വിട്ട പത്രമൊരു താമസം വിനാ
കിട്ടി മാമക കരത്തിലായതിൽ
പെട്ട സാരമഖിലം ധരിച്ചു ഞാൻ
തുഷ്ടനായി മരുവുന്നു സാമ്പ്രതം.
നന്നെന്നുള്ളിലുറച്ചുകൊണ്ടതിജവാൽ
ചെയ്യിച്ച കാര്യത്തിൽ വ-
ച്ചിന്നെന്താണു വികല്പമല്പമകതാ-
രിങ്കൽ ജനച്ചീടുവാൻ
എന്നോടാദ്യമുരച്ചതില്ലതു നിന-
ച്ചില്ലിന്നിനിയ്ക്കപ്രിയം
പിന്നീടിങ്ങിനെ വേണമെന്നു വരുവാ-
നെന്താണു ബന്ധം പ്രഭോ!
വിവേകവാരാന്നിധിയായിടുന്ന
ഭവാനുറച്ചങ്ങിനെ ചെയ്തതിങ്കൽ
ഇവന്നു വേറിട്ടൊരു പക്ഷമിപ്പോൾ
കവീന്ദ്ര! ചൊല്ലുന്നതിനില്ല തെല്ലും.
എല്ലാം കഴിച്ചു കുറിയിൽ കുറയാതെ വയ്പാൻ
കൊല്ലത്തിലോര്‍ക്കുകിലുറപ്പികയെത്രയെന്നും
ചൊല്ലിത്തരേണമതുകേട്ടിവിടത്തിലിപ്പോൾ
തെല്ലൊക്കയുണ്ടു വകമാറ്റി മറിച്ചുവയ്ക്കാൻ.
ആവട്ടത്തൂര്‍ക്കൊന്നുകൂടിഗ്ഗമിപ്പാൻ
ഭാവിക്കുന്നൂ കാര്യമോതാം മഹാത്മൻ!
ദേവസ്വത്തിൽ ദോഷമിന്നുള്ളതെല്ലാ-
മാവുന്നോളം തീര്‍ക്കുവാൻ വേണ്ടിയാണ്.
ഊരാളരെല്ലാമൊരുമിച്ചു പിന്നെ
കാരായ്മയാകും സമുദായമൊത്ത്
നേരേ കരാറൊന്നെഴുതേണമെന്നാ-
ണാരംഭമിപ്പോൾ പറയാം കഴിഞ്ഞാൽ.
ദൈവകാര്യമതെന്നുള്ളിൽ കേവലം നിരുപിയ്ക്കയാൽ
ആവതില്ലെന്നിരുന്നാലും പോവതിന്നായുറച്ചു ഞാൻ
വസ്ത്യാദിതൊട്ട ദിനചര്യയതിങ്കലല്പം
വ്യത്യാസമോര്‍ക്കിലറിയാതവിടത്തിൽവച്ച്
നിത്യം നടത്തുവതിനുള്ള പദാര്‍ത്ഥമെല്ലാം
പ്രത്യേകമായ് കരുതിയാണിവിടുന്നു യാത്ര.
എന്നാൽ നാളെപ്പോകണ-
മെന്നാണിപ്പൊളുറച്ചതാര്യാത്മൻ!
വന്നു വണ്ടി, യിളക്കം
വന്നീടില്ലോര്‍ക്കിലിതിനു വില്ലുണ്ടു്.
മനംതെളിഞ്ഞേറിയവാറു നാലു
ദിനം മുദാ തത്ര വസിച്ചുകൊണ്ട്
അനന്തകീര്‍ത്തേ! പുനരിങ്ങു പോരു-
മനന്തരം കത്തുമയച്ചുകൊള്ളാം.
കൂടാർന്ന കൊച്ചുണ്ണിനൃപാലനോടു
നാരായണൻ താനുടനീ വിശേഷം
നേരെ പറഞ്ഞീടണമായതിന്നു
വേറിട്ടു ഞാനിന്നെഴുതുന്നതില്ല.