Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 07. വെണ്മണി അച്ഛന്‍ നമ്പൂതിരി

07. വെണ്മണി അച്ഛന്‍ നമ്പൂതിരി

വെണ്മണിപ്രസ്ഥാനത്തിന്റെ രൂപവൽക്കരണത്തിൽ പൂന്തോട്ടത്തു് അച്ഛനും ഗോദവർമ്മൻതിരുമുല്പാടിനുമുള്ള പങ്കു നിസ്സാരമായിരുന്നു. അതിനു പൂർണ്ണമായ ആകൃതി നല്കിയതു വെണ്മണി അച്ഛനും പുഷ്കലമായ പുഷ്ടി വരുത്തിയതു വെണ്മണി മഹനുമായിരുന്നു. ആ രണ്ടു കവികളുടെയും കവിത തിരിച്ചറിയുവാൻ യാതൊരു സഹൃദയന്നും സാധിക്കാത്തവിധത്തിൽ അത്രമാത്രം ഏകരൂപമാണ്.

വെണ്മണി അച്ഛൻ നമ്പൂരിപ്പാടു് 992-ാമാണ്ടു മകരമാസം 22-ാം൹ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു നാമധേയം. അദ്ദേഹത്തിന്റെ അച്ഛനു് അല്പം ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നുവെങ്കിലും അമ്മ വെള്ളാങ്ങല്ലൂർ ഇളകുറിശ്ശിമനയ്ക്കൽ രാമൻനമ്പൂരിപ്പാട്ടിലെ സഹോദരിയായ ഒരു വിദുഷിയായിരുന്നു. രാമൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ ശിഷ്യനായിരുന്നു എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ വിവാഹത്തിലെ ഏക സന്താനമായിരുന്നു അച്ഛൻ. 1013-ൽ അദ്ദേഹം കുടമാളൂർ പൊല്പാക്കരമനയ്ക്കൽ (പൊലപ്പാ)നിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിലുണ്ടായ പുത്രനാണു് വെണ്മണി മഹൻനമ്പൂരിപ്പാടു് രാമൻനമ്പൂരിപ്പാടുമായുള്ള സംബന്ധം നിമിത്തമോ മറ്റോ അച്ഛൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ ചെന്നുപറ്റുകയും അവിടെ ഇളയതമ്പുരാന്റെ ഒരു ഭാഗിനേയിയായ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ പരിഗ്രഹിക്കുകയും ചെയ്തു. ആ ദാമ്പത്യത്തിന്റെ പ്രകൃഷ്ടഫലമായി ജനിച്ചവരാണു് മഹാകവിമൂർദ്ധന്യനായ കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ അനുജൻ കുഞ്ഞുണ്ണിത്തമ്പുരാനും. കുഞ്ഞുണ്ണിത്തമ്പുരാനു ബാല്യകാലത്തിൽ രൂഢമായിരുന്ന കലാവാസന പിന്നീടു വികസിച്ചില്ല. അച്ഛൻനമ്പൂരിപ്പാടു സ്വന്തം മനയ്ക്കലും കൊടുങ്ങല്ലൂർക്കോവിലകത്തുമായി താമസിച്ചു. ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യൻ കുംഭകോണം കൃഷ്ണശാസ്ത്രികളുമായുള്ള സഹവാസം നിമിത്തം മുൻപുതന്നെയുണ്ടായിരുന്ന ലോകവ്യുൽപത്തി വർദ്ധിപ്പിച്ചു എന്നല്ലാതെ ശാസ്ത്രജ്ഞാനം സമ്പാദിച്ചതായി നമ്പൂരിപ്പാട്ടിലെ കൃതികളിൽ നിന്നു നാം അറിയുന്നില്ല. എന്നാൽ ഭാഷാകവിതയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെയായിരുന്നു അക്കാലത്തെ പ്രമുഖനായ ആചാര്യൻ.

കാവ്യമർമ്മജ്ഞതപോലെ കാര്യമർമ്മജ്ഞതയും അച്ഛന്നുണ്ടായിരുന്നതിനാൽ സ്വകുടുംബത്തെ സാമ്പത്തികമായുള്ള വൈഷമ്യങ്ങളിൽനിന്നു സമുദ്ധരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. 74-ാമത്തെ വയസ്സുവരെ ജീവിച്ചിരുന്ന അച്ഛൻ നമ്പൂരിപ്പാടു് 1066-ാമാണ്ടു വൃശ്ചികമാസം 13-ാം൹ വാതരോഗം മൂർഛിച്ചു പരഗതിയെ പ്രാപിച്ചു. 

തന്റെ മരണത്തിനുമുൻപുതന്നെ അച്ഛനു താൻ ബീജാവാപം ചെയ്ത സാഹിത്യസന്താനം പുഷ്പിക്കുകയും ഫലിക്കുകയും ചെയ്യുന്നതു കണ്ടു സന്തോഷിക്കുവാൻ അവസരം കിട്ടി. പോരെങ്കിൽ തന്റെ അനർഘമായ സരസ്വതീപ്രസാദം തന്നെക്കാൾ മഹത്തരന്മാരായ രണ്ടു പുത്രന്മാർക്കും–മഹൻനമ്പൂരിപ്പാട്ടിലേക്കും കുഞ്ഞിക്കുട്ടൻ തമ്പുരാന്നും–പൈതൃക സ്വത്തുപോലെ പങ്കുവെച്ചു കൊടുക്കുന്നതിനും സാധിച്ചു. മഹാഭാഗനായിരുന്ന അദ്ദേഹം മാതൃഭാഷയെ തദ്വാരാ പതിന്മടങ്ങു ഭാഗ്യവതിയും സമ്പത്സമൃദ്ധയുമാക്കിയതിനുമേലേ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തുള്ളു.

വെണ്മണി അച്ഛൻനമ്പൂരിപ്പാടു ദീർഘകാലം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിൽ നിന്നു നമുക്കു ലഭിച്ചിട്ടുള്ള വാങ്മയസമ്പത്തു വളരെ ഹ്രസ്വമാണെന്നുള്ളതു് അത്ഭുതമായിരിക്കുന്നു. (1) ചില കീർത്തനശ്ലോകങ്ങൾ, (2) ശൃംഗാരശ്ലോകങ്ങൾ, (3) അടിയറശ്ശോകങ്ങൾ, (4) ഒരു ഹർജ്ജി, (5) രാമേശ്വരയാത്രയെപ്പറ്റി ആറു ശ്ലോകങ്ങൾ, കുറേ പലവക ശ്ലോകങ്ങൾ–കഴിഞ്ഞു അദ്ദേഹത്തിന്റേതെന്നു് ഇതുവരെ അറിയപ്പെട്ടിട്ടുള്ള കൃതികളുടെ വിഷയസൂചി; കൂടാതെ ഒരു പറയൻ ഗണപതിയുമുണ്ടു്. ആകെ 96 ശ്ലോകങ്ങൾ മാത്രം! എന്നാൽ ആ ശ്ലോകങ്ങൾ പുതിയ പ്രസ്ഥാനത്തിന്റെ സകലമുഖങ്ങളെയും സാരമായി സ്പർശിക്കുന്നുണ്ടു്. ആ ഇളംതൈതന്നെയാണു് മഹന്റെ കൃതികളിൽ വടവൃക്ഷാകൃതിയിൽ വാച്ചുതഴയ്ക്കുന്നതു്. മുക്തകങ്ങൾ എന്ന നിലയിലേ അച്ഛൻ നമ്പൂരിപ്പാട്ടിലെ പദ്യങ്ങൾക്കു് ആസ്വാദ്യതയുള്ളു.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം 48.04