സമ്പാദകൻ - ടി. ബാലകൃഷ്ണൻനായർ; ചിറയ്ക്കൽ
ശ്രീകൃഷ്ണവിജയമെന്ന സംസ്കൃതമഹാകാവ്യത്തിന്റെ നിമ്മാതാവായ ശങ്കരകവിതന്നെയാണു് 'ചെറുകുന്നമ്മസ്തുതി' എന്ന ചെറുഭാഷാകൃതിയുടെ കര്‍ത്താവു്. അദ്ദേഹത്തിന്റെ ഭാഷാകൃതികളിലൊന്നായ 'പഞ്ചരത്ന'മെന്ന സ്തോത്രസമുച്ചയത്തിലെ ഒരു സ്തുതിയാണു് ചെറുകുന്നമ്മസ്തുതി. ശങ്കരകവി കോലഭൂപാലനായ കേരളവർമ്മാവിന്റെ ആശ്രിതനാണെന്നും, അദ്ദേഹത്തിന്റെ ആചാര്യൻ രാഘവകവിയാണെന്നും മറ്റും ശ്രീകൃഷ്ണവിജയത്തിലേ പ്രാരംഭശ്ലോകങ്ങളിൽ പ്രസ്താവിച്ചിട്ടു ഇതു ശ്രദ്ധേയമാണു്. ചെറുകുന്നു് (ബാലശൈലമെന്നു സംസ്കൃതത്തിൽ വിളിച്ചുവരുന്നു) ക്ഷേത്രം ചിറയ്ക്കൽ താലൂക്കിലെ കണ്ണപുരം (കണ്വപുരം എന്നു സംസ്കൃതത്തിൽ വിളിച്ചുവരുന്നു) ദേശത്തിനടുത്തുള്ള അന്നപൂര്‍ണ്ണേശ്വരീക്ഷേത്രമാണ്. ഈ കൃതിയുടെ ഒടുവിലത്തെ ശ്ലോകം, ചെറുകുന്നത്തു ഭഗവതിയുടെ ഭര്‍ത്താവാണെന്നു കരുതിവരുന്ന തളിപ്പറമ്പിലെ പരമശിവനെപ്പറ്റിയുള്ളതാണു്.
പാടേ പെട്ടെന്നുറക്കെത്തിരുകിന കബരീസഞ്ചയം, ചെഞ്ചലോരെ-
ന്നീടും കല്യാണകാഞ്ചീലളിത, മതിദൃഢാബദ്ധനീവീനിബന്ധം;
ഊടേ തോന്നീടുകസ്മിൻ മനസി പഥികപന്തിക്കു മൃഷ്ടാന്നദാന-
ക്രീഡോപക്രാന്ത, മിന്നിൻ തിരുവുടൽ ചെറുകുന്നമ്പുമെൻ തമ്പുരാട്ടി!
ദുഗ്ദ്ധാന്നാപൂര്‍ണ്ണപാത്രീമമിതരസമെടുത്തങ്ങിടത്തേതിൽ മറ്റേ-
ത്താരിൽ ചേർത്ത ദര്‍വ്വീമപി കനകമയീമന്തരാ പന്തിതോറും
അത്യാനന്ദാർദ്രമന്ദസ്മിതമധുരമുഖീ നീ വിളമ്പും പ്രകാരം
ചിത്തേ നിത്യം പുലമ്പീടുക മമ ചെറുകുന്നമ്പുമെൻ തമ്പുരാട്ടി!
നാനാരൂപോപദംശാനവരവർ വദനംപാര്‍ത്തു വേണുന്നതെല്ലാം
താനേ വേണ്ടും ജനാനാമിടയിടയിലറിഞ്ഞാസ്ഥപൂണ്ടാജ്യപൂര്‍ണ്ണം
മാനാതീതം വിളമ്പും ഭവതിയെ വിരണൽഭൂഷണാം പന്തിമദ്ധ്യേ
കാണാമോ മാദൃശാമിങ്ങൊരുകുറി ചെറുകുന്നമ്പുമെൻതമ്പുരാട്ടി!
ഓരോന്നേ നൽകി നാനാവിധരസലഹരീരഞ്ജിതംയജ്ജനൌഘം
പാരാതേ പായയിത്വാ പരിമളഭൃതമാനീയ പാനീയപുരം
ആരാൽ കാൺമെങ്കിലോ ഞാനഖിലതനുമതാമന്നദാനോത്സവാന്തേ
നീ നിന്നീടുന്നതെങ്ങൾക്കൊരുക്കൊരുകുറി ചെറുകുന്നമ്പുമെൻതമ്പുരാട്ടി!
ആനന്ദാന്ദോളിതം പുഞ്ചിരി കിമപികലർന്നഞ്ചിതപ്രൌഢി കിഞ്ചിൽ
താണുംകൊണ്ടമ്മണിക്കോരിക ഝടിതി രണൽകങ്കണം ധാരയന്തീ;
പ്രാണാലംബായ പങ്‍ക്തൌ നിഖിലതനുമതാം നീ വിളമ്പുന്നതെല്ലാം
കാണേണ്ടുന്നു നമുക്കിന്നൊരുകുറി ചെറുകുന്നമ്പുമെൻതമ്പുരാട്ടി!
വാടുമാറുമണികുണ്ഡലോല്ലസിതഗണ്ഡമവ്വളകുലുങ്ങുമാ-
റാടുമാറുരസി ഹാരമാല, രുചിതേടുമാറുവദനാംബുജം
നീടെഴുന്നഖിലപാന്ഥപന്തികളിൽ നീ വിളമ്പുവതിവണ്ണമെ-
ന്നൂഢമോദമൊരു കുന്നുനന്നു ചെറുകുന്നമര്‍ന്ന ഗിരികന്യകെ!
മാരവൈരിമനമായ ചൂതമലരിൽത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്‌ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൌ ഝടിതി ചാടുമീക്ഷണകലാമകം
ചേരുവോരുചെറുകുന്നമര്‍ന്ന ഗിരികന്യകാമഹമുപാശ്രയേ.
പഞ്ചബാണനുടൽ ചുട്ട നിന്നുടൽ പകുത്തുപാതി തിറകൊള്ളുമ-
ചഞ്ചലാക്ഷിമലമാതുതൻമിടമ പഞ്ചബാണവിരുതല്ലയോ;
മഞ്ജുവാണികൾ മയറ്റിലേതുമൊരു പഞ്ചലത്വമിയലാത്ത നിൻ-
നെഞ്ചിലുള്ള ധതിയെത്രനന്നിഹ തളിപ്പറമ്പമരുമണ്ണലേ!