അസുരരെ മോഹിപ്പിച്ചമൃതിങ്ങു മേടിച്ചി-
ട്ടമരകൾക്കായ് കൊടുത്തരുളുവാനായ്
ഒരു പെണ്ണിൻവടിവാണ്ട വരിവണ്ടിൻവര്‍ണ്ണന്റെ
സുരുചിരരൂപത്തെക്കാണ്മാനായി
കാലാരി വേഗേന ശൈലാത്മജയോടും
പാലാഴിതന്നിലെഴുന്നരുളി
മാരാരിയെക്കണ്ടു നാരായണൻതാനും
നേരേയെതിരേറ്റ കൈപിടിച്ചു
തോഷമോടോരോ വിശേഷമരുൾചെയ്തു
ശേഷാസനത്തിലിരുന്നരുളി
ബന്ധം വരുത്തിക്കൊണ്ടന്തകവൈരി ത-
ന്നന്തര്‍ഗ്ഗതമങ്ങറിയിച്ചപ്പോൾ
അരുതെന്നുമാമെന്നുമൊന്നുമരുളാതെ
തരസാ മറഞ്ഞിതു ദാമോദരൻ
അതുനേരം കാണായിയതിമോഹിനിയായ
മതിനേർമുഖിയെയൊരാരാമത്തിൽ
ഇരുളുനിറംപൂണ്ട ചുരുളുന്ന കൂന്തലും
തരളകടാക്ഷവും പുഞ്ചിരിയും
വളരും കുളിർമുല കലരും കനംകൊണ്ടു
തളരും കൊടിനട്ടരോമാവലി
അണികങ്കണാവലിരണിതം പുലമ്പവേ
മണികന്ദുകംകൊണ്ടു കേളിയാടി
ചൊഴിയും പ്രമോദേന കിഴിയുന്ന നീവിയ-
ങ്ങൊഴിയുന്ന കൈകൊണ്ടു താങ്ങി മെല്ലെ
അതികോമളാംഗി താനരികെ വരുന്നേരം
മലർബാണവൈരി മതിമറന്നു
പിന്നാലേ ചെന്നു പുണർന്നു പുണർന്നപ്പോൾ
വന്നു പിറന്നോരാരോമലുണ്ണി!
ശിവം മേ ഭവിക്കേണം തവ സേവയാ മമ
ശിവപേരൂർ മേവിടും ഭൂതനാഥ!