തഞ്ചത്തെ നോക്കിത്തരസാ രസേന
മഞ്ചത്തിലേറീട്ടു മടിച്ചിടാതെ
പഞ്ചത്വമമ്മാമനുചേര്‍ത്തകൃഷ്ണ-
നെഞ്ചിത്തതാരിൽ കളിയാടിടേണം
ഇന്നെൻ പ്രിയജനമതിൽവെ-
ച്ചുന്നതപദവിയ്ക്കു പാത്രമായ ഭവാൻ
പിന്നെയുമെന്നൊടുരച്ചതു
നന്നായുപകാരമായിതെല്ലാര്‍ക്കും.
നാട്ടിൽ കേളികലർന്നനേകമറിയ-
പ്പോന്നോരിരിക്കുമ്പൊഴീ-
ക്കൂട്ടക്കാരെ വരിച്ചിടാതെയുപദേ-
ശത്തിന്നു ഞാനോ ഗുണം
ആട്ടേ ഞാൻപറയാം ഗതിയ്ക്കു മതിയാ
യൊന്നാപ്പുരാണങ്ങളിൽ
പ്പാട്ടിൽ ഭാഗവതം ഭവാൻ പ്രതിദിനം
പാരായണം ചെയ്യണം.
കേട്ടീടാൻ പ്രിയമുള്ളവര്‍ക്കതു മുദ്രാ-
കേൾപ്പിക്കണം പാമര-
ക്കൂട്ടക്കാര്‍ക്കതിനൊത്തിടും പൊരുൾ പാ-
ഞ്ഞൊക്കെ ഗ്രഹിപ്പിക്കണം
കേട്ടാലും പരിശിഷ്ടമുള്ള സമയം
നാമം ജപിച്ചീടണം
സാഷ്ടാംഗം മുചുകുന്ദമോക്ഷദപദം
ഭക്ത്യാ നമിച്ചീടണം.
നേരായ സൽഗതി ലഭിയ്ക്കുവതിന്നു നാമ
പാരായണത്തിനധികം തിരയേണ്ടതുണ്ടോ!
നാരായണെതി തിരുനാമജപം ഗതിക്കു
ധാരാളമിക്കലിയുഗത്തിലതെത്ര മുഖ്യം?
എന്തിങ്കലാണധികഭീതി വിപത്തുകൾക്കി-
ന്നെന്താണജാമിളനു മുക്തിവരാൻ നിമിത്തം
എന്തോഴ! ശങ്കര! ഭവാനതുകൊണ്ടു മായാ-
ബന്ധം വിടര്‍ത്തുക കിടന്നു പിടച്ചിട്ടാതെ.
മുന്നം പട്ടുതരാൻ പറഞ്ഞിടുകയ-
ല്ലിഷ്ടംപരം പട്ടിലാ-
ണെന്നായ് ചൊല്ലിയതിന്നയച്ചിടണമെ-
ന്നില്ലര്‍ത്ഥമെള്ളോളവും
നന്ത്യാ നൽപ്രിയമാർന്നിടും വലിയകോ-
യിത്തമ്പുരാൻ തൊട്ടൊരാ-
ദ്ധന്യന്മാരിവനായയച്ചുതുമയ-
ക്കാതുണ്ടിരിപ്പിപ്പൊഴും.