കൈതവം കരുതിച്ചെന്ന പൂതനയ്ക്കുള്ള ജീവനെ
പ്രേതരാജപുരേചേര്‍ത്ത പൈതലെക്കൈതൊഴുന്നു ഞാൻ
കവീന്ദ്രമൌലേ! കവിയും പ്രമോദാൽ
തപാലുമാര്‍ഗ്ഗേണ ഭവാനിനിക്കായ്
ജവാലയച്ചുള്ള നവീനപദ്യ-
മിവൻ നിരീക്ഷിച്ചഥ വിസ്മയിച്ചു.
എന്നിൽപ്രീതിഭവാനുള്ളിൽ വന്നുദിച്ചതു കാരണാൽ
നന്നുനാടകമെന്നൊന്നു തോന്നിയെന്നായി വന്നിടാം.
എന്തോ നാടകമൊന്നു തീര്‍ത്തെഴുതുവാൻ
മോഹിക്കയാലേ മുഴു-
ഭ്രാന്തോരോന്നുരചെയ്തുവെന്നു പറയാ-
മല്ലാതെ കേൾക്കും ജനം
സന്തോഷിപ്പതിനുള്ള സംഗതിയതി-
ല്ലെന്നാകിലും മാധവോ-
ദന്തോൽകൃഷ്ടതകൊണ്ടു സജ്ജനമൊഴി-
ക്കില്ലെന്നുറയ്ക്കുന്നു ഞാൻ
പണ്ടേതന്നെ ഭവാനിലുണ്ടധികമായ്
പഥ്യം നമുക്കെന്നു ഞാൻ
കൊണ്ടാടിപ്പറയുന്നതല്ലിതവിടെ-
യ്ക്കു ബോദ്ധ്യമുണ്ടാകയാൽ
കണ്ടീടാൻ തരമിയ്യിടെക്കവിമണേ!
കാണുന്നതില്ലോര്‍ക്കുകിൽ
കുണ്ടാമണ്ടി നമുക്കു പെട്ടതു പറ-
ഞ്ഞീടാമറിഞ്ഞീടണം.
ഇക്കഴിഞ്ഞൊരുമേടത്തിൽ ചൊല്ക്കൊള്ളും മുപ്പതാം ദിനം
സല്ക്കവേ! മമ മാതാവു പുക്കു ഗീർവ്വാണമന്ദിരെ.