Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / വേണുഗാനം പ്രാചീനകവിത

വേണുഗാനം

നന്നായ കാളീന്ദീതീരത്തിങ്കൽ
വൃന്ദാവനമാമരണ്യം തന്നിൽ


മന്ദാരമെന്ന മരത്തിൻ മൂട്ടിൽ
സ്വര്‍ണ്ണാരവിന്ദത്തിന്റെകര്‍ണ്ണികമേൽ


നിന്നരുൾചെയ്തിതു കണ്ണനുണ്ണി
ഒറ്റക്കാലിന്മേലുറച്ചുനിന്നു


മറ്റേക്കാൽ മെല്ലെപ്പിണച്ചുവെച്ചു
ഓടക്കുഴലും മുഖത്തുചേര്‍ത്തു


കോടക്കാർവര്‍ണ്ണനതൂതുന്നേരം
നാദമെഴുന്നതു നീളെച്ചെന്നു


സ്വാദൃതമേദുരമെന്നേവേണ്ടു
അന്നേരം വൃന്ദാവനമതിങ്കൽ


വന്നോരവസ്ഥ പറവതിന്നു
പന്നഗരാജനും പോരാ താനും


പുല്ലുതിന്നാതെ പശുക്കൾനിന്നു
കല്ലുകളെല്ലാമലിഞ്ഞൊലിച്ചു


പക്ഷികൾവാണിതുറക്കംപോലെ
വൃക്ഷങ്ങളൊക്കെപ്പൊടിച്ചു പൂത്തു


ദുഷ്ടന്മാർപോലും മനം തെളിഞ്ഞു
മുട്ടികൾ പൂതലും കാതലായി


ചങ്ങാതിമാരായ ഗോപാലന്മാർ
തങ്ങളാരെന്നറിയാതെ നിന്നു


സംഗീതം കേട്ടു ചെവി കുളിര്‍ത്തു
അംഗഭംഗി കണ്ടു കൺ കുളിര്‍ത്തു


ഇങ്ങിനെ മേവിനോരീശ്വരനെ
എങ്ങിരുന്നാലും സ്മരിച്ചുകൊൾവിൻ