Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / 05. ഹരിസ്തോത്രം

ഹരിസ്തോത്രം


സമ്പാദകൻ - കുട്ടമശ്ശേരി നാരായണപ്പിഷാരടി

 

സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 തുലാം

-Page 112-

വാരണമുഖനെക്കുമ്പിട്ടമ്പൊടു വാണിയെയും തൊഴുതാദരപൂര്‍വം
വാരിജലോചനചരിതവിലാസം വാഴ്ത്തുവതിന്നിത ഞാൻ മുതിരുന്നേൻ.

അംബുധിമകൾതൻകൊങ്കയുഗംപൂണ്ടംബുധിയിൽകുടികൊണ്ടവനേ ഹരി
പന്നഗനായകതല്പംതന്മേലുന്നതിചേര്‍ന്നു കിടന്നവനേ ഹരി

നാനാചാരണഗീതരസംകൊണ്ടാനന്ദാകുലനായവനേ ഹരി
ആര്‍ക്കുമൊരിക്കലുമിത്രമഹാനെന്നോര്‍ക്കരുതാത്ത പരമ്പൊരുളേ ഹരി

പാലിൽ വിളങ്ങിന നവനീതരസം പോലേ ജഗതി പരന്നവനേ ഹരി
ദിക്കും ദേശവുമമ്പൊടു കാലവുമൊക്കത്തക്ക വെടിഞ്ഞവനേ ഹരി

ധാത്രീഭാരം തീര്‍പ്പതിനു തൊഴും ധാത്രിയിൽ കരുണകലര്‍ന്നവനേ ഹരി
അവനിയിലമരജനങ്ങൾ ജനിപ്പാനാജ്ഞാവാക്യം ചെയ്തവനേ ഹരി

ദേവകുലത്തിൻ വ്യസനം തീര്‍പ്പാൻ ദേവകിതൻവയർ പുക്കവനേ ഹരി
ആനകദുന്ദുഭിതാൻ കാണുമ്മാറാനന്ദേന പിറന്നവനേ ഹരി.


-Page 113-
നീലപയോധരനീലിമകവരും പേലവകാന്തി ധരിത്തവനേ ഹരി
കചഭരമൊരുമിച്ചഴകൊടു കെട്ടിക്കനകകിരീടം ചേർത്തവനേ ഹരി

അളികൾവണങ്ങിന്റളകം ചേര്‍ന്നെഴുമളികംകൊണ്ടുനിറഞ്ഞവനേ ഹരി
ചില്ലീചലനം കൊണ്ടേ മുപ്പാരഴകൊടു കാത്തുമഴിപ്പവനേ ഹരി

രാത്രിയുമപ്പകലും നിജവീക്ഷണമാത്രം കൊണ്ടു ചമപ്പവനേ ഹരി
ചൊല്ക്കൊണ്ടീടിന നാസാരുചികൊണ്ടെൾപ്പുവോടുമെതിർത്തവനേ ഹരി

ഗണ്ഡതലേ നിഴലിച്ചരുളും മണികണ്ഡലമണ്ഡിതനായവനേ ഹരി
അഞ്ചിതവായ്മലർ തന്മേൽതാവിന പുഞ്ചിരിപൂണ്ട പുരാതനനേ ഹരി

പൂര്‍ണ്ണനിശാകരബിംബംപോലേ പൊലിമ കലര്‍ന്ന മുഖാംബുജനേ ഹരി
പാല്ക്കടൽ മകൾതൻ മാലേയം കൊണ്ടാക്കമിയന്റ ഗളാന്തരനേ ഹരി

മാർത്താണ്ഡദ്യുതി മാര്‍വ്വിൽ മനോജ്ഞം ശ്രീലക്ഷ്മീധരനായവനേ ഹരി
ശംഖഗദാംബുജചക്രാഭരണം തങ്കിന തുംഗമഹാഭുജനേ ഹരി

അക്ഷരമായ ചരാചരജാലം കുക്ഷിപുടത്തിലെടുത്തവനേ ഹരി
മഞ്ഞക്കൂറയുടുത്തു മൃദുസ്വരമഞ്ജുളകാന്തി മനോഹരനേ ഹരി.

നൽക്കമ്പത്തിന്നൂരുയുഗംകൊണ്ടുൾക്കമ്പത്തെ വളര്‍ത്തവനേ ഹരി
ചെപ്പിനു ചാരുമുഴംകാലിണ കൊണ്ടല്പത ചേര്‍ത്ത ജഗൽഗുരുവേ ഹരി

വേദാന്തദ്രുമപല്ലവമാകിന പാദാംഭോരുഹമാണ്ടവനേ ഹരി
വിശ്വജനത്തിനുമീശ്വരനെന്നേ വിശ്രുതനായ രമാപതിയേ ഹരി

ദേഹാന്തരമാണ്ടവനിയിൽ മുമ്പേ രോഹിണിതന്മകനായവനേ ഹരി
സുന്ദരമൂര്‍ത്തി ധരിച്ചപ്പൊഴുതേ നന്ദകിശോരകനായവനേ ഹരി

പാതകജാതം കൊന്റുമുടിക്കും പൂതനതന്നുയിർകൊണ്ടവനേ ഹരി
ചരണംകൊണ്ടേ ശകടാസുരനെക്കരുണാഹീനം കൊന്റവനേ ഹരി.

ചുഴലിക്കാറ്റാമസുരനെ വിരവൊടു ചുഴലിച്ചോരു ജഗൽഗുരുവേ ഹരി
അണിമുഖമദ്ധ്യേ പാരിടമമ്മയ്ക്കഴകൊടു ദര്‍ശിപ്പിച്ചവനേ ഹരി

ഗര്‍ഗ്ഗമഹാമുനി തൻവദനാംബുജനിര്‍ഗ്ഗതനാമമിയന്റവനേ ഹരി
ബലഭദ്രനൊടുംകൂടെത്തമ്മിൽ ബാലത്വേന തമിണ്ണവനേ ഹരി

ബന്ധുരലീലം പിന്നെത്തൃക്കാൽ ചെന്തളിർകൊണ്ടു നടന്നവനേ ഹരി
പാലും വെണ്ണയുമെല്ലാം കപ്പാൻ പാർത്തു ഗൃഹേഷു തുനിഞ്ഞവനേ ഹരി

കള്ളൻ നീയെന്റായർവധൂനാം കളമൊഴികേട്ടു ചിരിച്ചവനേ ഹരി
മണ്ണുനുകര്‍ന്നതിനമ്മപറഞ്ഞതിൽ മഞ്ജുളഹാസം ചെയ്തവനേ ഹരി

അപ്പോഴേ തൻവദനംകാട്ടീട്ടപ്പാരൊക്കെ മറച്ചവനേ ഹരി
ഒരുനാളമ്പൊടു വെണ്ണകര്‍വന്നതിനുരലൊടു കെട്ടപ്പെട്ടവനേ ഹരി

ഉരലുമിഴച്ചേച്ചിടയിൽപാഞ്ഞമ്മരുതുമരത്തെ മുറിച്ചവനേ ഹരി
നന്ദാദികളൊടുകൂടീട്ടുടനേ വൃന്ദാവനഭൂവി വാണവനേ ഹരി
 

-Page 114-
ബാലജനത്തൊടുകൂടെത്തമ്മിൽ ബാല്യരസേന കളിച്ചവനേ ഹരി
കന്നുകിടാങ്ങളെ മേച്ചുനടന്നാക്കാടിനു പുണ്യം ചേർത്തവനേ ഹരി

ദണ്ഡകനായ്‍വന്നസുരനെ പൃഷ്ഠംതന്മേൽ വിരവൊടെറിഞ്ഞവനേ ഹരി
ബകനെത്തൃക്കൈകൊണ്ടുപിടിച്ചങ്ങകലെപ്പെട്ടെന്റീര്‍ന്നവനേ ഹരി

പരിചൊടു ബലദേവനൊടും കൂടെപ്പശുവൃന്ദത്തെക്കാത്തവനേ ഹരി
കാളിയധേനുകഹന്താവിനൊടും കാനനസീമ്‌നി കളിച്ചവനേ ഹരി

കാളിയനാഗഫണാവലിതന്മേൽ കേളീനടനം ചെയ്തവനേ ഹരി
നാരികൾ വീഴ്ത്ത നവാംശുകമെല്ലാം വാരിമറച്ചു ചിരിച്ചവനേ ഹരി

അര്‍ച്ചിച്ചഴകൊടു ഗോവർദ്ധനഗിരിമമരേശ്വരനെക്കാത്തവനേ ഹരി
ഗോപകുമാരികമാരെക്കവരും ഗുഹ്യകനെകൊലചെയ്തവനേ ഹരി

പാപംകോലുമരിഷ്ടാസുരനെക്കോപാകുലിതം കൊന്റവനേ ഹരി
കേശിയെ വിരവൊടുകൊന്നു ജഗത്യാം കേശവനായ പരാത്മകനേ ഹരി

അക്രൂരഗിരാ മധുരാനഗരംപുക്ക പുരാതനപൂരുഷനേ ഹരി
യാഗനിമിത്തം കല്പിതമായൊരു ധനുഷോ ഭംഗം ചെയ്തവനേ ഹരി

സൈരന്ധ്രിയുടേ വക്രാകൃതിയെ സ്വൈരം തീർത്ത കൃപാംബുധിയേ ഹരി
മാലാകാരനു വരമരുളീടും മാലാലംകൃതനായവനേ ഹരി

രജകനെ വസ്ത്രനിമിത്തത്താലേ വിരവൊടടിച്ചുയിർ കൊണ്ടവനേ ഹരി
കംസപ്രക... വിളങ്ങും കരിരാജനും കൊന്റവനേ ഹരി

ഹിംസിച്ചഴകൊടുമല്ലജനത്തെക്കംസദ്ധ്വംസകനായവനേ ഹരി
വസുദേവനെയും മാതാവിനെയും വന്ദിച്ചോരു ജഗൽഗുരുവേ ഹരി

കംസപിതാവിനു യദുരാജത്വം കാരുണ്യേന കൊടുത്തവനേ ഹരി
സാഗ്രജനായിട്ടഖിലാം വിദ്യാം സാന്ദീപനിയൊടു കേട്ടവനേ ഹരി

കുബ്ജാക്രൂരപ്രീതി നിമിത്തം സംഗതിഗമനം ചെയ്തവനേ ഹരി
ഉദ്ധവവചസാ ഗോപാനന്ദം വര്‍ദ്ധിപ്പിച്ച കൃപാംബുധിയേ ഹരി

മധുരാനഗരം ചുറ്റിമറുക്കും മാഗധദര്‍പ്പം തീർത്തവനേ ഹരി
ദ്വാരകയാകിയ നഗരീരത്നം ചാരുത്തന ചമച്ചവനേ ഹരി

യവനനെ യുദ്ധേ ... കൊണ്ടന്തകഭവനം കുടിപൂകിച്ചവനേ ഹരി
വൈദര്‍ഭീം രിപുമദ്ധ്യേ വിരവൊടു വൈദഗ്ദ്ധ്യന ഹരിച്ചവനേ ഹരി

പ്രദ്യുമ്നനൊടുംകൂടെപ്പുരിയിൽ പ്രേമംപൂണ്ടുവസിച്ചവനേ ഹരി
സത്രാജിത്തിൻമണിയന്വേഷിച്ചദ്രിവനത്തിലുഴന്റവനേ ഹരി

മണിയോടുകൂടെജ്ജാംബവതീമഥ മംഗലമാണ്ടു ലഭിച്ചവനേ ഹരി
സത്രാജിത്തിൻപുത്രിക്കമ്പൊടുഭര്‍ത്താവായ പരാൽപരനേ ഹരി


-Page 115-
കാളിന്ദീതടസീമനി പിന്നെക്കാളിന്ദീപതിയായവനേ ഹരി
സപ്തവൃഷങ്ങളെ ഹിംസിച്ചഴകൊടു സത്യാവല്ലഭനായവനേ ഹരി

ഭദ്രാലക്ഷ്മണമാരൊടുസാര്‍ദ്ധം ഭദ്രാനന്ദംപൂണ്ടവനേ ഹരി
പ്രാഗ്ജ്യോതിഷമാം നഗരേ വേഗാൽ പ്രാപ്യ മുരാന്തകനായവനേ ഹരി

നഗരേ തസ്മിൻ പടയൊടുകൂടേ നരകാസുരനെക്കൊന്റവനേ ഹരി
പതിനാറായിരമംഗനമാരെപ്പരിചൊടു കെട്ടപ്പെട്ടവനേ ഹരി

കാന്താവചസാ നന്ദനദേശേ കല്പകദാരു പറിച്ചവനേ ഹരി
ബാണമഹാസുരവീരനെ യുദ്ധേ ബാഹുബലേന ജയിച്ചവനേ ഹരി

കൃകലാസത്വംപൂണ്ടുകിടക്കും നൃഗമോക്ഷത്തെച്ചെയ്തവനേ ഹരി
പാരിച്ചീടിന കോപം കലരും പൗണ്ഡ്രകദര്‍പ്പം തീർത്തവനേ ഹരി

ദുഷ്ടജരാന്ധതബാധകലമ്പും ക്ഷത്രിയവാക്യം കേട്ടവനേ ഹരി
നന്ദിപ്പിച്ചദ്ധര്‍മ്മസുതം ചെന്റിന്ദ്രപ്രസ്ഥം പുക്കവനേ ഹരി

മഖവിഘ്നത്തെമുറിപ്പാൻ വിരവൊടു മാഗധനെക്കൊല്ലിച്ചവനേ ഹരി
തക്കംകൊണ്ടച്ചേദീശൻതല ചക്രംകൊണ്ടുമുറിച്ചവനേ ഹരി

സാല്വനെയുംതൽബന്ധുക്കളെയും സഹസാകൊന്റുമുടിച്ചവനേ ഹരി
നിര്‍മ്മലനായ കുചേലന്നു ചിരം നിഖിലാഭീഷ്ടംചെയ്തവനേ ഹരി

അര്‍ണ്ണവവീചിഷു മൃതഗുരുപുത്രനെ ഗുരുവിനു ദക്ഷിണചെയ്തവനേ ഹരി
അമ്മയ്ക്കറുപേർ തനുജന്മാരെച്ചെമ്മേ ദര്‍ശിപ്പിച്ചവനേ ഹരി

സോദരിയായ സുഭദ്രാമര്‍ജ്ജുനനാദരവോടു കൊടുത്തവനേ ഹരി
വിപ്രകുമാരന്മാരേക്കാണാഞ്ഞപ്പാര്‍ത്ഥാശ്രിതനായവനേ ഹരി

അപ്പോഴേ നാരായണകൃപയാ വിപ്രക്ഷോഭം തീർത്തവനേ ഹരി
ദാരസുതാദികളോടും കൂടെ ദ്വാരവതീപതിയായവനേ ഹരി

ഭൂഭാരത്തെത്തീര്‍ത്തു സുരാണാം താപാതങ്കമൊഴിച്ചവനേ ഹരി
ശുദ്ധവരാത്മകബോധം തെളിവിനൊടുദ്ധവരോടറിയിച്ചവനേ ഹരി

അമ്പൊടുമുന്നേപ്പോലേതന്നേയംബുധിമദ്ധ്യം പുക്കവനേ ഹരി
നിര്‍മ്മലനേ ഹരി നിശ്ചലനേ ഹരി നിര്‍ഗുണനേ ഹരി നിഷ്കളനേ ഹരി

നിഷ്ക്രിയനേ ഹരി നിര്‍ജ്ജരനേ ഹരി നിസ്സൃതനേ ഹരി നിരുപമനേ ഹരി
നാരായണായ ഹരി നാരായണായ ഹരി നാരായണായ ഹരി
 
നാരായണായ ഹരി
ശുഭം