ഇവ തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോൻ അവർകൾക്കു കൊടുത്ത 12 ഹരജിശ്ശോകങ്ങളാണ്
ഭൂരിശ്രീ കലരും ദിവാനവർകൾത-
ന്നുൾത്താരിലത്യന്തമായ്
പൂരിച്ചോരു കൃപാകടാക്ഷമതിനാ-
ലെന്നുള്ളിലെസ്സങ്കടം
നേരേ കേട്ടു തുണച്ചിടേണമതിനാ-
യിട്ടിസ്സമക്ഷത്തിൽ വ-
ന്നേറസ്സങ്കടമോടു ഞാൻ ഹരജി വെ-
ച്ചീടുന്നു പദ്യങ്ങളായ്. 1
വിശ്വത്തിൽ പുകൾ പൊങ്ങിടുന്നതിരുവ.-
ഞ്ചൂരെപ്പിഷാരത്തുകാ-
രിശ്രീഭൂതപുരത്തിൽ വന്നു കഴകം
വാങ്ങിച്ചു പിന്നത്തതിൽ
മെച്ചം ചേര്‍ന്നൊരു ചൊവ്വരെക്കവർ ഗമി-
ച്ചന്നേ മുതൽക്കെത്രയും
മിശ്രം വന്നിവിടത്തിലായവർ നടത്തേ-
ണ്ടുന്നതിന്നൊക്കയും. 2
കൊല്ലം രണ്ടു കഴിഞ്ഞ ശേഷമവരോ-
ടാധാരവും വെച്ചതിൽ
ചെല്ലും ദ്രവ്യമശേഷവും ഝടിതി വാ-
ങ്ങിച്ചീലിയെന്നാകിൽ ഞാൻ
ചെല്ലും ജില്ലയിലെന്നു തന്നെ പല ഭാ-
ഷയ്ക്കും പറഞ്ഞിട്ടതും
തെല്ലും തന്നെ നടന്നതില്ലധികമായ്
ശലം തുടങ്ങീടിനാർ. 3
പണ്ടത്തെപ്പതിവിൻ പ്രകാരമിവിടെ-
പ്പാര്ത്തീലയെന്നാൽ കുഴ-
ക്കുണ്ടാം സമ്പ്രതി മാലകെട്ടു കഴകം
പൊങ്ങീടുമെന്നിങ്ങനേ
രണ്ടാണ്ടായവരോടു ഹന്ത ഗുണദോ-
ഷം ഞാനുരയ്ക്കുന്നതെൻ
കുണ്ടാമണ്ടികളെന്നുതന്നെ കരുതി-
ക്കൊണ്ടാടിയില്ലേതുമേ. 4
കാണം പറ്റിയൊഴിഞ്ഞുപോയ കഴകം
പിന്നെബ്ബലത്താൽ വരു-
ത്തേണം തങ്ങടെ കൈതലെന്നു കരുതി-
ച്ചീരാമനും കുഞ്ഞനും
ഊണിന്നുള്ള ബുഭുക്ഷകൊണ്ടു പരനായ്
കല്പിച്ച ചോർ നിത്യവും
നാണം വിട്ട കവർന്നിടുന്നു വെറിയ-
ന്മാര്ക്കെന്തു വയ്യാത്തതും! 5
മുട്ടാളത്തരമുള്ള കുഞ്ഞനുജന്
ചിരാമനും കൂടിവ-
ന്നൊട്ടേറെത്തെറി നിത്യവും കഠിനമായ്
കാട്ടുന്നതിൻ കാരണാൽ
മുട്ടായീ മലർമാലകെട്ടു മുതലാ-
യിട്ടുള്ളതിസ്സങ്കടം
കേട്ടിലെന്നു വരുന്നതുകിലിനിമേൽ
മുട്ടായ്വരും പൂജയും. 6
ചിരാമൻ മുതലായ മൽപ്രതികളി-
ക്കാര്യം കണക്കല്ലിനി-
ച്ചേരാഞ്ഞാൽ ചില ദുര്ഗ്ഘടംപിണയുമെ-
ന്നോര്ത്തിങ്ങുതാൻ നിത്യവും
പാരാതമ്പൊടു രാജിവതിനഹോ
പാരം പ്രയത്നം തുടര്‍-
ന്നാരാൽ വന്നു ശിപാരിശിക്കു പലരും
കൂടി ശ്രമിച്ചീടിനാർ. 7