ഉദ്യോഗമോടയി ഭവാനവിടുന്നയച്ച
പദ്യങ്ങൾ രണ്ടുവകയും കരതാരിലെത്തി
അദ്യാപി ഞാനതിനെഴുന്ന ഗുണങ്ങളോര്‍ത്തു
വിദ്യാനിധേ പരമിരുന്നു രസിച്ചിടുന്നു.
എണ്ണത്തിലൊന്നാണ് കുറുപ്പിനോർത്താൽ
മണ്ണാത്തികെട്ടീടുകയെന്നിവണ്ണം
വർണ്ണിച്ചുപോരുന്നൊരു കിംവദന്തി
കർണ്ണത്തിലായീലയിടത്തിലെന്നോ?
പണ്ടാപ്പൂർണ്ണത്രയീശാലയമതിലമരും
നാളിലാവേഷവും ഞാൻ
കണ്ടിട്ടുണ്ടായതേറ്റം മമ മനസി മുദം
സന്തതം സന്തനോതി
വേണ്ടാതെന്തിന്നിവണ്ണം ശഠതകളുരചെ-
യ്യുന്നു കമ്പം പാടിച്ചി
ട്ടുണ്ടോ താനെന്നിവണ്ണം ചില പുതുമ നടി-
പ്പെത്രയോ ചിത്രമോര്‍ത്താൽ.
വിദ്യാപൂര്‍വ്വവിനോദിനിയ്ക്കയിഭവാ-
നെത്തിച്ചിരിക്കുന്നിതോ
പദ്യം മാമകമായതിന്റെ വിവരം
കാണിച്ചതില്ലൊന്നുമേ
ഹൃദ്യത്വം പരമുണ്ടതിന്നു പുനരെ-
ന്നോര്‍ത്തല്ല ചൊല്ലുന്നതും
വിദ്വാന്മാരറിയുന്നതിന്നു വഴിയായ് -
തീർന്നീടുമെന്നെൻമതം.
അമ്മാമന്മാരിദാനീം നിരവധിസുഖമുൾ-
ക്കൊണ്ടു വാഴുന്നതില്ലേ
സമ്മോദാൽ നിത്യശാര്‍ദ്ധാദ്യഖിലനിയമവും
ഭംഗിയിൽതന്നെയല്ലേ
നിര്‍മ്മായം തത്രവന്നീവിവരമറിയുവാൻ
മോഹമുണ്ടെന്തുചെയ്യാ-
മെന്മേനിയ്ക്കില്ല സൌഖ്യം ബുധജനമകുട-
പ്രോല്ലസൽക്കല്യബുദ്ധേ.