സമ്പാദകൻ - വെള്ളങ്കുളത്തു് കരുണാകരൻ നായർ
രണ്ടു പാദങ്ങളിലായി സംക്ഷേപിച്ചിട്ടുള്ള ഈ പ്രാചീനകൃതിക്കു് ഉദ്ദേശം രണ്ടു ശതാബ്ദത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കുമെന്നു തോന്നുന്നു. കൃതി ആരുടേതെന്നറിവാൻ തല്ക്കാലം നിർവ്വാഹമില്ല. ഈ കൃതിയും കുടമാളൂർ ചെമ്പകശ്ശേരി മഠത്തിൽ നിന്നും കിട്ടിയിട്ടുള്ളതാണ്.
ഒന്നാംപാദം
ഭഗവത്ഭക്തരിലഴകോടെ മുമ്പു കലരുമുദ്ധവർ ഭഗവാനോ-
ടഖിലനാഥനോടുണര്‍ത്തിനാൻ തെളിഞ്ഞൊരു രഹസ്സിങ്കൽ ഹരിനംബോ
അടിമലരിണ വണങ്ങുന്നേൻ പോറ്റി ഭുവനങ്ങൾ മൂന്നുമുടയോനേ,
വടിവോടേഷ നിൻ തിരുമനസ്സെന്തെന്നറിഞ്ഞിടാമല്ലൊ ഹരിനംബോ
വസുമതിഭാരം കളവതിനായി പരിഗ്രഹിച്ച മാനുഷഭാവം
മതിയാക്കീടുവാൻ തുടങ്ങുന്നു നീയെന്നെനിക്കു തോന്നുന്നു ഹരിനംബോ
കമലത്താർമകൾ കനിഞ്ഞു സന്തതം പുണരും പൂമേനിയഴകു ക-
ണ്ടമൃതെ വെന്ന നിൻ മൊഴികളോരോന്നെ സുഖമേ കേട്ടുകേട്ടരിനംബോ
കളിയിലും കാര്യങ്ങളിലും നിന്നോടു ക്ഷണനേരം പോലും പിരിയാതെ
കമലലോചന, കഴിഞ്ഞുകാലവും നമുക്കിത്രനാളും ഹരിനംബോ
ഹരിനാരായണ കരുണാവാരിധേ, സഹിക്കവയ്യ നിന്നോടു വേർപെ-
ട്ടതു നിനയ്ക്കുമ്പോളതിനേക്കാളേറെ മരിക്ക നല്ലതു ഹരിനാംബോ
മനുഷ്യലോകത്തിന്നഖിലലോകേശൻ ഗമിക്കും നേരമെന്നെയും മെല്ലേ
മനസ്സോടുകൂടി മഹിമപോലെ നിൻപദത്തിലാക്കീടു ഹരിനംബോ
ജനിമരണമാമിരുട്ടെപ്പോക്കുന്ന ദിനകരനായ മുകിൽവര്‍ണ്ണൻ
കനിവോടു മെല്ലെന്നവനോടീവണ്ണമുരചെയ്തു കൃഷ്ണൻ ഹരിനംബോ
അഴൽ തേടായ്കേതുമകമലരിങ്കലൊരുനേരത്തുമുദ്ധവരേ നീ
കഴിവന്നീടും നിന്നഭിമതമെല്ലാം വികല്പമില്ലേതും ഹരിനംബോ
അമരകാര്യങ്ങൾനിമിത്തമായ്ക്കൊണ്ടു ധരണിയിൽ പോന്നുപിറന്നു ഞാൻ
അമരകൾചൊല്ലാലിവിടെനിന്നങ്ങു ഗമിച്ചീടുംനേരം ഹരിനംബോ
മതിലും ഗോപുരം മണിമാടങ്ങളും നഗരിയും നാടുമിവയെല്ലാം
അതിർ കടന്നുടൻ തിരമാല തട്ടിക്കടലിൽ മുങ്ങീടും ഹരിനംബോ.
അതിനുമുമ്പെ നിന്നഖിലവും വെടിഞ്ഞിവിടെ നിന്നങ്ങു ഗമിച്ചാലും
ഇദമശേഷവുമറികമായയെന്നകമലരിങ്കൽ ഹരിനംബോ
അകമലരിങ്കൽ തെളിവോടുമെന്നെസ്മരിച്ചുകൊണ്ടങ്ങു നടന്നാലും
അഖിലവും ഞാനെന്നറിവുണ്ടാമപ്പോൾ ഗതിയും വന്നീടും ഹരിനംബോ.
രണ്ടാം പാദം
ആദിനാഥനരുൾചെയ്തവാക്കുകേട്ടാദരേണ ദയാപരനോടുടൻ
പാദതാർതൊഴുതീവണ്ണം പിന്നെയും ചോദിച്ചീടിനാൻ ഗോവിന്ദ ഗോവിന്ദ
ത്വല്പദേചേര്‍ന്നുകൊൾവാനുപായങ്ങളെപ്പേരും വെടിഞ്ഞീടുകയെന്നതും
പത്മനാഭ, നീ ചൊന്നതു സാധിപ്പാൻ കെല്പു പോര മേ ഗോവിന്ദ ഗോവിന്ദ
പുത്രമിത്രാദിസംഗം മുഴക്കകൊണ്ടെത്രയും ഭൂമിച്ചീടുമെനിക്കിപ്പോൾ
ഭക്തവത്സല, നീയൊഴിഞ്ഞില്ല കാണേതുമാധാരം ഗോവിന്ദ ഗോവിന്ദ
ഇങ്ങനെ പാരിൽ വന്നുപിറന്നോരോ സങ്കടങ്ങൾ പിണഞ്ഞുഴലുര്‍ന്നോക്കു്
എങ്ങനെ ഗതിവന്നീടുവാനുപായങ്ങളെന്നരുൾ ഗോവിന്ദ ഗോവിന്ദ
ധര്‍മ്മപാലക കാരുണ്യവാരിധേ കര്‍മ്മണാ വചസാ മനസാ നൃണാം
ജന്മനാശായ കര്‍ത്തവ്യമെന്തിപ്പോൾ നിര്‍മ്മല, പോറ്റി ഗോവിന്ദ ഗോവിന്ദ
ഭക്തവത്സലനീവണ്ണം ഭക്തനാമുദ്ധവരുരചെയ്തതു കേട്ടപ്പോൾ
മുഗ്ദഹാസം കലര്‍ന്നരുളിച്ചെയ്തു ചിത്സ്വരൂപിതാൻ ഗോവിന്ദ ഗോവിന്ദ
നന്നു നന്നു നീ ചോദിച്ചവാറിപ്പോൾ നമ്മോടുദ്ധവനാം നിന്റെ ചോദ്യം കൊ-
ണ്ടിന്നിമേലിൽ മഹാലോകര്‍ക്കെല്ലാര്‍ക്കും വന്നീടും ഗതി ഗോവിന്ദ ഗോവിന്ദ
മോക്ഷമാം പുരുഷാര്‍ത്ഥത്തെസ്സാധിപ്പാനോര്‍ക്കുന്നാകിലങ്ങെത്രയും വൈഷമ്യം
ഭാഗ്യരാശേ, പെരികേയെളിയതും നീയറിഞ്ഞില്ലെ ഗോവിന്ദ ഗോവിന്ദ
വിസ്തരേണ പറഞ്ഞാലൊടുങ്ങുമാറില്ല പാര്‍ക്കിലൃഷിമതമോരോന്നേ
ഭക്തിമാര്‍ഗ്ഗമവറ്റിലെളിയതും നീയറിഞ്ഞില്ലെ ഗോവിന്ദ ഗോവിന്ദ
താനേതന്നെ നിരൂപിച്ചു നോക്കിയാൽ കാണാമല്ലോ ഗുണദോഷമെല്ലാര്‍ക്കും
ഞാനത്രേ ഗുരുവെന്നറിഞ്ഞീടുക മുമ്പിനാൽ ഹരിഗോവിന്ദ ഗോവിന്ദ
തന്റെ തന്റെ കുലത്തിങ്കൽ കല്പിച്ചിട്ടുള്ള കര്‍മ്മങ്ങൾ ചെയ്തയുമാദരാൽ
അന്യായങ്ങൾ ചെയ്യായ്കയുമാരോടും പിന്നെവേണ്ടതു ഗോവിന്ദ ഗോവിന്ദ
നിത്യകർമ്മങ്ങളെങ്കൽ സമപ്പിച്ചാൽ ശുദ്ധമായ് വരും മാനസമെത്രയും,
ഭക്തിപോന്നു മുഴുക്കുമെന്നാൽ നൃണാമെങ്കലാമ്മാറു ഗോവിന്ദ ഗോവിന്ദ
വാഞ്ചിതാര്‍ത്ഥങ്ങളായ കര്‍മ്മങ്ങളെ താഞ്ചെയ്തീടുന്നതെപ്പേരുമെങ്കലാ-
ക്കീടാമെന്നതുതന്നെ വിശേഷിച്ചുപിന്നെവേണ്ടതു ഗോവിന്ദ ഗോവിന്ദ
സജ്ജനസേവകൊണ്ടു ലഭിയാത്തതേതുമില്ലാ ഭുവനത്രയത്തിലും
ഇജ്ജന്മത്തിലും മീതേവരേണ്ടതില്ലേതുമേ ഹരി ഗോവിന്ദ ഗോവിന്ദ
സർവ്വസംഗനിവൃത്തിചെയ്തീടുമ്പോൾതന്നെ വൈഷമ്യംകൂടാതെ വന്നീടും
ദൈവകല്പിതം പിന്നെല്ലാം സാധിപ്പിക്കുന്നതും ഹരി ഗോവിന്ദ ഗോവിന്ദ
മൽഗുണങ്ങളെച്ചൊല്കയും കേൾക്കയുമാനന്ദിക്കയുമാനന്ദിപ്പിക്കയും
ഉൾക്കമലം കൊണ്ടെന്നെ സ്മരിക്കയും പിന്നെവേണ്ടതു ഗോവിന്ദ ഗോവിന്ദ
ദര്‍പ്പണത്തിങ്കലാത്മപ്രതിബിംബം കെല്പൊടാഹന്ത കാണുന്നപോലെയു-
മുൾക്കാമ്പിങ്കൽ സുഖമേ കാണായ്‍വരും ഭക്തിയുള്ളോര്‍ക്കു ഗോവിന്ദ ഗോവിന്ദ
കണ്ണുനീരുപൊഴിഞ്ഞങ്ങൊഴുകയും തന്നത്താനറിയാതെ ചമകയും
വന്നീടും പുനരന്നേരമുണ്ടാകുമാനന്ദംകൊണ്ടു ഗോവിന്ദ ഗോവിന്ദ
ദുസ്തരമായ സംസാരവാരിധൌ ഭക്തിയായ പടവു കരേറുവാൻ
മുക്തിയാകും തുഴയ്ക്കു കാറ്റാകുന്നതേഷ ഞാൻ ഹരിഗോവിന്ദ ഗോവിന്ദ
ഇങ്ങനെ നാഥനോരോന്നരുൾച്ചെയ്തും ഉദ്ധവരോരോ ചോദ്യങ്ങൾ ചോദിച്ചും
പങ്കജാക്ഷനും ഭക്തനോടീവണ്ണമാനന്ദിച്ചു ശ്രീഗോവിന്ദ ഗോവിന്ദ
വിഷ്ണുഭക്തരിൽ മുമ്പനാമുദ്ധവൻ കൃഷ്ണവാക്യങ്ങൾ കേട്ടു കൃതാര്‍ത്ഥനായ്
വൃഷ്ണിനാഥൻപദതാർ തൊഴുതുരചെയ്തു പിന്നെയും ഗോവിന്ദ ഗോവിന്ദ
തമ്പുരാനേ, ദയാപരൻ നിൻപാദപങ്കജങ്ങളെസ്സേവ ചെയ്തീടുവാൻ
അംബുജേക്ഷണ, പാദം ചേരാനുപായങ്ങളൊന്നരുൾ ഗോവിന്ദ ഗോവിന്ദ
എങ്കിലോനീബദര്യാശ്രമത്തിങ്കൽചെന്നു തീര്‍ത്ഥസലിലത്തിൽമുങ്ങിക്കൊ-
ണ്ടന്വഹം മമ ഭക്തജനങ്ങളെ സ്സേവിച്ചീടുക ഗോവിന്ദ ഗോവിന്ദ
എന്നാലേതുമേ വൈഷമ്യം കൂടാതെ നന്മ വന്നീടുമെന്നു ജഗന്നാഥൻ
ചൊന്നനേരം പദതാർ തൊഴുതവൻ കൈകൊണ്ടുകൂപ്പി ഗോവിന്ദ ഗോവിന്ദ
ഈവണ്ണമൊക്കെയെങ്കലാക്കീടുമ്പോൾ പിന്നെയുണ്ടോ ജനനാദിസങ്കടം
ജീവന്മുക്തിപദമല്ലയോ ലഭിച്ചീടേണ്ടൂ ഹരി ഗോവിന്ദ ഗോവിന്ദ
പാദപങ്കജം മെല്ലെന്നെടുത്തുടൻ സച്ചിദാനന്ദം തൂവി കടൽവര്‍ണ്ണൻ
സജ്ജനത്തിലങ്ങെപ്പൊഴും വശ്യനാം വിശ്വനാഥനും ഗോവിന്ദ ഗോവിന്ദ
തൃക്കൈകൊണ്ടു കൊടുത്തിതു പാദുകം, ഭക്തവത്സലൻ ഭക്തനുമപ്പൊഴേ
വീണു കൂപ്പിപ്രദക്ഷിണവുംവെച്ചു കണ്ണുനീർ വാര്‍ത്തു ഗോവിന്ദ ഗോവിന്ദ
ഭക്തികൊണ്ടു പരവശനായവൻ ഭക്തവത്സലസന്നിധിയിങ്കേന്നു
എത്രയും പണിപ്പെട്ടങ്ങുപോയിതായുദ്ധവർ ഹരിഗോവിന്ദ ഗോവിന്ദ
ഗോവിന്ദ ഹരിഗോവിന്ദഗോവിന്ദ ഗോപിമാരുടെ സന്തോഷവാരിധൗ
ഇസ്തുതിചൊല്ലും മര്‍ത്ത്യനു പാപങ്ങളൊക്കെ വേരറും ഗോവിന്ദഗോവിന്ദ