ആഴിത്തട്ടിങ്കൽ വാതാശനമണിശയന-
ത്തിങ്കലും താൻ കനിഞ്ഞി-
ട്ടൂഴിത്തട്ടിങ്കൽ വാതാലയമതിലകവും
വാണിടും വാസുദേവൻ
ഊഴത്തിന്നൂനമെന്യേ കരുണയൊടു കടാ-
ക്ഷിച്ചുകൊണ്ടിച്ഛപോലേ
വാഴട്ടേ മങ്കടക്ഷ്മാപതിയതിമതിമാൻ
കൃഷ്ണവര്‍മ്മാവനീശൻ.
നാലേനാലുദിനങ്ങൾകൊണ്ടയി! ഭവാ-
നീ ഞങ്ങൾ തൻ മാനസം
ചാലേ കൈവശമാക്കിയാണുടനെഴു-
ന്നള്ളത്തുറയ്ക്കുന്നതും
മാലേതും കലരുന്നതില്ലിതുവശാൽ
ഞങ്ങൾക്കു മുട്ടാതെ മേ-
ന്മേലേ നല്ലവയാക്കിവെച്ചതുകളെ-
സ്സൂക്ഷിച്ചുകൊള്ളണമേ.
മങ്കടക്ഷിതിമണാള! ഞങ്ങളിൽ-
ത്തങ്കിടും കൃപയൊടങ്ങു ചെന്നുടൻ
ശങ്കയെന്യെയൊരു കത്തയയ്ക്കിലെൻ
കൺകുളിര്‍ക്കുവതിനേകിടും തരം.