I
തത്തേ! ഹരിചരിതത്തെയുരചെയ്ത
തത്തേ! വചനം സഫലമാകും
എന്നാൽ പറഞ്ഞീടാമെന്നാലാകുംവണ്ണ-
മെന്നാളതുനേരം പൈങ്കിളിയും
നല്ലാർമണിമാരേ! നെല്ലുവായപ്പന്റെ
നല്ല കഥയിതു കേട്ടുകൊൾവിൻ
നന്ദനാം ഗോപന്റെ നന്ദനനായിട്ടാ-
നന്ദസ്വരൂപൻ മുകുന്ദൻ പണ്ടു
വൃന്ദാവനേ പശുവൃന്ദാവനം ചെയ്തു
വൃന്ദാരകാര്‍ച്ചിതൻ വാഴുംകാലം
ആയർകമാരിമാരായതലോചന-
നായ കടൽവര്‍ണ്ണൻ കാന്തനാവാൻ
കാൽത്താരിൽ വീണോരെക്കാത്തരുളീടുന്ന
കാത്ത്യായനിതന്നെ സേവിപ്പാനായ്
കാളിന്ദിയിൽച്ചെന്നു കാലേ കുളിച്ചുടൻ
കാളീചരണങ്ങൾ ചിന്തിച്ചുള്ളിൽ
വല്ലായ്മയെന്നിയെ വല്ലവിമാർ ശിവ-
വല്ലഭ തന്നുടെ പൂജചെയ്തു
ആടയഴിച്ചുവെച്ചാടൽകൂടാതെ നീ-
രാടിക്കളിച്ചങ്ങു നീന്തുംനേരം
വാരിജാക്ഷൻ ദയാവാരിധി വസ്ത്രങ്ങൾ
വാരിക്കൊണ്ടാലിൻ മുകളിലേറി
മന്ദതുകണ്ടു മന്ദാക്ഷം പൂണ്ടവർ
ഖിന്നമതികളായ് ചൊന്നാരേവം:-
II
"കരിമുകിൽവര്‍ണ്ണ! നീ കരുതൊല്ല ചാപലം
കരുണാംബുധേ! കൃഷ്ണ! കൂറ തായോ
അരയോളം നീരിൽനിന്നാരയാലിലപോലെ
അരവിന്ദലോചന! തുള്ളിക്കൊല്ലെ
"അരുമയോടന്നേരമരുൾചെയ്തു മാധവ-
നരുണാധരിമാരോടാത്തമോദം:-
"കരയറ്റ നീറ്റീന്നു കരയേറിവന്നിങ്ങു
കരമാശു കാട്ടുവിൻ കൂറ നല്കാം
തരുമൂലേ വാരാതെ തരുമിതു ഞാനെന്നു
തരുണിമാരേ! നിങ്ങൾ മോഹിക്കേണ്ട
കരയേണ്ട രാധേ! നീ കരഭോരു! വന്നാലും:
കരയുള്ളതല്ലയോ നിന്റെ വസ്ത്രം?
കളവാണി! കാലത്തെക്കളയാതെ വന്നാകിൽ
കളവല്ല നീളെ നിൻചേല നല്കാം
കമനീയരൂപിണി! കമലാക്ഷി! നീന്തി നീ
കമനി! വലയേണ്ട മിത്രവിന്ദേ!"
ഭഗവൽഗിരം കേട്ടു ഭഗണാധിപാസ്യമാർ
... കൈകൊണ്ടു പൊത്തിക്കൊണ്ടു
അഴലോടെ ചെന്നപ്പോൾ "തൊഴുതാൽ തരാ"മെന്നു-
മഴകോടരുൾചെയ്തു വാസുദേവൻ
അരുവയരന്നേരമൊരുകയ്യാൽ ക്രുപ്പിനാർ
“അരുതിതു കഷ്ട,”മെന്നംബുജാക്ഷൻ
ഇരുളൊത്തവേണിമാരിരുകൈകൊണ്ടും കൂപ്പി-
യിരുപുറവും നോക്കി നില്ക്കുംനേരം
അവരുടെ ... ... ... ... ... ... ... ... ... ... ക്കണ്ണ-
നവലോകനംചെയ്തു കൂറ നല്കി
വസനമുടുത്തുടൻ വ്യസനവും കൈവിട്ടു
വസതിയിൽപോയ് വാണു ഗോപികമാർ!