കാലിക്കൂട്ടങ്ങളോടൊത്തടവിയിലടനം
ചെയ്തു സായാഹ്നമാകും
കാലത്തമ്പാടിയാകുംപുരമതിലമിതാ-
നന്ദമെത്തുന്നനേരം
പാലഞ്ചും വാണിമാരാം പശുപവനിതമാർ
വന്നമന്ദാദരത്താൽ
താലോലിയ്ക്കുന്ന താരിൻമകളുടെ സുകൃത-
ക്കാതലെക്കൈതൊഴുന്നേൻ.
കുട്ടന്റെ കയ്യിലവിടുന്നു ചമച്ചു മോദ-
പ്പെട്ടിങ്ങയച്ചകൃതിയന്നൊരമാന്തമെന്യേ
എട്ടസ്തമിച്ച മണിമുട്ടിയ നേരമിങ്ങു
പെട്ടന്നു കിട്ടിയതുകണ്ടതിതുഷ്ടനായി.
നന്നായ് കഴിഞ്ഞു തിരുമാസമതെന്നിവണ്ണ-
മൊന്നായ് ജനങ്ങളുരചെയ്തതു കേൾക്കമൂലം
എന്നാശയത്തിലുളവായൊരു തോഷമോര്‍ത്താ-
ലിന്നാശുചൊല്ലിയറിയിപ്പതിനും പ്രയാസം
ഗുരുപ്രസാദത്തിനു ബുദ്ധിമുട്ടി
മുറയ്ക്കു നാരായണനെന്നിവണ്ണം
അറിഞ്ഞനേരത്തകതാരതിങ്കൽ
നിറഞ്ഞസന്തോഷമതെന്തുചൊല്ലാം.
വന്നു നമുക്കാസ്സുജനാനന്ദിനിയെന്നുള്ള പത്രമൊന്നിപ്പോൾ
നന്നതുവിലകൂടാതേ തന്നിടുമെങ്കിൽ തരക്കെടില്ലൊട്ടും.
രാമക്കുറുപ്പെന്നുടെ നാടകം കെ-
ങ്കേമം നിനച്ചാൽ പുനരെന്നിവണ്ണം
പ്രേമത്തോടെത്തിച്ചു മുറയ്ക്കു പദ്യം
ധീമൻ! ഭവാനും രസമുള്ളതല്ലേ?
എന്നല്ല സാഹായ്യമതെന്തുവേണ-
മെന്നാലതും ചെയ്യുവനെന്നിവണ്ണം
നന്ദിച്ചെഴുത്തിൽ പറയുന്നതുണ്ട-
ദ്ധന്യൻ! ഭവാനായതുമോര്‍ത്തിടേണം.