യോഷാഭൂഷണരണമേ! ഭവതിയ
സ്സന്താനഗോപാലകം
ഭാഷാചംബു ചമച്ചതച്ചടികഴി-
പ്പിച്ചോരു നൽപുസ്തകം
തോഷോപേത മയച്ചുതന്നതഖിലം
വായിച്ചു കേളല്പവും
ദോഷാവേശമതില്ല നന്നരസമു-
ങ്ങുൾക്കൊണ്ടു കൊണ്ടാടി ഞാൻ.
വസ്തുതയാണയി കേൾക്ക മു-
ഖസ്തുതിയല്ലിപ്പറഞ്ഞതൊന്നും ഞാൻ
നിസ്തുലഗുണഗണമെഴുമീ
പ്പുസ്തകമധികം പ്രസിദ്ധമായീടും.
ഞാനിപ്പോൾ കൃതിചെയ്തതായ ഭഗവ-
ദ്ദൂതാകുമന്നാടകം
മാനഞ്ചും മിഴിമാർമണേ! ഭവതിക-
ണ്ടീടുന്നതിന്നായിതാ
ഊനം ചെറ്റണയാതെയഞ്ചലിലയ-
ച്ചീടുന്നു വന്നെത്തിയാ-
ലാനന്ദത്തൊടു നോക്കിടേണമഖിലം
നന്നല്ലതെന്നാകിലും.
മുരരിപുചരിതമിതെന്നു-
ള്ളൊരു രുചിയിന്നുള്ളിലുള്ളതല്ലാതേ
പരഭൃതഭാഷിണി! പാര്‍ത്താൽ
പരമിതു നന്നെന്നതില്ല ലവലേശം.
പികമൊഴി! നീ തന്നതിനിതു
പകരം നൽകുന്നതെന്നു കരുതരുതേ
മാഴ്കാതിബ്ബുക്കൊന്ന-
ങ്ങേകിടുവാനോര്‍ത്തിരുന്നു ഞാൻ മുമ്പേ.
ചൊല്പൊങ്ങും തരുണീമണേ! ഭവതിയി-
ക്കാലത്തിരിയ്ക്കുന്നൊരാ
നല്പാർന്നീടിന നല്ലനാടെവിടെയാ-
ണെന്നുള്ളതെന്നുള്ളതിൽ
തപ്പുണ്ടാവുകമൂലമായിതുവരേ
ബുക്കങ്ങയച്ചീലതി-
ന്നിപ്പോൾ കൌശലമൊന്നു തോന്നിയതുപോ-
ലൊപ്പിച്ചു മാറുന്നു ഞാൻ.
കത്തും പുസ്തകവും വന്നു കൈത്തലത്തിങ്കലെത്തിയാൽ
സത്വരം മറുകത്തിങ്ങോട്ടെത്തിച്ചീടണമുത്തമേ!