Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ശ്രീവല്ലഭകീര്‍ത്തനം

ശ്രീവല്ലഭകീര്‍ത്തനം

സമ്പാദകൻ - ടി. ജി. അച്യുതൻനമ്പൂരി


നിരണത്തു കവികൾ നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴിൽ പത്തില്ലത്തിൽ പോറ്റിമാരുടെ കാര്യസ്ഥന്മാരായി താമസിച്ചിരുന്നു എന്നു ഭാഷാപണ്ഡിതന്മാര്‍ക്കറിവുള്ളതാണല്ലൊ. അവരിൽ ഏതോ ഒരു കവിയുടെ കൃതിയാണു താഴെ ചേര്‍ക്കുന്ന ശ്രീവല്ലഭപഞ്ചാക്ഷരകീർത്തനം. മഹാവിഷ്ണുവിനെപ്പറ്റിയുള്ള ഒരു സ്തുതിയാണെങ്കിലും, 'നമശ്ശിവായ' എന്ന പഞ്ചാക്ഷരിയിലെ അഞ്ചക്ഷരങ്ങൾകൊണ്ടാണ് ഇതിലെ അഞ്ചു പാട്ടുകളും യഥാക്രമം ആരംഭിക്കുന്നത്. 
    -ഉള്ളൂർ, എസ്. പരമേശ്വരയ്യർ


നല്ലോരരവണമേലാഴിയിൽ മെല്ലെത്തുയിലാകിയ മാധവ-
നല്ലോ നരജാതികളിടർതീത്തുല്ലാസം രക്ഷിച്ചരുളും
ചൊല്ലാര്‍ന്നന മലയിൻകീഴ്ത്തിരുവല്ലഭനേ! നിൻപദപങ്കജ-
മെല്ലാനാളും തൊഴുതേൻ ഞാൻ ശ്രീമാധവ! പാഹി തൊഴുന്നേൻ.


മണ്ണെയളന്നീരടിയാക്കിയ കണ്ണാ! കരുണാകര! മരതക-
വര്‍ണ്ണാ! നിൻപദമിരുപൊഴുതും വിണ്ണോർതൊഴുതീടുമവര്‍ക്കും
എണ്ണിയ വൻവിന തീർത്തിടും വെണ്ണകൾ കളവാണ്ടവനേ കേൾ
എന്നെയും രക്ഷിക്കനുദിനവും ശ്രീമാധവ! പാഹി തൊഴുന്നേൻ.


ശിരമൊരു കരമതിലേന്തിദ്ധരതനിൽ വിരവൊടിരന്നു നടന്ന
ഹരനൊരു വരമസുരനു നൽകിപ്പരിചൊടു വനമോടിനകാലം
ഒരു തരുണിയതായ് വിപിനമതിൽ ഇരുന്നസുരനുടെയുയിർപോക്കി-
ട്ടരനുടെ സങ്കടമാശു തീര്‍ത്തൊരു ശ്രീമാധവ! പാഹി തൊഴുന്നേൻ.


വടിവൊടു ധരതനിലുളവാം ക്ഷിതിമകളെ വിവാഹം ചെയ്തി-
ട്ടടവിയിൽ മുനിമാരൊടു സഖ്യം ഉടനസുരനെ വെൽവതിനായി
കടലണചെയ്തക്കരമേവീട്ടടർപൊരുതഥ രാവണരാദി-
യശേഷമറുത്തരക്കരെയെത്തി ശ്രീമാധവ! പാഹി തൊഴുന്നേൻ.


യന്നുമെനിക്കുടയതു നീയേ! അന്നപിതാവും നീയല്ലോ
അന്നന്നു വരും വ്യാധികളേയൊന്നൊന്നായകലവെ നീക്കി
വന്നെന്നെ രക്ഷകൾ ചെയ്യുന്നെന്നിതുവിധമോര്‍ത്തു നമിക്കു-
ന്നെന്നും ഗിരികീഴ്‌മരുവിന ശ്രീമാധവ! പാഹി തൊഴുന്നേൻ