മുഴുത്ത ശങ്കാകുലനായയച്ചോ-
രെഴുത്തു കൈപ്പറ്റിയറിഞ്ഞു സാരം
വഴക്കു വല്ലോരുമുരച്ചുവെന്നാൽ
കുഴക്കിനുണ്ടോ വഴി ശുദ്ധബുദ്ധേ!
ജനങ്ങൾ ചൊല്ലുന്നതിനൊക്കയും താൻ
മനസ്സുവെച്ചാലവസാനമുണ്ടോ?
തനിക്കു മല്‍പദ്യമതിന്റെ സാരം
നിനച്ചിടുമ്പോളറിയാവതല്ലേ?
താങ്കൾക്കുകിടയല്ലോര്‍ത്താൽ പങ്കുവെന്നുള്ള മേനവൻ
എങ്കലേവമഭിപ്രായം ശങ്കയില്ലതിനേതുമേ
ശരീരസൌഖ്യം പരമില്ലിനിയ്ക്കെ-
ന്നറിഞ്ഞിരിക്കുന്നൊരു കാര്യമല്ലേ?
പറഞ്ഞിടുന്നില്ലതുകൊണ്ടതൊന്നും
വരുമ്പൊളാവാമിനിയുള്ളതെല്ലാം.
താനിനി വേണ്ടും കാര്യം
ഞാനുരചെയ്യേണമെങ്കിലോതീടാം
മാനിനിമാരെപ്പാടി-
ച്ചാനന്ദത്തോടു വാഴ്ത്തുക മാഴ്‌കാതേ.
ഭരതബ്ഭാഗവതര്‍ക്കുട-
നറിവാനായ്ക്കൊണ്ടു പദ്യമീവണ്ണം
വിരവൊടു നടുവത്തച്ഛൻ
ധരണിസുരൻ തീർത്തയയ്ക്കുന്നു.
കണ്ടോരിതിനും ദോഷം
കൊണ്ടാടിക്കൊണ്ടു ചൊല്ലുമെന്നാലും
വേണ്ടാ കുണ്ഠിതമിളകി-
പ്പോണ്ടാ താൻ ധൈര്യമോടു വാണാലും.
പെട്ടെന്നു പെൺകുട്ടികളെക്കരങ്ങൾ
കൊട്ടിക്കളിപ്പിച്ചു കണക്കിലാക്കാൻ
പിട്ടല്ല പാരിൽ ഭരതന്നു തുല്യം
കിട്ടില്ലൊരാളെ കിഴുമേൽ മറിഞ്ഞാൽ.