വിടര്‍ന്ന തണ്ടാർകളിൽ നല്ല വണ്ടിൻ-
കിടയ്ക്കു ഗോപാംഗനമാർ കരങ്ങളിൽ
ഉടൻ കളിക്കുന്നൊരു കണ്ണനുണ്ണി
കടന്നു കാക്കും കവിവര്യ! താങ്കളേ.
മകരാക്ഷി ഭവൽപത്നി മകനെപ്പെറ്റ
കാരണം സുകവേ! വന്ന സന്തോഷത്തുകയാര്‍ക്കു ഗണിച്ചിടാം?
ഇനിയാടൽ വരാതേ മാനിനിയും ചെറുപൈതലും
അനിശം വാഴുവാൻ ദൈവം കനിഞ്ഞെന്നാൽ ജയിച്ചു നാം.
ഉണ്ണിക്കൂണാദ്യമിക്കണ്ണനുണ്ണി തൻമുന്നിലല്ലയോ?
കണ്ണിനാനന്ദമന്നാണെന്നെണ്ണിയാണെന്നിരപ്പിനി.
പേറ്റുനോവതിയായ് വന്നിട്ടേറ്റുകൊണ്ടിളമാൻമിഴി
തോറ്റു തുന്നംപാടിയല്ലേ? മാറ്റുകയ്യില്ലതോര്‍ക്കണം.
മോടികൂടുന്ന പൂമേനി വാടിയാ വനജേക്ഷണ
ധാടിവിട്ടു കരഞ്ഞപ്പോളാടിയില്ലേ തവാശയം?
രോഗങ്ങൾ പോട്ടെയൊരു മൂക്കുവിയര്‍ക്കലിന്നും
യോഗംവരാതെ തവ സന്തതി ചന്തമോടേ
വേഗം വളർന്നു വരുവാൻ മരുദാലയേശൻ
ഭാഗം പിടിച്ചനുദിനം തുണ നിന്നിടട്ടെ.
അന്നം മാത്രം മാതുലന്മാർ മുന്നം നൽകി വളര്‍ക്കയാൽ
കന്നം കിടക്കുന്നു ശുദ്ധകന്നന്മാരെന്നൊടെപ്പൊഴും.
ദായാദിവര്‍ഗ്ഗമിമ്മട്ടെന്തായാലും തടവെന്നിയേ
തായാട്ടുകാട്ടലില്ലാതെയായാൽ മററില്ലൊരല്ലലും.