സമ്പാദകൻ - ടി. ബാലകൃഷ്ണൻ നായർ, ചിറയ്ക്കൽ
പാർവ്വതീപരിണയം എന്ന സുദീർഘമായ ഒരു കൈകൊട്ടിക്കളിപ്പാട്ടിലെ കുറെ വരികളാണ് ചേര്‍ക്കുന്നതു്. ഫലിതമയമായ ഭാവനയുടെ ഫലംതന്നെയാകുന്നു പാർവ്വതീപരിണയമെന്നു് ഉദ്ധരിക്കുന്നേടത്തോളം ഭാഗത്തിൽനിന്നു മനസ്സിലാക്കുവാൻ വൈഷമ്യമില്ല. അറുപതെഴുപതുകൊല്ലം പഴക്കമുള്ള താളിയോലഗ്രന്ഥത്തിലാണു് ഇതെഴുതിക്കാണുന്നതു്. കവി അജ്ഞാതനാമാവുതന്നെ.
ശൈലജതന്റെ തപസ്സുകാണ്മാൻ ശങ്കരൻ താനുമെഴുന്നരുളി
പൂണൂലും മേഖലാ കൃഷ്ണാജിനം ദണ്ഡും കടയും മെതിയടിയും
പൊന്നും പുലിനഖമോതിരവും നെറ്റിത്തടത്തിൽ വെളു വെളുത്ത
ഭസ്മംധരിച്ചു ജടപിരിച്ചു ... ... ... ... ... ... ... ... ... ... ... ... ... ... ...
ആടമടക്കിത്തലയിലിട്ടു മോടികൾകണ്ടു സുരന്മാരെല്ലാം
ഓമനയായീടുമുണ്ണിയിവൻ വാമനമൂര്‍ത്തിയൊ മറ്റാരാണോ?
എന്നു ചിന്തിച്ചു പരുങ്ങുന്നേരം പന്നഗഭൂഷണൻ താനും മെല്ലെ
മാമലതൻ മുകളേറിനിന്നു മാമലമാതുവെക്കണ്ടു നിന്നു 08
പാർവ്വതിചെയ്യുംതപസ്സുകണ്ടു പാരമനുകമ്പപൂണ്ടു ശിവൻ
പാർവ്വതിക്കുട്ടിക്കും കണ്ടനേരം കാരണംകൂടാതെ മോദമുണ്ടായ്
ധന്യനിവനെന്നുറച്ചു പിന്നെ തന്റെ സഖിനോടു ചൊല്ലിയവൾ
'ആശ്രമത്തിങ്കൽ വരുന്നവര്‍ക്കിന്നാശ്രയം നാമൊഴിഞ്ഞാരുമില്ല
അര്‍ഘ്യപാദ്യാദികൾകൊണ്ടിവനെസൽക്കരിച്ചീടുക നീയുമിപ്പോൾ'
സൽക്കാരപൂജകളേറ്റു ശിവൻ സൗഖ്യമായാമണമേലിരുന്നു
പാര്‍വതിതന്നുടേ രൂപഗുണം വാർമുടിയോടിട പാദത്തോളം
പാദാദികേശവും വീണ്ടും വീണ്ടും ചാലവേനോക്കിക്കണ്ടാനന്ദിച്ചാൻ 16
കണ്ണിൽദ്ദഹിച്ചോരു കാമദേവൻ ഉള്ളിൽ കളിച്ചുതുടങ്ങിതപ്പോൾ
പിന്നെസ്സമാധിയുറപ്പിച്ചിട്ടും ഉണ്ണിതൻ ഭാവം നടിച്ചുകൊണ്ടും
മന്ദമിവണ്ണമരുളിച്ചെയ്തു മന്ദസ്മികത്തോടു ശങ്കരനും
"മാമലയ്ക്കോമനയായവളേ കാരണമെന്തെ തപസ്സുചെയ്‍വാൻ?
അമ്മയോടേറ്റമരിശംപൂണ്ടോ പഞ്ചാഗ്നിമദ്ധ്യത്തിൽ വന്നുനിന്നു
വെന്തുമരിക്കാൻ തുടങ്ങുകയോ ബന്ധമിസ്സാഹസവൃത്തിക്കെന്തേ?
ധര്‍മ്മാര്‍ത്ഥ കാമങ്ങളേനിനച്ചു ധന്യശീലേ തപംചെയ്കയോ നീ?
ധര്‍മ്മത്തിനെങ്കിലതിനുള്ളൊരു കര്‍മ്മങ്ങൾകണ്ടുപോൽ ഭേദങ്ങളും 24
ദേഹമുപേക്ഷിച്ചു ചെയ്യുന്നതു കേവലം ധർമ്മമല്ലെന്നറിക
അര്‍ത്ഥത്തിലാശനിണക്കെന്തിനാണുത്ഭവം പൊന്മല മേലെയല്ലോ
കാമിച്ചതിനെ ലഭിച്ചിടാഞ്ഞാൽ കാമിനിമാർ തപം ചെയ്യാറുണ്ടോ?
കാമിപ്പതിന്നു നിണക്കൊരുത്തൻ ലോകത്രയത്തിലുമില്ല തുല്ല്യൻ
പിന്നെയെന്തൊന്നു നിനച്ചുകൊണ്ടു സങ്കടപ്പെട്ടു തപംചെയ്യുന്നു?
ഘോരമായുള്ള തപസ്സുകൊണ്ടു് ആശയെ സാധിക്കാമെന്നുണ്ടെങ്കിൽ
ബ്രഹ്മചാരിവ്രതം കൊണ്ടെനിക്കും ഏതൊരുകാംക്ഷയും സാധിപ്പിക്കാം'
എന്നതുകേട്ടപ്പോൾ പാർവ്വതിയും തന്നുടെ തോഴിയോടോതിയേവം 32
എന്റെ മനസ്സിലിരിക്കുന്നതു ഒന്നൊഴിയാതെ പറഞ്ഞാലും നീ
സാരമായുള്ള കുമാരനോടു നേരുപറഞ്ഞാൽപ്പിഴയമില്ല
എന്നതു കേട്ടു വിജയതാനും ഉണ്ണിയോടിങ്ങനെ ചൊല്ലിനിന്നാൾ
'മാരാരി വല്ലഭനായ്‍വരുവാൻ മാനിനിമൌലി തപം ചെയ്യുന്നു
കാലമിനിയെത്ര വേണമെന്നു കാമിനിമാര്‍ക്കറിയാവതല്ല
നട്ടുനനച്ചുള്ള പൂമരങ്ങൾ പൂത്തുഫലത്തിനു കാലമായി
കഷ്ടമിവളുടെയാശകൾക്കം ഒട്ടുമൊരുവഴി കാണുന്നില്ല'
അന്നേരമുണ്ണി ചിരിച്ചുംകൊണ്ടു മന്ദമിവണ്ണമുരച്ചു ചെമ്മേ 40
"നേരംപോക്കല്ല പറയുന്നെങ്കിൽ പാരം പരിഹാസമായ്‍വരുമേ
പുള്ളിപ്പുലിത്തോലുടുക്കുന്നോനെ പൂഞ്ചോലപൂണ്ടുള്ള നീ വരിച്ചാൽ
പുത്തുമണക്കുന്ന മുല്ലവള്ളി വൻമുരിക്കിന്മേൽ പടരുംപോലെ
ഒന്നിച്ചു കാണും പരിഷകൾക്കു നിന്ദിച്ചു ചൊല്ലുവാൻ ഹേതുവാകും"
തന്റേടമില്ലാത്തയുണ്ണിയേവം ചൊന്നതു കേട്ടു പറഞ്ഞു ദേവി:
"ആടകൊണ്ടുള്ളൊരു മോടികളെ വേണമെന്നില്ല ഗുണമുള്ളോര്‍ക്ക്
താമരപ്പൂമ്പൊടി വീണമൂലം പാലേയിലകൾ തെളിയുംപോലെ
സുന്ദരനായ ശിവനുടുക്കും തോലുടയാടയ്ക്കും മോടിയേറും 48
"അന്നേരം ബ്രഹ്മചാരിപറഞ്ഞു "കന്യകാരത്നമേ! കേൾക്കയെന്നാൽ
സിന്ദുരകാന്തികലര്‍ന്ന നീപോയ് വെണ്ണീറണിയും മുരാന്തകനായ്
ഒന്നിച്ചു ചേര്‍ന്നു വസിക്കെന്നതു ഒന്നുകൊണ്ടും യോഗ്യമല്ലയല്ലോ
മുത്തണിയുന്ന മുലത്തടവും അസ്ഥിയണിയുന്ന മാര്‍വ്വിടവും
ഒത്തുവരികയില്ലെന്നറിക അത്രയുമല്ല ഗുണക്കേടുണ്ടാം”
അദ്രിസുതയുമതുനേരത്തു ചീര്‍ത്തോരുകോപം കലന്നു ചൊല്ലി
"ഇത്തിരിയില്ലാത്തിവനെങ്ങനെ തത്വമറിഞ്ഞു പരമേശന്റെ
ദൂഷണവാക്യങ്ങളേവം ചൊന്നാൽ പാപം നിണക്കു ഭവിക്കുമല്ലോ 56
ശുക്തിതന്നുള്ളിൽ ജനിച്ചുള്ളൊരു മുത്തിന്നുമസ്ഥിക്കുമെന്തു ഭേദം?
വെന്തെടുക്കുന്നൊരു സിന്ദൂരവും വെള്ളവെണ്ണീരുമിങ്ങെന്തു ഭേദം?
ദുര്‍ഭാഷണങ്ങൾ പറഞ്ഞിടാതെ ദുര്‍ഭഗ! വല്ലേടം പോയാലും നീ"
തന്നിലുറച്ചോരനുരാഗവും പാർവ്വതിതന്റെ വിലാസങ്ങളും
കണ്ടു പരമേശനാനന്ദിച്ചു വീണ്ടും പറഞ്ഞു പരിഹാസമായ്
"വേൾപ്പാനൊരുത്തനെബ്ഭാവിക്കുമ്പോൾ വേണമല്ലൊ ചിലചിന്തകളും
ജാതിയുമര്‍ത്ഥവും സൌന്ദര്യവും ജാതകത്തിന്റെ ഗുണഗണവും,
അമ്മയുമച്ഛനുമില്ലപോലും ജാതിയറിവാൻ പണിയാകുന്നു 64
ജന്മമില്ലാത്ത ശിവനെങ്ങനെ ജാതകംകൊണ്ടു വിചാരിക്കേണ്ടൂ?
പേരു വിരൂപാക്ഷനെന്നുണ്ടെങ്കിൽ പാരം വിരൂപമവന്റെ രൂപം
ആടിനടക്കും പരിഷകൾക്കു നാഥനാണായവനെന്തു കഷ്ടം!
കൃത്തിവാസസ്സിനെവേൾക്കുന്നാകിൽ കൂത്താടാൻ കൊള്ളാം ചുടലയിങ്കൽ
പാമ്പണിയുന്ന കരങ്ങളുമായ് പാണിഗ്രഹണത്തിന്നായ്‍വരുമ്പോൾ
പേടികൂടാതെയിരിപ്പതിന്നു വേണം വിഷവൈദ്യവും മരുന്നും
ഇന്നു തപസ്സ് മതിയാക്കീട്ടു ചെന്നു പഠിക്ക വിഷവൈദ്യം നീ"
ശങ്കരദൂഷണമേവംകേട്ടു സങ്കടപ്പെട്ടേറെശ്ശൈലകന്യ 72
തന്നിലൊതുങ്ങാതെ കോപത്താലേ കൺമുനയേറ്റം ചുകന്നിതപ്പോൾ
നെറ്റിത്തടത്തിൽ കവിൾത്തടത്തിൽ മുത്തുമണിപോലെ വേര്‍പ്പുപൊങ്ങി
വൻകൊടുങ്കാറ്റത്തു മേഘംപോലെ ചിന്നിച്ചിതറിയളകങ്ങളും
ധിക്കാരമേറും കുമാരകനെ ദൃഷ്ടിയുരുട്ടി മിഴിച്ചുനോക്കി
"ഇത്തിരിയില്ലാത്തിവനെങ്ങനെ തത്വമറിഞ്ഞു പരമേശന്റെ?
ഈശന്റെ ദൂഷണം കേട്ടിരുന്നാൽ പാപങ്ങളേറെയനുഭവിക്കും"
എന്നു പറഞ്ഞു സഖിയൊടൊത്തു കുന്നിൻമകളും പുറപ്പെട്ടപ്പോൾ
മാണിയായുള്ളോരു മാരാരിയും മാമലമാതിൻ സവിധേ ചെന്നു. 80