മതിചൂടിന മാരവൈരിതൻ
മതിയിൽപ്പെട്ടുടൽ പാതിയാക്കിയോൾ
മതിയാം ദയയുറ്റുലച്ച കൺ
മതിയേറ്റം സുഖമെന്നുമേകുവാൻ
പതിവായ്‍ക്കവിതയ്ക്കു നോക്കിടാ-
തതിലങ്ങിങ്ങു ചിലപ്പൊളീവിധം
കൃതിചെയ്തതുമിത്ര സുഷ്ഠുവാ-
വതിലാണേറ്റമെനിക്കൊരത്ഭുതം
രതി കാത്ത വധൂവരര്‍ക്കെഴും
രതിയഗ്രാമ്യ നിലയ്ക്കുരയ്ക്കുവാൻ
ഇതിലങ്ങു പിടിച്ച രീതിതൻ
ഗതിയിന്നേറ്റമെനിക്കൊരത്ഭുതം
അതിയായ രസശുദ്ധിയുള്ള നൽ-
പുതിയോരാക്കൃതിരീതി കേൾക്കുവാൻ
ധൃതിയോടുമെനിക്കു കേവലം
കൊതിയുണ്ടായതിലെന്തൊരത്ഭുതം?
ചതികണ്ട വിരോധവീരഹും-
കൃതിതീരുംവരയും വിചക്ഷണ!
സ്ഥിതികണ്ട ഭവാൻ മറച്ചുവെ-
പ്പതിലുണ്ടീയിവനേറ്റംത്ഭുതം.
പറയുന്നവർ കണ്ടതൊക്കയും
പറയും നൂനമതിന്നുമെന്തെടോ;
അറിയുന്നവർ സത്യമുള്ളതൊ-
ന്നറിയുമ്പോളിതിലാദരിക്കുമേ