ഇന്നാളയച്ച മറുകത്തിലകപ്പെടാതെ
വന്നുള്ളവാര്‍ത്ത മുഴുവൻ വഴിപോലെതന്നെ
ഇന്നോതിടുന്നു കവിമാർമുടിതന്നിൽ മിന്നും
പൊന്നും കിരീടമണിയും ഗുണരത്നമേ! ഞാൻ.
വളർക്ഷരത്നക്ഷിതിദേവസാമ്യം
കളിച്ചുമെന്നിൽ പറകൊല്ല ധീമൻ
വെളുത്ത ഹംസത്തൊടു തുല്യഭാവ-
മളിയ്ക്കു ചേർത്താലതു ചേച്ചയാമോ?
ചിന്തിയ്ക്കിലെന്നിലത്യന്തം ചിന്തും കൂറുനിമിത്തമോ
അന്ധാളിത്വം ഭവാനോര്‍ത്താലെന്താണേവം ഭവിക്കുവാൻ
എണ്ണം വിട്ടുള്ള മട്ടിൽ കൃതികൾ പൊടിപൊടി-
ച്ചിട്ടു തമ്പാനതെല്ലാം
കണ്ണിൽക്കണ്ടുള്ള പീറതരുണികൾ കൃതിചെ-
യ്തുള്ളതായ്പേരുവെച്ച്
ഗണ്യം കൂടാതെ പത്രാധിപനുടനെഴുതി-
ച്ചേർത്തു ചിത്തത്തിലേറ്റം
പൂർണ്ണാനന്ദം കലർന്നങ്ങിനെ സുകവിമണേ!
സാമ്പ്രതം വാണിടുന്നു.
സീമാവിഹീനഗുണശാലിയതായ കുണ്ടൂ-
രാമാനശാലി കവിമാരണിമൌലിരത്നം
രാമാദിയാം കവികളൊത്തിരുന്നു മോദാൽ
സോമാഭിരാമയശസാ സഹ സാരബുദ്ധേ!
എങ്കാര്യമോരോന്നു നടത്തുവാനായ്
ശങ്കുണ്ണി രാവും പകലും മഹാത്മൻ
ശങ്കാവിഹീനം പണി ചെയ്തുകൊണ്ടു
തങ്കുംരസത്തോടിവിടത്തിലുണ്ട്.
ഇനിയും വാത്തകൾ വഴിയേ
ഘനമെഴുമങ്ങയ്ക്കയച്ചു തന്നീടാൻ
മനമതിലോര്‍ക്കാം വാണീ
കനിവുലഭിച്ചെങ്കിയൊക്ക നേര്‍ക്കാവും.