Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / കോതാമ്മൂരി

കോതാമ്മൂരി

സമ്പാദകൻ - ടി. ബാലകൃഷ്ണൻനായർ, ചിറയ്ക്കൽ

ഉത്തരകേരളത്തിൽ, അതും ചിറയ്ക്കൽ താലൂക്കിൽപെട്ട 'കോലത്തുനാട്ടി'ൽ മാത്രം, പൌരാണികമായി നടന്നുവരുന്ന ഒരുവക കളിയാണു കോതാമ്മൂരി.  'മലയരെ'ന്നവർ മാത്രമേ കോതാമ്മൂരി കുളിക്കാറുള്ളു. ചിറയ്ക്കൽ കോവിലകത്തു വലിയതമ്പുരാൻ എഴുന്നള്ളിയേടത്തെ അനുമതിയോടുകൂടി തുലാമാസാരംഭത്തിൽ കോതാമ്മൂരി പാടാൻ തുടങ്ങുകയും, മാസാവസാനത്തിൽ നിർത്തുകയും ചെയ്യുന്നു. ചിറയ്ക്കൽ കോവിലകത്തു തമ്പുരാനോ തമ്പുരാട്ടിയോ അന്തരിച്ചുപോയാൽ സംവത്സരദീക്ഷ കഴിയുന്നതുവരെ കോതാമ്മൂരി പാടാറുമില്ല. നാലോ അഞ്ചോ മലയന്മാർ മുഖത്തു ചിത്രമെഴുതീട്ടുള്ള പാളയും കെട്ടി, അരയ്ക്കു ചുറ്റും കുരുത്തോലയും തൂക്കി, ദേഹമെല്ലാം വെണ്ണീരും കരിയും തേച്ച്, ചെണ്ടയും കിണ്ണവും കൊട്ടി വട്ടത്തിൽ നടന്നു പാടി കളിയുകയാണു സമ്പ്രദായം. അവരുടെകൂടെത്തന്നെ ഒരു ചെറുക്കൻ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി, അരയിൽ പാള കൊണ്ടുണ്ടാക്കിയ കാളയുടെ രൂപവും ധരിച്ചു കളിക്കാറുമുണ്ടു്. അങ്ങനെ കുളിയ്ക്കുമ്പോൾ പാടിവരുന്ന ഒരു പഴംപാട്ടാണു് ചെറുകുന്നമ്മസ്തുതി. അന്നപൂർണ്ണേശ്വരി കോലത്തുനാടു സ്വപ്നം കണ്ടതും, മഹാദേവി കപ്പൽ പണിയിച്ചു അകമ്പടിയോടുകൂടി 'ആയിരംതെങ്ങി'ൽ വന്നിറങ്ങിയതും തളിപ്പറമ്പുക്ഷേത്രത്തിലെ പരമശിവൻ ദേവിയെ പാണിഗ്രഹണം ചെയ്തതുമാണു വിഷയം

ആര്യനാട്ടിൽ പിറന്നൊരമ്മ
കോലത്തുനാടു കിനാ കണ്ടീനെ
കോലത്തുനാടു കിനാ കാണുമ്പോൾ
കോലമുടി മന്നനെക്കാണാറായീ
വിളിപ്പിക്ക വിളിപ്പിക്കു വിശ്വകർമ്മനെ
അയ്യൂരിൽ വിശ്വകർമ്മനെ വിളിച്ചു വരുത്തി
മാടം തുറന്നവൻ മഴുവെടുത്തു
കൂടം തുറന്നവനുളിയെടുത്തു
പൂങ്കാവനത്തിൽ കയറി മെല്ല
മരമെന്നമരമെല്ലാം ചൂണ്ടിച്ചുണ്ടി        10


അതിൽ ചന്ദനം വേങ്ങ മരം മുറിച്ചു
കുങ്കുമം കുളുവേങ്ങ മരം മുറിച്ചു
ചറപറ ചെത്തിയവർ ചെഞ്ചരോടി
അടിപ്പലമുകൾപ്പല നിരത്തിച്ചെത്തി
കൊമ്പിടക്കുള്ളിയിടക്കള്ളി വേറെ
അമ്മയെഴുന്നള്ളും നടുക്കള്ളി വേറെ
കപ്പലും വേഗം ചമച്ചുവെച്ചു
കപ്പലിലെന്തു ചാരക്കേറ്റേണ്ടൂ
ആണ്ടാപെരിവിത്തും ചെന്നെല്ലുമെ
കപ്പലിൻകോരി നിറക്കൂംചെയ്തു    20


ഇനിയാരെല്ലാംകയറുവാനുണ്ടെ
ആയിരമായിരം യോഗിമക്കൾ
ആയിരത്തൊന്നല്ലൊ കൊങ്ങിണിമക്കൾ
ആയിരംകുറ്റിവെടിക്കാരുണ്ടെ
ആയിരം മൂന്നും മരക്കാരുണ്ടേ
തണ്ടുവലിക്കുന്ന ബൌദ്ധരുമുണ്ടെ
ചുക്കാൻപിടിക്കുന്ന ബൌദ്ധരുമുണ്ടെ
മുങ്ങത്തു വാര്യരും പൂക്കൊട്ടയും
മുന്നില്ലത്തുള്ളോരു നമ്പ്യാന്മാരും
ഇത്രയുമാൾകൂടി കയറിയ കപ്പൽ    30


ആര്‍ത്തു തെളിച്ച വലിക്കുന്നേരം
ആയിരംകുറ്റി വെടിയും വെച്ചു
അവിടുന്നൊരോട്ടമങ്ങോടി കപ്പൽ
ഓർക്കടൽ പാൽക്കടലോടി കപ്പൽ
അവിടുന്നൊരോട്ടമങ്ങോടി കപ്പൽ
ചെന്താമരക്കടലോടുന്നേരം
താമരത്തണ്ടു തടഞ്ഞുനിന്നു
താമരത്തണ്ടു തടഞ്ഞനേരം
കപ്പലുരുണ്ടു പെരണ്ടുപോയി
യോഗിമക്കളെല്ലാം പേടിക്കുന്നു        40


കൊങ്ങിണിമക്കൾ ഭയപ്പെടുന്നു
അമ്മയുമപ്പോളരുളിച്ചെയ്തു
പേടിക്കവേണ്ട ഭയപ്പെടേണ്ട
കടലായി ശ്രീകൃഷ്ണനാങ്ങളയും
വലിയവട്ടളം പായസം നേരുന്നല്ലൊ
വലിയ വട്ടളം പായസം നേര്‍ന്നശേഷം
വജ്രങ്ങൾ കെട്ടിയവർ തണ്ടറുത്തു
അവിടുന്നൊരോട്ടമങ്ങോടി കപ്പൽ
ആയിരംതെങ്ങിലടുത്തു കപ്പൽ
ആയിരംതെങ്ങിലെ മൂവാര്യരു        50


ചെത്തിക്കൊത്തിപ്പച്ചപ്പന്തലിട്ടു
പന്തലിൽ പട്ടുവിതാനം തൂക്കി
തുടർവിളക്കും വെള്ളിശ്രീപീഠവും വെച്ചു
പള്ളിപ്പൊൻപായ മടക്കിയിട്ടു
അമ്മയെഴുന്നള്ളി പന്തലകത്തു്
പൊൻമയമായ കപ്പൽ തളച്ചു
അയ്യൊ പെരുമാനെ തമ്പുരാനെ
ഞാനൊരു മറവി മറന്നുപോയി
പൊൻകോരികയും പൊൻ ചട്ടുകവും
ആര്യക്കരവെച്ചു മറന്നുപോയി        60


അരുളിചെയ്തങ്ങു കഴിയുംമുമ്പെ
പള്ളിവിരിപ്പിലവ രണ്ടും കണ്ടെ
വെള്ളിബ്ഭണ്ഡാരവും മുടുതുറന്നു
വെള്ളിപ്പണം രണ്ടുമടുത്തു
രണ്ടു കിടാങ്ങളെ വിളിച്ചു അമ്മ
ഒന്നു തളിപ്പറമ്പത്തു പോകവേണം
രണ്ടുപണത്തിനായി വാങ്ങേണം
രണ്ടുപണത്തിന്നരി വാങ്ങിയാൽ
ഇത്രയെല്ലാമാൾക്കതു ഉണ്മാൻ മതിയോ?
കാലൂറരണ്ടു പണത്തിന്നരി            70


കാൽപ്പണത്തിന്നു കറിസാമാനം
തളിപ്പറമ്പത്തങ്ങാടീൽ ചെല്ലുന്നേരം
തളിപ്പറമ്പത്തപ്പൻ പടിക്കലുണ്ടെ
എന്തായിവന്നു കിടാങ്ങളേ നിങ്ങൾ?
എവിടേക്കായി പോകുന്നു കിടാങ്ങളെ?
ആര്യരുനാട്ടിൽ പിറന്നോരമ്മയ്ക്കു
രണ്ടുപണത്തിന്നരിവാങ്ങാനായി
രണ്ടുപണത്തിനരിവാങ്ങിയാൽ
എത്രയെല്ലാമാളുകളുണ്മാനുണ്ടേ?
ആയിരമായിരമാളുകളുണ്ടേ;        80


ആയവര്‍ക്കെല്ലാക്കുമുണ്മാൻ വേണം
ഇത്രയെല്ലാമാളുകൾക്കുണ്മാൻ മതിയോ
രണ്ടു പണത്തിന്നരി വാങ്ങിയാൽ?
ഓഹോ മതിയാകും തമ്പുരാനെ
ഇത്രപോരുന്ന ഭഗവതി എങ്കിൽ
എനിക്കൊന്നുപോയിക്കാണുകവേണം
അഗ്രശാലയിൽ ചിരുതൈക്കുട്ടി
എന്തു നിറമായിട്ടുണ്ടു കിടാങ്ങളെ
എണ്ണനിറത്തിൽ ചുകന്നോരമ്മ;
എള്ളിലെ എണ്ണപോലല്ലോ അവർ    90


ശോഭ വിതറും പൊടുതലയും
രാകിയ പല്ലും തൊടുകുറിയും
കുത്തുകിണ്ണം പരിശൊത്ത മുലയും
തൊണ്ടിപ്പഴമൊത്ത ചുണ്ടു രണ്ടും
ഇത്രപോരുന്ന ഭഗവതി എങ്കിൽ
എനിയ്ക്കൊന്നുപോയി വിരുന്നുണ്ണണം
കുമ്പളങ്ങപോലെ നരച്ചോരപ്പൻ
പൂമരംപോലെ ചമഞ്ഞുവല്ലൊ
ചിലങ്കവടിക്കുന്തം മുന്നിലൂന്നി
കുണ്ടം കഴിഞ്ഞ കടയെടുത്തു        100


വലികുന്നിൻമുകളേറിനിന്നു അപ്പൻ
ഒന്നു നടന്നൊന്നു പാഞ്ഞുകൊണ്ടു
അഗ്രശാലയിൽ എത്തിയപ്പൻ-
അഗ്രശാലയിൽ ചിരുതൈക്കുട്ടി
ഒരിക്കൽ നീ വെളിച്ചത്തു വാ ചിരുതേ
എങ്ങനെ തിരുമുമ്പിൽ വിടകൊള്ളണ്ടൂ?
അരയിലുടുത്താട ഇല്ലെനിക്കു
കഴുത്തിൽ ചരടുമെനിക്കില്ലപ്പ!
അരയിലുടുത്താട കൊടുത്തു അപ്പൻ
കഴുത്തിൽ ചരടു കൊടുത്തല്ലൊറ്    110


അഗ്രശാലയിൽ ചിരുതൈക്കുട്ടി
ഇനിയൊന്നു പന്തലിലെഴുന്നള്ളിയാലും.
നിങ്ങളെ തലയ്ക്കിട്ട പൊൻശ്രീകുടം
എന്റെ തലയ്ക്കും പൊരുത്തമുണ്ടപ്പ
നിങ്ങളെ കഴുത്തിലെ കനകമാല
എന്റെ കഴുത്തിനു കണക്കാണപ്പ
നിങ്ങളെ കൈക്കിട്ട കനകവള
എന്റെകൈക്കേറെ കണക്കാണപ്പ
നിങ്ങളെ അരയ്ക്കിട്ട പൊന്നരിഞ്ഞാണം
എന്റെ അരയ്ക്കു കണക്കാണപ്പ        120


നിങ്ങളെ ചെറുവിരല്ക്കെ പൊൻമോതിരം
എന്റെ നടുവിരൽക്കു കണക്കല്ലപ്പ! 
മുടിയിന്നു അടിയോളം കൊടുത്തു അപ്പൻ
അടിയിന്നു മുടിയോളം വാങ്ങി അമ്മ
പൂമരംപോലെ ചമഞ്ഞോരപ്പനെ
കൊമ്പുകഴിച്ച മരംകണക്കാക്കി അമ്മ
വേതന കണ്ണിച്ചി പൊൻകണ്ണിച്ചി
നീയെന്റെകൂടെപ്പോരികേ വേണ്ടു
നിന്റെ ചെറുകുന്നിൽ വന്നാലെടൊ
യോഗിമണമങ്ങു സഹിച്ചെകൂടെ        130


യോഗിമണമങ്ങു സഹിച്ചാലപ്പ
ചുടലമണവും സഹിച്ചെകൂടെ.
ഊണിന്നായി പോകുന്ന വഴിപോക്കരെ
ഊണില്ലെന്നും ചൊല്ലിപ്പോകവേണ്ട
പാതിര വന്നാലും ചോറുമുണ്ടെ
പുന്നെല്ലു വേവിച്ചവറ്റുമുണ്ടെ
ഏകാദശിക്കാര്‍ക്കിളന്നീരുണ്ടെ;
ഏലത്തരിയിട്ട വെള്ളമുണ്ടെ
താളുണ്ടെ, താൾക്കുളം വേറെയുണ്ടെ
തൈരുണ്ടെ, മോരുണ്ടെ നെയ്യുമുണ്ടെ    140


ഉണ്ണണമെന്നാകിലുണ്മാനുണ്ടെ;
പച്ചമാങ്ങാക്കുല വേണ്ടതുണ്ടെ
പച്ചിഞ്ചി അടയോടേ വേറെയുണ്ടെ
അകത്തൂട്ടെ ഊട്ടുകഴിക്കുന്നമ്മ
പുറത്തൂട്ടെ ഊട്ടുകഴിക്കുന്നമ്മ
അഗ്രശാല വാഴുമമ്മെ സത്യം
ശ്രീപീഠം വാഴുന്നോരപ്പാ സത്യം
കോലത്തുനാടു വാഴും തമ്പുരാനെ-
പ്പാലിക്കവേണമെ പൊന്നുമാതാവേ.