1. ശബ്ദാലങ്കാരം ദ്രുതവിളംബിതം വൃത്തം-മൂന്നു സന്ധികൾക്കും ആദിമദ്ധ്യാന്തങ്ങളിൽ യമകം.
പരമമാനവമാമരുണത്വിഷാ
പരമമാന വഴിയ്ക്കുദയാദ്രിയിൽ
പരമമാനവസേവിതനാമിനൻ
പരമമാനവരട്ടിരുൾ മാറ്റിനാൻ.
കിരണമാലകൾ തൂകിടുമുൽക്കട-
സ്ഫുരണമാലണയിച്ചവനുച്ചയിൽ
ചരണമാലയമുള്ള ദരിദ്രനും
ശരണമാലടിയാക്കി ദിവാകരൻ.
അതുലമാം ചരമാംബുധിവാരണ-
ഞ്ഞിതു ഖരദ്യുതി ഭാനുനിവാരണം
മുതുതമോമയമേറ്റിതു വാരണം
പുതുസുമാസ്ത്രരണം പൊടിവാരണം
2 അര്‍ത്ഥാലങ്കാരം, ഹരിണീവൃത്തം, ഉപമാലങ്കാരം, ശൃംഗാരരസം.
മദിരനയനേ ഗന്ധം ചന്തം മൃദുത്വമിവറ്റിനാ-
ലുദിതരുചിയാം പത്മംപോലാണെടോ സഖി! നിൻമുഖം
ഹൃദി ചില രസം ചിന്തിച്ചേവം പ്രിയൻ പറയും വിധൌ
മുദിതസഖിമാർ കാണ്കേ തന്വംഗിയാൾ തലതാഴ്ത്തിനാൾ.
സ്രഗ്ദ്ധര-രൂപകം വീരരസം.
കല്ലോലക്കോളടിക്കുന്നൊരു നെടിയ കടൽ -
ത്തോടണക്കെട്ടുകെട്ടീ
ട്ടല്ലോ സാധിച്ചു യുദ്ധകൃഷി രജനിചര-
ക്കാരിനെൽക്കൊയ്തു കൊയ്തൂ
നല്ലോരാനന്ദനച്ചോറമൃതമരനിര-
ക്കേകുവാൻ കീര്ത്തിദുഗ്ദ്ധം
സ്വര്ല്ലോകത്തോളമെത്തിച്ചിതു രഘുകുലഭൂ-
ജന്മിയാം ധര്‍മ്മശീലൻ.
വിയോഗിനി-ഉൽപ്രേക്ഷാ-കരുണം
ദയിതേ! തവ നഷ്ടരൂപമെ-
ന്നുയിർതേയും വരെയും പ്രതിഷ്ഠയാം;
മയി തേ ചൗമോക്തിമന്ത്രമാ-
ണയി തേവാരമെനിക്കു നിത്യവും
3 ശബ്ദാർത്ഥങ്ങൾ - ശാർദ്ദൂലവിക്രീഡിതം
ആരാലെന്നറിവെന്നിയേ ശിശുശവം
ചുട്ടീടുമിച്ചേട്ടയാ-
ളാരാണെന്നു കടന്നുചെന്നു സുദൃഢം
സൂക്ഷിച്ചനോക്കുംവിധൌ
ആരാവിൽച്ചൊടിമാഞ്ഞ കണ്ണിണയണി
ക്കണ്ണീരു പാഞ്ഞുള്ളുകൊ-
ണ്ടാരാഞ്ഞൊന്നു പകച്ചുനിന്നഥ ഹരി-
ശ്ചന്ദ്രൻ ചിരിച്ചീടിനാൻ.