്കും കൌണ്ടരുംമറ്റുമായി
അടവുപെരിയ പാലക്കാട്ടിരിക്കോമ്പിയച്ചൻ
പടനടുവിലടുത്താൽക്കാടർ കാടേറുമല്ലോ.


മലയർക്കു നാട്ടുപുറത്തുള്ള യുദ്ധത്തിന്റെ ഗന്ധമേ ഇല്ല.

 

മൂന്നാമങ്കം (37-41)

 

-37-


മങ്ങാടൻ:-ശരിയാണതു്. പക്ഷേ, കലഹം കാട്ടിലും മലയിലും മറ്റുമായാൽക്കഴിഞ്ഞില്ലേ? അഥവാ, അവർ നാട്ടുപുറത്തേക്കിറങ്ങുന്നതാണെങ്കിലും വഴി കണ്ടിട്ടുണ്ടു്. എന്താണെന്നല്ലേ?

സാമൂരിപ്പാടിനൊക്കും പദവിപകുതിയും
പണ്ടുസമ്മാനമായ്ത്താ-
നാമൂലം സൽക്കരിച്ചുള്ളരിയ കുതിരവ
ട്ടത്തെഴും നായരില്ലേ,
മാമൂലംവിട്ടുമാറില്ലവരറിവുകൊടു
ത്തിട്ടുമുണ്ടെന്തുവേണ്ടൂ
നാമൂഹിയ്ക്കുന്നിലയൊട്ടധികമവിടെയാ
കൂട്ടരും കൂറുകാട്ടും.


ഏതെങ്കിലും പാലക്കാട്ടിരിപ്പട കൊച്ചിക്കു കടക്കാനിടവരില്ല. സംശയം വേണ്ട. അടിയനു പിന്നെയും പേടി വെള്ളാട്ടരെക്കാര്യത്തിലാണു്. എന്താണെന്നോ?

ഏറാൾപ്പാടതിശുദ്ധനാണൊരുവിധം
നീതിച്ചതിക്കൈകൾകൊ
ണ്ടേറാൻപാടുപിടിക്കിലം വെളിവെഴും
വെള്ളാട്ടരത്തമ്പുരാൻ
കൂറാണെന്നുനടിച്ചുനിന്നൊരുതരന്നോക്കി-
ത്തിരിഞ്ഞിങ്ങു കൈ-
കേറാൻവീറൊടടുത്തുവെങ്കിലവിടു
ന്നന്തസ്സുവിട്ടന്ധനാം.


സാമൂതിരിപ്പാടു്:-ആഃ അങ്ങിനെ പറ്റീയെന്നും വരാം. ഒരുമാതിരി ശുദ്ധതയും ചിലപ്പോൾ ഔചിത്യമുണ്ടാക്കിത്തീർക്കും. ആട്ടേ, അറിയാമല്ലോ. ഇനി നമുക്കോരോന്നായിട്ടൊരുക്കിത്തുടങ്ങാം.

-38-


തുടിപെരുമ്പറ കാഹളമിത്തരം
നെടിയ വാദ്യഗണം പുതുതാക്കിടാം;
വടിവിലെൻ പുലിമുദ്രപെടുന്ന, വൻ
കൊടികൾവേണ്ടവിധം ശരിയാക്കിടാം.


എന്നുതന്നെയല്ല,

ഓരോ സേനാധിപന്മാർക്കവരുടെ ഭടരോ
ടൊത്തൊരുങ്ങീട്ടൊരൂക്കൻ
പോരോർത്തുകൊണ്ടു കൂടുന്നതിനവിടവിടെ-
ക്കല്പനക്കത്തയയ്ക്കാം;
ഓരോന്നായ് ഭക്ഷണത്തിന്നിനിയരി മുതലാ
യൊക്കയും ശേഖരിക്കാം.
പേരോടും നല്ലനല്ലായുധനിര പലതും
തീർത്തു ചാണയും വെക്കാം.


മങ്ങാടൻ:-എറാൻ, ഒരുവിധമൊക്കെ ഒരുങ്ങിവരുന്നുണ്ടു്.

ചേക്കുട്ടിക്കോയഹാജക്കറിവെഴുതി മുറ-
യ്ക്കൊന്നു പൊന്നാനിയെന്നാ
ക്കയ്ക്കുള്ളോർ കണ്ടുവെട്ടിക്കരവഴിയിലെഴും
മുഷ്ക്കരെന്നീക്കണക്കിൽ
ഊക്കേറുംരണ്ടിനംമാപ്പളകളെ, യടവിൽ
ച്ചേർത്തു പോരിന്നൊരുങ്ങി-
പ്പാർക്കേണം നിങ്ങൾ മൂന്നാംനൃപനുടെവരുതി-
ക്കീഴിലെന്നിപ്രകാരം.


സാമൂരിപ്പാടു്:-മാപ്പളകളാണല്ലോ നമുക്കു വലുതായിട്ടൊരുവക സൈന്യമുള്ളതു. ആട്ടേ, പിന്നേ?

-39-


മങ്ങാടൻ:- പിന്നെ,

വീരൻവിശ്രുതവിക്രമത്തികവെഴും
തീയ്യർക്കുനാഥൻനയം
പേറുന്നോരു മഠത്തിൽമൂപ്പനിനിയീ-
സ്സാമൂതിരിത്തമ്പുരാൻ
സൈരം കേരളനാടടച്ചുടനs
ക്കുമ്പോഴുമിത്തീയ്യരേ
പോരും പിന്തുണയെന്നുകൂറൊടിവിടെ
ക്കാക്കുന്നതുണ്ടെപ്പൊഴും.


സാമൂരിപ്പാടു്:-ആ വജ്രക്കാർ തന്നെ കൂറും പരാക്രമവുമുള്ളവരാണു. അതിൽവെച്ചു മൂപ്പൻ എല്ലാം കൊണ്ടും ഒരു മൂപ്പൻ തന്നെ. ഇതു് ഇന്നുള്ളതല്ല. പണ്ടേ തന്നെ ഇങ്ങിനെയാണു്. മുമ്പൊരിക്കൽ-

കമ്മാളരൊക്കെയൊരു കല്പനധിക്കരിച്ചു
ദുമ്മാർഗ്ഗമോടിവിടെ നാടുവെടിഞ്ഞിടുമ്പോൾ
ഇമ്മാതിരിയ്ക്കുവരെയന്നു മഠത്തിൽ മുപ്പൻ
വന്മാനിതീയ്യരൊടുമൊത്തു പിടിച്ചടക്കി.


അന്നു മുതൽക്കാണവർക്കീപ്പേരു കിട്ടിയിരിക്കുന്നതു എന്നു കേട്ടിട്ടുണ്ടു്. പിന്നെ?

മങ്ങാടൻ:-പിന്നെ 'പതിനായിരം' 'മുപ്പതിനായിരം' എന്ന പേരോടുകൂടി കാരമ്പള്ളിക്കുറുപ്പിന്റെയും അയ്യായിരപ്രഭുകത്താവിന്റെയും കീഴിലുള്ള വടക്കുമ്പുറം കിഴക്കുമ്പുറം ഈ നായന്മാരുടെ നിലതന്നേ-

സാമൂരിപ്പാടു്:-അതെനിക്കറിയാം, എനിക്കറിയാം.

-40-


എന്നാണെൻ തമ്പുരാനേ! പടയിനിയടിയ
ങ്ങൾക്കു കയ്യൂക്കുകാട്ടാ
നെന്നായിക്കൈത്തരിപ്പും രണവിരുതുമെഴു
ന്നീവകക്കാർ നിദാനം
മൂന്നാങ്കൂറിന്റെ മുമ്പിൽത്തൊഴുതുതിരുമുഖം
കാണുവാനൊത്തുകൂടി
ച്ചേർന്നാരാൽനിന്നുചോദിച്ചിടുമവരുടെയു-
ത്സാഹമവ്വണ്ണമല്ലോ.


അതിന്നും പുറമേ,

ബലമ്പേറും യോദ്ധാക്കളിലരിയനാലില്ലമുടയോർ
നിലമ്പുരേറാളൻ മുതൽ മുതിരുമേറാടികളുമേ
അലക്ഷ്യം കയ്യൂക്കുള്ളൊരു ചെറിയഭൂപാലരുമൊരേ
നിലയ്ക്കായുണ്ടല്ലോ പടകളുടെ നാഥന്റെ പുറകെ.


മങ്ങാടൻ:-എറാൻ, അത്രതന്നെയല്ല. പരാക്രമികളായ 'പരിഷമേനോന്മാരും' പടിഞ്ഞാറനാടു മുതലായ ദിക്കുകളിൽ നിന്നു വഴിക്കുവഴിയായി വന്നുചേർന്നു കൊള്ളും.

സാമൂരിപ്പാട്:-ആട്ടെ, തറയ്ക്കൽ മേനോനറിവുകൊടുത്തില്ലേ?

മങ്ങാടൻ:-എറാൻ ഉവ്വ്.

മാനോന്നതനുണിക്കണ്ട മേനോൻവാരിയർവീര്യവാൻ
സ്ഥാനോൽക്കർഷമൊടും സ്വന്തം സേനാല്ക്കടനുടൻവരും.


അത്രതന്നെ പോരാ,

വേപ്പൂർ, പർപ്പൂർ, വെട്ടമെന്നീ മുപ്പൂരിന്നുടയോർകളും
കെല്പേറുംപടകൂട്ടിക്കൊണ്ടിപ്പോരിൽ പിൻതുണയ്ക്കുമേ.


പിന്നെ, കൊടുങ്ങല്ലൂർ മൂന്നാങ്കൂർ തമ്പുരാൻ മുചുകുന്ദത്തു മുന്നൂർവീട്ടുകാരോടുകൂടി ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടു.

-41-


സാമൂരിപ്പാട്:-ശരി- പിന്നെ?

മങ്ങാടൻ:-പിന്നെ കൊടുങ്ങല്ലൂർ വലിയതമ്പുരാനെ ഈ വിവരമറിയിച്ചതിൽ അവിടുന്നു കിട്ടിയ മറുപടി ഇങ്ങനെയാണു്.

സാമൂരിപ്പാടു്:-എങ്ങിനേ?

മങ്ങാടൻ:-"ആഃ നല്ലകാലം. എന്നാൽ--

ചേറ്റുവാമണപ്പുറത്തു പാർക്കുമെന്റെ കൂട്ടർ, ഞാൻ
തോറ്റുപോയ പോരറിഞ്ഞണഞ്ഞതില്ലതിന്നതിൽ
കൂറ്റുകാർക്കു കുണ്ഠിതം വരുന്നതല്ല, കഷ്ടമൊ
ന്നേറ്റ ചെന്നെതൃക്കുവാനുമുണ്ടവക്കൊരാഗ്രഹം.


വരട്ടേ- ക്ഷമിക്കൂ- ഞാൻ പറയുമ്പോൾ മതി എന്നു പറഞ്ഞവരേ ഒതുക്കിനിറുത്തിയിരിക്കുകയാണു്- അവരും, ഈ നാട്ടുകാരും മാപ്പളമാരും മറ്റുമായി രണ്ടു നാഴിക യുദ്ധം കഴിയുമ്പോഴക്കു ഞങ്ങളവിടെയുണ്ടു" എന്നാണു്.

സാമൂരിപ്പാടു്:-ഇവരും ഇനി വേറെ ഒരു വകക്കാരും പോര്‍ക്കളത്തിൽ വന്നു കൂടുന്നവരാണ്. അല്ലേ?

മങ്ങാടൻ:-(വിചാരം) വേറേ ഒരു വകക്കാർ പുന്നത്തൂർത്തമ്പുരാനും സൈന്യവുമായിരിക്കണം. (സ്പഷ്ടം) പോര്‍ക്കളത്തിൽ എന്നരുളിച്ചെയ്തതിന്നു രണ്ടര്‍ത്ഥമുണ്ടായിരിക്കാം.

സാമൂരിപ്പാടു്:-(ചിരിച്ചുംകൊണ്ടു്) എളംകൂറു നമ്മേ തെറ്റിപ്പോയതോടുകൂടി ഒരു വലിയ സാമന്തസൈന്യം പൊയ്പോയി.

മങ്ങാടൻ:-നെടുങ്ങേരിപ്പാടന്മാരുടെ കീഴിലുള്ള നെടുങ്ങാടിപ്പടയല്ലേ? അതെവിടെപ്പോകുന്നു ? ഇവിടെയല്ലെങ്കിൽ അവിടെ.

(അണിയറയിൽ കോലാഹലം)

 

മൂന്നാമങ്കം (42-45)

 

-42-


സാമൂരിപ്പാടു്:-എന്തു ഘോഷമാണിതു്?

മങ്ങാടൻ:-(നോക്കീട്ട്) ഓഹോ! വലിയ ആൾക്കൂട്ടം!

സാമൂരിപ്പാടു്:-(നോക്കീട്ട്) ഹെ! ഈ തിരക്കിൽക്കൂടി ആളെ മാറ്റിക്കൊണ്ടു -

ഉടുപ്പും തലയ്ക്കൊത്ത നീരാളമാകും
നെടുത്തൊപ്പിയും തൂക്കിടും വാളുമായി
പടുപ്രൌഢി കാട്ടുന്ന മേൽമീശയും വെ-
ച്ചെടുക്കുന്നു നേരിട്ടൊരാളാരിതാവോ?


അല്ലാ! നമ്മുടെ ഗോപാലൻ തത്സന്നോരല്ലേ ഇതു! ഈ മേൽമീശയും വേഷവും മറ്റും കണ്ടിട്ടാദ്യം മനസ്സിലായില്ലതാനും.

ഗോപാലൻതത്സന്നോർ:-(പ്രവേശിച്ചിട്ട് വിചാരം) എത്ര ദിവസമായി ഞാനെന്റെ തമ്പുരാനെക്കണ്ടു തൊഴുതിട്ടു! അഥവാ, ഇങ്ങിനെയുള്ള മഹാന്മാരായിട്ടു്, അടുത്തു നില്ക്കുന്നതും അകന്നു പോകുന്നതും രണ്ടും രണ്ടുവിധമാണു് രസം എന്നേ ഉള്ളു .

ഓരോരോ ദേശയാത്രയ്ക്കിടയിലകലെയെൻ
തമ്പുരാൻ തൻ പുകഴ്ച-
പ്പേരോരോന്നായ് ശ്രവിക്കുന്നളവകമലരിൽ-
പ്പെയ്തിടും പ്രീതി വേറേ,
നേരോടേ മുന്നിൽനിന്നിട്ടടിമലർ തൊഴുതു-
ങ്കൊണ്ടു താൻ തിന്ന ചോറ്റിൽ
കൂറോരോന്നായ് നടത്തും ക്രിയകളിൽ വെളിവാ-
ക്കുന്നൊരാ നന്ദി വേറേ.


രണ്ടും ഞാനനുഭവിച്ചറിഞ്ഞു. ഇനി തമ്പുരാന്റെ തിരുമുമ്പിൽ ചെല്ലുകതന്നെ. (ചുറ്റി നടക്കുന്നു.)

-43-


മങ്ങാടൻ:-നാലഞ്ചുകൊല്ലമായിട്ടു ദേശസഞ്ചാരം ചെയ്തിരുന്ന ഈ മഹാൻ, ഈ അവസരത്തിൽ ഇവിടെ വന്നുചേര്‍ന്നതു് ഇയ്യാളുടെ ഉള്ളിലുള്ള സ്വാമിഭക്തിയുടെ ആകര്‍ഷണങ്കൊണ്ടുതന്നെയായിരിക്കും.

ഗോപാലൻ:-(അടുത്തുചെന്നു വന്ദിക്കുന്നു)

സാമൂരിപ്പാടു്:-ആഃ ഗോപാലൻ നല്ല ശിക്ഷ! വളരെക്കാലമായി കണ്ടിട്ടു. എവിടെയായിരുന്നു ഇത്രനാളും?

ഗോപാലൻ:-എറാൻ, അടിയൻ ഇവിടംവിട്ടു വിടകൊണ്ടിട്ടുള്ള അഞ്ചുകൊല്ലത്തിനിടയിൽ പല രാജ്യങ്ങളിലും സഞ്ചരിക്കുകയുണ്ടായി. എന്നാൽ-

അവിടവിടയവനിവാസിക-
ളിവിടുത്തെപ്പുകൾപെറുന്ന തിരുനാമം
അവികലമോതിക്കേട്ടെൻ-
ചെവികൊണ്ടതിലടിയനെത്ര വളരെ രസം?


സാമൂരിപ്പാടു്:-അതൊക്കെപ്പോട്ടെ അര്‍ത്ഥവാദം.

(അണിയറയിൽ പിന്നെയും ലഹള)

മങ്ങാടൻ:-എന്താണിത്ര ആൾകൂട്ടവും ലഹളയും? നാട്ടുകാര്‍ക്കു നിങ്ങളേക്കണ്ടിട്ടുള്ള സന്തോഷം തന്നേ, അല്ലേ?

-44-


ഗോപാലൻ:-അതല്ലാ.

സാമൂരിപ്പാട്:- (നോക്കിട്ട്) അഃ ആം!! ഈ കൂട്ടരാണീ ഘോഷത്തിനൊക്കെക്കാരണം. നോക്കൂ നോക്കൂ.

ചെമ്പിച്ചീടിന കേശവും മിഴികളും വൻതാടിയും മീശയും
ജൃംഭിച്ചീടിന ചുണ്ടുകൾക്കിടയിലായ് ദംഷ്ട്രോഗ്രജന്തങ്ങളും
വമ്പിച്ചീടിന ദേഹമാസകലവും മൂടുന്ന രോമങ്ങളും
മുമ്പിൽച്ചിത്രമിവണ്ണമുണ്ടൊരു വകക്കാരെന്തു ജന്തുക്കളോ?


ഗോപാലൻ:-ഇവർ കാപ്പിരികളാണു്. നല്ലഭ്യാസികളാണു്. മുമ്പൊരിക്കൽ കുരുമുളകും, നേന്ത്രവാഴക്കന്നും, അരിപ്പൊന്നും അയച്ചുകൊടുത്തതിന്നു കാശ്മീരരാജാവിവിടക്ക സമ്മാനമായയച്ചുതന്നിട്ടുള്ളവരാണു്. ആറെണ്ണമുണ്ട്. അടിയൻ ഇവരെ കുറെവഴി നടത്തിക്കൊണ്ടുപോന്നിട്ടും 'ബെമ്പ' എന്നൊരു ദിക്കിൽ വെച്ചു ചില കച്ചിക്കാരുടെ കച്ചോടക്കപ്പലിൽ കയറി സമുദ്രവഴിക്കാണിവിടെ എത്തിച്ചതു്.

മങ്ങാടൻ:-ഏറാൾപ്പാട്ടിലെത്തുല്യപദവിയുള്ള കോഴിക്കോട്ടു നായരായ ഇദ്ദേഹം ഈ അവസരത്തിൽ ഈ ഒരു പുതിയ സൈന്യവുംകൊണ്ടുവന്നതു വളരെ ഉചിതമായി.

ഗോപാലൻ:-(ശങ്കയോടുകൂടി) എന്താ ഇപ്പോൾ വിശേഷം?

മങ്ങാടൻ:-അതൊക്കെ പിന്നെപ്പറയാം.

സാമൂരിപ്പാടു്:-ആട്ടേ. ഇവരുടെ അഭ്യാസം ഏതൊരു മാതിരിയാണു്?

ഗോപാലൻ:-അതോ, ഉണര്‍ത്തിക്കാം.

-45-


എന്തെന്തായുധമെപ്പൊഴേതു വിധമാ-
യേല്പിക്കിലും പറ്റുകി-
ല്ലെന്തും തൽക്ഷണമീയ്യിവറ്റകളിലാ-
ക്കൈത്തണ്ടയാൽത്തട്ടുമേ
സ്വന്തം കൈകൾമയക്കിയാലടവിലേ-
തഭ്യാസിയേയും മറി
ച്ചന്തത്തോടുമടക്കുമിങ്ങിനെ വെറും-
കയ്യാങ്കളിക്കാരിവർ.


സാമൂരിപ്പാടു്:-ആഃ ഹാഃ! എന്നാൽ ഇവരുടെ കളിയൊന്നു കാണണം. സംശയമില്ല.

ഗോപാലൻ:-എറാൻ, എന്നാൽ ഇപ്പോൾത്തന്നെയാവുന്നതല്ലേ നല്ലത്? ഈ ആൾക്കൂട്ടവും സന്തോഷിക്കട്ടെ.

സാമൂരിപ്പാട്:-അങ്ങിനെയാവട്ടെ.

മങ്ങാടൻ:-നമ്മുടെ മാപ്പിളമാരിൽച്ചിലരും ഇവരിൽ ചിലരും തമ്മിലാവട്ടെ അഭ്യാസപ്രയോഗം, അല്ലേ?

ഗോപാലൻ:- ഓഹോ!

സാമൂരിപ്പാടു്:-കൊള്ളാം, അതുകൊള്ളാം. (എണീറ്റിട്ടു്)

ചിരന്താനേ വാളും പരിചയമെടുത്തുള്ളമുറയിൽ
പ്പരുന്തിതുപ്രാക്കുംനൽത്തടവുമടവും വെട്ടുമിവയെ
ചിരന്തമ്മിൽ തമ്മിൽ പൊരുതി വിരുതാം മാപ്പളകളായ്
വെറും തൻകൈകൊണ്ടീപ്പരിഷയെതിർകൊണ്ടാൽ ബഹുരസം!


ഉടനേ ഇവരെ ആയുധങ്ങളിലും ശീലിപ്പിക്കണം.

(എല്ലാവരും പോയി.)

മൂന്നാമങ്കം കഴിഞ്ഞു

 

നാലാമങ്കം (46-50)

 

-46-


നാലാമങ്കം


(അനന്തരം കൊച്ചുണ്ണിത്തിരുമുല്പാടും ഭാര്യ നാരായണിഅമ്മയും പ്രവേശിക്കുന്നു.)

നാരായണി:-ആട്ടെ, ഇവിടുന്നു കൊടുങ്ങല്ലൂര്‍ക്കു പോയിട്ടുള്ള കഥയെന്താണു്?

കൊച്ചുണ്ണി:-അതോ? അവിടെയിപ്പോൾ-

ആണുങ്ങൾവീടുതോറും
നാണങ്കൊണ്ടൊത്തു പെണ്ണിനെപ്പോലെ
വാണുപരം വീരായിത -
മാണു പഠിക്കുന്നതെന്തു പറയേണ്ടു?


നാരായണി:- എന്തു്, ആണും പെണ്ണും ഒരുപോലെയാണെന്നോ? എന്നാൽ പേടിക്കണം.

കൊച്ചുണ്ണി:-ശരിയാണു്. പക്ഷേ, കുറച്ചു ഭേദമുണ്ടു. ആണുങ്ങളായുധംകൊണ്ടാണു വീരായിതം പഠിക്കുന്നതു. പെണ്ണുങ്ങൾ വെറും മെയ്‌മിടുക്കുകൊണ്ടാണു്.

-47-


നാരായണി:-ആട്ടെ, തമ്പുരാന്റെ സ്ഥിതിയെങ്ങിനേ? അതറിയാൻ വേണ്ടിയല്ലേ ഇവിടുന്നങ്ങോട്ടുപോയതു?

കൊച്ചുണ്ണി:- ഇതുകൊണ്ടു തമ്പുരാന്റെ നിലയും ഊഹിക്കരുതോ? എന്തു പറയുന്നു! വിചാരിച്ചതുപോലെയൊന്നുമല്ല കാര്യം!

യൂഴീപതിതോറ്റപാടു കുറവൻ
കയ്യിൽപ്പെടുംപാമ്പുപോ-
ലായൂത്തെന്തിനിയെന്നുമോര്‍ത്തിതുകൊടുങ്ങ
ല്ലൂര്‍ക്കു പോകുമ്പോൾ ഞാൻ
ഈയൂഴം, മതിയൊന്നു മാറിയവിടു
ന്നാളെന്തു കേമൻ, വിഷം
പോയൂക്കറ്റവിധത്തിലല്ല പകയും
കൊണ്ടാണു പാര്‍ക്കുന്നതും.


അവിടയ്ക്കും വലിയ പിൻബലമുണ്ടുതാനും. കരുതിയിരിക്കണം. ഈ വിവരം ഞാൻ നമ്മുടെ വലിയ തമ്പുരാനെ ഉണര്‍ത്തിക്കയും ചെയ്തു. ഏതെങ്കിലും, അധികം താമസിക്കാതെ ഒരു വലിയ യുദ്ധവും കൂടി ഉണ്ടാവാനാണു വഴി കാണുന്നതു്.

നാരായണി:-അതു വിചാരിക്കുമ്പോഴാണെനിക്കു പേടി.

കൊച്ചുണ്ണി:-അതിനെന്താ പേടിക്കാനുള്ളതു്?

-48-


നാരായണി:-ഇവിടുത്തെപ്പോലെയുള്ള വീരന്മാര്‍ക്കു പേടിക്കാനൊന്നുമില്ലായിരിക്കാം. പക്ഷേ, എന്നെപ്പോലെയുള്ള ഭീരുജനത്തിനു ഭയന്തന്നെ.

കൊച്ചുണ്ണി:-ഛെ. ഛെ. അങ്ങിനെയല്ല, അല്ലേ! വീരപ്രിയേ, വിചാരിച്ചുനോക്കൂ.

വീരൻവൈരിവധം കഴിച്ചുമുറിയേറ്റാത്മ
പ്രിയൻവന്നിടു
ന്നേരംചോരപകർന്നുപുൽകിനരസം
വീരപ്രിയയ്ക്കില്ലയോ?
സാരംഗാക്ഷി! മറിച്ചുഭീരുപടയിൽത്തോ
റ്റോടിയെത്തുംവരൻ
ചേരുമ്പോൾ മടവാർകളെപ്പരിഹസി-
ക്കില്ലേ വെറുംദാസിയും?


നാരായണി:-അതൊക്കെശ്ശരിയാണു്. എങ്കിലും യുദ്ധം എന്നുവെച്ചാൽ പ്രാണനെക്കൊണ്ടുള്ള ഒരു കച്ചോടമാണു്. അതു വിചാരിക്കണ്ടേ?

കൊച്ചുണ്ണി:-അതു വാസ്തവം തന്നെ. എന്നാൽ പാലിയത്തു വലിയച്ചനും രാമേശ്വരത്തു നിന്നെത്തിയല്ലോ

-49-


ബുദ്ധികൂര്‍ത്ത നൃപമന്ത്രിവീരനും
ശക്തികൂടിയമഹീമണാളനും
ഒത്തുകൂടി,യിനിയെത്രതന്നെയാ-
പത്തുകൂടുകിലുമില്ലെടോഭയം.


ആചാര്യനായ ചേന്നാസ്സുനമ്പൂതിരിപ്പാടും തിരുമുമ്പിലേക്കു പോയിട്ടുണ്ടു്. ഇന്നവിടെ നല്ല ആലോചനയാവും. എന്തെല്ലാമാണെന്നു വഴിയെ അറിയാം. ഈ വർത്തമാനം എന്റെ സ്വാമിയായ മൂന്നാംകൂറുതമ്പുരാനെ അറിയിച്ചുവരാം.

നാരായണി:-വേഗം വരില്ലേ?

കൊച്ചുണ്ണി:-ഉവ്വ്, ഉവ്വ്. അകത്തേക്കു പൊയ്ക്കൊള്ളു.

നാരായണി:-അങ്ങിനെ തന്നെ. (പോയി)

കൊച്ചുണ്ണി:-ഏതെങ്കിലും, ഒരു നല്ല യുദ്ധം നിശ്ചയം!

കയ്യേ! വാളേ! കടുബലമൊടും കണ്ട ശത്രുക്കൾ ചെയ്യും
കയ്യേറ്റത്തിൽക്കരുണയണയും നിങ്ങൾ കൺവെച്ചുനില്പിൻ
ചെയ്യേണ്ടുന്നാക്രിയകളുടനേ തമ്പുരാൻതീര്‍ച്ചയാക്കും
വയ്യേ ഹിംസയ്കിനിമടി നിനക്കെൻ മനസ്സേ! നമസ്തേ.


(എന്നു പോയി.)

വിഷ്കംഭം കഴിഞ്ഞു

-50-


[അനന്തരം വലിയതമ്പുരാനും ചേന്നാസ്സുനമ്പൂരിപ്പാടും പാലിയത്തു വലിയച്ചനും ഇരുന്നുകൊണ്ടു പ്രവേശിക്കുന്നു.]

ചേന്നാസ്സു:-വലിയച്ചൻ പോയതിന്റെശേഷം ഇവിടെയുണ്ടായ വിശേഷങ്ങളൊക്കെക്കേട്ടില്ലേ?

പാലിയത്തു്:-ഒട്ടുചിലതൊക്കെക്കേട്ടു. കേട്ടേടത്തോളം വൈഷമ്യന്തന്നെ. എന്താണെന്നല്ലേ?

ധര്‍മ്മം, കാര്യാവബോധം, പ്രജകളിലതിര
ഞ്ജിപ്പു, നീതിക്കുതട്ടും
മര്‍മ്മം കാട്ടായ്ക, തൊട്ടുള്ളവനിപഗുണ വൻ
പേറുമെൻ തമ്പുരാനും
ഇമ്മട്ടിൽക്കോടിലിംഗക്ഷിതിപനെ വെറുതേ
കീഴടക്കെന്നൊരൊറ്റ
ക്കര്‍മ്മത്തിൽത്തെറ്റുപറ്റീ നിജനില കരുതീ-
ലൊട്ടുമെന്നെന്റെ പക്ഷം.


വലിയതമ്പുരാൻ:-(ആലോചനയോടുകൂടി വിചാരം) എന്താണത്? എളമിലെ അഭിപ്രായന്തന്നെയായിരിക്കുമൊ ഈ മഹാനും കണ്ടിരിക്കുന്നത്?

ചേന്നാസ്സ്:- അതെന്താണു?

പാലിയത്ത്:-ഇതറിയാനത്ര വിഷമമില്ലല്ലൊ. കൊടുങ്ങല്ലൂർത്തമ്പുരാനു വലിയ ബന്ധുവായിട്ടുള്ളതു സാമൂതിരിപ്പാടാണു്. എന്നാൽ, സ്വഭാവേന തന്നെ നമുക്കാ മഹാനെപ്പേടിച്ചുകൊണ്ടിരിക്കേണ്ടതാണു്. എന്തുകൊണ്ടെന്നാൽ, അവിടുന്നത്യുത്സാഹിയും ശക്തനുമാണു്. വിശേഷിച്ച്,

 

നാലാമങ്കം (51-55)

 

-51-


ബ്രഹ്മജ്ഞാനികളന്തണേന്ദ്രരനിശം
വേദം മുഴക്കുന്നൊരാ-
ബ്രഹ്മസ്വമ്മഠമുള്ളനല്ലശിവപേ-
രൂരെന്ന പുണ്യസ്ഥലം
ധര്‍മ്മം, നീതി, ബലം, പെരുത്തിവ പെടു
ന്നെൻ തമ്പുരാനേയുമുൾ-
ക്കര്‍മ്മംകൊണ്ടു ജയിച്ചടക്കുവതിനാ
ണാവീരനത്യാഗ്രഹം.


അതിന്നനുകൂലമായിത്തന്നെ,

ഭാരതപ്പുഴയതൃത്തിയുള്ളുഭൂ-
ഭാരതന്ത്രമിഹ കയ്യിലാകിലും
പോരുകൊണ്ടധിക ലാഭമെന്നുമുൾ
പ്പോരുകൊണ്ടു കരുതുന്നു മന്ത്രിയും.


അങ്ങിനെയിരിക്കുമ്പോൾ, ഇത് 'കേറാൻപോകുന്ന കുരങ്ങനൊരേണിവെച്ചുകൊടുക്കുക' എന്നായിത്തീർന്നിരിക്കുന്നു. തീപ്പെട്ട വലിയതമ്പുരാനു ഈ ഒരു ചെറിയ രാജ്യം പിടിക്കാൻ ശക്തിയില്ലാഞ്ഞിട്ടാണൊ ഇതിലേക്കു ദൃഷ്ടിവെക്കാഞ്ഞതു്? ഇതൊന്നും ഇവിടുന്നു കല്പിച്ചാലോചിക്കാഞ്ഞതെന്തേ?

വലിയ തമ്പുരാൻ:-അപ്പോൾ ഇതൊന്നും അത്ര കരുതിയില്ല. ജയത്തിന്നൊരു വഴികണ്ടപ്പോൾ അങ്ങോട്ടുചാഞ്ഞു മനസ്സ് എന്നേ പറയേണ്ട. ചെറിയമേനോനും യുദ്ധത്തിനു തന്നെയായിരുന്നൂ അത്യുത്സാഹം,

-52-


പാലിയത്തു:-"വിൽക്കാശുകൊടുത്തു ചെമ്പുകാശു മാറുന്ന കച്ചോടം.” എന്തിനു വിടകൊള്ളുന്നൂ ഇതൊക്കെ അടിയന്റെ ആലോചനക്കുറവാണു്.

ചൊല്ലേറും രാജമന്ത്രിസ്ഥിതിയെഴുമടിയൻ
കേവലം തീര്‍ത്ഥയാത്ര-
യ്ക്കല്ലേ ചാടിപ്പുറപ്പെട്ടതു, പണിപകരം
നോക്കിടുന്നാജവന്നോ
കില്ലേതും വിട്ടുകിട്ടും രണലഹളരസം,
ചെറ്റുമാലോചനക്ക
യ്യില്ലേറ്റം മൂര്‍ച്ചകൂടും മതിയിലുമസിയിൽ
പ്രീതികൂടീടുമല്ലോ.


ആട്ടെ, എളയതമ്പുരാൻ ആലോചനാബുദ്ധിയുള്ളാളാണല്ലൊ. അവിടുന്നിതിന്നു വിരോധമായിട്ടു തിരുവെഴുത്തയച്ചിട്ടും മറുപടിപോലും കൊടുക്കാതിരുന്നതും ഇതുപോലെ മറ്റൊരു സാഹസം എന്നല്ലേ പറയേണ്ടതു്?

വലിയ തമ്പുരാൻ:-ജയം കഴിഞ്ഞതിന്റെ ശേഷമേ ഞാനാവര്‍ത്തമാനന്തന്നെ കേട്ടുള്ളൂ. പിന്നെ മറുപടിയയച്ചിട്ടെന്താണു ഫലം?

പാലിയത്ത്:-എന്നാൽ, അതും അടിയന്റെ അടിക്കിടാവിന്റെ യുദ്ധഭ്രാന്തിന്റെ ഒഴുക്കിലൊലിച്ചുപോയിരിക്കാം. ഛെ, ഛെ. അതൊട്ടും നന്നായില്ല. അവിടെയ്ക്കെന്തു തോന്നും?

ചേന്നാസ്സു:-ശരിയാണതു്. മുമ്പെതന്നെ എളയരാജാവിനെ ഇവിടുന്നത്ര ആദരിക്കുന്നില്ലെന്നും മറ്റും ഒരു കിംവദന്തിയുണ്ട്.

വലിയ തമ്പുരാൻ:-കിംവദന്തിയോ? എന്താണിങ്ങിനെയൊരു ജനശ്രുതിയുണ്ടാവാൻ കാരണം?

-53-


പാലിയത്തു:-അതടിയൻ വിടകൊള്ളാം. ഇവിടുന്നു അനന്തിരവന്മാരെയൊക്കെ ഒരു നിലയിലാണു വിചാരിച്ചുവരുന്നതു്. എന്നാൽ,

സ്വന്തം താവഴി വിട്ടകന്നുമരുവും
ദായാദിവര്‍ഗ്ഗത്തെയ-
ത്യന്തംനന്മയെഘടാദരിക്കണമവര്‍-
ക്കുള്ളോര്‍ക്കുവാൻ ദുര്‍ഘടം
എന്തെന്നില്ല പെരുത്തടുത്തവരുമീ-
സ്വത്തിന്റെ കായ്യത്തിലാ-
രെന്തെന്നീവക നോക്കിടാതിടയുമേ;
ലോകത്തിൽ വിത്തംവിഷം.


വലിയ തമ്പുരാൻ:-ശരിയാണതു. ഞാനീവിഷയത്തിൽ കുറച്ചുദാസീനത കാണിച്ചിരുന്നു.

ചേന്നാസ്സ:-എന്തിനധികം പറയുന്നു? ഇവിടുന്നു ഈ തെക്കേക്കോവിലകത്തേക്കു മാത്രമേ രാജ്യാവകാശമുള്ളു എന്നാക്കിത്തീര്‍ക്കുവാൻ നോക്കുന്നുണ്ടെന്നും കൂടി സംസാരമുണ്ടു്.

പാലിയത്തു:-(ശങ്കയോടുകൂടി) അ് ഹാഃ! ഇതിനെന്താ സംഗതി?

വലിയ തമ്പുരാൻ:-(പുഞ്ചിരിയോടുകൂടി) അതോ? ഇവിടെ മഹാജ്യോതിഷിയായ തെലുങ്കുശാസ്ത്രികൾ വന്നിരുന്നു. അയാളെക്കൊണ്ടു കുഡുംബസംബന്ധമായിട്ടൊരു പ്രശ്നം വെപ്പിച്ചതിൽ, “ഇനിക്കുറഞ്ഞും വര്‍ദ്ധിച്ചും ഇരിക്കുന്ന ഈ കൊച്ചിരാജ്യത്തിന്റെ ആധിപത്യം ഈ തെക്കേക്കോവിലകത്തു മാത്രമായിത്തീരുമെന്നും പിന്നെക്രമങ്കൊണ്ടു ഈ രാജ്യം കച്ചോടക്കാരായി ദ്വീപാന്തരത്തിൽനിന്നു വന്നിറങ്ങീട്ടുള്ള ചില വെള്ളക്കാരുടെ കീഴിലായിപ്പോകു”മെന്നും മറ്റും അയാൾ ഫലം പറയുകയുണ്ടായി.

പാലിയത്തു്:- ശരി. പിന്നേ 'കോവിലകത്തുമന്ത്രം കൊടിക്കൽപ്പാട്ടു' എന്ന നിലയിലായിരിക്കും, അല്ലേ? ഏതെങ്കിലും, ഇതു വലിയ അനര്‍ത്ഥമായിത്തീര്‍ന്നു. നിശ്ചയം എന്താണെന്നല്ലേ?

-54-


യുവനൃപനിതറിയുമളവീ-
യ്യവനി ലഭിക്കേണ്ട വഴിവിചാരിക്കും;
അവശമഗജലധി നായക
നവർകളെ യെങ്ങാനുമാത്രയിച്ചേക്കും.


വലിയ തമ്പുരാൻ:-അങ്ങിനെവരുമോ? അതുണ്ടാവില്ല. അയാളത്ര വിഡ്ഢിയല്ലല്ലോ.

പാലിയത്ത്:-അല്ലാ. എല്ലാംകൊണ്ടും അതിപ്രബലനായ സാമൂതിരിപ്പാടു യുദ്ധത്തിന്നുവന്നാൽ വേണ്ടത്തക്ക ഒരുക്കങ്ങൾ ചെയ്യാനിവിടെ വൈകിയിരിക്കുന്നു.

മങ്ങാടനാണവിടെ മന്ത്രി മഹാസമര്‍ത്ഥൻ
ചങ്ങാതി ഭേദവിധിനോക്കിയൊരുക്കുമാദ്യം;
ഇങ്ങായതൊന്നുമറിയാതെയടങ്ങിവാണാൽ
മങ്ങാതെ വൈരികൾ വളഞ്ഞിഹ നാടു നേടും


ചേന്നാസ്സ:-ശരിയാണു വലിയച്ചൻ പറയുന്നതു്. ഉദാസീനത ഒട്ടും കണക്കല്ല.

വലിയ തമ്പുരാൻ:-അതിനെന്താ? "ഭേദത്തിന്നെതൃഭേദം' എന്നല്ലേ നീതി? നമുക്കും ചില വിദ്യകളെടുക്കുകതന്നെ.

പാലിയത്ത്:- എറാൻ. പക്ഷേ, കാലം അതിക്രമിച്ചിരിക്കുന്നു.

വലിയ തമ്പുരാൻ:-ഇല്ല, അതിന്നു വഴിയുണ്ട്.

-55-


പാലിയത്ത്:-എന്താണതു്?

വലിയ തമ്പുരാൻ:-അതു പറയാം,

എളംകൂറും സാമൂരിയുമൊരു മലന്തര്‍ക്കവഴി പോര്‍-
ക്കളം കേറുന്നാൾക്കാർ മരണമടയും വണ്ണമവിടെ
തിളയ്ക്കും വിദ്വേഷസ്ഥിതിയിൽനിലവാണായെളമിലേ
ത്തളയ്ക്കുന്നൂവെള്ളാട്ടരനൃപതി നീതിക്കയറിനാൽ.


പാലിയത്ത്:-ഇതടിയനും കേൾക്കയുണ്ടായി. പക്ഷേ, അങ്ങോട്ടോ ഇങ്ങോട്ടോ നീതിക്കയറുകൊണ്ടു കെട്ടിയിരിക്കുന്നതെന്നു അടിയനു തീർച്ചയായിട്ടില്ല.

വലിയ തമ്പുരാൻ:-അതു സംശയിക്കാനില്ല. എന്താണെന്നല്ലേ?

മുമ്പേ വെള്ളൂക്കനാരിയ്ക്കുവശതര മെളം
കൂറു തോല്ക്കുന്നുവെന്നായ് -
ത്തൻപേരിൽബോദ്ധ്യമായിട്ടടവെഴുമവിടു-
ന്നങ്ങ കേറീക്ഷണിച്ചു
വൻപേറുന്നൊരു സാമൂതിരിയൊടുപൊരുതാ
നാവതല്ലായ്കകൊണ്ടി
ട്ടൻപോലുംശത്രുപക്ഷത്തെയുമൊടുവിലെളം
കൂറുചെന്നാശ്രയിച്ചു.


അങ്ങിനെയാണുണ്ടായിട്ടുള്ളതു്.

പാലിയത്തു്:-റാൻ. അതൊക്കെശ്ശരിയാണു്. എങ്കിലും അടിയനു വിശ്വാസം വരുന്നില്ല. (വിചാരം) ഈ വര്‍ത്തമാനം കേട്ടപ്പോൾ തന്നെ, വെള്ളാട്ടാരെത്തമ്പുരാനോടു കരുതിയിരിക്കണമെന്നറിയിപ്പാൻവേണ്ടി ഞാനൊരാളെ വിട്ടിട്ടുമുണ്ടു്.

 

നാലാമങ്കം (56-61)

 

-56-


ചേന്നാസ്സ്:-ഇതൊക്കെ വെറുതെയുള്ള ദുശ്ശങ്കയല്ലേ? വിചാരിച്ചുനോക്കൂ.

കളങ്കംകൂടാതുള്ളൊരു പരമശുദ്ധപ്രകൃതിയാ-
മെളംകൂറോ, നീതിച്ചതിമമത കാട്ടുന്നുപലനാൾ
ഉളുക്കെല്ലാംകാണും വെളിവുടയവെള്ളാട്ടരെ നൃപ
ന്നെളുപ്പത്തിൽപ്പറ്റാ, ദൃഢമപരദുർമ്മന്ത്രവിധികൾ.


വലിയ തമ്പുരാൻ:-നമ്പൂതിരി പറഞ്ഞതു കാര്യമാണു്. എന്നുതന്നെയല്ല, വെള്ളുക്കനാരിയുടെ സഹായം കൊണ്ടാണദ്ദേഹം ആ മലയുടെ കാര്യത്തിൽ ഒരു വിധം മടങ്ങാതെ നിന്നതും. അതൊക്കെക്കേവലം മറന്നു കൃതഘ്നത കാണിക്കാനെളംകൂറിനു ധൈര്യം വരില്ല. സംശയമില്ല.

പാലിയത്തു്:-(വിചാരം) മങ്ങാടന്റെ നീതികളെന്തെല്ലാമാണെന്നും എങ്ങിനെയെല്ലാം കലാശിക്കുമെന്നും ആര്‍ക്കും ഊഹിച്ചുകൂടുന്നതല്ല. (സ്പഷ്ടം) ആട്ടേ, നമുക്കു സൈന്യം ശേഖരിക്കുന്നതിനെപ്പറ്റി ആലോചിക്കുക.

വലിയ തമ്പുരാൻ:-അതിലേക്കിവിടെ വേണ്ട കരുതലൊക്കെ ചെയ്തുവെച്ചിട്ടുണ്ട്. ഒന്നാമതു നമുക്കു, പാലക്കാട്ടിരിക്കോമ്പിയച്ചന്റെ സൈന്യത്തിൽ നിന്നാണു് വലിയ ഒരു സഹായം കിട്ടുവാനുള്ളതു്. അതിന്നവിടയ്ക്കു ദൂതനെ അയച്ചിട്ടുണ്ടു്, മറുപടിയും കിട്ടി.

എന്നാൽക്കമ്മാള കൌണ്ടപ്പടകളൊടു സമം
കൊച്ചിയച്ചൻ സഹായ
ത്തിന്നായ്‍വന്നെത്തുമല്ലൊ മമതയൊടുദൃഢം
നാലുനാളിന്നകന്താൻ


പാലിയത്ത്:-

ഒന്നാണെൻപക്ഷമീസ്സംഗതിയെ മതിമയ
ക്കുന്നുമങ്ങാടനോര്‍ത്തീ-
ലെന്നാൽക്കാര്യം ഫലിച്ചൂ, വിരുതനവനതിൽ
ക്കണ്ണു വെച്ചാൽ ചതിച്ചൂ


വലിയ തമ്പുരാൻ:-എന്ത്? ആയാളെ ഇത്ര ശങ്കയോ? പിന്നേ, വെള്ളുക്കനാരിയും, എളംകൂറിനോടൊന്നിച്ച്, നമുക്കു സഹായിപ്പാൻവേണ്ടി അവരവരുടെ സൈന്യങ്ങളോടുകൂടിയെത്തിക്കൊള്ളാമെന്നു അവിടുന്നുതന്നെ ദൂതനെ ഇങ്ങോട്ടയച്ചിട്ടുണ്ടു്.

-57-


മഹാരണത്തിന്നതുമീനമുക്കു
സഹായമാമേറ്റവുമെന്നുറയ്ക്കാം


പാലിയത്ത്:-

ഇഹാദിമങ്ങാടനെടുത്തതന്ത്ര
വിഹാരമില്ലെങ്കിലതും നടക്കും.


വലിയ തമ്പുരാൻ:-ഇതു രണ്ടിന്നും പുറമേ, നമ്മുടെ കീഴിലുള്ള പറവൂർ, ആലങ്ങാടു മുതലായ നാടുകളിലെ രാജാക്കന്മാരും, ആറുനാട്ടിൽ പ്രഭുക്കന്മാരും അവരവരുടെ സൈന്യങ്ങളോടുകൂടിത്തയ്യാറുണ്ട്.

പാലിയത്തു:-(വിചാരം) അവരുടെയിടയിൽ മങ്ങാടന്റെറെ മന്ത്രം കടന്നുകൂടീട്ടുണ്ടാവില്ല. (സ്പഷ്ടം) മുവ്വാറ്റുപുഴ മുതലായ കിഴക്കൻ ദിക്കുകളിലെ കര്‍ത്താക്കന്മാരും ഒരുങ്ങീട്ടുണ്ടായിരിക്കും, ഇല്ലെ?

വലിയ തമ്പുരാൻ:-ഉവ്വ്, ഉവ്വ്.

പാലിയത്ത്:-കരിങ്ങമ്പിള്ളി, ചറുവള്ളി, മാരാമിറ്റം ഈ നമ്പൂരിപ്പാടമാരുടെ കീഴിലുള്ള ഗ്രാമണിപ്പടയോ?

വലിയ തമ്പുരാൻ:-അതുപിന്നെപ്പറയാനുണ്ടോ?

നാമത്രേ കേരളത്തിന്നധിപരെയവരോ
ധിയ്ക്കു മാറ്റീടുകിങ്ങീ-
ക്കൈമുഖ്യം പണ്ടുപണ്ടുള്ളതുപരനിതിനാ
രുണ്ടു മാറ്റംവരുത്താൻ?
ഈമട്ടോരോന്നുമന്ത്രിച്ചതിപടുതപെടും
ഗ്രാമണിക്കൂട്ടർ പോരിൽ
സ്സാമര്‍ത്ഥ്യങ്കൊണ്ടവാളും പരിചയുമരികിൽ
ചേര്‍ത്തു സന്നദ്ധരത്രേ.


ചേന്നാസ്സ്:-ഇവർ പണ്ടുപണ്ട്, ചേരമാൻ പെരുമാളന്മാര്‍ക്കും മുമ്പേ, കേരളം രക്ഷിച്ചു വാണിരുന്ന മഹാകുലീനന്മാരാണല്ലൊ.

-58-


പാലിയത്ത്:-വയ്ക്കം തമ്പാക്കന്മാർ, തിരുമുല്പാടന്മാർ, ഇവരുടെ ക്ഷത്രിയപ്പടയോ?

വലിയ തമ്പുരാൻ:-അതു നമ്മുടെ കൊച്ചുണ്ണിയുടെ കീഴിലാണല്ലോ. പിന്നെ, ജൂതന്മാർ, നസ്രാണികൾ, കുടുമ്മികൾ ഈ മൂന്നു വര്‍ഗ്ഗക്കാരും തയ്യാറുണ്ടു്.

പലിയത്തു്:-ആട്ടെ. പുലാമ്പിള്ളിക്കുറുപ്പന്മാരുടെ കീഴിലുള്ള ചേര്‍ത്തല നായന്മാരുടെ പടയോ?

വലിയ തമ്പുരാൻ:-ആ നായന്മാരൊക്കെ ഒരുങ്ങിനില്ക്കുന്നുണ്ടു്. കുറുപ്പന്മാരുടെ കഥ സംശയമാണു്.

പാലിയത്ത്:-എന്താണതു്?

വലിയ തമ്പുരാൻ:-കൊടുങ്ങല്ലൂർനാട്ടിനെ സംബന്ധിച്ചാണു യുദ്ധം എങ്കിൽ അവരില്ല. അങ്ങിനെയല്ലേ കരാറുള്ളതു്?

ചേന്നാസ്സ്:-അവരിന്നും പണ്ടത്തെക്കൂറുവിടാതെ നില്ക്കുന്നു, ആട്ടെ, കൊടുങ്ങല്ലൂർക്കാരേതുനിലയിലാണു?

വലിയ തമ്പുരാൻ:-അവരെ ഈ വിവരം അറിയിച്ചിട്ടേ ഇല്ല. എന്താണെന്നോ?

പതിനെട്ടരാകുളംവരെ
യതിരിട്ടൊരുനാട്ടകംപിടിച്ചാലും,
അതിനുള്ളനാട്ടുകാരും
ക്ഷിതിപനുമിടയിൽത്തിരിഞ്ഞിടഞ്ഞേയ്ക്കും.


അങ്ങിനെയല്ലേ?

പാലിയത്ത്:-എറാൻ; അവിടുന്നല്ലേ ഈ വരാൻപോകുന്ന യുദ്ധത്തിന്റെ ഉത്ഭവന്തന്നെ. എന്നാൽ, അറിയിച്ചില്ലെങ്കിലും, അവർ യുദ്ധത്തിനു വരാതിരിക്കില്ല. പക്ഷേ, മറുഭാഗത്താണെന്നേയുള്ളു. പിന്നെ?

വലിയ തമ്പുരാൻ:-പിന്നെ, നമ്മുടെ നാട്ടിലുള്ള വടക്കരുടെ കഥയാണ്. അവരെ ഒക്കെ കൂട്ടിച്ചേര്‍ത്തു ഒരു വലിയ പടയൊരുക്കുവാൻ എളമിലേക്കെഴുതി അയച്ചിരുന്നൂ.

പാലിയത്തു്:-(ശങ്കയോടുകൂടിച്ചിരിച്ചുംകൊണ്ട്) ആഃ ഹാ! എന്നിട്ടോ?

-59-


വലിയ തമ്പുരാൻ:-ആ വിദ്വാൻ അതിനൊന്നും മറുപടി അയച്ചില്ല.

പാലിയത്ത്:-(സംഭ്രമത്തോടുകൂടി) എന്താ?

വലിയ തമ്പുരാൻ:-വരട്ടെ, കേൾക്കു. എന്നാൽ, എഴുത്തുകൊണ്ടുപോയ ആളോടിങ്ങിനെ പറഞ്ഞു.

പാലിയത്ത്:- എങ്ങിനെ?

വലിയ തമ്പുരാൻ:-"ഞാൻ എഴുതി അയച്ചതിന്നു അവിടുന്നു മറുപടി അയച്ചില്ലല്ലോ. പക്ഷേ, കാര്യമിവിടെ കരുതാതിരുന്നാൽ കണക്കല്ലല്ലോ.

കേളത്തച്ചൻ പ്രധാനിത്തലവനിഹതല-
പ്പിള്ളി നാട്ടാരെയെല്ലാം
നീളെത്താൻചേര്‍ത്തുചേലക്കരെയടവുപഠി-
പ്പിച്ചു പാലിച്ചിടുന്നു;
ആളെത്രയ്ക്കുണ്ടതാവോ ശിവപുരിയാൽ വിശേ
ഷിച്ചു മൂരാളമുഖ്യൻ
മേളത്തിൽക്കൂട്ടിടുന്നുണ്ടൊരുപടയെ യത-
ങ്ങേറ്റു ഞാനും ഭരിക്കും.


അത്രതന്നെ പോരാ,

കക്കാട്ടുകാരണോര്‍പ്പാടു തൽക്കാലം ചേര്‍ത്ത സേനയും
ഒക്കാതിരിക്കില്ലെൻ കീഴിൽ നില്ക്കാനാണായതുംതരം.

അവിടുത്തെസ്സേവയൊക്കെ മൂന്നാമിലെ സേനാധിപത്യത്തിൻ കീഴിലാണല്ലോ നില്ക്കുന്നത്. എന്നാൽ, ഈ മൂന്നുവകയായ വടക്കൻ പടയൊക്കെ ഞാൻതന്നെ ഭരിക്കുന്നുണ്ടു്.” എന്നാണു പറഞ്ഞുവിട്ടതു്.

പാലിയത്തു:-(വിചാരം) ഇതുകൊണ്ടു രണ്ടുവിധത്തിലും വിചാരിക്കാം.

-60-


വിരുതനിളയതമ്പുരാൻ വിരോധി
പ്പരിഷയൊടൊത്തു തിരിഞ്ഞുവെന്നുമോര്‍ക്കാം;
കരുതലൊടഥവാ, മുറയ്ക്കുനാട്ടിൽ
പ്പെരിയ ഗുണത്തിനൊരുങ്ങിയെന്നുമോര്‍ക്കാം.


എങ്ങിനെയാണാവോ? ദൈവവിധിപോലെ വരട്ടെ.

വലിയ തമ്പുരാൻ:-ഇങ്ങിനെയൊക്കെ ഇവിടെ ഒരുങ്ങിയിരിക്കുന്നു.

ഇന്നെന്നാൽക്കോമ്പിയച്ചൻ, കൊടിയ നൃപതി വെ-
ള്ളാട്ടരെയുള്ള നാഥൻ,
പിന്നെപ്പാരം മിടുക്കുള്ളിളയ നൃവര, നീ
മൂവരും ചേര്‍ന്ന സൈന്യം
എന്നല്ലിങ്ങുള്ള തെക്കൻപടകളിവകളൊ-
ന്നിച്ചു കൂടുന്നതായാ
ലൊന്നല്ലഞ്ഞൂറു സാമൂതിരി വരികിലുമേ
ലേശവും കൂസലില്ല.


ചേന്നാസ്സ്:-ഇതു വാസ്തവമാണു.

-61-


പാലിയത്തു്:-എല്ലാം ഈശ്വരാനുഗ്രഹംകൊണ്ടു ഗുണമായ്‍വരട്ടെ.

ചേന്നാസ്സ്:-അങ്ങിനെതന്നെയാണതു.

കേവലം പൗരുഷം തുച്ഛം ദൈവം നന്മയ്ക്കും കാരണം;
ദൈവാനുകൂല്യമുണ്ടാവാൻ ദേവാര്‍ച്ചന തുടങ്ങണം.


വലിയ തമ്പുരാൻ:-നമ്പൂരി പറഞ്ഞതു കാര്യമാണു്.

പാലിയത്തു്:-എന്നാൽ അതിനു വേണ്ടതൊക്കെ ഒരുക്കിക്കട്ടെ.

വലിയ തമ്പുരാൻ:-അങ്ങിനെതന്നെ.

പരക്കെ ലോകര്‍ക്കു ശുഭാശുഭങ്ങൾതൻ
പരമ്പരയ്ക്കൊത്ത ഫലം കൊടുക്കുമ്പോൾ
പരസ്പരം ദുഃഖസുഖങ്ങൾ മാറ്റി മേ
പരം ഭവപ്രേയസി നന്മനള്‍കുമേ.


(എല്ലാവരും പോയി.)

നാലാമങ്കം കഴിഞ്ഞു

 

അഞ്ചാമങ്കം (62-65)

 

-62-


അഞ്ചാമങ്കം


(അനന്തരം തൃശ്ശിവപേരൂർ വാദ്ധ്യാനും നെടുമ്പുരയ്ക്കൽ കരിപ്പാലയും പ്രവേശിക്കുന്നു)

വാദ്ധ്യാൻ:-ഈ തൃശ്ശിവപേരൂർപ്പട്ടണം ആകപ്പാടെ ബഹു ഭയങ്കരമായിത്തീര്‍ന്നിരിക്കുന്നു. നോക്കൂ.

കൊക്കാലെക്കൊടി കാട്ടിടുന്നുകൊടുതാ
യ്ക്കൊച്ചിക്ഷിതീശന്റെയാ-
തെക്കൻദിക്കിലമർന്നു കൂറുപെരുകി-
ക്കൂടുന്നകൂറ്റൻപട
ഇക്കാണുന്നവരോ വടക്കുകയറിപ്പോരിൽ
ജ്ജയം നേടുവാൻ
മുഷ്ക്കാണ്ടങ്ങിനെകാത്തിടുന്നു പതിയാം
മൂന്നാമിലേക്കല്പന.


അതിന്റേയും പുറമേ,

ധീരത്വത്തൊടസംഖ്യമാളുകളിട
മ്പറ്റീട്ടിരട്ടച്ചിറ-
ത്തീരത്തൊത്തമരുന്നതുണ്ടെളയ
രാജാവിന്റെസേനാജനം
തീരെത്തന്നെയെതൃത്തു ശത്രുകുല
മുന്മൂലം മുടിച്ചീടുവാൻ
കൂറൊത്താത്തിരുമേനിയാജ്ഞതരുവാൻ
കാക്കുന്നിതാക്കൂട്ടരും.


ഈ ഭാഗത്തിങ്ങിനേ ഇനി മറ്റേ ഭാഗത്തും,

-63-


വീയ്യർപ്പാലത്തിനങ്ങേപ്പുറമൊരുനിരയായ്
വൻകടൽക്കൊക്കുമാറു
ണ്ടീയ്യൂഴം ഹന്ത! സാമൂതിരിയുടെ ഭടരാ-
യിട്ടസംഖ്യം ജനങ്ങൾ;
കയ്യൂക്കേറും വെറുമ്മാപ്പിളകളിളകിടും
കാപ്പിരിക്കൂട്ടരെന്തും ചെയ്യുന്നാത്തീയ്യർ,മേനോപ്പരിഷ, പലവിധം
ജാതിയുണ്ടായതിങ്കൽ.


അതുകൂടാതേയും-

ഏറാടിപ്പട വെട്ടമെന്നുമുതലാം
ഭൂപാലവീരര്‍ക്കെഴും
പോരാടിപ്പലപാടു പാടവമെടു-
ത്തീടുന്ന നാടൻപട
പോരാപിന്നെയുമുൾക്കറപ്പടികൊടു
ങ്ങല്ലൂർബ്ഭടന്മാർകളും
ചേരാനുണ്ടിഹ ചേറ്റുവായഴിമുതൽ -
ക്കുള്ളോർകൾ ഭള്ളോടിതിൽ.


ഇങ്ങിനെ നാലുപുറവും, നോക്കുന്ന ദിക്കിലൊക്കെപ്പടജ്ജനം തന്നേ. കൊച്ചിയിൽ വലിയ രാജാവു്, ഇതാ വടക്കേ ചിറവക്കത്തുള്ള സ്വന്തം കോവിലകത്തു വാസമുറപ്പിച്ചുകൂടിയിരിക്കുന്നു. അതിന്നെതിരായിട്ടു്, പടിഞ്ഞാറേ ഭാഗത്തു സാമൂരിയും, പൊങ്ങണം എന്ന ക്ഷേത്രത്തിന്റെ തെക്കുവശത്തായി വടക്കുന്നാഥന്റെ ഊരാളമുഖ്യനായ കിഴക്കിനിയേടത്തു നമ്പൂരിയുടെ വലിയ രാജധാനി പോലെയുള്ള ഇല്ലം എങ്ങിനെയോ പിടിച്ചടക്കി അരമനയാക്കി അതിൽ പാത്തുവരുന്നു. ഇനിയെങ്ങിനെയെല്ലാമാണാവോ കലാശം?

-64-


കരിപ്പാല:-(വിചാരം) അമ്പാ! ഇത്രയൊക്കെയാക്കിത്തീര്‍ത്തു അല്ലേ! എന്നേ! കുന്നം! താൻ നല്ല കേമൻ! (സ്പഷ്ടം) ആട്ടേ, ഇനി യുദ്ധം കൂടാതെ കഴിപ്പാൻ വല്ല വഴിയുമുണ്ടോ? വിചാരിച്ചുനോക്കൂ!

ഇരുഭാഗവും പടജ്ജന
മൊരുപടി ചത്തിട്ടുകിട്ടിടുന്നജയം
സാരമതുണ്ടോഹിംസയിൽ
വരുമൊരുലാഭത്തിനെന്തുരസമുള്ളൂ?


വാദ്ധ്യാൻ:-ഹേ! അങ്ങിനെ പറഞ്ഞുകൂടാ.

അദ്ധ്വരംബ്രാഹ്മണര്‍ക്കെന്നാൽ യുദ്ധംസുക്ഷത്രിയര്‍ക്കുമേ
അഗ്ര്യകര്‍മ്മമതെന്നത്രേ മുഖ്യമാംസ്മൃതിശാസനം.

എങ്കിലും, നമ്മുടെ രാജാവിനു തോലി പറ്റാതിരിപ്പാൻ നമുക്കും ശ്രമിക്കണം, സംശയമില്ല.

കരിപ്പാല:-ഈ രണ്ടു രാജാക്കന്മാരുടേയും പ്രധാനമന്ത്രികൾ ഇതൊരുവിധം സമാധാനമാക്കുവാൻ നോക്കില്ലേ?

-65-


വാദ്ധ്യാൻ:-അതുവ്വ്, സാമൂരിതന്നെ സമാധാനമാലോചിപ്പാൻവേണ്ടി മങ്ങാട്ടച്ചനേ വലിയ രാജാവിന്റെ അടുക്കലേക്കയച്ചിരുന്നു. ആ മന്ത്രി വേണ്ട വിധം രാജാവിനേക്കണ്ടു പറയുകയും ചെയ്തു.

കരിപ്പാല:-ആഹാ! എന്നിട്ടോ?

വാദ്ധ്യാൻ:-അതിന്നു മറുപടി സാമൂരിയോടുപറയാൻ അവിടുന്നു പാലിയത്തച്ചനെ അങ്ങോട്ടും അയച്ചിട്ടുണ്ടു.

കരിപ്പാല:-വല്ല വിധവും യുദ്ധം കൂടാതെ കഴിഞ്ഞാൽ നന്നായിരുന്നു.

വാദ്ധ്യാൻ:-അതു ശരി. പക്ഷേ, പറ്റുമെന്നു തോന്നുന്നില്ല. എന്താണെന്നല്ലേ?

രണപ്രിയന്മാരിഹ ഭൂരിപക്ഷം,
ഗുണം ജയത്താലിരുകക്ഷികൾക്കും,
പിണക്കമെന്നുള്ളതിവര്‍ക്കു പണ്ടു, -
ണ്ടിണക്കമീയൂക്കിൽ വരാൻ പ്രയാസം.


ആട്ടെ. വരുന്നതു വരട്ടെ. നമുക്കു മഠത്തിൽച്ചെ മഹാബ്രാഹ്മണരെക്കൊണ്ടു മഹാരാജാവിനു ജയം വരുവാൻ വേണ്ട വേദമന്ത്രം ജപിപ്പിക്കുകതന്നേ.

(രണ്ടാളും പോയി)

വിഷ്കംഭം കഴിഞ്ഞു.

 

അഞ്ചാമങ്കം (66-70)

 

-66-


(അനന്തരം ഇരുന്നും കൊണ്ട് സാമൂരിപ്പാടും പാലിയത്തച്ചനും പ്രവേശിക്കുന്നു.

സാമൂരി:-വളരെക്കാലമായി ഞാൻ നിങ്ങളെ കാണണമെന്നു വിചാരിക്കുന്നു.

പാലിയത്തു്:-എറാൻ. അടിയൻ അവിടെ വിടകൊണ്ടു കാണണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ, അവിടംവിട്ടു പിരിയുവാൻ ഇടകിട്ടായ്കയാൽ കഴിഞ്ഞു കൂടുന്നില്ല. അതിനിടയിൽ തമ്പുരാനും തീപ്പെട്ടു. ഇപ്പോൾ ഇങ്ങിനെയെങ്കിലും ഒരു വിധം ഇവിടുത്തെക്കാണാൻ സംഗതിവന്നതു് അടിയന്റെ ഭാഗ്യം.

സാമൂരി:-ഇങ്ങിനെയായാലേ പരസ്പരം കാണ്മാൻ പറ്റുള്ളൂ എന്നു വന്നപ്പോൾ ദൈവം ഇതിനു സംഗതിയാക്കി. ഈയിടെ സേതുസ്നാനത്തിനുപോയിരുന്നു, ഇല്ലേ?

പാലിയത്ത്:-എറാൻ.

സാമൂരി:-ഈ സേതുസ്നാനത്തിന്റെ ഫലം എനിക്കാണു കിട്ടിയതു്.

പാലിയത്തു:-എറാൻ, അടിയൻ ഇവിടുത്തേ വിചാരിച്ചുകൊണ്ടുതന്നെയാണു സേതുസ്നാനംചെയ്തതു്. അടിയനേ ഇവിടുന്നു് സ്വന്തം മങ്ങാട്ടച്ചനേപ്പോലെ ഒരാളായിട്ടു തിരുമനസ്സിൽക്കരുതിയാൽ നന്നായി.

സാമൂരി:-യൈ! അതു പറയാനില്ല. മങ്ങാടനെപ്പോലെ എന്നല്ല, അതിലധികമായിട്ടാണു ഞാൻ കരുതി വരുന്നതു്.

-67-


പാലിയത്തു്:-എന്നാൽ, ഇനി അടിയൻ രാജ്യകാര്യത്തെപ്പറ്റി കുറച്ചൊന്നു വിടകൊള്ളുവാൻ അനുവാദം ചോദിക്കുന്നു.

സാമൂരി:-അതിന്നനുവാദം ചോദിപ്പാനുണ്ടോ? നിങ്ങൾക്കു രണ്ടാൾക്കും ഇതിന്നു പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ടല്ലോ.

പാലിയത്ത്:- ഇവിടുന്നു മങ്ങാട്ടച്ചനെ കൊച്ചിയിൽ വലിയതമ്പുരാന്റെ തിരുമുമ്പിലേക്കു ഒരു കാര്യത്തിന്നയച്ചുവല്ലോ. അദ്ദേഹം അവിടെ വിടകൊണ്ടപ്പോൾ അടിയനും കൂടെയുണ്ടായിരുന്നു.

സാമൂരി:- ശരി. നന്നായി. നിങ്ങളൊന്നിച്ചുണ്ടാവണമെന്നു, ഞാൻ മോഹിച്ചിരുന്നു.

പാലിയത്തു:-"ഇവിടുന്നു കൊടുങ്ങല്ലൂർ നാട്ടകം പതിനെട്ടരാകുളംവരേയും അവിടുത്തെ രാജാവിനെ ജയിച്ചു പിടിച്ചടക്കിയല്ലോ. എന്നാൽ, കൊടുങ്ങല്ലൂർക്കോവില് എന്റെ സ്വന്തം ആളാകകൊണ്ടു് എനിക്കുവേണ്ടി ആ സ്ഥലം ആ രാജാവിന്നു തന്നെ തിരിയേ വിട്ടുകൊടുത്താൽ കൊള്ളാമെന്നു ഞാൻ ഇവിടുത്തോടു സവിനയം അപേക്ഷിക്കുന്നു” എന്നു സാമൂരിപ്പാടു കല്പനയായിരിക്കുന്നു, എന്നാണ് അദ്ദേഹം വലിയ തമ്പുരാനെ ഉണര്‍ത്തിച്ചതു്.

സാമൂരി:-ശരി- പിന്നേ?

പാലിയത്തു്:-അതിന്റെ മറുപടി ഇവിടെ വന്നുണര്‍ത്തിപ്പാൻ അടിയനേയാണു വലിയ തമ്പുരാൻ കല്പിച്ചയച്ചിട്ടുള്ളതു്.

സാമൂരി:-(ആദരവോടുകൂടി) അഃ ഹാഃ! എന്താണവിടുത്ത മറുപടി?

പാലിയത്ത്:-"മങ്ങാടൻ ഇവിടെ വന്നു പറഞ്ഞപ്രകാരം ഇവിടുന്നു അപേക്ഷിക്കുന്നുണ്ടെങ്കിൽ, അതിനെ ഞാൻ ആദരവോടെ ബഹുമാനിക്കുന്നു. എന്നാൽ, ഇതൊന്നും ഇവിടുത്തെ ഓർമ്മപ്പെടുത്തുന്നു. എന്തെന്നാൽ,

-68-


ഓരോരാജ്യംഭരിക്കും നൃപതികൾ മറുഭൂ-
ഭാഗവും നേടുവാനായ്
പോരോ നീതിയ്ക്കുചേരുന്നപരമുറകളോ
ചെയ്യുമാറുണ്ടു പണ്ടേ
നേരോടേ നേടിവെച്ചോരവനിതിരിയവേ
നൾകുമാറില്ല പാരിൽ
പ്പേരോടും പ്രൌഢശൈലാംബുധിപതിയിവിടു
ന്നെന്തിവണ്ണം കഥിപ്പാൻ ?


അതുകൊണ്ടു്, ഇവിടന്ന് ഈ കാര്യത്തിൽ കേവലം ഉദാസീനന്റെ നിലയിലിരിക്കുന്നതാണു എനിക്കു സന്തോഷം. ഇനി ഇവിടുത്തെ അഭിപ്രായം അറിഞ്ഞതിന്നുശേഷം കാര്യങ്ങൾ തീർച്ചപ്പെടുത്തിക്കൊള്ളാം." എന്നാണു് കല്പിച്ചയച്ചിട്ടുള്ളതു.

സാമൂരി:-കൊള്ളാം. അവിടുത്തേ മറുപടി ന്യായമാണ്. എന്നാൽ, ഇതിനെന്താണിനി ഞാൻ ചെയ്യേണ്ടതു്? നിങ്ങൾ തന്നെ വിചാരിച്ചുനോക്കൂ.

കൊടുങ്ങല്ലൂർക്കോവില്ക്കിതുവിധമൊരാപത്തണകിലും
തുടങ്ങില്ലൊന്നും തൽപ്രശമവിധി നാമെന്നുവരികിൽ,
നടുങ്ങും ലോകേശപ്പരിഷയെഴുമെൻപൂർവ്വനൃപരി
ങ്ങൊടുങ്ങുംലോകര്‍ക്കാശ്രിതജനപരിത്രാണഗുണവും.


അതുകൊണ്ടു്, ഏതെങ്കിലും ഇനി ഇക്കാര്യത്തിൽ യുദ്ധംവെട്ടി നോക്കുകതന്നെ, അല്ലേ?

പാലിയത്തു്:-അടിയന്റെ അഭിപ്രായത്തിൽ ഒന്നേ ഉള്ളു. വളരെ വീരന്മാരേ നശിപ്പിക്കുന്ന യുദ്ധം കൂടാതെ കഴിഞ്ഞാൽ നന്നു.

-69-


സാമൂരി:-ഇവിടെയും വീരഹത്യയ്ക്കൊട്ടും ആഗ്രഹമില്ല. വല്ലവിധവും വിചാരിച്ച കാര്യം സാധിക്കണം

പാലിയത്തു്:-വലിയതമ്പുരാൻ തിരുമനസ്സിലേയ്ക്കും യുദ്ധത്തിനൊട്ടും മനസ്സില്ല; എന്നാൽ, പിടിച്ച രാജ്യം വിട്ടുകൊടുക്കുക, അതോ ഈ അവസരത്തിൽ എന്നുവരുമ്പോൾ,

കൂടിച്ചേര്‍ന്നിളകുംപെരുമ്പടപെടും
സാമൂതിരിപ്പാട്ടിലേ
പ്പേടിച്ചേറ്റവുമുറ്റമറ്റവശനായീ
ക്കൊച്ചിയിൽത്തമ്പുരാൻ
നേടിച്ചേര്‍ത്തുപിടിച്ച നല്ലൊരുകൊടു
ങ്ങല്ലൂരുനാടൊക്കെയും
കൂടിച്ചെയ്തുസമര്‍പ്പണം പലരുമീവണ്ണം
പറഞ്ഞീടുമേ.


അതാണവിടയ്ക്കും പേടി.

സാമൂരി:-ശരിയാണതു്. വീരന്മാര്‍ക്കു പേടിക്കേണ്ട വിഷയമാണത്. എനിക്കും ഇതുതന്നെയാണധികം വിചാരം.

പുറപ്പെട്ടൂപേറുമ്പടയൊടൊരു കാര്യത്തിനതിനി-
ങ്ങുറപ്പൊട്ടുംകിട്ടാതിടയിലിഹ സാമൂരിവെറുതേ
വിറപ്പിക്കും കൊച്ചിപ്പടയുടയവാൾ കണ്ടിളകിയു-
ള്ളുറപ്പിൽത്തെറ്റിപ്പോയിതി ചിലർ ചിലത്തും മൊഴിവിഷം.


അതുകൊണ്ടു് എനിക്കും വിചാരിച്ചകാര്യം സാധിച്ചല്ലാതെ പിൻവലിച്ചുകൂടാ. അല്ലേ, അങ്ങിനെ ?

-70-


പാലിയത്ത്:-എറാൻ, കല്പിച്ചതു കാര്യമാണു്. എന്നാൽ കുറച്ചു യുദ്ധം നടക്കട്ടെ, എന്നൊ? എന്താണടിയൻ അവിടെ ചെന്നുണത്തിക്കേണ്ടതു്?

സാമൂരി:-(ചിരിച്ചുകൊണ്ട്) അതൊ?

പിടിച്ച രാജ്യം തിരിയെക്കൊടുത്താ-
ലിടിച്ചിലാംപ്രൌഢനിലയ്ക്കുപക്ഷേ,
നടിച്ച സൈന്യത്തൊടിതിന്നു മാനം
നടിച്ചു വന്നിജ്ജനമെന്തുചെയ്യും


അതുകൊണ്ടു -

ജനിച്ച വംശത്തിനുദുര്യശസ്സു
കുനിച്ചു കെട്ടാനിടയാക്കിടാതെ
ഇനിച്ഛലംവിട്ടു ഫലാപ്തിയോളം
തനിച്ച പോരേ ഗതി, നൊമ്മൾ തമ്മിൽ


പാലിയത്തു:-എറാൻ, അങ്ങിനെതന്നെ. എന്നാൽ അടിയൻ. (എണീക്കുന്നു)

സാമൂരി:- അങ്ങിനെയാകട്ടെ (ഉറക്കെ) ആരവിടെ?

മങ്ങാടൻ:-(പ്രവേശിച്ചിട്ടു്) എറാൻ, അടിയനുണ്ട്.

സാമൂരി:-ഈ രാജമന്ത്രിയേ വേണ്ടതുപോലെ സല്ക്കരിച്ചിട്ടു കോവിലകത്തുകൊണ്ടാക്കുകതന്നെ.

 

അഞ്ചാമങ്കം (71-75)

 

-71-


മങ്ങാടൻ:-എറാൻ, (രണ്ടാളും ചുറ്റി നടക്കുന്നു. )

സാമൂരി:-(വിചാരം) ഈ മന്ത്രി മഹാകേമൻ! ഈയ്യാൾ ഇവിടെ അടുത്തെങ്ങാനുമുണ്ടെങ്കിൽ നമ്മുടെ മനോരഥം ഇളകില്ലായിരുന്നൂ! എന്നു മങ്ങാടൻ പറഞ്ഞതു പരമാര്‍ത്ഥം തന്നെ.

പാലിയത്ത്:-ഹേ! മങ്ങാട്ടച്ചൻ അങ്ങു മഹാഭാഗ്യവാൻ!

ഇത്ര മഹാഗംഭീരൻ
പൃത്ഥ്വീപതിയുടെ മന്ത്രിയായി നില്പാൻ
ഒത്തതു തവ ഭാഗ്യമെനി-
യ്ക്കിത്തിരിയിതിലുണ്ടസൂയതോന്നുന്നൂ.


മങ്ങാടൻ:-(ചിരിച്ചുംകൊണ്ട്) മുമ്പേ എനിക്കങ്ങോട്ടായിരുന്നൂ അസൂയ.

പാലിയത്തു്:-ആക്കാലമൊക്കെ കഴിഞ്ഞില്ലേ?

മങ്ങാടൻ:-ആട്ടെ, വരൂ നമുക്കു പോവുകയല്ലേ?

(രണ്ടാളും പോയി)

സാമൂരി:-ഇവിടെ യുദ്ധം എന്ന നിലയായി. ഇളംകൂറിന്റെ കാര്യം എങ്ങിനെയിരിക്കുന്നു ആവോ? ഈ വിവരം അറിയാൻ വേണ്ടീട്ടും ഇവിടെയെത്തിയതിന്റെ പിറ്റേന്നാൾ തന്നെ കിഴക്കോട്ടിറങ്ങിയ ഗോപാലനേയും കണ്ടില്ലല്ലോ.

-72-


ഗോപാലൻ തൽസന്നോർ:-(പ്രവേശിച്ചിട്ട്) അമ്പമ്പ!

ഇരുമന്ത്രിമുഖ്യബുദ്ധി-
ക്കിരുചിറ്റും നീതിവായു വീശിയതിൽ
അരിനൃപവംശമുരച്ചേ -
റ്റെരിതീപടയെന്ന കാട്ടിലാളുന്നൂ


വെള്ളാട്ടരെത്തമ്പുരാനും ഏറാൾപ്പാടു തമ്പുരാനും തമ്മിൽത്തെറ്റിയതിൽ എത്ര വീരന്മാരാണു സ്വര്‍ഗ്ഗം നേടിയതു്? ഈ സന്തോഷവര്‍ത്തമാനം സാമൂരിപ്പാട്ടിലേ ഉണര്‍ത്തിക്കുക തന്നെ. (ചുററിനടന്നു് അടുത്തുചെന്നു വന്ദിക്കുന്നു. )

സാമൂരി:-ആഃ ഗോപാലനെത്തിയല്ലോ! എന്താണവിടെ വിശേഷം?

ഗോപാലൻ:- എറാൻ, നല്ല വിശേഷം തന്നെ.

സാമൂരി:- അവർ തമ്മിൽത്തെറ്റി, അല്ലേ?

ഗോപാലൻ:-എറാൻ.

സാമൂരി:-എങ്ങിനെയെല്ലാമാണു്? വിസ്തരിച്ചു കേൾക്കട്ടെ.

ഗോപാലൻ:-അടിയൻ ഇവിടെനിന്നു പുറപ്പെട്ടു വേഷധാരി മട്ടിൽ ഒരു വടക്കൻ പട്ടാണിയായിട്ടു് ഒറ്റപ്പാലത്തെത്തി.

സാമൂരി:-പിന്നെ?

-73-


ഗോപാലൻ:-അപ്പോൾ, വെള്ളാട്ടരെത്തമ്പുരാനും അനവധി സൈന്യവും അവിടത്തോളമായിരിക്കുന്നു.

സാമൂരി:-പിന്നേ പിന്നേ?

ഗോപാലൻ:-അവിടെ ഏറാൾപ്പാട് തമ്പുരാനും ആൾക്കാരും വന്നു ചേരുന്നതിനു കാത്തെഴുന്നള്ളിത്താമസിക്കുകയായിരുന്നു. അടിയൻ ഹിന്ദുസ്ഥാനിയിൽ മാത്രം സംസാരിച്ചുംകൊണ്ടു തിരുമുമ്പിൽച്ചെന്നു കൂടി. അവിടുത്തേപ്പടയിൽ ആയിടെകൂടീട്ടുള്ള ചില പട്ടാണികൾക്ക് ഈ ഭാഷ അറിയാമായിരുന്നൂ.

സാമൂരി:-ആട്ടേ. പിന്നെ?

ഗോപാലൻ:-അങ്ങിനെ നില്ക്കുമ്പോൾ അവിടെയൊരു ലഹള.

സാമൂരി:- എന്താണതു്?

ഗോപാലൻ:-അതോ? ഒരു ഭ്രാന്തൻ കുട്ടിപ്പട്ടരുടേ വരവായിരുന്നു.

നാറിക്കീറി മുഷിഞ്ഞമുണ്ടുവികടം ചുറ്റീ
ട്ടരക്കെട്ടിലായ്
വാരിക്കുത്തിയകണ്ടകാട്ടിലയുമാ-
യ്ചേറ്റിൽക്കുളിച്ചിങ്ങിനേ
കീറപ്പാള പൊളിഞ്ഞതൊന്നുതലയിൽ -
ച്ചുടിപ്പെരുത്താൾക്കിടെ
പ്പീറപ്പാട്ടുകൾപാടി നല്ലരസമാഭ്രാന്തൻ
തിരിഞ്ഞെത്തിനാൻ,


ആയാളുടെ വേഷവും സംസാരവും, പാട്ടും നോട്ടവും, തിരിച്ചിലും കരച്ചിലും, വിറിയും നല്ല യോജിപ്പ്. ഒന്നാംതരം കമ്പം! ആളുകൾക്കു നല്ല നേരമ്പോക്കു.

-74-


സാമൂരി:-(വിചാരം) ഇതെന്തിനാണു് വിസ്തരിക്കുന്നതു? (സ്പഷ്ടം) ആട്ടെ, പിന്നേ? പ്രകൃതം നടക്കട്ടെ.

ഗോപാലൻ:-ആയാൾ അപ്രകൃതമാണ് പറയുന്നതെന്നു വെക്കണ്ടാ. അതും ഒരു പ്രാകൃതം തന്നെ. വെക്കണ്ടാ. വെള്ളാട്ടരെത്തമ്പുരാന്റെ അടുത്തു ചാടിവീണിട്ട് ആ വിദ്വാൻ, ആദ്യമൊന്നു ചിരിച്ചു. പിന്നെക്കരഞ്ഞു. ഉടനേ, ചില അസംബന്ധങ്ങളും പറഞ്ഞു.

സാമൂരി:-(വിചാരം) ഈയാൾ ഒരു ചാരനായിരിക്കുമൊ? ആവോ? അങ്ങിനെയും വരാം. (സ്പഷ്ടം) ആട്ടേ, എന്താണ് ആ അസംബന്ധങ്ങൾ?

ഗോപാലൻ:- അതാണു കേൾക്കേണ്ടതു്. അടിയനും അതുപോലെ പറഞ്ഞൊപ്പിക്കാൻ പറ്റില്ല. വാക്കു മാത്രം പറയാം. "കൊടുങ്ങല്ലൂർ ഭഗവതിയുടെ നട വടക്കോട്ട്. ദൃഷ്ടി വടക്കോട്ടു്. നേരെ വടക്കോട്ടു. ഹ! ഹ! ഹ! അയ്യോ, അയ്യോ, അയ്യോ! ഏറാട്ടരെ നാട്ടിൽപ്പട്ടിന്മേലും മുള്ളു- പട്ടിന്മേലും മുള്ള്- മുള്ളു്- ഊക്കൻ മുള്ളു. എനിക്കു കമ്പമാണ് കമ്പം, നല്ല കമ്പം. മങ്ങാട്ടുനമ്പൂരി മന്ത്രവാദം ചെയ്തിട്ടാണു്. മന്ത്രവാദം, ദുര്‍മ്മന്ത്രവാദം! പേടിക്കണം, ഈവകക്കാരെപ്പേടിക്കണം. നോക്കിപ്പിടിച്ചോളു പിടിച്ചോളു. പിടിച്ചോളു. ഞാനിതാ പോണൂ” എന്നും പറഞ്ഞു ആയാൾ അവിടുത്തെത്തിരുമുമ്പിൽ നിന്നോടിക്കളഞ്ഞു.

സാമൂരി:-ആ: ഇതാണു പാലിയത്തു വലിയച്ചൻ കൊച്ചിയിലെത്തിയതിന്റെ അടയാളം, അല്ലേ? പിന്നെ പിന്നെ?

ഗോപാലൻ:-പിന്നെ അധികം താമസിക്കാതെ ഏറാൾപ്പാടുതമ്പുരാനും സൈന്യങ്ങളും അവിടെ വന്നു ചേര്‍ന്നു.

സാമൂരി:-ആട്ടെ, രണ്ടുവക സൈന്യങ്ങളുമായാൽ ഏതാണധികം?

ഗോപാലൻ:-ഒട്ടുസമന്തന്നെയാണു്. പക്ഷേ, വെള്ളാട്ടരെപ്പടയ്ക്കും ശൌര്യവും അഭ്യാസവും അധികമുണ്ടെന്നു തോന്നും.

സാമൂരി:-പിന്നെ പിന്നേ?

-75-


ഗോപാലൻ:-അവിടെവെച്ചു തമ്പുരാക്കന്മാർ തമ്മിൽ കൂടിക്കാഴ്ച കഴിഞ്ഞതിന്റെ ശേഷം അന്നുതന്നെ യാത്ര പുറപ്പെടണമെന്നു വെള്ളാട്ടരത്തമ്പുരാനും, രണ്ടുദിവസം വിശ്രമിച്ചിട്ടു മതി എന്നു ഏറാൾപ്പാടു തമ്പുരാനും, അഭിപ്രായഭേദമുണ്ടായി. എന്തിന്നധികം വിസ്തരിക്കുന്നു ? അതിൽവെച്ചു തമ്മിൽത്തെറ്റി.

സാമൂരി:- അങ്ങിനെ വരാം. എന്താണെന്നല്ലേ?

നീതിക്കയ്യിൽമയക്കിഞാൻമനമിള
ത്തീര്‍ത്തെളംകൂറിനേ
പ്രീതിക്കെട്ടിൽമറിപ്പിനെന്നുകരുതും
വെള്ളൂക്കനാരിയ്ക്കഹോ
ചെയ്തിക്കൈതവമങ്ങെ യിങ്ങിനെയെളം
കൂറെച്ചതിക്കുന്നതെ-
ന്നോതിക്കേട്ടുളവാമമര്‍ഷമുടനേപൊട്ടി
പ്പുറപ്പെട്ടിടാം


മറ്റേയാൾ ഇതു മുൻകൂട്ടിത്തന്നെ കരുതീട്ടുമുണ്ടല്ലോ.

എന്നേത്തിരിച്ചിതുവിധം പരപക്ഷമാക്കാ
മെന്നേറ്റിടും വിരുതുകൂടിയൊരീമഹീന്ദ്രൻ
എന്നെങ്കിലും മറിവെട്ടുംമമ മട്ടറിഞ്ഞാ
ലൊന്നെന്റെനേര്‍ക്കിടയുമന്നുതിരിഞ്ഞുകുത്താം.


എന്നല്ലേ അയാളുടെ വിചാരം ? ആട്ടെ, പിന്നെ?

ഗോപാലൻ:-ഇങ്ങിനെ അവർ തമ്മിൽത്തെറ്റിയതിന്റെശേഷം, അവിടെവെച്ചുതന്നെ-

 

അഞ്ചാമങ്കം (76-79)

 

-76-


ഉൾക്കാളും മുഷ്കുമൂക്കറ്റവുമുടയമിടു
ക്കുള്ള വെള്ളാട്ടരെക്കാ-
രക്കാലം രാജശാസ്യപ്പടിപടതുടരാ
നായി നേരേ നിരന്നൂ
ഇക്കാണുംകൂട്ടരാരും കൊടിയകൊടിയുമായ്
ക്കൊച്ചികേറില്ലതിന്നും
തെക്കാക്കാം ഞങ്ങൾ പാര്‍പ്പെന്നതുപൊഴുതെതൃഭാ-
ഗത്തുകാരാത്തെതൃത്തു.


പക്ഷേ, വെള്ളാട്ടരെക്കാര്‍ക്കു വീര്യം കൂടുമെന്നാദ്യന്തന്നേ വിചാരിപ്പാൻ വഴിയുണ്ടല്ലോ.

അവരവർവീര്യംകാണി
ച്ചവരേറാൾപ്പാട്ടിലേബ്ഭടന്മാരേ
അവശരതാക്കീട്ടോടി-
ച്ചവമാനംതട്ടിടും നിലയ്ക്കാക്കീ.


അതു കണ്ടപ്പോൾ അടിയനും, ആ പട്ടാണിവേഷത്തിൽത്തന്നെ ഹിന്തുസ്ഥാനിയിൽ സംസാരിച്ചുങ്കൊണ്ട് ആ ഭാഗത്തെന്നു നടിച്ചുനിന്നു് പൊരുതിയിരുന്ന പട്ടാണികളെയൊക്കെ, അങ്ങോട്ടു തിരിപ്പിച്ചു.

സാമൂരി:-എന്തു്?

ഗോപാലൻ:-വാസ്തവത്തിൽ അവർ, അടിയന്റെ ആൾക്കാരായ ചില പട്ടാണിവേഷധാരികൾ, നായന്മാരായിരുന്നു.

സാമൂരി:- ആഃ ഹാഃ! ഇതു ഞാനും വിചാരിക്കാത്ത ഒരു പൊടിക്കൈതന്നേ. പിന്നെ പിന്നേ?

-77-


ഗോപാലൻ:-അടിയങ്ങൾ ഈപ്പങ്കിൽച്ചേര്‍ന്നാത്തുവിളി ച്ചു പൊരുതിത്തുടങ്ങിയപ്പോൾ-

ഓടിപ്പോയവരും തിരിച്ചുവരികെ
ന്നായിപ്പുറത്ത,പ്പുറം
കൂടിപ്പോർ മുതിരുന്നവര്‍ക്കുമുളവാ
യെന്തോ മനസ്സംഭ്രമം
പ്രൌഢിപ്പാടൊടുമട്ടുമാറിയിവരോ
വീറോടു ശത്രുക്കളേ
ത്തേടിപ്പാഞ്ഞു മുടിച്ചു, തെല്ലവശനാ
യ്‍വെള്ളാട്ടരെത്തമ്പുരാൻ.


സാമൂരി:-എന്നിട്ടോ? ആ മഹാവീരനെന്തുചെയ്തു? ഇതു കൊണ്ടൊന്നും അടങ്ങില്ല, നിശ്ചയം,

ഗോപാലൻ:-അവിടുത്തെ പിന്നേത്തെ പരാക്രമമല്ലെ കാണേണ്ടതു്?

അല്പാവശേഷബലനായള വമ്മഹീശൻ
കെല്പാര്‍ന്നുതന്നുടയവാളു തുടച്ചുവീശീ
മുല്പാടുകാണുമരിവീരരെവെട്ടിവെട്ടി-
ക്കല്പാന്തകാലയമഭീഷണ മട്ടുകാട്ടീ.


അതിനിടയ്ക്കും ചെറുപ്പുളിശ്ശേരി നെടുങ്ങീരിപ്പ ടു കടന്നു നേരിട്ടു.

സാമൂരി:-അപ്പോഴോ

-78-


ഗോപാലൻ:-അപ്പോൾ അദ്ദേഹത്തിന്റെ ശനിയുടെ അപഹാരവും, തമ്പുരാന്റെ വാളിന്റെ പ്രഹാരവും, മൂപ്പരുടെ പ്രാണന്റെ സംഹാരവും ഒന്നിച്ചു കഴിഞ്ഞു.

സാമൂരി:-കഷ്ടം! കഷ്ടം! ആ വൃദ്ധവീരൻ ആളേ അറിഞ്ഞില്ല.

ഗോപാലൻ:-എന്തിനധികം പരത്തുന്നു ? ഈ ഭാഗത്തു മുക്കാലേ അരയ്ക്കാലും സൈന്യങ്ങളേ അവിടുന്നുതന്നെയാണു മുടിച്ചതു.

സാമൂരി:-ഛെ, ഈ സമയത്തു എളംകൂറെവിടെയായിരുന്നു?

ഗോപാലൻ:-അവിടുന്നും ഇതുപോലെ ശത്രുസൈന്യം മുടിച്ചിരുന്നു. ഒടുവിൽ, ഈ ഇരുവീരന്മാർ തമ്മിൽ നേരിട്ടു.

അശ്വാധിരൂഢരൊരുപോലിരുപേരുമൊപ്പം
വിശ്വാസവഞ്ചനനിനച്ചു ചൊടിച്ചു നോക്കി
നിശ്വാസമിട്ടു നിലവിട്ടുടവാളുമായി
വിശ്വാതിശായി രണകൗശലവിദ്യ കാട്ടീ.


അടിയൻ ഈത്തമ്പുരാക്കന്മാരുടെ യുദ്ധസാമര്‍ത്ഥ്യം കണ്ടു രസിച്ചുനിന്നതേ ഉള്ളു.

സാമൂരി:- ആട്ടെ, അവസാനമെങ്ങിനേ?

ഗോപാലൻ- രണ്ടു മുഹൂര്‍ത്തനേരം ഇവരുടെ യുദ്ധമുണ്ടായി. പിന്നെ രണ്ടാളും വിശ്രമിച്ചുകൊള്ളുന്ന നി ലയായി. ആ അവസരത്തിൽ അടിയൻ, വേഷധാരിമട്ടിലാണു നില്ക്കുന്നതു് എങ്കിലും, മലയാളഭാഷയിൽ വേണ്ടതുപോലെ സംസാരിച്ച് അവരെ സമാധാനമാക്കി. അപ്പോഴേ അടിയനെ ഏറാൾപ്പാടു തമ്പുരാനുതന്നെ മനസ്സിലായുള്ളു.

-79-


സാമൂരി:-അതിന്നത്ഭുതമില്ല. പിന്നെ?

ഗോപാലൻ:-വെള്ളാട്ടരെത്തമ്പുരാനും അടിയനെ അറിഞ്ഞപ്പോൾ വളരെസ്സന്തോഷമാണ് നടിച്ചതു്.

സാമൂരി:-ഗോപാലനെ വെള്ളൂക്കനാരി മുമ്പേ കണ്ടിട്ടില്ലേ?

ഗോപാലൻ:- എറാൻ, ഒന്നോ, രണ്ടോ, കുറി പോര്‍ക്കളത്തിൽ വെച്ചു കണ്ടിട്ടുണ്ടു്. അത്ര തന്നേയുള്ളു.

സാമൂരി:-ആട്ടേ, സമാധാനമായതിന്റെ ശേഷം?

ഗോപാലൻ:-ഇരുഭാഗത്തും പത്തോ അമ്പതോ ആളിലധികം ശേഷിച്ചുകാണില്ല. വെള്ളാട്ടരത്തമ്പുരാൻ പിന്നെയും സൈന്യം ശേഖരിച്ചിട്ടു കൊച്ചിയിൽത്തമ്പുരാനെ സഹായിപ്പാൻ വേണ്ടി വെള്ളാട്ടരെക്കുതന്നെ എഴുന്നെള്ളിയിരിക്കുന്നു.

സാമൂരി:-ഇനി വെള്ളുക്കനാരി, സൈന്യവും ശേഖരിച്ചെത്തുമ്പോഴയ്ക്കും ഇവിടെ കാര്യമൊട്ടവസാനിക്കും. ഇളംകൂറോ?

ഗോപാലൻ:-രണ്ടുനാലുദിവസം വിശ്രമിച്ചു യുദ്ധക്ഷീണം തീർന്നതിനുമേൽ ഇങ്ങോട്ടെഴുന്നള്ളുമെന്നാണരുളിച്ചെയ്തതു്.

സാമൂരി:- ആട്ടേ, എന്നാൽ ഗോപാലനും ചെന്നു മങ്ങാടനെക്കാണു. ആയാൾ ഇപ്പോൾ ആസ്ഥാനത്തിലെത്തിയിട്ടുണ്ടായിരിക്കും. ഞാനും കുറച്ചു കിടക്കട്ടെ.

അനര്‍ത്ഥമാം പാൽക്കടലിൽക്കിടക്കും
കനത്തലാഭാഭ്യദയാമൃതത്തെ
മനസ്സുകൊണ്ടിട്ടു കടഞ്ഞിടുന്നീ-
ജ്ജനത്തിനൊട്ടൊന്നിനി വിശ്രമിക്കാം.


(എല്ലാവരും പോയി.)

അഞ്ചാമങ്കം കഴിഞ്ഞു

 

ആറാമങ്കം (80-85)

 

-80-


ആറാമങ്കം


(അനന്തരം കുട്ടഞ്ചേരിമൂസ്സും വെള്ളൊടുമുസ്സും പ്രവേശിക്കുന്നു.)

കുട്ടഞ്ചേരി:- എടോ വെള്ളൊടു! ഇന്നാണല്ലോ യുദ്ധം തുടങ്ങുന്നതു്! എന്നാൽ തനിക്കു കുറച്ചല്ല ഭാരം.

കുത്തുംവെട്ടുംപലപടിപണിഞ്ഞുള്ള
സൈന്യങ്ങളെക്കൊ
ണ്ടെത്തും പെട്ടെന്നിളകിയുയരും ചോര
നിര്‍ത്തേണമാദ്യം
ഒത്തുള്ളാരോ പടുവിഷമമര്‍മ്മത്തി-
ലെക്കേടുമേറ്റം
സത്തുള്ളൊറ്റൌഷധിയുടെ കുറുങ്കയ്യി
നാൽ മാറ്റിടേണം.


ഇതു സാധാരണ വൈദ്യന്മാരുടെ മുറയാണു. നമുക്കു അതു പോര. ഇവിടേയാണു് മിടുക്കു കാട്ടേണ്ടതു്. അതെങ്ങിനെയെന്നാൽ,

തട്ടിക്കേറിയടുത്ത ശത്രുപരിഷ-
ക്കാരിങ്ങെഴുംവീരരേ
വെട്ടിക്കീറിമുറിച്ചുവീഴ്ത്തിടുകിലും
സിദ്ധൗഷധങ്കൊണ്ടുടൻ
പെട്ടിട്ടുള്ളപുതുവ്രണങ്ങൾ മുഴുവൻ
മാറ്റീട്ടുതന്നോടുനേ-
രിട്ടിട്ടുള്ളവരൊടുവീണ്ടുമിടയാൻ
പാടാക്കി വിട്ടേയ്ക്കണം.


എന്നാലേ മതിയായുള്ളു. അല്ലേ, അങ്ങിനെ ?

-81-


വെള്ളൊടു:-അതേ അമ്മാമന്റെ അനുഗ്രഹമുണ്ടെങ്കിൽ ഞാനൊരുവിധമൊക്കെച്ചികിത്സിച്ചു നേരെയാക്കും.

പലമുറിമരുന്നെന്നല്ലോരോവിധം പലയന്ത്രവും
നലമൊടുമൊരുക്കീട്ടുണ്ടാൾക്കാരുമുണ്ടിഹ വേണ്ടതും
ചിലമുറചികിത്സിപ്പാനമ്മാമനോതിയതോര്‍മ്മയു
ണ്ടലസതയെനിക്കില്ലീക്കാര്യത്തിലിന്നൊരുലേശവും


കുട്ടഞ്ചേരി:-ഉം. എനിക്കു വയസ്സായി. മനസ്സും ദൃഷ്ടിയും വേണ്ട ദിക്കിലെത്തുവാൻ പ്രയാസം. രാജാവിന്റെ കല്പന ലംഘിച്ചുകൂടല്ലോ എന്നുവെച്ചു, കേവലം ഈ പഴയ ദേഹം മാത്രം ഇവിടെയെത്തീ ട്ടുണ്ടു്, അത്ര തന്നെ. അതാണ് ഈ ഭാരം മുഴു വൻ തനിക്കാണെന്നു പറഞ്ഞതു്.

വെള്ളൊട്:-വൈദ്യന്മാരുടെ പോരായ്മകൊണ്ടു സൈന്യങ്ങളധികം നശിച്ചുപോയീയെന്നു വരില്ല. അതല്ലേ ഇവിടെ ഭാരമുള്ളു? പടജ്ജനത്തിന്റെ ന്യൂനതകൊണ്ടു തട്ടുന്ന കേടുകൾക്കു നമ്മൾ ഉത്തരവാദികളല്ലല്ലോ?

കുട്ടഞ്ചേരി:-എന്താ 'പടജ്ജനത്തിന്റെന്യൂനത' എന്നു പറഞ്ഞതു്?

വെള്ളൊട്:-അതോ? ഈ ഭാഗത്തു സൈന്യം കുറേക്കുറവാണു്.

കുട്ടഞ്ചേരി:-ഉം! എന്താണതു്?

വെള്ളൊടു:-അല്ലാ! അതമ്മാമനറിഞ്ഞില്ലെന്നൊ? ഇന്നു യുദ്ധം തുടങ്ങുക എന്നു നിശ്ചയിച്ചിട്ട്, ഇരുകക്ഷി കളുടേയും സേനകളെ അണിപ്പറമ്പിലേക്കു നടത്തി അവിടെ വ്യൂഹമുറപ്പിച്ചു, സേനാപതികൾ സന്നദ്ധന്മാരായി നില്ക്കുന്നതിന്നായിരുന്നു, രണ്ടു രാജാക്കന്മാരുടേയും കല്പന. എന്നാൽ, അപ്പോൾ നമ്മുടെ എളയ രാജാവു വലിയ രാജാവിന്റെ അടുക്കലേക്ക്; സ്വന്തം മന്ത്രിയായ കിഴക്കിനിയേടത്തു നമ്പൂരിയെ ഇങ്ങിനെ പറഞ്ഞയച്ചു.

കുട്ടഞ്ചേരി:-എങ്ങിനെ?

-82-


വെള്ളൊടു:-"കൊച്ചിരാജ്യത്തിന്റെ രാജത്വം തെക്കെക്കോവിലകത്തേക്കു മാത്രമാക്കിത്തീര്‍ക്കുന്നതിന്നു ചില ആലോചനകൾ അവിടെയുണ്ടായി" എന്നു സൂക്ഷ്മമായി ഞാനറിഞ്ഞിരിക്കുന്നു. അതുകൊണ്ടു്, ഞാനും ഈ അവസരത്തിൽ ഒരു സ്വാര്‍ത്ഥം പ്രവര്‍ത്തിക്കുക എന്നായിവന്നു. ഇതിന്നു വളരെ വ്യസനമുണ്ടു്. എന്തു ചെയ്യാം? എന്നാൽ,

യുവരാജ മുറയ്ക്കു രക്ഷമേലാ-
ലവനിക്കുള്ളതെനിക്കു വിട്ടുതന്നാൽ
ഇവനും ഭടരും പടയ്ക്കുംചേരും
തവ ഭാഗത്തു, തരായ്ക്കിൽ ഞങ്ങൾവേറേ.


എന്നാണു പറഞ്ഞയച്ചത്.

കുട്ടഞ്ചേരി:-അഃ ഹാഃ! എന്നിട്ടോ? വലിയ രാജാവെന്തുപറഞ്ഞയച്ചു?

വെള്ളൊടു:-ഈ അവസരത്തിൽ നിശ്ശങ്കമായിട്ടിങ്ങിനെ പറഞ്ഞയച്ചതു് അവിടെയൊട്ടും രസിച്ചില്ല. എന്നുതന്നെയല്ലാ ഇതു ശത്രുക്കളുടെ ഭേദവിധിയുടെ ഫലമാണെന്നു മനസ്സിലാക്കീട്ടു, പാലിയത്തു വലിയച്ചന്റെ സമാധാനവാക്കുകളെപ്പോലും കേൾക്കാതെ ഇങ്ങിനെയാണു മറുപടി പറഞ്ഞതു

കുട്ടഞ്ചേരി:-എങ്ങിനേ?

വെള്ളൊടു:-

"താനെന്തു ചെയ്കിലുമെടോ ഭയമില്ല,രക്ഷാ-
സ്ഥാനന്തനിക്കു തരമോടുതരുന്നകാലം
ഞാനന്തകന്റെ പുരി പോവുകിലന്നുതൊട്ടാം,
നൂനം തികച്ചു പറയാം വഴിവേറെനോക്കാം"


എന്നാണുത്തരം. അതുകൊണ്ടു്, എളയരാജാവും ഒരു വലിയ ഭാഗം പടജ്ജനവും പിരിഞ്ഞു പോയി. അഥവാ, ശത്രുക്കളുടെ ഭാഗത്തു ചേർന്നു എന്നും വിചാരിക്കണം.

കുട്ടഞ്ചേരി:-ശരിയാണതു്.

-83-


വെള്ളൊടു:-അത്രതന്നെയല്ല, വെള്ളൂക്കനാരി ഇവിടെ സഹായിപ്പാൻ വേണ്ടി വളരെപ്പെടജ്ജനവുമായി വരുംവഴിക്ക്, എളംകൂറും സൈന്യവുമായിത്തമ്മിൽത്തെറ്റി ഒരു യുദ്ധമുണ്ടായി എന്നും, സേനകളൊക്കെ നശിച്ചു പിന്നാക്കം തന്നെ മടങ്ങി എന്നും അല്ലേ കേട്ടതു്? പാലക്കാട്ടിരിയച്ചനും പടയും ഇതുവരേ വന്നുചേർന്നിട്ടുമില്ല. എല്ലാംകൊണ്ടും ഈ ഭാഗത്തു സൈന്യം കുറേക്കഷ്ടിയാണു്.

കുട്ടഞ്ചേരി:-ആട്ടേ, വലിയ രാജാവെന്തുചെയ്യുന്നു? യുദ്ധത്തിന്നിറങ്ങിയോ? വിവരമുണ്ടോ?

വെള്ളൊടു:-ഇല്ല, പുറപ്പെട്ടുകഴിഞ്ഞില്ല.

സാമാന്യം സേനതമ്മിൽസ്സരഭസമിളകി-
സ്സംഗരം ചെയ്തിടട്ടേ,
നാമാദ്യം പോയിടുന്നീലവിടെയൊരുവിധം
പോർനടന്നോരുശേഷം
സാമൂരിക്കുള്ളവാൾമിന്നിടുമളവിവനും
വാളിളക്കിക്കളിക്കാ
മീമൂപ്പീന്നിപ്രകാരം കരുതിയരുളിടു
ന്നുണ്ടു വെണ്മേടയിന്മേൽ.


കുട്ടഞ്ചേരി:- ആട്ടേ, നമുക്കും വൈദ്യശാലയിൽച്ചെന്നു കൂടുകതന്നെ.

വെള്ളൊട്:-അങ്ങിനെയാവട്ടേ.

(രണ്ടാളും പോയി)

വിഷ്കംഭം കഴിഞ്ഞു

-84-


(അനന്തരം വലിയ തമ്പുരാനും പരിവാരങ്ങളും പ്രവേശിക്കുന്നു.)

വലിയ തമ്പുരാൻ:-(വിചാരം) എളിമിലേച്ചതിയാണു വലിയ ചതി. അഥവാ, അതും മങ്ങാടന്റതുത ന്നെ. ആകപ്പാടെ ഇവിടെ ജയം കിട്ടുന്ന കാര്യം സംശയമാണു്. അല്ലെങ്കിൽ, ജയിക്കാതെവിടെപ്പോവുന്നു? സൈന്യങ്ങളുടെ സംഖ്യയല്ലല്ലോ ജയത്തിനു പ്രമാണം.

പതിനൊന്നക്ഷൌഹിണിയുടെ
പതിയായ്നിന്നോരു കുരുകുലേശ്വരനേ
അതിലും കുറഞ്ഞസേനയൊ
ടതിവിരുതൊടു പാണ്ഡുപുത്രർവെന്നില്ലേ?


ഈ തിരുവമ്പാടി കൃഷ്ണനാണു" അന്നവരെ ജ്ജയിപ്പിച്ചതു്. ഇവിടുത്തെ കൃപാകടാക്ഷമുണ്ടെങ്കിൽ എന്താണസാദ്ധ്യം? (സ്പഷ്ടം) രാഘവരേ!

രാഘവർ തിരുമുല്പാട്:-എറാൻ.

വലിയ തമ്പുരാൻ:-എന്താ, യുദ്ധം തുടങ്ങിയോ? നോക്കൂ.

രാഘവർ:-എറാൻ, തുടങ്ങീട്ടു കുറച്ചുനേരമായി.

വലിയ തമ്പുരാൻ:-താൻ നോക്കിയിരുന്നില്ലേ? എങ്ങിനെയെല്ലാമാണാരംഭം?

-85-


രാഘവർ:-ആഡ്ഡച്ചുകാരൻ സായ്പു തിരുമുൽക്കാഴ്ചവെച്ചതായ ഈ കുഴൽക്കണ്ണാടി വെച്ചുനോക്കിയതു കൊണ്ടു് അടിയൻ ഒക്കെ നല്ലവണ്ണം കണ്ടിരിക്കുന്നു. മുമ്പിൽതന്നെ,

മൂന്നാംകൂർമന്നവന്മാരിരുവരുമൊരുപോ-
ലാധിപത്യത്തൊടൊന്നാ-
മൂന്നാംകൂർകൊണ്ടകൂറ്റൻപടവടിവിൽനട-
ത്തിച്ചടുപ്പിച്ചു നിർത്തീ
ഒന്നാദ്യം കാഹളംവൻതുടിപറമുതലാം
വാദ്യഘോഷം മുഴക്കി -
സ്സന്നാഹത്തോടുകൂടിക്കൊടികളുയരവേ -
ക്കാട്ടി യുദ്ധം പുകൾത്തീ


പിന്നെ ക്ഷണനേരംകൊണ്ടു്,

ആര്‍ക്കുംസേനകൾ പാഞ്ഞുതമ്മിലണയു
ന്നേരത്തുവല്ലാതെക
ണ്ടാര്‍ക്കുംധൂളിപടര്‍ന്നുമൂടി കൊടിയും
കാണാതെയാംവണ്ണമേ
നോക്കുമ്പോൾപ്പൊകപോലെപൊങ്ങിന
പൊടിപ്രായംപടപ്പാടിരു
ന്നോര്‍ക്കുമ്പോഴുമൊരേ നിലയ്ക്കിഹകുഴൽ
ക്കണ്ണാടി നോക്കുമ്പോഴും


എന്നായിത്തീർന്നിരിക്കുന്നു. ഇത്രത്തോളം അടിയനറിയാം.

വലിയതമ്പുരാൻ:-ഇനിയും നോക്കൂ, ഇപ്പോൾ പൊടിയൊന്നമർന്നിരിക്കും.

 

ആറാമങ്കം (86-91)

 

-86-


കൂട്ടംകൂടും ഭടരുടനുടൽക്കാഞ്ഞു വാൾവീശിവെട്ടി-
ക്കൂട്ടുംചോരപ്രളയമതിലീ ദ്ധൂളിനില്ക്കാതിരിയ്ക്കാ
വാട്ടംവിട്ടുള്ളവരുടെരണം കേൾക്കുവാനുംരസംമേ
കോട്ടംകൂടാതിനിയുമതുതാൻ നോക്കിവര്‍ണ്ണിക്കതന്നേ.


രാഘവർ:-എറാൻ, അടിയൻ നോക്കട്ടെ. (അങ്ങിനെ ചെയ്തിട്ട്) കല്പിച്ചതു ശരിയാണു്. ഭൂമിയിൽ ചോര വീണു തുടങ്ങിയപ്പോൾ പൊടിയൊന്നമർന്നു. ഇപ്പോൾ ഇന്നവഗ്ഗക്കാർ ഇന്നിന്നവര്‍ഗ്ഗക്കാരോടാണു എതൃത്തിരിക്കുന്നതു് എന്നറിയാറായി- ഇതാ-

കൊച്ചിക്കാരായജൂതര്‍ക്കുടയപടവെറും
മാപ്പളക്കൂട്ടരോടാ -
യുൾച്ചിന്നുംവീര്യമോടേറധികമിരുപുറ-
ക്കാരുമോര്‍ത്താര്‍ത്തിടുന്നു;
മെച്ചങ്കാട്ടുന്ന തിയ്യപ്പടയൊടുപൊരുതീ-
ടുന്നു നസ്രാണിവര്‍ഗ്ഗം
കയ്ച്ചട്ടങ്കൊണ്ടുവെട്ടപ്പടയൊടു പറവൂർ-
ക്കാരിതാ നേരിടുന്നു.


അത്രതന്നെ പോരാ,

ഊക്കേറ്റം ഗ്രാമണിബ്രാഹ്മണഭടരുടനേ
കാപ്പിരിക്കൂട്ടമോടും
മേൽക്കേറിപ്പോരിടുന്നൂ, വിരുതുകൾപലതും
തങ്ങളിൽക്കാട്ടിടുന്നു;
വായ്ക്കും വീര്യത്തൊടേറാടി കളിത തിരുമു-
ല്പാടുസൈന്യത്തോടെത്തി-
ത്തോല്ക്കും മട്ടുഗ്രശസ്ത്രങ്ങളുമുടലിൽമയ-
ക്കിത്തകര്‍ക്കുന്നു യുദ്ധം.


അതു മാത്രവുമല്ല,

-87-


കാരമ്പള്ളിക്കുറുപ്പും പ്രഭുതതടവിടു-
ന്നോരു കര്‍ത്താവുമെന്നീ
വീരന്മാർമുമ്പിൽനില്ക്കും കടലൊടുകിടയാം
നായർസൈന്യത്തോടൊപ്പം
ചേരുംചാതുര്യമോടേറ്റെതൃപൊരുതുവതു-
ണ്ടാറുനാട്ടിൽപ്രഭുക്ക-
ന്മാരും താന്താങ്ങൾതാങ്ങും പടുഭടനിരയോ-
ടൊത്തു ബദ്ധാഭിമാനം.


അതിന്നും പുറമേ,

ക്ഷാത്രം കൂടുന്നോരുവേപ്പൂരുപർപ്പൂർ
ഗോത്രക്കീശന്മാരുമാൾക്കാരുമായി
ഒത്താലങ്ങാട്ടൂഴിപാലൻ കിഴക്കൻ
കര്‍ത്താക്കന്മാരൊത്തു പോരാടിടുന്നൂ.


ഇങ്ങിനെ വകയ്ക്കുവകയായി രണ്ടു ഭാഗക്കാരും തിരിഞ്ഞുനിന്നു യുദ്ധം നടത്തിവരുന്നു.

വലിയതമ്പുരാൻ:-ഒട്ടു കിടയ്ക്കുകിടയായി നില്ക്കുമെന്നു തോന്നുന്നുണ്ടു്, ഇല്ലേ? ആട്ടെ, താനെങ്ങിനെയാണീശ്ശത്രുപക്ഷക്കാരെയൊക്കെ വേറുതിരിച്ചറിഞ്ഞതു?

രാഘവർ:-അതോ? അടിയൻ ഇവർ വന്നുകൂടിയതിന്റെ ശേഷം ഒരു ലാടവൈദ്യന്റെ വേഷമായിട്ടു ചില മുറിമരുന്നുകളും കൊണ്ട് ആ സൈന്യങ്ങളുടെ ഇടയിൽ നടന്നു പരിചയിച്ചറിഞ്ഞതാണു്.

വലിയതമ്പുരാൻ:-ആഃ! താൻ ലാടവൈദ്യന്മാരുടെകൂടെ നടന്നു വൈദ്യവും പഠിച്ചിട്ടുണ്ടല്ലോ, അല്ലേ? നന്നായി; ആട്ടേ ഇനിയും നോക്കൂ! എന്തെല്ലാമാണു വട്ടം എന്നറികതന്നെ.

രാഘവർ:-(പിന്നെയും നോക്കിസ്സംഭ്രമത്തോടുകൂടി) ഓഹോ! വിഷമം വിഷമം!

വലിയതമ്പുരാൻ:-എന്താ? എന്താ?

-88-


വല്ലാതുള്ളുശിർകൊണ്ടനേകനിലയായ്-
നില്ക്കും ഭടന്മാർകലര്‍-
ന്നെല്ലാം സങ്കുലയുദ്ധമെന്നവിധമാ-
യെന്നോ? പരം നോക്കിയാൽ
ഇല്ലാവേറുതിരിച്ചറിഞ്ഞിടുവതെ-
ന്നുണ്ടോ? വിശേഷിച്ചതോ
നില്ലാതാര്‍ത്തരിവീരർ നമ്മുടെഭട-
ന്മാരേ മുടിക്കുന്നിതോ?


രാഘവർ:-എറാൻ, അടിയനൊന്നും അറിഞ്ഞുകൂടാ. എന്താണെന്നല്ലേ?

ഒക്കെപ്പാടേകലർന്നൂ ഭടനിര, വിവരം
കണ്ടുര്‍ണത്താൻ പ്രയാസം,
തിക്കിപ്പാഞ്ഞെത്തിടുന്നു പടുതയൊടുപടി-
ഞ്ഞാറുനിന്നന്യസൈന്യം,
തെക്കൻഭാഗത്തുനിന്നും കടലൊടുകിടയായ്
വൻഭടന്മാർ വരുന്നൂ,
നില്ക്കുംപോരിൽ,ജ്ജയംസംശയ, മിനിയിവർകൂറ-
ടുമ്പൊളെന്താവുമാവോ?


വലിയതമ്പുരാൻ:-ഛെ! എന്താ തനിക്കിത്ര വിഷാദം?

രാഘവർ:-വിഷാദമോ? പടിഞ്ഞാറൻപട കൊടുങ്ങല്ലൂർത്തമ്പുരാനും, ചേറ്റുവായഴി മുതൽ കൊടുങ്ങല്ലൂരഴിവരെയുള്ള ആൾക്കാരുമാണു്. അതിന്നും പുറമെ, അവിടുത്തെ മൂന്നാംകൂർ തമ്പുരാനും മുചുകുന്ദം സൈന്യവുമുണ്ടു്. അത്രയും പോരാ, പുന്നത്തൂർ മുപ്പിലെ അദ്ധ്യക്ഷതയിൽ ഒരുവകസേനയും ഇവരോടുകൂടിച്ചേര്‍ന്നുകാണുന്നുണ്ടു്.

-89-


വലിയ തമ്പുരാൻ:-ഇത്രയല്ലേ ഉള്ളൂ? ഇതെന്തു്! നിസ്സാരം നിസ്സാരം. പിന്നെ തെക്കുനിന്നു വരുന്നതോ?

രാഘവർ:-അതു്, എളയതമ്പുരാനും, ഇവിടുത്തെ നാട്ടുകാരിൽ അവിടുത്തെ കീഴിൽ നില്ക്കുന്ന വൻപടയുമാണു്

വലിയതമ്പുരാൻ:-ആട്ടെ, അവരെന്തു ചെയ്യുന്നു?

രാഘവർ:-(ലജ്ജയോടുകൂടി) വന്നവഴിയേതന്നെ സാമൂരിയുടെ സേനാപതിയായ മൂന്നാംകൂറിന്റെ മുമ്പിൽച്ചെന്നു സേനാപതിക്കു ചെയ്യേണ്ടുന്ന ഉപചാരവും ചെയ്തു് ആ ഭാഗത്തേക്കു ചേർന്നുനിന്നു.

വലിയ തമ്പുരാൻ:-(ലജയോടും ക്രോധത്തോടും കൂടി) : ഛെ! ഛെ!! കളഞ്ഞു കഴുത. മാനം കളഞ്ഞു.

നമ്മോടെന്തോ മുഷിഞ്ഞിട്ടുടനതിമതിമാ-
നെന്നു ഭാവിക്കുമായാൾ
ദുര്‍മ്മോഹം മുത്തു സാമൂതിരിയുടെ പടയിൽ
ക്കീടമായ്ക്കീഴടങ്ങീ


ആട്ടേ, ഇരിക്കട്ടെ. ഇതുതന്നെ അവക്കു രാജ്യഭ്രംശത്തിനു കാരണമായിത്തീരും. (വിഷാദത്തോടുകൂടി)

സമ്മോദത്തോടുമെന്നിൽപ്രണയമണിയുമെൻ
നാട്ടുകാരും ക്രമംവി
ട്ടുൾമ്മോഹംതട്ടിയായാളുടെ പിറകിലണ
ഞ്ഞെന്നതെൻ ഭാഗ്യദോഷം.


ഇതിൽ എനിക്കു ഇതാണൊരു സങ്കടം.

-90-


വാത്സല്യത്തോടു കാത്തൊരെൻ പ്രജകളെൻ
നേരിട്ടുപോരിട്ടുടൻ
വാൿശല്യം, ബഹുശല്യമായുധഗണം, മറ്റും
പ്രയോഗിക്കിലും
മേൽസ്സര്‍വ്വംസഹതൻപതിസ്ഥിതിയിലീ
വാളൊന്നുലയ്ക്കുന്നതും
മാത്സര്യത്തൊടു മട്ടുമാറിയവരേ
നോക്കുന്നതും ദുര്‍ഗ്ഘടം.


എന്തു ചെയ്യാം? നിർവ്വാഹമുണ്ടോ? ആയായിഃ!!

ഉള്ളിൾത്തട്ടിസ്നേഹം
കൊള്ളില്ലീ ക്ഷത്രിയര്‍ക്കൊരേടത്തും
കള്ളച്ചായന്തേച്ചൊരു
വെള്ളപ്പുഞ്ചിരി ചിരിയ്ക്കയേ വെയ്ക്കൂ.


(കോപത്തോടുകൂടി) ആട്ടേ, ഇരിക്കട്ടേ.

ഇന്നാണു പോർനടുവിലായുധവിദ്യകാട്ട
ലിന്നാണുനമ്മുടയ കീര്‍ത്തിവധൂവിവാഹം
ഇന്നാണുവാനിലരികൾക്കൊരു ഘോഷയാത്ര
യിന്നാണുവിണ്ണിൽ മടവാർമണികൾക്കുപൂരം.


(ഉറക്കെ) ആരവിടേ? നമ്മുടെ യുദ്ധയാത്രയ്ക്കൊക്കെ ഒരുങ്ങട്ടേ.

-91-


പാലിയത്തു ചെറിയച്ചൻ:-(പ്രവേശിച്ചിട്ടു) എഴുന്നെള്ളാം, എഴുന്നെള്ളാം. ഒക്കെത്തെയ്യാറായിരിക്കുന്നു. എന്നു തന്നെയല്ല,

നമ്മെത്തോല്പിച്ചു ശത്രുപ്പടലഹള കുലു-
ക്കുന്നു, യുദ്ധക്കളത്തിൽ
ച്ചെമ്മേ സാമൂതിരിപ്പാടതിപദവിയൊടും
പോരിനായ്‍വന്നിടുന്നൂ
ഉന്മേഷത്തോടു തൃക്കൈപിടിതൊടുമുടവാ
ളൊന്നുലഞ്ഞേ ശമിക്കൂ
മെയ്മേൽക്കേറിപ്പയറ്റും മറുനൃപമനുജര്‍-
ക്കുള്ള കൂത്താട്ടമെല്ലാം.


വലിയതമ്പുരാൻ:-ആഃ ഹാഃ! വലിയമേനോനെവിടേ?

ചെറിയച്ചൻ:-എറാൻ, അമ്മാമൻ കുതിരപ്പുറത്തു കയറിക്കഴിഞ്ഞിരിക്കുന്നു.

വലിയതമ്പുരാൻ:-എന്നാൽ പുറപ്പെടുകതന്നെ.

പ്രശസ്തയുദ്ധത്തിലവസ്ഥ രണ്ടാം
സ്വശക്തിപോലാണതിലുള്ള ലാഭം
യശസ്സുഖന്താൻ വിജയത്തിൽ, മറ്റേ
വശത്തുസാക്ഷാൽസ്സുരലോകസൌഖ്യം.


(എല്ലാവരും പോയി.)

ആറാമങ്കം കഴിഞ്ഞു

 

ഏഴാമങ്കം (92-95)

 

-92-


ഏഴാമങ്കം


(അനന്തരം വാഴൂരു് ഉണ്ണിനമ്പിഏറാടിയും തെഞ്ചേരി നമ്പൂരിയും പ്രവേശിക്കുന്നു.)

തെഞ്ചേരി:- പിന്നെ പിന്നേ?

ഉണ്ണിനമ്പി:-പിന്നെ മാപ്പളമാർ ജൂതന്മാരേയും, തീയ്യർ നസ്രാണികളേയും തീരെത്തോല്പിച്ചു. വെട്ടത്തുകാർ പറവൂർക്കാരെ പറപറപ്പിച്ചു; കാപ്പിരികൾ ഗ്രാമിണികളെ ഇട്ടു വട്ടന്തിരിക്കുന്നതിന്നിടയിൽ, ഗോപാലൻ തത്സന്നോർ ചെന്നു കാപ്പിരികളെ പിൻവലിപ്പിച്ചില്ലെങ്കിൽ അവരോടാവുമായിരുന്നൂ! ആ നമ്പൂരിവീരന്മാക്കു്-

അഭിമാനങ്കൊണ്ടുപട-
ക്കഭിമുഖമല്ലാതെനില്പതിനിളപ്പം
അഭിമുഖരായ്ക്കണ്ടാലിവ-
രഭിലാഷമ്പോലെ ഭീഷണികൾ കാട്ടും.


അങ്ങിനെയായിരുന്നൂ.

തെഞ്ചേരി:-ആട്ടെ, കാപ്പിരികൾ പിൻവലിച്ചതിന്നു ശേഷം അവരെന്തുചെയ്തു?

-93-


ഉണ്ണിനമ്പി:-പിന്നെയവർ തിരുമുല്പാടന്മാരുടെ പടയിൽ ചേര്‍ന്നു നമ്മുടെ ഏറാടിപ്പടയോടെതൃത്തു. ഏറാടിപ്പട തിരുമുല്പാടന്മാരോടു പൊരുതിയിരുന്നതിൽ, ഇരുഭാഗക്കാരും കിടപിടിച്ചുനിന്നതേയുള്ളു. അവരിൽ ആ കൊച്ചുണ്ണിത്തിരുമുല്പാടും നമ്മുടെ നിലമ്പൂർത്തിരുമുല്പാടും തമ്മിലുണ്ടായ യുദ്ധമാണു യുദ്ധം.

തെഞ്ചേരി:-അതെങ്ങിനെ കലാശിച്ചു?

ഉണ്ണിനമ്പി:-അതോ? പറയാം.

തിണ്ണംകണ്ഠംമുറിപ്പാൻകരുതലൊടുനില-
മ്പൂർതിരൂപ്പാടുവാളൊ-
ന്നെണ്ണംകണ്ടാശുവീശുമ്പൊഴുതുടനെയൊഴി-
ഞ്ഞിട്ടുമറ്റേമിടുക്കൻ
കണ്ണുംകുത്തിക്കളഞ്ഞാര്‍ത്തളവിലുമുശിരിൻ
മുപ്പിലീമൂപ്പിലേയ്ക്കുള്‍-
ദ്ദണ്ഡംകൊണ്ടില്ലറിഞ്ഞില്ലവനരിയെയരി-
ഞ്ഞാര്‍ത്തകോലാഹലത്തിൽ


തെഞ്ചേരി:-അപ്പോൾ ആ വീരൻ "ഒറ്റക്കണ്ണൻ തിരൂപ്പാടായി, അല്ലേ? ആട്ടെ; പിന്നെ ആ യുദ്ധം അങ്ങിനെ കഴിഞ്ഞു അല്ലെ? പിന്നെ?

-94-


ഉണ്ണിനമ്പി:-ആറുനാട്ടിൽ പ്രഭുക്കന്മാരും കൂട്ടരും നല്ല ശൌര്യമുള്ളവകതന്നെ. കാരമ്പള്ളിക്കുറുപ്പിനേ അയ്യായിരപ്രഭുക്കര്‍ത്താവിനേയും ഇവരാറുപേരും കൂടി ഒട്ടുനേരമല്ല ഇട്ടു കുഴക്കിയതു്. ഒടുക്കം വടക്കൻനായന്മാർ അധികമാളുകളുണ്ടാകയാൽ കഷ്ടിച്ചു ജയിച്ചു എന്നുതന്നെയിരിക്കട്ടെ, എങ്കിലും-

തല്ക്കാലംപടയിൽപടുത്വമിയലുന്നീക്കൂട്ടരേപ്പാതിയും
മുക്കാലുംതിരിയേവരാത്തവഴിയേതെക്കോട്ടയച്ചീലയോ?
മുഷ്ക്കാളുന്നവടക്കരിങ്ങിനെകുഴങ്ങീട്ടങ്ങുമണ്ടീടുമാ-
ദ്ദിക്കാക്കീട്ടിതുപോലെമാറ്റലർമടങ്ങീടുന്നതുംമാനമാം.


ആലങ്ങാട്ടുതമ്പുരാനും കര്‍ത്താക്കന്മാരും ആൾക്കാരും, ബേപ്പൂർ, പറപ്പൂർ ഈ നാടുകളിലെ സേനകളേയും നാഥന്മാരേയും കുറച്ചല്ലാ ഇട്ടു ശല്യപ്പെടുത്തിയതു്. ആ ആലങ്ങാട്ടുപടയിൽ, ഒരു തുളുനാടൻ നായ്ക്കരുണ്ടായിരുന്നു. അവനാണു് വിരുതൻ.

ആയുധമെടുത്തകൂട്ടരി-
ലായുവപുരുഷന്റെവിരുതുകാണുമ്പോൾ
ആയുസ്സിനെയോര്‍ക്കാത്തവ-
രായുണ്ടോ യോഗ്യരെന്നു സന്ദേഹം.


തെഞ്ചേരി:-ആ നായ്ക്കർ ആലങ്ങാട്ടു രാജാക്കന്മാരുടെ കുലഗുരുവാണു്.

ഉണ്ണിനമ്പി:-ആഃ ഹാഃ! ആയാളെക്കോഴിശ്ശേരിത്താച്ചുമേനോൻ വെട്ടിവീഴിച്ചത് അത്യത്ഭുതം തന്നെ. ഏതെങ്കിലും ഇങ്ങിനെ,

-95-


ഒന്നല്പം ശത്രുപക്ഷത്തിനൊരപജയമാ
ണെന്നു കാണുന്നകാലം
വന്നപ്പോൾ,ക്കോടിലിംഗക്ഷിതിരമണരുമെ-
ണ്ണായിരം കൂട്ടുകാരും
പുന്നത്തൂർത്തമ്പുരാനും പടയുമിവിടെവ-
ന്നെത്തിയെന്നുള്ളതെല്ലാം
പിന്നത്തെ ബ്ഭാഗ്യമിങ്ങോട്ടെളയനൃപതിയോ-
ജിച്ചൊരാ യോഗമത്രേ.


തെഞ്ചേരി:-അതു ശരിയാണു്. ആട്ടേ, എന്നിട്ടോ?

ഉണ്ണിനമ്പി:-എന്നിട്ടു് എളയതമ്പുരാന്റെ സമാഗമത്തെ ആദരിപ്പാനും, യുദ്ധത്തിന്റെ അവസാനക്കയ്യു താൻതന്നെയെടുപ്പാനും, വിജയത്തിന്റെ ആനന്ദം അനുഭവിപ്പാനും വേണ്ടി അച്ഛനെളയതുപണിക്കർ, പാറനമ്പി, തറയ്ക്കൽ മേനോൻ, അവരുടെ പരിവാരങ്ങൾ, പരിഷമേനോന്മാരിൽ പ്രമാണികൾ, ഊരാളിനായന്മാർ, പൈനാട്ടരെ ആറുവീട്ടുകാർ മുതലായ ദേഹരക്ഷപ്പടയോടും, മിക്കതും മഹമ്മദുമതക്കാരുടെ മാതിരിയിലുള്ള യുദ്ധസന്നാഹവേഷത്തോടും ഒറ്റക്കാലിൽ വീരശൃംഖല- മുമ്പിൽത്തളി മുതലായ സ്വന്തം പദവികളോടും കൂടി, നമ്മുടെ സാമൂതിരിപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ടും -

"ഉരുധീസമാത്രയൻ”കലി-
യരുതിനിമേലെന്നു പണ്ടു ചേരനൃപൻ
അരുളിച്ചെയ്തുകൊടുത്തൊരു
തിരുവുടവാളും പിടിച്ചെഴുന്നള്ളീ.


തെഞ്ചേരി:-അപ്പൊഴോ?

 

ഏഴാമങ്കം (96-100)

 

-96-


ഉണ്ണിനമ്പി:-അപ്പോൾ, ആ വിവരമറിഞ്ഞിട്ട് ഉടനെതന്നെ മുവ്വായിരം കുടി കുടുമ്മിപ്പടയും, തോക്കുകാരായ നായർപട്ടാളവും, പാലിയംപടയും, പാലിയത്തുവലിയച്ചനും ചെറിയച്ചനും, മറ്റുമായ ദേഹരക്ഷപ്പടയോടും. ദീക്ഷയാകയാൽ നീണ്ടിരിക്കുന്ന താടിയും മീശയുമുണ്ടെങ്കിലും- പ്രാചീനസമ്പ്രദായത്തിൽത്തന്നെയുള്ള യുദ്ധസന്നാഹവേഷത്തോടും, പള്ളിപ്പല്ലക്കായ സ്വന്തചിഹ്നത്തോടും കൂടി കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടും,-

ചേരമാമ്പെരുമാൾ കല്പിച്ചോരു രത്നകിരീടവും
ധരിച്ചുകൊണ്ടെഴുന്നള്ളീപെരികേ പ്രാഭവത്തോടും.


തെഞ്ചേരി:-ഇനിയത്തെ കഥയാണു് കേൾക്കേണ്ടതു്. പിന്നെ പിന്നേ?

ഉണ്ണിനമ്പി:-പിന്നെ, അധികമൊന്നുമുണ്ടായില്ല. സാമൂരിപ്പാടും വലിയ തമ്പുരാനും യുദ്ധഭൂമിയിലെത്തിയപ്പോൾ, അവിടുത്തെ സ്ഥലമൊഴിച്ചു കൊടുക്കുവാനെന്നപോലെ എളയതമ്പുരാനും സൈന്യങ്ങളും തെക്കോട്ടുതന്നെ തിരിച്ചു.

തെഞ്ചേരി:-എന്തിനാണതു്?

ഉണ്ണിനമ്പി:-അതോ? അവിടയ്ക്ക് അമ്മാമനോടു നേരിട്ടുനിന്നു പൊരുതുവാനൊരു മടിയുണ്ടു്. സൈന്യങ്ങൾക്കും സ്വാമിഭക്തിക്കു വിപരീതമായി പ്രവര്‍ത്തിപ്പാൻ ധൈര്യമുണ്ടായിരുന്നില്ല.

തെഞ്ചേരി:-(ചിരിച്ചുങ്കൊണ്ടു) എന്നാൽ,

ഉണ്ണിനമ്പി:-കേൾക്കൂ. അതുകൊണ്ടൊരു കൌശലമെടുത്തു

-97-


ഈ ഭാഗംവരയും പിടിച്ചിതുനമു-
ക്കായിട്ടു സാമൂരിയെ -
ന്നാഭാരം കുറയുമ്പടിയ്ക്കെളയരാജാ
വൊട്ടു മുമ്പിട്ടുതാൻ
മാപ്രാണം ചെറുകുന്നിലായ്ക്കൊടിയെകര്‍ത്തി
ത്തൻഭടന്മാരുമാ-
യാപ്രാഗല്ഭ്യമൊടും,പെരുമ്പറയടിച്ചുംകൊണ്ടു
പാര്‍ത്തീടിനാൻ.


തെഞ്ചേരി:-കൊള്ളാം വിദ്യ ഇതു മങ്ങാടന്റെ ഒരു തന്ത്രമായിരിക്കണം.

ഉണ്ണിനമ്പി:-അങ്ങിനെയിരിക്കുമ്പോൾ, ഇവിടെ മുറയ്ക്കു യുദ്ധംതുടങ്ങീ. അപ്പോഴുണ്ടു വരുന്നു, ഒരു മഹാബ്രാഹ്മണസംഘം! ബ്രഹ്മസ്വംമഠത്തിൽനിന്നു പുറപ്പെട്ടിട്ടുള്ള ഈ മഹാബ്രാഹ്മണർ, സംശയം കൂടാതെ ഈ ഇരുകക്ഷികളായ പടജ്ജനങ്ങളുടെ ഇടയിൽക്കൂടിക്കടന്നു് രണ്ടു രാജാക്കന്മാരുടേയും മദ്ധ്യത്തിൽ വന്നു നിരന്നു.

തെഞ്ചേരി:-ആഃ ! ഇതു പാലിയത്തച്ചന്റെ പ്രയോഗം, സംശയമില്ല. ആട്ടേ, അപ്പൊഴോ?

-98-


ഉണ്ണിനമ്പി:-അപ്പോൾ, എല്ലാവരും ആയുധം വെച്ചു തൊഴുതുകൊണ്ടു നിലയായി. എന്തിനധികം പറയുന്നു. "മാപ്രാണം വരെയുള്ള കൊച്ചിരാജ്യം എളയതമ്പുരാന്റെ ഭാഗം എന്ന നിലയിൽ സാമൂരിയുടെ കീഴിലായി വിട്ടു" എന്നും, "കൊടുങ്ങല്ലൂർ നാട്ടകം പിടിച്ചടക്കിയതു കൊടുങ്ങല്ലൂർത്തമ്പുരാനുതന്നെ തിരിയേക്കൊടുത്തു" എന്നും വലിയതമ്പുരാനെക്കൊണ്ടു വളരെ പ്രയത്നിച്ചിട്ടാണെങ്കിലും പറയിപ്പിച്ചും, 'യുദ്ധം മതിയാക്കി' എന്നു സാമൂരിപ്പാട്ടിലേക്കൊണ്ടു സമ്മതിപ്പിച്ചും, രണ്ടു രാജാക്കന്മാര്‍ക്കും അനുഗ്രഹം കൊടുത്തിട്ടേ ആ യോഗ്യരവിടുന്നു പോയുള്ളു .

തെഞ്ചേരി:- അമ്പാ! ബ്രാഹ്മണ്യത്തിന്റെ മാഹാത്മ്യം നോക്കൂ.

ആര്‍ത്തെത്തീടുന്ന ശത്രുപ്പടയിടയിലിറ
ങ്ങീട്ടുമാ സ്വാമികാര്യം
പാര്‍ത്തുത്തുംഗപ്രഭാവത്തൊടു ഝടിതി
സമാധാനമുണ്ടാക്കുവാനും
കീർത്തിസ്തംഭത്തെയൊന്നീഗ്ഗിരിജലധിപതി
ക്കിങ്ങു നാട്ടാനുമോര്‍ത്താ-
ലോത്തിൽതാല്പര്യമോടീശ്ശിവപുരിയിലെഴും
യോഗമേ യോഗമത്രേ.


ഉണ്ണിനമ്പി:-ശരിയാണത്. അവർ അനുഗ്രഹിച്ചുപോയതിന്റെ ശേഷം കൊച്ചിയിൽ വലിയതമ്പുരാൻ ലജ്ജിച്ചുകൊണ്ടാണെങ്കിലും, സാമൂരിപ്പാട്ടിലോട്ടു യാത്രയും പറഞ്ഞ് കൊച്ചിയിലേയ്ക്കു തന്നെ മടങ്ങി. സാമൂരിപ്പാടു പൊങ്ങണത്തരമനയിലേക്കും എഴുന്നെള്ളി.

തെഞ്ചേരി:-പിന്നെയെപ്പോഴാണ് ഈ കോവിലകത്തേക്കു പോന്നതു?

-99-


ഉണ്ണിനമ്പി:- ഓ ഹോ! അതു കുറച്ചു പറയാനുണ്ടു്. ഇന്നലേ ഏകദേശം അദ്ധരാത്രി സമയത്ത്, അതിസാഹസിയായ പാലിയത്തു ചെറിയച്ചൻ പത്തു ആൾക്കാരോടുകൂടിവന്നു പൊങ്ങണത്തരമനയ്ക്കു തീവെച്ചു.

തഞ്ചേരി:-അയ്യോ! മഹാപാപി! ആട്ടേ, അപ്പൊഴോ?

ഉണ്ണിനമ്പി:-പുറത്തു കാത്തുകിടന്നിട്ടും ഒന്നു മയങ്ങിപ്പോയ ഗോപാലൻ തത്സന്നോർ ഉടനേ ഉണര്‍ന്നിട്ട് ആദ്യംതന്നെ സാമൂരിപ്പാട്ടിലെ, കിഴക്കിനിയേടത്തു നമ്പൂരിപ്പാടു മുമ്പേ ഉപദേശിച്ചുകൊടുത്തിട്ടുള്ള തുരങ്കൻവഴിയിൽക്കൂടി കോവിലകത്തു നടുമുറ്റത്തെത്തിച്ചിട്ടു തിരിയേ ഇവിടെത്തന്നെയെത്തി. അപ്പോഴയ്ക്കു എങ്ങിനെയോ ഈ വിവരമറിഞ്ഞു മൂന്നാർപ്പാട്ടിലേ കല്പനപ്രകാരം കൊടുങ്ങല്ലൂർത്തമ്പുരാനും പരിവാരപ്പടയും നാലുപുറവും വന്നു വളഞ്ഞിരുന്നു. ആളിക്കത്തുന്ന തിയിന്റ ചൂടുകൊണ്ടു ആര്‍ക്കും അടുത്തുകൂടാ.

തെഞ്ചേരി:-അയ്യോ കഷ്ടം! സാമൂരിയുടെ ശ്രീചക്രം മുതലായ തേവാരം വക വിഗ്രഹങ്ങൾ അതിനകത്തു പെട്ടുപോയോ?

ഉണ്ണിനമ്പി:-ഇല്ല. പരിഭ്രമിക്കണ്ടാ. സാമൂരിപ്പാട്ടിലെ വക എല്ലാ സാമാനങ്ങളും ഞങ്ങൾക്കതിന്നുമുമ്പിൽ പുറത്തു കടത്തുവാനിടകിട്ടി.

തെഞ്ചേരി:-ആവൂഃ, ഭാഗ്യം ക്ഷയിച്ചിട്ടില്ല! എന്നിട്ടോ?

ഉണ്ണിനമ്പി:-അപ്പോഴയ്ക്കതാ എവിടുന്നൊ രാമബാണം പോലെ കിഴക്കിനിയേടത്തു നമ്പൂരിപ്പാടും കുറെ ആൾക്കാരും അവിടെ എത്തിയിരിക്കുന്നു. തീക്കെടുത്തുവാൻ ചിലർ ഉത്സാഹിച്ചു തുടങ്ങി. അപ്പോള്‍,

-100-


ജ്വാലാമാലാകരാളംപടരെയരമന
ക്കെട്ടിടം ചുട്ടെരിയ്ക്കും
ശൈലാകാരോൽക്കടോഷ്ണൻ കടുദഹനനെരി-
ഞ്ഞെന്തുമേ വെന്തിടട്ടേ,
മേലാലീദുഷ്ടരിമ്മാതിരി വികൃതിതുട
ങ്ങീടിലൊക്കിലൂടൻതാ-
നേലാതാക്കേണമെന്നാരതിശ്രുതിയൊടു ന-
മ്പൂരിയും തമ്പുരാനും.


ഉടനേ തന്നെ, ആക്കൊടുങ്ങല്ലൂർത്തമ്പുരാൻ തിരഞ്ഞുപിടിച്ചു ചെറിയച്ചന്റെമേൽ, മുമ്പിലുണ്ടായ തോലിയിൽ ഉത്ഭവിച്ച കോപം സഫലമാക്കി. ആക്കൂട്ടത്തിലുണ്ടായിരുന്നവരെ മിക്കതും പിടിച്ചു ഈ ഭാഗത്തുകാർ ആത്തീയ്യിൽത്തന്നെ സംസ്കരിച്ചു.

തെഞ്ചേരി:-നന്നായി. മഹാപാപത്തിന്റെ ഫലം അപ്പോൾത്തന്നെ അനുഭവിച്ചു, അത്രതന്നെ.

ഉണ്ണിനമ്പി:-ഇങ്ങിനെയാണു സാമൂരിപ്പാടു ഈ കോവിലകത്തേയ്ക്കു സ്ഥലം മാറിയതു്.

തെഞ്ചേരി:-ഇനി എളയരാജാവും ഉടനേ ഇങ്ങോട്ടു വരുമായിരിക്കും, ഇല്ലേ?

ഉണ്ണിനമ്പി:-ഉവ്വ്, ഉവ്വ്. അവിടുത്തേക്കൂട്ടിക്കൊണ്ടുവരുവാൻ കിഴക്കിനിയേടത്തു നമ്പൂരിപ്പാട്ടിലേത്തന്നെ സാമൂരിപ്പാടു പറഞ്ഞയച്ചിട്ടുണ്ടു്. ആട്ടേ, ഇവിടുന്നെങ്ങോട്ടാണു് പുറപ്പെട്ടതു്?

തെഞ്ചേരി:-അതോ? സാമൂരി എന്നേക്കണ്ടപ്പോൾത്തന്നെ കുന്നത്തിനെ വിളിച്ചുകൊണ്ടുവരുവാൻ പറഞ്ഞയച്ചിരിക്കുകയാണു്.

ഉണ്ണിനമ്പി:-എന്നാൽ, ഇവിടുന്നുചെല്ലൂ. ഞാനും പടജ്ജനങ്ങളുടെ വ്രണം ചികിത്സിക്കുന്ന ദിക്കിലൊന്നു പോയിവരാം.

(രണ്ടാളും പോയി)

വിഷ്ംഭം കഴിഞ്ഞു.

 

ഏഴാമങ്കം (101-105)

 

-101-


(അനന്തരം സാമൂരിപ്പാടും കുന്നത്തുനമ്പൂരിയും പ്രവേശിക്കുന്നു )

സാമൂരിപ്പാട്:-കൃതകൃത്യത എന്നുള്ളതു് ഒരു ക്ഷണികസുഖം മാത്രമാണു്. എന്താണെന്നല്ലേ?

കൊച്ചിക്ഷോണിപനോടുതൃശ്ശിവപുരം
പോരിട്ടുവാങ്ങിച്ചു, ഞാ-
നിച്ഛിക്കുംപടി പാട്ടിലായെളയരാജാ-
വെന്ന ഗംഭീരനും,
ഉൾച്ചിന്നും മമതയ്ക്കുചെയ്തിതു കൊടു-
ങ്ങല്ലൂർനൃപന്നും ഹിതം,
മച്ചിത്തത്തിനു തൃപ്തിയായി, മുനയു-
ണ്ടാശയ്ക്കിതാ പിന്നെയും.


കുന്നം:-(സന്തോഷത്തോടുകൂടി) എന്റെ സത്യം സാധിച്ചു.

സാമൂരി:-ശരി. എന്നാൽ, ആ മഹാബ്രാഹ്മണരിടയ്ക്കു വന്നു തടഞ്ഞില്ലെങ്കിൽ ഈ ഊക്കിൽ കുറച്ചുകൂടി രാജ്യം പിടിക്കാമായിരുന്നു.

കുന്നം:-അതു വാസ്തവം തന്നേ; എങ്കിലും എനിക്കു സന്തോഷം.

സാമൂരി:- ആഃ! അതങ്ങിനെയാണു്. പക്ഷേ,

ക്ഷണംകൊണ്ടു സന്തുഷ്ടിനന്നന്തണര്‍ക്കീ-
ഗ്ഗുണംകൊണ്ടുതാൻ മന്നവന്മാർക്കു ദോഷം;
ഇണക്കുത്തുവിപ്രര്‍ക്കു വിദ്യാവിനോദം,
പിണക്കത്തിൽ മറ്റുള്ളവര്‍ക്കാത്മനാശം.


ഇങ്ങിനെ നമ്മൾ തമ്മിലൊരു വ്യത്യാസമുണ്ട്, ഇല്ലേ? എന്നാൽ, ഇപ്പോൾ ഈ ഒരാദായം കിട്ടിയില്ലെങ്കിലും വേറേ ഇതിലും വലുതായിട്ടൊരു ലാഭമുണ്ടായി.

-102-


കുന്നം:-എന്താണതു്?

സാമൂരി:-

അനര്‍ത്ഥം കൊച്ചിക്ഷ്മാരമണനുവരായ്‍വാൻകരുതിയി-
ജ്ജനത്തിൻനേരിട്ടാവലിയൊരുമഹാബ്രാഹ്മണജനം
അനുത്സാഹംശങ്കിച്ചരുളിയതുഞാൻചെയ്തതിലുടൻ
മനസ്സാൽത്തന്നല്ലോ സരസമവരാശിസ്സതു മതി.


കുന്നം:-അതു നല്ല ലാഭം തന്നെ.

സാമൂരി:-ഇനി ഞാൻ അധികം താമസിക്കാതെ വടക്കുന്നാഥനു്, വിധിപ്രകാരം സുവര്‍ണ്ണംകൊണ്ടൊരു തുലാഭാരം കഴിച്ചിട്ടു അതും മഹാബ്രാഹ്മര്‍ണക്കു വിഭജിച്ചുകൊടുപ്പാൻ വിചാരിക്കുന്നുണ്ടു്.

കുന്നം:-അതു വേണ്ടതുതന്നെയാണു്.

ദൈവംതെളിഞ്ഞുവിലസുന്നതിനിന്ദുചൂഡാ-
ദേവന്റെമുമ്പിൽ വഴിവാ,ടതിലും വിശേഷാൽ
ദേവര്‍ക്കുപോലുമതിപൂജ്യതയുള്ളഭൂമീ
ദേവര്‍ക്കുദാന, മിതിലും വലുതേതു പുണ്യം


എന്നു തന്നേയല്ല, ഇതിന്നു വേറിട്ടൊരു ഗുണവും കൂടിയുണ്ടു്. എന്താണെന്നോ?

-103-


വൈരിക്കായ്ചേര്‍ന്നുനിന്നോരവനിനിജനയം
കൊണ്ടുതൻ കീഴിലാക്കു-
ന്നോരിക്കാലത്തുപാരം പ്രജകളുടെമനോ-
രഞ്ജനം ചെയ്തിടേണം
ഭൂരിദ്രവ്യംധരിത്രീ സുരനിരയിലുടൻ
കോരിവാരിക്കൊടുത്തും
ദാരിദ്ര്യംതീര്‍ക്കിലുണ്ടാം പലപരിഷകളാം
നാട്ടുകാര്‍ക്കൊക്കെ മോദം


സാമൂരി:-(ചിരിച്ചുംകൊണ്ട്) കുന്നം ഈ വഴിയും കാണാതിരിക്കില്ല. (ഉറക്കെ) ആരവിടെ?

ഹരിക്കാരൻ:-(പ്രവേശിച്ചിട്ടു്) സ്വാമി!

സാമൂരി:-മങ്ങാടനെവിടേ?

ഹരിക്കാരൻ:-സ്വാമി! ഇവിടെയുണ്ടു്. (പോയി)

മങ്ങാടൻ:-(പ്രവേശിച്ചിട്ട് വിചാരം) ഇനി ആഃ! എന്നാൽ മുഴുവനായി. അതിന് ഇതും വേണ്ടില്ല.

-104-


(അടുത്തുചെന്നു വന്ദിക്കുന്നു)

സാമൂരി:-ഇരിക്കൂ.

മങ്ങാടൻ:-എറാൻ, കല്പന. (ഇരിക്കുന്നു)

സാമൂരി:-ഇനി, എന്നാലോ മങ്ങാടാ!

മങ്ങാടൻ:-കുറച്ചുദിവസം താമസമുണ്ടല്ലോ.

സാമൂരി:- അതുവ്വ്. വേണ്ടതൊക്കെ ഒരുക്കീട്ടുവേണമല്ലോ.

കുന്നം:-എന്നു മാത്രമല്ല, അകലത്തുകാര്‍ക്കും അറിഞ്ഞെത്തുവാൻ തരമാവണ്ടേ?

മങ്ങാടൻ:-എറാൻ, ഇവിടെ സ്വര്‍ണ്ണം വേണ്ടേടത്തോളമെന്നല്ല അതിലധികവും, പൊങ്ങണത്തരമന കത്തിയതിൽ ഉരുകിക്കട്ടികട്ടിയായിക്കിടപ്പുണ്ട്.

സാമൂരി:-ആഃ! ആ നമ്പൂരി മഹാ വിത്തേശനാണല്ലോ. മുമ്പൊരിക്കൽ അമ്മാമന്റെ വിരുന്നുണ്ടായപ്പോൾ ആ അരമനയിൽ,

ചേണാര്‍ന്നാപ്പടിവാതിൽതൊട്ടിരുപുറം
തണ്ടിന്മലായ്പൊന്നര-
ഞ്ഞാണാമ്പോലിടതൂര്‍ത്തുതൂക്കിനകുരു-
ത്തോലപ്പൊളിത്തോരണം
കാണാനെന്തൊരുഭംഗിയാം നിറപറയ്ക്കോ-
രോതരം രത്നമെ-
ന്നാണാദ്യം കനകപ്പൊടിപ്പറപുറ-
ത്താണന്നുപോൽ വെച്ചതും.


ഇങ്ങിനെ ചില പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടു്.

-105-


കുന്നം:-ആഃ ഹാ! അയ്യോ കഷ്ടം! ആ രത്നങ്ങളൊക്കെ വെറുതേ വെന്തു വെണ്ണീറടിച്ചുപോയല്ലോ.

മങ്ങാടൻ:-ഇല്ലാ, വ്യസനിയ്ക്കുണ്ടാ. ആവക രത്നങ്ങളൊക്കെ ആ നമ്പൂരിപ്പാടായിട്ടുതന്നെ വടക്കുന്നാഥന്റെ തിരുമുററത്തു്, ചുവട്ടിലുള്ള ഭണ്ഡാരത്തിലാക്കി എന്നാണീ നമ്പൂരിപ്പാടു പറഞ്ഞതു്.

സാമൂരി:-അതിപ്പോൾഗ്ഗുണമായി.

മങ്ങാടൻ:-എന്നാൽ, ഈത്തുലാഭാരത്തോടുകൂടി അടിയനു വേറെ ഒരാലോചനകൂടിയുണ്ട്.

സാമൂരി:-എന്താണതു്?

മങ്ങാടൻ:-ഈ ബ്രഹ്മസ്വമ്മഠവും ഇവിടുത്തേക്കീഴിലായല്ലോ?

സാമൂരി:-അതുവോ? എന്താ കുന്നം?

കുന്നം:-നമ്പൂരിമാരുടെ ഇടയിലാണ് കൂറുമത്സരം.

മങ്ങാടൻ:-അതേ, മഠത്തിലൊരുവാരവും കൂടി അരുതേ ?

സാമൂരി:-ആവാം. പക്ഷേ, മങ്ങാടൻ വിചാരിക്കുന്നതായ ആ ആലോചന നടക്കുമെന്നു തോന്നുന്നില്ല.

മങ്ങാടൻ:-അങ്ങിനെയാണോ? എന്നാൽ,

 

ഏഴാമങ്കം (106-110)

 

-106-


അഷ്ടിയഥേഷ്ടം കാഞ്ചന-
വൃഷ്ടി മഹാവിനയപുഷ്ടിയിവയാലേ
തുഷ്ടിവരുമ്പോൾക്കൂറൊരു
കഷ്ടിക്കയ്യാകുമന്തണര്‍ക്കുള്ളിൽ.


കുന്നം:-അതു കാണാം. 'അണ്ടിയോടടുത്താലറിയാം മാങ്ങയുടെ പുളി.'

ശകാരം പറ്റിയ്ക്കും പലരെയുമുടൻ കണ്ടൊരുതര-
പ്രകാരംവാഴ്ത്തീടും വളരെവളരെ ബ്ഭംഗിയിലിവർ
വികാരം തട്ടില്ലാ തനതു ഹൃദയസ്ഥൈര്യമതിനീ-
വകാരംഭംകൊണ്ടിട്ടവനിസുരജാതിയ്ക്കതുദൃഢം.


ഇവരുടെ ഈത്തത്വം മങ്ങാട്ടച്ചനും മനസ്സിലാവാത്തതു മഹാബ്രാഹ്മണരുടെ സംസഗ്ഗം പോരാഞ്ഞിട്ടാണു്. തീർച്ചതന്നെ.

സാമൂരി:-ആട്ടേ, ഈ കുന്നം അങ്ങിനെയാവുമെന്നു മങ്ങാടനു തോന്നുന്നുണ്ടോ?

മങ്ങാടൻ:-എറാൻ, അതില്ല. സംശയമില്ല. ഇവിടുന്നേതു വീരൻ!

സാമൂരി:-ഇങ്ങിനെത്തെ വീരന്മാർ അക്കൂട്ടത്തിലും ഉണ്ടാവരുതെന്നുണ്ടോ?

മങ്ങാടൻ:-എന്നാൽ, അടിയന്റെ ആലോചന തെറ്റിപ്പോയിരിക്കാം. (അണിയറയിൽ) എനിക്കു സാമൂരിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ടു്. അകത്തയ്ക്കു കടക്കരുതേ?

സാമൂരി:-എഃ! ചെനങ്ങാട്ടുകാഞ്ഞൂരു മഹനെളയനമ്പൂരിയല്ലേ ഇതു്?

-107-


കാഞ്ഞൂരു നമ്പൂരിപ്പാടു്:-(പ്രവേശിച്ചിട്ട്) വന്നതു വന്നു. ഇതു കയ്യിൽകൊടുക്കുകതന്നെ. (ചുറ്റിനടന്നു അടുത്തു ചെല്ലുന്നു.)

(എല്ലാവരും തമ്മിൽ ഉപചാരം ചെയ്തിരിക്കുന്നു.)

സാമൂരി:-നമ്പൂരി എവിടന്നാണിപ്പോൾ?

കാഞ്ഞൂരു:-ഞാൻ ബ്രഹ്മസ്വമ്മഠത്തിൽനിന്നാണു്.

കുന്നം:-(വിചാരം) ആഃ! എന്നാൽ അവിടുത്തെ വിശേഷങ്ങളറിയാം.

സാമൂരി:-വിശേഷിച്ചോ?

കാഞ്ഞൂരു:-അങ്ങിനെയൊന്നുമില്ല. എന്നാൽ, എനിക്കു നാലു പാദം കൂട്ടിച്ചേര്‍ത്തു ശ്ലോകമാതിരിയിൽച്ചിലതുണ്ടാക്കുവാനൊരു മോഹം മുമ്പേതന്നെയുണ്ടു്.

സാമൂരി:-അതെനിയ്ക്കറിയാം.

കാഞ്ഞൂരു:-എന്നാൽ, ഇവിടുന്നിപ്പോൾ കൊച്ചിരാജ്യം മാപ്രാണംവരെപ്പിടിച്ചടക്കിജ്ജയഭേരിയടിച്ചു ഈ തൃശ്ശിവപേരൂരിങ്ങിനെ കൂടിയിരിക്കുന്ന അവസ്ഥ യ്ക്കും ഞാൻ വല്ലതുമൊന്നെഴുതിക്കൊണ്ടു വന്നില്ലെങ്കിൽപ്പോരല്ലോ എന്നവെച്ച് ആലോചിച്ചിരുന്നപ്പോൾ ഒന്നു തോന്നി. അതാണിതു്. (ഓലകൊടുക്കുന്നു.)

സാമൂരി:- (വാങ്ങി നോക്കിച്ചിരിച്ചുംകൊണ്ടു മങ്ങാട്ടച്ചന്റെ കയ്യിൽ കൊടുക്കുന്നു.)

മങ്ങാടൻ:-(നോക്കീട്ട്) ശ്ലോകം ബഹു ഗംഭീരംതന്നെ. (വിചാരം) കവിയുടെ മനസ്സതിലധികം.

കുന്നം:-ഒന്നു വായിച്ചുകേട്ടാൽ വേണ്ടില്ല.

-108-


മങ്ങാടൻ:-(വായിക്കുന്നു)

"മാടക്ഷമാരമണബാഹു ബലാഭിഗുപ്താ
സേയം സഭാപരവശേതിനശങ്കനീയാ;
ഏകാകിനീനിശിചരാലയ മദ്ധ്യഗാപി
കിംരാമഭദ്രദയിതാ ദശകണ്ഠമാപ"


കുന്നം:-ബലേ, ശ്ലോകം ബലേ!

മങ്ങാടൻ:-ഇത്ര സ്ഥൈര്യമുണ്ടു്, ഇല്ലേ?

സാമൂരി:-(ചിരിച്ചുംകൊണ്ടു്) എന്തേ ഇങ്ങിനെയൊരര്‍ത്ഥ കല്പനയ്ക്കവകാശം? നമ്പൂരിമാക്കു സഹജമായിട്ടുള്ള ദുശ്ശങ്കതന്നെ, അല്ലേ?

കാഞ്ഞൂരു:-അതല്ല. ഇവിടുന്നു, ഈ തൃശ്ശിവപേരൂർ യോഗത്തിലും, എരിശ്ശേരി നേരേ നുറുക്കുക മുതലായ സ്വന്തചിഹ്നങ്ങൾ നടപ്പാക്കുവാൻ വിചാരിക്കുന്നുണ്ടെന്നു ഒരു സംസാരം കേട്ടു. എന്നാൽ,

ജയത്തിലുണ്ടാമഭിമാനമൂലം
സ്വയം വിചാരക്കുറവാലുടൻതാൻ
നയജ്ഞനായോരു ഭവാനിതിങ്കൽ
പ്രയത്നമേറ്റാലതിൽ വിഡ്ഡിയാവും.


ഈ വസ്തുത മുൻകൂട്ടി ഇവിടെ അറിയിച്ചു എന്നേയുള്ളു.

കുന്നം:-വളരെ നന്നായി.

-109-


സാമൂരി:- ഈ ഉപദേശം ഞാൻ നന്ദിയോടെ സ്വീകരിച്ചു. പക്ഷേ, എനിയ്ക്കിങ്ങിനെയൊരു ദുര്‍വ്വിചാരമില്ല.

രണ്ടും നമ്മുടെ യോഗമാക്കുകിലവര്‍
ക്കന്യോന്യമെന്നാവിധം
പണ്ടുള്ളോരു നടപ്പുമായതിലിണ
ക്കുത്തെന്നുമുണ്ടാകയാൽ
വീണ്ടുംവേണ്ടവിദഗ്ദ്ധതയ്ക്കുതെളിവും
കിട്ടാതെയാം പിന്നെയും
വേണ്ടുംദുര്‍ഗ്ഘടമുണ്ടതൊന്നു വെളിവായ്
നമ്പൂരി ചൊല്ലീലയോ?


എന്നുതന്നെയല്ല, ഇന്നും ഇതു കൊച്ചിയിൽ എളയരാജാവിന്റെ രാജ്യമാണു്; എന്റയല്ല.

കുന്നം:-ശരിയാണതു്.

സാമൂരി:-(ഉറക്കെ) ആരവിടേ?

കിഴിക്കാരൻ:-(പ്രവേശിച്ച് വീരശൃംഖലകൊണ്ടെക്കൊടുത്തട്ടു പോയി.)

സാമൂരി:-നമ്പൂരിക്കു ഇതിരിക്കട്ടേ. പക്ഷേ,

-110-


കൂറിന്നുമിങ്ങൊരുപദേശമെനിയ്ക്കുതന്ന
നേരിന്നുമീ കൃതിയിലുള്ള ചമൽകൃതിക്കും
പോരെങ്കിലുംധൃതിയിലുള്ളുതെളിഞ്ഞിതൊന്നു
പേരെങ്കലുള്ളതിനു തന്നതുമാത്രമാണേ.


(വീരശൃംഖല കൊടുക്കുന്നു.)

കാഞ്ഞുരു:-(വാങ്ങീട്ടു വിചാരം) അമ്പാ! ഗാംഭീര്യം! ഔദാര്യം അതിലധികം.

സാമൂരി:-എന്നാൽപ്പിന്നെക്കാണാം.

കാഞ്ഞൂരു:-അങ്ങിനെതന്നെ. (പോയി.)

മങ്ങാടൻ:-(ലജ്ജയോടുകൂടി) അടിയനാണിവിടെ വിഡ്ഢിയായതു്.

സാമൂരി:-യൈഃ! സാരമില്ല. ഇതു മനുഷ്യസ്വഭാവമല്ലേ?

പൊരുതുസഫലനീതി തന്ത്രമേന്തും
പുരുമതികൾക്കുമിടയ്ക്കും തെറ്റപററും;
ഒരുവനുമൊരുദിക്കിലും പിഴയ്ക്കാ-
ത്തൊരുശിതബുദ്ധി കൊടുക്കയില്ല ദൈവം.


എന്നാൽ ഒന്നുണ്ടു്,

 

ഏഴാമങ്കം (111-115)

 

-111-


സത്തുള്ളതോര്‍ത്തു പലദിക്കിലുമൊന്നുപോലെ
യെത്തുന്ന ബുദ്ധിയുടയോനിഹ ബുദ്ധിശാലി


കുന്നം:-ശരിയാണവിടുന്നു പറയുന്നതു്.

വസ്തുസ്ഥിതിയ്ക്കിതിനുദാഹരണം കഥിപ്പാൻ
വസ്തുക്കളുണ്ടിവിടെരണ്ടു തനിയ്ക്കുകാണാം.


(രണ്ടാളേയും നോക്കിപ്പുഞ്ചിരിയിടുന്നു.)

മങ്ങാടൻ:-കാര്യം കഴിഞ്ഞാൽ നമ്പൂരിക്കു കളിയായി.

സാമൂരി:-അങ്ങിനെയല്ല, കാര്യവും അദ്ദേഹത്തിനു കളിതന്നെ. ആ മഹാ ഗംഭീരനായ എളയ രാജാവിനെ സ്വാധീനപ്പെടുത്തിയതും കളിയായിട്ടല്ലേ?

(അനന്തരം എളയതമ്പുരാനും കഴക്കിനിയേടത്തു നമ്പൂരിപ്പാടും പ്രവേശിക്കുന്നു.)

എളയതമ്പുരാൻ:-നമ്പൂരി! എന്താണു സാമുരിയ്ക്കും ഞാൻ ഈയ്യുപകാരത്തിനൊരു പ്രത്യപകാരം ചെയ്യേണ്ടത്?

കിഴക്കിനിയേടത്തു നമ്പൂരി:-അവിടുന്നു പ്രത്യുപകാരം വിചാരിച്ചിട്ടല്ല ഇവിടക്ക് സഹായിച്ചതു് ; കേവലം സൗജന്യമ്മാത്രമാണു് എന്നാണു മങ്ങാട്ടച്ചനെന്നോടു പറഞ്ഞതു്.

എളയതമ്പുരാൻ:-അങ്ങിനെവരാം. ആ മങ്ങാടനെന്തു കേമനാണെന്നോ?

-112-


സ്വന്തം സേനയുമായെതൃത്തു നിലവി-
ട്ടമ്മാമനായ്പോരിടാ-
നെന്തെന്നില്ലൊരുകൂസലേറ്റവുമെനി-
യ്ക്കെന്നാക്ഷണം കണ്ടവൻ
യന്ത്രംവെച്ചുതിരിച്ചമാതിരിയുടൻ മാ
പ്രാണമാം നാട്ടിലാ-
ത്തന്ത്രംകൊണ്ടുജയം പുകഴ്ത്തിവരുവാൻ
തട്ടിത്തിരിച്ചീലയോ?


കിഴക്കിനി:-ആട്ടേ, നമുക്കടുത്തു ചെല്ലുകതന്നെ.

(രണ്ടാളും ചുറ്റിനടന്നു അടുത്തുചെല്ലുന്നു. എല്ലാവരും എണീറ്റ് ആചാരോപചാരങ്ങൾ ചെയ്തിട്ടു ഇരിക്കുന്നു.)

എളയതമ്പുരാൻ:-എനിക്കു്, ഈ അവസരത്തിൽ, എന്താണൊന്നിവിടത്തോടു പറയേണ്ടതെന്നറിഞ്ഞുകൂടാ.

മാന്യത്വം കലരും ഭവാൻ മതിതെളി-
ഞ്ഞെന്നോടുയോജിച്ചതും
സൈന്യത്തിനൊരു കേടുപാടുമണയാ-
തെന്നേജ്ജയിപ്പിച്ചതും,
ധന്യക്ഷ്മാപതിധര്‍മ്മവും നയവിധി-
പ്രാഗത്ഭ്യവും തന്നെയാ-
മാന്യര്‍ക്കാര്‍ക്കുമദൃശ്യമെന്നവിധമുണ്ടെൻ
നന്ദിയെന്നാലിതിൽ.


അല്ലാതെകണ്ടു ഇതിന്നൊരു പ്രത്യപകാരം ചെയ്യാനിവിടെ ഞാനൊന്നും കണ്ടില്ല. (കുന്നത്തു നമ്പൂരിയെ നോക്കീട്ട്) ഇതു് ഇങ്ങിനെയൊക്കെ ആക്കീത്തീര്‍ത്ത കുന്നത്തിനെ ഞാൻ ഒരിക്കലും മറക്കില്ല.

-113-


കുന്നം:-എനിയ്ക്കതുമതി. സന്തോഷമായി.

സാമൂരി:-(പുഞ്ചിരിയോടുകൂടി) ഞാൻ ഇവിടയ്ക്കു സഹായിച്ചതു്, കേവലം പ്രതിഫലേച്ഛക്കല്ലെന്നു ഇവിടയ്ക്കു തന്നെ വിചാരിച്ചാലറിയാവുന്നതാണു്.

എളയതമ്പുരാൻ:-ശരിയാണതു്. എന്താണെന്നല്ലേ?

ഇന്നെന്നെസ്വന്തമാക്കാതെതന്നേ കൊച്ചിപിടിക്കുവാൻ
നന്നായ്പ്രാഗത്ഭ്യമുണ്ടങ്ങക്കെന്നാൽ സൌജന്യമാണിതും.


സാമൂരി:- യെ! അങ്ങിനെയല്ല; എന്റെ അഭിപ്രായമതല്ല.

മങ്ങാടൻ:-എറാൻ, അടിയനുണര്‍ത്തിക്കാം.

ഇയ്യേറാടു പെരുമ്പടപ്പുധരണീപാലേന്ദ്രരൂക്കൻപട-
ക്കയ്യേറ്റത്തിലൊഴിച്ചടുത്തുപരിമാറാറില്ലപോൽ മുന്നമേ
വയ്യേവംപ്രജകൾക്കുനാശമിനിമേലെന്നാക്കിവെക്കാൻകുറു
ങ്കയ്യേതെങ്കിലുമൊക്കുമീയ്യൊരുനിലയ്ക്കെന്നായ്‍വരാമാശയം.


എളയതമ്പുരാൻ:-(വിചാരം) എന്നേ, മങ്ങാടാ! തനിയ്ക്കു സന്ധിതന്ത്രം നല്ലവണ്ണമറിയാം. സംശയമില്ല. (സ്പഷ്ടം) ഇങ്ങിനെയാണിവിടുത്തെ വിചാരമെങ്കിൽ ഇങ്ങേപ്പുറത്തതിലധികം സന്തോഷം,

കിഴക്കിനി:-ഞങ്ങളെപ്പോലെയുള്ള നാട്ടുകാരാണ് ഇതിന്റെ ഫലമനുഭവിപ്പാനുള്ളതു്. എന്താണെന്നോ?

-114-


ഇടയ്ക്കിടയൊക്കയുമങ്ങുമിങ്ങും
പടയ്ക്കിടഞ്ഞേറ്റു മരിച്ചിടാതെ
അടക്കമോടും സുഖമായിരിപ്പാൻ
കിടയ്ക്കുമേ കാലമിനിക്രമത്തിൽ.


കുന്നം:-ഇതു വാസ്തവം തന്നെ. ഇനി നമുക്കൊക്കെസ്സുഖമായിരിക്കാം. അതല്ലേ വേണ്ടതു്?

സാമൂരി:-സുഖമായിരിക്കുക എന്നു പറഞ്ഞപ്പോൾ എനിക്കും ഒരു മോഹമുള്ളത് ഇവിടുത്തോടാലോചിപ്പാൻ തോന്നുന്നുണ്ട്.

എളയതമ്പുരാൻ:-(ആദരവോടുകൂടി) എന്താണാവോ അതു?

സാമൂരി:-അതോ? എനിക്കും ഈ തൃശ്ശിവപേരൂർപട്ടണത്തിൽത്തന്നെ സുഖമായിരിപ്പാനൊരാഗ്രഹം.

മങ്ങാടൻ:-(വിചാരം) ആഃ!

എളയതമ്പുരാൻ:-(പുഞ്ചിരിയോടുകൂടി) ആഃ! അതു വേണ്ടില്ല.

സാമൂരി:- അങ്ങിനെയല്ല, ഇതിലൊരു സംഗതികൂടി ഉണ്ടായിട്ടുണ്ടു്.

എളയതമ്പുരാൻ:-എന്താണതു്?

സാമൂരി:-ഞാൻ ഇങ്ങോട്ടു പുറപ്പെടുന്ന സമയം അമ്മയേ കണ്ടു തൊഴുതു നമസ്കരിച്ചു യാത്രയുണത്തിച്ചപ്പോൾ അവിടുന്നു അരുളിച്ചെയ്തതിങ്ങിനെയാണു

എളയതമ്പുരാൻ:-എങ്ങിനേ?

-115-


സാമൂരി:-

"ഒന്നുണ്ടുകേൾഭരണിയാണിതു നിൻപിറന്നാ
ളിന്നുള്ളപോക്കിനുതിരിച്ചുവരാൻപ്രയാസം;
എന്നുണ്ണി! നിന്നുടെമനസ്സിലിതോര്‍മ്മവേണ-
മെന്നുണ്ടെനിയ്ക്കുപറവാനിനിയിച്ഛപോലേ.


ഇങ്ങിനെ അമ്മ അരുളിച്ചെയ്തപ്പോൾ, 'എറാൻ, എന്നാൽ അടിയന്റെ താമസം തൃശ്ശിവപേരൂർ തന്നെയാക്കാം' എന്നാണ് ഞാൻ മറുപടി പറഞ്ഞുപോന്നതു്.

എളയതമ്പുരാൻ:-ആഃ! എന്നാൽ വളരെ നന്നായി. എന്താണെന്നല്ലേ?

അമ്മാമനെന്നൊടതിരിന്നെതിരിട്ടുകൊള്ളാ
തിമ്മാതിരിയ്ക്കിവിടെവാണു കുറച്ചുകാലം
വന്മാന്യമിത്രമിവിടുന്നുതുണച്ചുവെങ്കി-
ലെൻ മാനസത്തിനൊരു ഭാരവുമില്ലയല്ലോ.


സാമൂരി:-അഃ അഃ ആഃ! അതു പറ്റില്ല, ഒരു ഭാരവുമില്ലേ! ഈ നമ്മുടെ രാജ്യഭാരം മുഴുവനും ഇവിടേയ്ക്കും തന്നെ. ഞാൻ വെറും സ്വസ്ഥമായിരിക്കുക.

എളയതമ്പുരാൻ:-അതു പിന്നെ, എങ്ങിനെയെങ്കിലുമാവാമല്ലോ.

സാമൂരി:-(മങ്ങാട്ടച്ചനെ നോക്കീട്ട്) എന്താ മങ്ങാടാ?

മങ്ങാടൻ:-എറാൻ, കല്പനപോലെ. (എളയ തമ്പുരാനോടു) അടിയൻ ഇവിടുത്തെയായി.

 

ഏഴാമങ്കം (116-119)

 

-116-


എളയതമ്പുരാൻ:-ഞാൻ നിങ്ങളുടെയായതിന്നു ശേഷമല്ലേ?

കുന്നം:-ഇപ്പോൾ നല്ല യോജിപ്പാലായി, ഇല്ലേ നമ്പൂരി

കിഴക്കിനി:-ഉവ്വ്, ഉവ്വ്.

കുന്നം:-ആ ഗോപാലൻ തത്സന്നോരെവിടെ? ആയാളുകൂടി ഈ യോഗത്തിലുണ്ടാവേണ്ടതായിരുന്നു.

കിഴക്കിനി:-ആയാളെ, ആ അഗ്നിബാധ കഴിഞ്ഞതിൽ പിന്നെ കണ്ടതേയില്ല.

മങ്ങാടൻ:-ആയാളെ ആവശ്യമുണ്ടെങ്കിലെ കാണൂ. അങ്ങിനെയൊരു മാതിരിക്കാരനാണ്.

ഗോപാലൻ ത്സന്നോർ:-(പ്രവേശിച്ചിട്ടു") ഇതു മറ്റൊരു ലാഭം! ചെന്നുണര്‍ത്തിക്കുകതന്നെ. (അടുത്തുചെന്നു രണ്ടു രാജാക്കന്മാരേയും വന്ദിച്ചിട്ട്) അടിയൻ ഇതാ ഒരു പുതിയ വര്‍ത്തമാനം കൊണ്ടുവന്നിട്ടുണ്ടു്.

കുന്നം:-എന്താണു?

ഗോപാലൻ -

ചിറ്റൂർച്ചേന്നൊരുതത്തമംഗലമതെ
ന്നീ രണ്ടുനാട്ടൂക്കരാം
മാറ്റാർതോറ്റതിലിങ്ങുകിട്ടിവഴിയേ
പിന്മാറിനമ്മാറയും
തെറ്റെന്നീക്കഥതമ്പുരാനെയറിയി-
ച്ചീടുന്നിതെൻ നാവിനാൽ
മുറ്റും നമ്പിടിയും പ്രഭോ! കുതിരവട്ട-
ത്താണ്ടെഴും നായരും.


സാമൂരി:-ഇതെന്നോടു പറയേണ്ടതല്ല. ഈ എളയരാജാവിനെയാണു് അറിയിക്കേണ്ടതു്. ഇവിടുത്തെ അവശ്യത്തിനുവേണ്ടിയുണ്ടായ യുദ്ധത്തിൽ കിട്ടിയ രാജ്യം ഇവിടയ്ക്കു. അങ്ങിനെയല്ലേ ന്യായം? എന്താ മങ്ങാടൻ പറയാൻ ഭാവിച്ചതു്?

-117-


മങ്ങാടൻ:- എറാൻ, ആ രാജ്യം എളയതമ്പുരാൻ തിരുമനസ്സിലെ സ്വന്തം സമ്പാദ്യമാണു്, സംശയമില്ല. എന്നാൽ, അടിയനു് ഒന്നാണിതിൽ ഉണർത്തിപ്പാനുള്ളത്,

പുതിയതായ്പിടികിട്ടിയനാടിനും
ഗതിസമം പുരകേറ്റിയബോട്ടിനും;
അതിനുലച്ചിൽവരാതെനടത്തിടു-
ന്നതിനൊരാളമരത്തിനിരിക്കണം.


കിഴക്കിനി:-അതങ്ങിനെതന്നെയാണു്.

സാമൂരി:-ഒക്കെ ഇവിടുന്നു നിശ്ചയിക്കും പോലെ. അല്ലാ തെ നമുക്കൊരു ഭാരവുമില്ല.

എളയതമ്പുരാൻ:-(പുഞ്ചിരിയോടുകൂടി) ഇതെന്തൊരു കഥയാണു്? ഈ രാജ്യം എങ്ങിനെയാണെന്റെതായതു്? എനിയ്ക്കു വേണ്ടിയാണവിടെ യുദ്ധമുണ്ടായതു് എന്നു പറഞ്ഞതെന്താണു്? എങ്ങിനെയാണു് യുദ്ധമുണ്ടായതു ഒന്നും ഞാനറിയുന്നില്ല.

കുന്നം:-അതൊക്കെ ഞാനറിയിച്ചുതരാം. സാമൂരി ഇവിടയ്ക്കു സഹായിപ്പാൻ തീർച്ചപ്പെടുത്തിയപ്പോൾ, പാലക്കാട്ടിരികോമ്പിയച്ചന്റേ-

എളയതമ്പുരാൻ:-ഓഹോ! മതി, മതി. മനസ്സിലായി, മനസ്സിലായി; എല്ലാ ദിക്കിലും മങ്ങാടന്റെ നീതി മായാപ്രയോഗംതന്നെ. ആട്ടേ, ഇതിനിനി ഞാനെന്താ ചെയ്യേണ്ടതു്? ചിറ്റൂർച്ചെന്നു കുറച്ചു കാലം രാജ്യം സ്വാധീനപ്പെടുത്തിക്കൊണ്ടു പാക്കര്‍ണം, എന്നോ മങ്ങാടന്റെ അഭിപ്രായം?

മങ്ങാടൻ:-എറാൻ, എന്നാലധികം നന്നായിരുന്നു.

എളയതമ്പുരാൻ:-എന്നാൽ, ഇവിടുത്തെ അനുവാദമുണ്ടെങ്കിൽ ഞാനിതാ അങ്ങോട്ടു പുറപ്പെട്ടു കഴിഞ്ഞു.

-118-


സാമൂരി:-എന്റെ അനുവാദമോ? ഞാൻ ഇവിടുന്നു പറയുംപോലെ നടക്കാനൊരുക്കമാണു്.

എളയതമ്പുരാൻ:-ഏതെങ്കിലും ഞാൻ തിരിച്ചുവരും വരേ, ഇവിടുത്തെ രാജ്യരക്ഷാഭാരമൊക്കെ ഇവിടയ്ക്കു. ഞാൻ അവിടെച്ചെന്നു ചേര്‍ന്നാൽ,

ജനരഞ്ജനയ്ക്കു നിത്യം
മനസ്സു വെച്ചിട്ടു നീതികൾ നടത്താം;
തനതുഭുജംതാങ്ങാതു-
ള്ളനര്‍ത്ഥമുണ്ടെങ്കിലിവിടെയറിവിയ്ക്കാം.


സാമൂരി:-കിഴക്കിനിയേടത്തു നമ്പൂരിയും കൂടെയുണ്ടല്ലോ.

കിഴക്കിനി:-ഞാൻ എന്നും ഇവിടുത്തെ ഒന്നിച്ചല്ലേ?

എളയതമ്പുരാൻ:-എന്നാലങ്ങിനെയാട്ടേ. ( എല്ലാവരും എണീയ്ക്കുന്നു.)

സാമൂരി:-വിശേഷം വല്ലതുമുണ്ടെങ്കിൽ എഴുതി അയയ്ക്കുമല്ലോ?

എളയതമ്പുരാൻ:-ഉവ്വ് കുന്നം! ഞാൻ പോയിവരട്ടേ.

കുന്നം:-അങ്ങിനെതന്നേ. ശുഭമായി വരട്ടേ.

(എളയതമ്പുരാനും കിഴക്കിനിയേടത്തുനമ്പൂരിപ്പാടും പോയി.)

-119-


മങ്ങാടൻ:-ഇനിത്തുലാഭാരം -

കുന്നം:-മഹാഭാരം ഒതുങ്ങിയപ്പോൾ തുലാഭാരത്തിന്റെ വിചാരം! അങ്ങിനേയുള്ളു. മനസ്സിനൊരളവില്ല. ആട്ടെ, ഞാനിനി എന്താണിവിടെയ്ക്കൊരിഷ്ടം ചെയ്യേണ്ടതു്?

സാമൂരി:-എന്താണെനിക്കു് ഇതിലധികമൊന്നു വേണ്ടതു്? ഒന്നും തന്നെയില്ല,

കൊണ്ടാടിക്കോടിലിംഗക്ഷിതിവരനുഗുണം
ചെയ്തു, സമ്മിത്രമട്ടിൽ
ക്കൊണ്ടാക്കീമാടരാജ്യത്തെളയനൃപതിയേ,-
പ്പാതിനാടും പിടിച്ചൂ,
ഉണ്ടായീ ബ്രാഹ്മണാനുഗ്രഹവുമിവിടെ,യെൻ
മന്ത്രിതൻ നീതിവിത്തി
ന്നുണ്ടായി വേണ്ടുവോളം ഫലമിഹ, ശുഭസ
മ്പത്തുസമ്പൂര്‍ണ്ണമായി.


എന്നാലും ഇതിരിക്കട്ടേ,

ഭരതവാക്യം

പരമഴലൊരുവര്‍ക്കും പറ്റിടാതുള്ള മട്ടാ
യരചരവനികാക്കാറാക്കണം ധര്‍മ്മദൈവം,
വിരസദുരിതമാരും ചെയ്തിടാതായ്‍വരേണം,
വിരവിൽ വിലസിടേണം വിശ്വവിജ്ഞാനസൗഖ്യം.


(എല്ലാവരും പോയി.)

ഏഴാമങ്കം കഴിഞ്ഞു