നാരായണന്റെ കരതാരിലയച്ചതിന്നു
നേരായിവിട്ട മറുകത്തു കരത്തിലെത്തി
പാരാതെ ഞാനതിനു മുമ്പിലയച്ചതിന്റെ
സാരങ്ങളൊന്നുമിതിലും പറയുന്നതില്ല.
അപ്പോൾ ശങ്കതുടങ്ങീ
തപ്പിതുമഞ്ചൽസ്ഥലത്തിലാണെന്ന്
കെല്പിനൊടല്ലെന്നാകില-
തിപ്പോൾ കാട്ടാതിരിക്കുകില്ല ഭവാൻ.
"കണ്ഡൂലദ്വിപഗണ്ഡ' തർജ്ജമയത-
ങ്ങൊന്നാമതെന്നമ്മതൻ
ദണ്ഡത്തിന്റെ വിശേഷമാണു സുമതേ!
രണ്ടാമതെന്നുള്ളതു
എണ്ണിക്കാണുകിലുണ്ടതിൽ പലതുമി-
ങ്ങോട്ടയ്ക്കയപ്പാൻ ഭവാൻ
കണ്ണിൽ കണ്ടുവതെങ്കിലീമറുവടി-
യ്ക്കുള്ളിൽപെടുത്തും ദൃഢം.
വല്ലന്തി മൂപ്പർ തുടരുന്നതിനിന്നുപായം
ചൊല്ലുന്നു ഞാൻ കവികുലോത്തമ സത്തു തന്നേ
ഇല്ലൂണിനിങ്ങു തരമെന്നവർ വൈകിടാതെ
കല്യാണിതന്നൊടു കരഞ്ഞുപറഞ്ഞിടട്ടേ.