Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / നൃഗമോക്ഷം സ്തോത്രം പ്രാചീനകവിത

നൃഗമോക്ഷം സ്തോത്രം

സമ്പാദകൻ - കേ നാരായണപ്പിഷാരടി അവർകൾ

വിദ്യാവിനയവിശിഷ്ടന്മാരാം പ്രദ്യുമ്നാടി യദപ്രവരന്മാ-
രുദ്യാനത്തിൽച്ചെന്നു കളിച്ചാരുദ്യോഗത്തൊടു നാരായണ ജയ


മണ്ടിനടന്നു കളിച്ചവർ ദാഹംകൊണ്ടു വലഞ്ഞു ജലങ്ങൾ കുടിപ്പാൻ
തേടി നടന്നൊരു കൂപംതന്നിൽ കണ്ടൊരു ചിത്രം നാരായണ ജയ


വെള്ളിമഹാമലപോലെ കിണറ്റിന്നുള്ളിൽ കണ്ടാരോന്തിനെയവരും
വെള്ളം തുള്ളിയുമില്ലതിലനവധി കല്ലും മുള്ളും നാരായണ ജയ


ഉള്ളമലിഞ്ഞു കരേറ്റുവതിന്നായ് വള്ളികൾ വളരെക്കെട്ടിമുറുക്കി
എല്ലാവരുമവരൊത്തുപിടിച്ചിട്ടില്ലൊരിളക്കം നാരായണ ജയ


ദാമോദരനതു കേട്ട ദശായാമാമോദത്തൊടു വന്നവിടേയ്ക്കും
വാമകരേണ വലിച്ചൊരുന്നോരം വേഗംപൊങ്ങി നാരായണ ജയ 


സാത്വതനവനെത്തൊട്ടൊരുനേരം സത്വശരീരമകന്നിട്ടവനും
എത്രമനോഹരമായൊരു രൂപം തത്ര ഭവിച്ചൂ നാരായണ ജയ


ആരാകുന്നു ഭവാനുമിദാനീം കാരണമെന്തിതു വന്നുഭവിക്കാൻ
നേരുകൾചൊല്ലണമെന്നാനവനൊടു നേരേ ചൊന്നാൻ നാരായണ ജയ


"ദാനംകൊണ്ടു പറഞ്ഞുവരുമ്പോൾ ഞാനത്രേ ഭുവി ദാതൃവരിഷ്ഠൻ
വാനിലുമെന്നുടെ കീർത്തികളിപ്പോൾ മാനിക്കുന്നൂ നാരായണ ജയ


കണ്ടാലഴകും ശീലമിണക്കവും പാലും വളരേയുള്ള പശുക്കൾ
കാലത്തനവധി വിപ്രവരാണാം ചേലൊടു നല്കീ നാരായണ ജയ


ഒരുനാളൊരു വിപ്രന്നുടെ പശുവും ഒരുമിച്ചായ് മമ ഗോക്കടെയിടയിൽ 
അറിയാതതിനെയൊരന്തണനായി വിരവൊടുനല്കീ നാരായണ ജയ


കൊണ്ടു പുറപ്പെട്ടൂ ദ്വിജവരനും കണ്ടുപിടിച്ചൂ മറ്റെദ്വിജനും
ശണ്ഠതൊടുത്തീട്ടിരുവരുമെന്നുടെ മുമ്പിലണഞ്ഞൂ നാരായണ ജയ


തന്നു നമുക്കു ഭവാനെന്നൊരുവൻ ഇന്നു ബലേന ഹരിച്ചെന്നന്യൻ
എന്നതുകേട്ടിട്ടാധിയൊടുടനേ ചൊന്നേനവരൊടു നാരായണ ജയ


"ലക്ഷം ഗോക്കളെ നൽകാമൊരുവൻ തൽക്ഷണമിപ്പശുവിനെ വിട്ടിടണം
അക്ഷയമായൊരു ദയകൊണ്ടെന്നേ രക്ഷിക്കേണം" നാരായണ ജയ


എന്നുടെ പശുവല്ലാതൊരുലക്ഷം തന്നെന്നാകിലുമിന്നതു വേണ്ടാ"
എന്നു പറഞ്ഞു നടന്നാനൊരുവൻ ഖിന്നതയോടേ നാരായണ ജയ


"തന്നൊരു പശുവേ രക്ഷിക്കാതേ പിന്നെയുമെന്തിനു ബഹുനല്കുന്നു
ഒന്നും വേണ്ടാ”യെന്നു നടന്നാനന്യനുമുടനേ നാരായണ ജയ


അഞ്ചാറാണ്ടു കഴിഞ്ഞഥ ഞാനും പഞ്ചതപൂണ്ടെമനണയത്തായി
പുഞ്ചിരിപൂണ്ടു പറഞ്ഞാനെമനും തഞ്ചത്തോടേ നാരായണ ജയ


"മുമ്പിൽ ദുഷ്കൃതമേറ്റീടുക നീ സമ്മതമായൊരു സുകൃതം പിന്നെ"
ചെമ്മേ യമനുടെ വാക്കു നമുക്കു സമ്മതമായീ നാരായണ ജയ


അന്നേരത്തങ്ങന്നുടെ രൂപം കൃകലാസാകൃതി പൂണ്ടു ചമഞ്ഞു
അകലെച്ചെന്നൊരു പൊട്ടക്കിണറിന്നകമേ വീണൂ നാരായണ ജയ


നിന്തിരുവടിയെത്തൊടുവാനുള്ളൊരു ബന്ധവുമിന്നു ലഭിച്ചേനതിനാൽ
അന്തംകൂടാതുള്ളൊരു സുകൃതത്തിന്റെ ഫലമിതു നാരായണ ജയ"


എന്നുപറഞ്ഞു വളര്‍ന്നൊരുഭക്ത്യാ നിന്നു മുകുന്ദനെ വന്ദിച്ചവനും
വന്നൊരു ദിവ്യവിമാനവുമേറീ മന്ദം പോയീ നാരായണ ജയ


പരിചൊടു നൃഗനുടെ മോക്ഷംകണ്ടൂ പരിതോഷംപൂണ്ടരവിന്ദാക്ഷൻ
പരമഗുണേന വിളിച്ചിഹ ചൊന്നാനൊരു ഗുണദോഷം നാരായണ ജയ


"ചത്തീടും വിഷമുണ്ടാലൊരുവൻ പ്രത്യൗഷധമതുമുണ്ടതിനപ്പോൾ,
പത്താം സന്തതികൂടെ നശിക്കും ബ്രഹ്മസ്വവിഷം നാരായണ ജയ


കോപംകൊണ്ടു മഹാവിബുധന്മാർ ശാപംതന്നെയയച്ചെന്നാലും
കോപിക്കാതെ നമിച്ചവരോടേ ദ്വേഷിക്കല്ലേ നാരായണ ജയ


മൃത്യുഭവിച്ചിട്ടവനി നരന്മാരെത്രയുമശ്രു പൊഴിച്ചെന്നാലും
അത്രയുമാണ്ടുകൾ കുംഭീപാകേ തത്ര ഭവിക്കും നാരായണ ജയ"


ഇത്തരമോരോ വാക്കുകളരുളീ ഭൃത്യന്മാരുടെ ബുദ്ധിയിലാക്കി
ചിത്താനന്ദം പൂണ്ടു പുരത്തിൽ തത്രവസിച്ച നാരായണ ജയ


നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ.


നൃഗമോക്ഷം സമാപ്തം.