Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ഗണപതിസ്തോത്രം പ്രാചീനകവിത

ഗണപതിസ്തോത്രം

സമ്പാദകൻ-ഉള്ളൂർ

കരിവരനായിട്ടരനുമംബിക
കരിണിയുമായി വനത്തിലേ
മരുവിടും കാലം പിറന്നതാമുണ്ണി
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


മടുമൊഴിമാല മലമകൾ തിരു-
മടിയിലമ്പൊടു കിടന്നുടൻ
വടിവൊടു മുലകടിച്ചീടുമുണ്ണി
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


മുഴങ്കാലും കുത്തി നടക്കുമ്പോൾ തുമ്പി-
ക്കരം കൊണ്ടേ വാഴപ്പഴമെല്ലാം
ഇഴച്ചു തന്നുടെ പിറവി തോന്നിക്കും
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


പുരഹരൻമുടിജടയിലെഗ്ഗംഗ
വിരവിൽപ്പാലെന്നു നിനച്ചുടൻ
കരത്തിനാലൂക്കിൽ വലിച്ചിടുമുണ്ണി
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


ഹരനുടെ നെറ്റിത്തിരുക്കണ്ണിൽക്കൊണ്ടെ
വരിനെല്ലിൻമണി വടിവോടെ
പൊരുപൊരെന്നൊക്കെപ്പൊരിച്ചിടുമുണ്ണി
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


പുലരിനേരം ശങ്കരരുടെ ചുറ്റും
ചൊരിഞ്ഞിടും തുമ്പമലരെല്ലാം
അവിലെന്നോര്‍ത്തുടൻ വിരവിൽ വാരീടും
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


വലിയൊരപ്പം വാര്‍ക്കണമെന്നുചൊല്ലി
വെളുവെളെച്ചാമ്പൽ കുഴച്ചിട്ട്
(കളികളും) പറഞ്ഞരികെ പൂക്കീടും
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


ഉടനുടൻ കെട്ടിവരുന്ന തേങ്ങകൾ
പൊടുപൊടെന്നറിഞ്ഞുടയ്ക്കുമ്പോൾ
അടവിൽക്കാണ്മാനായെഴുനള്ളി നില്ക്കും
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


അവരവർ വന്നിട്ടവിലടയപ്പ-
മിവയെല്ലാം വെച്ചു തൊഴുന്നേരം
ചെവിയുമാട്ടിക്കൊണ്ടമൃതു ചെയ്തീടും
ഗണനാഥ!


അവധികൂടാതെ വരുന്നൊരാപത്തു
ചെവികൊണ്ടേ വീശിക്കളവോനേ!
ഹരനുടെ തിരുമകനേ! കാത്തരുള്‍
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ


തിരുമൂഴിക്കളമമരുമെൻ പോറ്റി
ഗണനാഥ! തൃക്കാൽ വണങ്ങുന്നേൻ;
ദുരിതജാലങ്ങൾ കളവാനായ്‍ക്കൊണ്ടു
ഭഗവാനേ! തൃക്കാൽ വണങ്ങുന്നേൻ