പത്തുപുത്രനുമൊരേവിധത്തിലാ-
പത്തുവന്ന സമയത്തൊരന്തണൻ
പത്തു ക്രുപ്പിയതു കണ്ടു പുത്രസ-
മ്പത്തു നൽകിയ മഹാനു വന്ദനം.
കരുണയൊടു ഭവാൻ വിട്ടുള്ള കത്തുള്ളൊരാപ്യൂൺ
വരണ വരവിലിങ്ങെന്തങ്കലാപ്പായിരുന്നു!
മരണവികൃതി കാട്ടീട്ടുണ്ണി രണ്ടാമനേതും
ശരണമതണയാതേ ഹാ! കിടപ്പായിരുന്നു.
തുറക്കാതെ വായും തുറന്നക്ഷിയും പാര്‍-
ത്തുറക്കാതെ ചുറ്റിച്ചു നാട്ടാരെയെല്ലാം
മറക്കാ തലേരാത്രി ഞാൻകണ്ടതൊന്നും
മറക്കാതലേക്കാൾ മഹാപാപിയുണ്ടോ!
അന്നിലയ്ക്കല്പവും മാറ്റമെന്നിയേ കേണുകൊണ്ടവൻ
ഇന്നലെശ്ശിവനേ! വിട്ടാനെന്നെയും ഭുവനത്തെയും. 22
മഞ്ജുത്വത്തിന്നു മാറ്റേറിയ മമ തനയൻ
ശുദ്ധമേ നല്ല ചോര-
ക്കുഞ്ഞല്ലേ? കഷ്ടമെന്നുള്ളവയിൽ മമ മന-
സ്സത്ര വാടാതെനിന്നു
അഞ്ഞൂറാൾ നിൽക്കെ ഞാനാത്തളിരൊളിതനുവാ-
പ്പട്ടടക്കെട്ടിൽവെച്ചാ-
നെഞ്ഞിൽത്തീക്കൊള്ളിവെച്ചപ്പൊഴുതു മമ കരൾ-
ക്കല്ലു രണ്ടായി വിണ്ടു.
കുഞ്ഞിപ്പാപ്പ കൊടുക്കുവാനനുജനെ-
ക്കാണാഞ്ഞു കേണോമന-
ക്കുഞ്ഞാം മൂത്ത കുമാരകൻ തിരകയും
ചെയ്തപ്പൊഴും നൽപ്പഴം
കുഞ്ഞിക്കയ്യിലെടുത്തു കാലിടറി വീ-
ഴുന്നുണ്ടതോർത്താണകം
ഭഞ്ജിക്കുന്നതെനിക്കു മറ്റവകളൊ-
ട്ടൊക്കെസ്സഹിക്കാം സഖേ!
ഇനിക്കുമുള്ളാത്തമരുന്നൊരെന്മാ-
നിനിക്കുമുള്ളത്തലിതാണു, പോരേ!
ഇനിക്കിടപ്പുള്ളഴൽ മൂടി മേലേ
മിനുക്കി ഞായം പറയാൻ പ്രയാസം.