എന്തോ വിശേഷം വിവരങ്ങളിങ്ങോ-
ട്ടെന്തോഴരെന്താണെഴുതാത്തതിപ്പോൾ?
സന്തോഷമെന്നിൽ കുറവായിയോ ഹാ-
ഹന്തോര്‍ത്തതിൽ കാരണമില്ല തെല്ലും.
കാലാവസ്ഥവശാൽ ഭവാനൊടു കട-
ന്നെന്തൊക്കയോ രാജഗോ-
പാലാചാരി ദിവാൻ തുടർന്നതു കുറ
ച്ചൊക്കക്കുറച്ചില്ലയോ?
ചേലോലുന്നിറണാകുളക്ഷിതിയിൽ നി-
ന്നുണ്ടായ മാറ്റത്തിനി-
ന്നാലോചിക്കുകിലെന്തുമൂലമവിടെ
സ്സന്താപമോ? സൌഖ്യമോ?
പണ്ടെന്നാനുടെ വാണിരുന്നസമയം
രാജാവു രാമൻമുതൽ-
ക്കുണ്ടന്നങ്ങു രസിപ്പതിന്നു രസിക-
ന്മാരെന്നിരുന്നീടിലും
കണ്ടൊന്നിച്ചു വസിപ്പതിന്നവരുമാ
യില്ലത്തുവന്നെത്തുമാ-
റുണ്ടന്നത്ര ഭവാനതെന്നിലൊഴുകും
പ്രേമക്കൊഴുപ്പല്ലയോ!
ഒരിടത്തെന്നെദ്ദൂരത്തൊരിടത്തയ്യോ ഭവാനെയും ദൈവം
ഇരിയെന്നിങ്ങിനെമാനസമെരിയും വണ്ണം കുടുക്കിലിട്ടല്ലോ
ചിത്തം ചേർന്നൊരു തോഴനെന്റെനടുവ-
ത്തച്ഛന്റെ ചാരത്തുചെ-
ന്നുൾത്തൂർന്നൂറിയ മോദമാര്‍ന്നുസുഖമായ്
നാലഞ്ചുനാൾ പാര്‍ക്കുവാൻ
ബദ്ധപ്പാടുകൾ കൊണ്ടിനിയ്ക്കു തരമാ-
കുന്നില്ലയെന്നെങ്കിലും
ബദ്ധസ്നേഹപുരസ്സരം കരുതുമാ-
റുണ്ടോ കരൾക്കാമ്പതിൽ.
ഒന്നിന്നെന്നാലുമല്പം കരുണ കരളിലി-
ല്ലാതെ സിദ്ധാന്തമോടും
നിന്നെന്നെക്കോടിലിംഗക്ഷിതിപതികളെതിര്‍-
ത്തൊന്നു മർദ്ദിച്ചതില്ലേ?
അന്നെന്നെക്കാളുമേറ്റം വ്യസനമൊടു ഭവാൻ
ചെയ്ത സാഹായ്യമന്തം
വന്നെന്നാലും മനസ്സിൽ കവിതിലക! മറ-
ക്കില്ല കില്ലില്ല തെല്ലും.
മറന്നു ദീനസ്ഥിതി മുമ്പിലോതാ-
യിരുന്നു തെറ്റീ പറയാമതും ഞാൻ
മരുന്നു ശീലിച്ചതിപഥ്യമായി
ട്ടിരുന്നുവെന്നാൽ ദിവസം കഴിയ്ക്കാം.
ഇത്തരം പദ്യമായ്ത്തന്നെ സത്വരം തീർത്തയക്കണം
ചിത്തരംഗത്തിലേവര്‍ക്കും കൂത്തരങ്ങാത്തിരിക്കണം.