പാരാതെ പണ്ടു ശതവർഷമതിന്നു മുമ്പു-
ള്ളോരാപ്പഴേനിലയിൽനിന്നു പെരുത്തു മാററം
ധാരാളമായ്ത്തെളിയുമീ മലയാളരാജ്യം
നൂറാണ്ടു ചെല്ലുമളവെങ്ങിനെയായിരിക്കും? 1
മുമ്പിത്തരിമ്പുമറിയാനിടയായിടാത്ത
കമ്പിത്തപാലു പുകവണ്ടി മുതൽക്കസംഖ്യം
വമ്പത്തമേറുമുപയുക്തപദാർത്ഥ-
ജാല സമ്പത്തനല്പമിഹ നാട്ടിൽ നടത്തിയില്ലേ? 2
കൈവേല കച്ചവടക്കൃഷിയെന്നവയ്ക്കു -
മാവേണ്ട ശാസ്ത്രവഴി വർദ്ധനനാളിൽ നാളിൽ
ദൈവാനുകൂലനില നേടിയ പൌരുഷത്താൽ
ചെയ്വാൻ നമുക്കുമറിവേകിവരുന്നതില്ലേ? 3
നാനാപ്രകാരമകലത്തു നടന്ന കാര്യം
താനാത്മഗേഹഭുവി വാഴ്ത്തിലുമപ്പൊഴപ്പോൾ
ഊനാതിരേകവിധി വിട്ടറിയുന്ന വർത്ത-
മാനാഖ്യപത്രഗതിയത്ര പരത്തിയില്ലേ? 4
എന്നല്ല ലൌകികഗതിക്കറിയേണ്ട ശാസ്ത്ര-
മൊന്നല്ലസംഖ്യമറിയിച്ചുതരാൻ തരത്തിൽ
ഇന്നല്ലൽവിട്ടു പടിയും പല പാഠശാല
തന്നല്ലയോ മനുജരേ! സുഖമാക്കിയില്ലേ? 5