സത്താമബ്ദതടിന്മിഥു-
നത്തിൻവൻ ഭ്രാന്തി ചേർത്തു ലക്ഷ്മിയൊടു
ഒത്തരുളും ഹരിതന്നിരു-
പത്താർ നാൾതോവമിങ്ങൊരവലംബം.
ധന്യശ്രീധവളോപലദ്വിജവരൻ
തന്നോടൊരാഭാസനാ-
മെന്നെക്കൂട്ടിനു ചേർത്തതെന്തു കഥയാ-
ണിക്കൂത്തു കൊള്ളാം സഖേ!
മിന്നീടും ചെറുതെങ്കിലും മിനുസമീ
മിന്നാമിനുങ്ങേറ്റവും
ചിന്നും ഗോക്കളെഴും രവിക്കൊരുതുണ-
യ്ക്കാളായി വന്നീടുമോ?
മിണ്ടാതിരിപ്പു ശരിയല്ലിനി വല്ലതും നോ
ക്കുണ്ടാക്കിടേണമുടനെന്നിടവിട്ടിടാതെ
കൊണ്ടാടി ഞാൻ പറയുമായതുകൊണ്ടു സാദ്ധ്യ
മുണ്ടായതില്ലിതുവരെക്കുമൊരിത്തിരിക്കും.
പുതുതായ് നാടകമെഴുതാ-
നതിയായ് നിർബ്ബന്ധമിങ്ങു ചെയ്യുമ്പോൾ
കഥയില്ലെന്നോതുന്നൂ
കഥയില്ലാഞ്ഞല്ല തെല്ലുമവനിപതേ!
നിലയായിങ്ങിനെ നിത്യം
തലതല്ലുന്നുണ്ടു ഞങ്ങളെന്നാലും
ഫലിതം ചൊൽവതൊഴിഞ്ഞൊരു
ഫലമില്ലിന്നോളമിന്നിയെങ്ങിനെയോ?
പോവുന്നതിന്നു പരമുണ്ടു തിടുക്കമെന്നു
ഭാവിപ്പതുണ്ടു ചിലനേരമുടൻ മറക്കും
ഈവണ്ണമിങ്ങു ദിവസങ്ങൾ കുഴിച്ചുകൊണ്ടു
മേവുന്ന ഭാവമറിയുന്നതിനും പ്രയാസം.
താന്തോന്നിയായിത്തറവാട്ടുകാരെ-
ത്താന്തോന്നിടുമ്മാറു പുലഭ്യമോതി
ഭ്രാന്തൊട്ടു പാരിച്ചു പകച്ച മണ്ടും
കോന്തക്കുറുപ്പിന്റെ കുറമ്പു കൊള്ളാം.